Tuesday, July 31, 2012

നിഴലായ് എന്നുമൊപ്പം - അദ്ദ്യായം - 17.

പൂവിതള്‍ - 17.

ദക്ഷിണ ദിക്കിലേക്കു നോക്കി ഹനുമാന്‍ പര്‍വ്വത ശിഖരത്തില്‍ നിന്നു. താഴെ സമുദ്രം ശാന്തമായി ഉറങ്ങുന്നു. ഇരു കരങ്ങളും വിടര്‍ത്തി വാലും പൊക്കി പിടിച്ച് ഏകാഗ്ര ചിത്തനായി ഒരു നിമിഷം ശ്രീരാമനെ ധ്യാനിച്ച ശേഷം ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി.


ഒരു കൊള്ളിയാന്‍ കണക്കെ ആകാശത്തിലൂടെ പാഞ്ഞു പോകുന്നതിനിടയില്‍ ഹനുമാന് അകലെ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് എന്തോ ഉള്ളതായി തോന്നി. ഭീമാകാരമായ ഒരു സ്ത്രീരൂപമാണ് അതെന്ന് നിമിഷങ്ങള്‍ക്കകം മനസ്സിലായി. അതൊന്നും വക വെക്കാതെ മുന്നോട്ടു നീങ്ങാന്‍ തന്നെ മനസ്സില്‍ നിശ്ചയിച്ചു.


'' എടോ, വാനരാ. ഞാന്‍ ഇവിടെ നില്‍ക്കുന്നത് കാണുന്നില്ലേ '' അവള്‍ അലറി '' സുരാസു എന്നാണ് എന്‍റെ നാമധേയം. ഭയാശങ്കകളൊന്നുമില്ലാതെ ഈ വഴിയിലൂടെ വരുന്നവരെ ഭക്ഷിച്ചു കൊള്ളാനാണ് ഈശ്വര നിയോഗം . എനിക്കാണെങ്കില്‍ അതിയായ വിശപ്പുമുണ്ട്. അതിനാല്‍ എത്രയും വേഗം നീ എന്‍റെ വായില്‍ പ്രവേശിക്കുക ''.


'' ശ്രീരാമന്‍റെ കല്‍പ്പനയനുസരിച്ച് സീതാന്വേഷണത്തിന്നായി ഇറങ്ങിയതാണ് ഞാന്‍ '' ഹനുമാന്‍ മറുപടി നല്‍കി '' ദേവിയുടെ വൃത്താന്തം അറിഞ്ഞ ശേഷം തിരിച്ചു ചെന്ന് എനിക്ക് അദ്ദേഹത്തെ അതെല്ലാം ബോധിപ്പിക്കാനുണ്ട്. വേണമെങ്കില്‍ പിന്നീട് ഞാന്‍ എത്തിക്കോളാം. ഇപ്പോള്‍ എന്‍റെ വഴി മുടക്കരുത് ''.


'' സാദ്ധ്യമല്ല '' കൈകൂപ്പി നില്‍ക്കുന്ന ഹനുമാനോട് അവള്‍ പറഞ്ഞു.


'' അങ്ങിനെയാണ് തീരുമാനമെങ്കില്‍ വായ തുറന്നോളൂ '' ഹനുമാന്‍ തന്‍റെ ശരീരം ഒരു യോജന വലുപ്പമുള്ളതാക്കി. ഉടനെ സുരാസു രണ്ടു യോജന വലുപ്പത്തില്‍ വായ തുറന്നു. വാനര വീരന്‍ ശരീരം അഞ്ചു യോജനയാക്കി. സുരാസു വദനം പത്തു യോജനയും. ഒന്നു രണ്ടു തവണ കൂടി ഈ പ്രക്രിയ തുടര്‍ന്നു. പെട്ടെന്ന് ഹനുമാന്‍ തന്‍റെ ശരീരം തീരെ ചെറുതാക്കി സുരാസുവിന്‍റെ വായില്‍ കടന്ന് ചെവിയിലൂടെ പുറത്ത് ചാടി.


'' പ്രണാമം മാതാവേ . ഞാന്‍ പോവുകയാണ് '' അദ്ദേഹം പറഞ്ഞു.


സുരാസു ചിരിച്ചു. '' നിന്‍റെ ബലവും ധൈര്യവും വേഗവും വിവേകവുമെല്ലാം പരീക്ഷിച്ചറിയാനായി ദേവന്മാര്‍ എന്നെ നിയോഗിച്ചതാണ്. ഒട്ടുംവൈകാതെ നീ സീതാ വൃത്താന്തം അറിഞ്ഞ് ശ്രീരാമനോട് ചെന്നു പറയുക. രാക്ഷസവംശത്തെ അദ്ദേഹം ഉന്മൂലനം ചെയ്യട്ടെ. വിജയീ ഭവ ''. മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.


പെട്ടെന്നാണ് സമുദ്രത്തില്‍ നിന്നും ഒരു പര്‍വ്വത ശിഖരം പൊങ്ങി വന്നത്. അല്‍പ്പനേരം വിശ്രമിച്ച് ക്ഷീണമകറ്റി, ദാഹവും വിശപ്പും തീര്‍ത്തു പോവാമെന്നു പറഞ്ഞ് ഗിരിശൃംഗം ഹനുമാനെ ക്ഷണിച്ചു. താന്‍ രാമ കാര്യാര്‍ത്ഥം പോവുകയാണെന്നും വഴിയില്‍ സല്‍ക്കാരങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് അനുചിതമാണെന്നും പറഞ്ഞ് നില്‍ക്കാതെ നീങ്ങി.


കുറച്ചു ദൂരം ചെന്നതും മുന്നോട്ട് നീങ്ങാനാവാത്ത അവസ്ഥയായി. എന്തോ പിടിച്ചു നിര്‍ത്തുന്നതു പോലെ. ജാംബവാന്‍ മുന്നറിയിപ്പ് തന്നത് ഓര്‍മ്മയിലെത്തി. ഇത് സിംഹികയായിരിക്കും. ഈ വഴി കടന്നു പോവുന്നവരുടെ നിഴലില്‍ പിടിച്ചു നിര്‍ത്തി അവരെ ഭക്ഷിക്കുന്ന രാക്ഷസി. താഴോട്ട് നോക്കി. ശരിയാണ്. ഇത് അവള്‍ തന്നെ. ഇടത്തുകൈകൊണ്ട് ഊക്കോടെ അവളുടെ ശിരസ്സില്‍ ഒരു പ്രഹരം നല്‍കി. രാക്ഷസി മരിച്ചു വീണൂ. പിന്നീട് ഒരു വിഘ്നവും കൂടാതെ ലങ്കാപുരിയിലെത്തി.


ഗോപുരത്തിന്നു മുകളിലിരുന്ന് ചുറ്റുപാടും നോക്കി. എത്ര മനോഹരമായ സ്ഥലമാണിത്. കണ്ണിന് കുളിരു പകരുന്ന കാഴ്ച. സമുദ്രത്തിന്‍റെ മാറിടത്തില്‍ ചേര്‍ന്നു കിടക്കുന്ന പതക്കംപോലെയുണ്ട് ഈ സ്ഥലം. എവിടെ നോക്കിയാലും കൂറ്റന്‍ മതില്‍ക്കെട്ടുകളും കിടങ്ങുകളും ആണ് കാണാനുള്ളത്. എങ്ങിനെ അകത്ത് കടക്കും എന്ന് ആലോചിച്ചു. കൃശഗാത്രനായി മാറിയാല്‍ ആരുടേയും കണ്ണില്‍പെടാതെ അകത്തെത്താം.


ശ്രീരാമനെ മനസ്സില്‍ ധ്യാനിച്ചു. ദേഹം കടുകു മണിയുടെ വലുപ്പത്തിലാക്കി. ഇടത്തു കാല്‍ വെച്ച് അകത്തേക്ക് കടക്കാന്‍ ഒരുങ്ങിയതും കാതടപ്പിക്കുന്ന ഒച്ച ചെവിയിലെത്തി. ''ആരും കാണാതെ അകത്ത് കടക്കാന്‍ നോക്കുക്കയാണോ '' നോക്കുമ്പോള്‍ മുന്നില്‍ ലങ്കാശ്രീ '' എന്‍റെ കണ്ണു വെട്ടിച്ച് ഒരു ജീവിക്കും ഇതിനകത്ത് കയറാനാവില്ല '' ദേഹം പൂര്‍വ്വ സ്ഥിതിയിലാക്കി. എന്തെങ്കിലും പറയും മുമ്പ് അവളുടെ കൈ ദേഹത്ത് പതിഞ്ഞു. വര്‍ദ്ധിച്ച കോപത്തോടെ വലതു കാലുയര്‍ത്തി അവളുടെ ദേഹത്ത് ഒരു ചവിട്ടു കൊടുത്തു.


'' അങ്ങയുടെ കൈക്കരുത്ത് എനിക്ക് ബോദ്ധ്യമായി '' രക്തം ഛര്‍ദ്ദിച്ച് നിലത്തു വീണ അവള്‍ രണ്ടു കയ്യും കൂപ്പി '' ഞാന്‍ ഇവിടം വിട്ട് പോവുകയാണ്. ലങ്കാപുരിയുടെയും രാക്ഷസകുലത്തിന്‍റേയും നാശമടുത്തു. ശിംശിപാ വൃക്ഷച്ചുവട്ടില്‍ രാക്ഷസികളുടെ നടുവിലായി ദുഃഖിച്ചിരിക്കുന്ന സീതയെ വൈകാതെ ചെന്നു കാണുക ''.


സകല ഐശ്വര്യങ്ങളുമായി ലങ്കാലക്ഷ്മി ഇറങ്ങി പോകുന്നതും നോക്കി ഹനുമാന്‍ നിന്നു.

Monday, July 30, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 16.

പൂവിതള്‍ - 16.

സീതാന്വേഷണത്തിന്ന് തെക്കു ഭാഗത്തേക്ക് നിയോഗിക്കപ്പെട്ട വാനരന്മാര്‍ പരിഭ്രാന്തരായി. ദാഹജലം തേടി നടന്ന് അറിയപ്പെടാത്ത ഇടത്തില്‍ എത്തിയതും യോഗിനിയുടെ ആതിത്ഥ്യം സ്വീകരിച്ച് അവിടെ കൂടിയതും കാരണം സമയം കടന്നു പോയത് അറിഞ്ഞില്ല. മാസം ഒന്നാവാറായി. അനുവദിച്ച സമയം തീരുന്നു. സീതയെക്കുറിച്ചോ രാവണനെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ല.


'' പറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ വധിക്കുമെന്നാണ് സുഗ്രീവന്‍ കല്‍പ്പിച്ചത്. സുഗ്രീവാജ്ഞയ്ക്ക് ഇളക്കം വരില്ല. ബാലിയുടെ പുത്രനായ എന്നെയായിരിക്കും അദ്ദേഹം ആദ്യം വധിക്കുക. അതുകൊണ്ട് ഞാന്‍ കിഷ്ക്കിന്ധയിലേക്കില്ല '' അംഗദന്‍ എല്ലാവരോടുമായി പറഞ്ഞു '' നിങ്ങളെല്ലാവരും മടങ്ങി പൊയ്ക്കോളിന്‍. ഞാനിവിടെ കിടന്ന് മരിച്ചോളാം ''.


വാനരന്മാര്‍ കുറെപേര്‍ ദുഃഖം സഹിക്കാനാവാതെ കരഞ്ഞു. കൂടെ മരിക്കാന്‍ തയ്യാറാണെന്ന് കുറെ പേര്‍ പറഞ്ഞു. യോഗിനിയുടെ ആവാസസ്ഥലത്തേക്ക് മടങ്ങി ചെന്ന് സുഖമായി കഴിയാമെന്നായി വേറെ ചിലര്‍.


'' ശ്രീരാമസ്വാമി കരുണാമയനാണ്. മാത്രവുമല്ല, പുത്രതുല്യം അദ്ദേഹം നിന്നെ സ്നേഹിക്കുന്നുണ്ട് '' ഹനുമാന്‍ അംഗദനെ ആശ്വസിപ്പിച്ചു '' നിന്നെ വധിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുക ''.


ഹനുമാന്‍ പറഞ്ഞു തുടങ്ങി '' നീ മനസ്സില്‍ കരുതുന്നതുപോലെ സുഗ്രീവന് നിന്നോട് യാതൊരു വിധ വിദ്വേഷവുമില്ല. നിന്നെ വധിക്കണം എന്ന് അദ്ദേഹത്തിന് ഉദ്ദേശവും ഇല്ല. സുഗ്രീവന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുവാന്‍ യോഗിനിയെ കണ്ട സ്ഥലത്ത് ഒളിച്ചു പാര്‍ക്കാമെന്ന് ചിലര്‍ പറയുന്നത് കേട്ടു. മൂഢന്മാരായ അത്തരക്കാരുടെ വാക്കുകള്‍ കേട്ടു നടന്നാല്‍ ആപത്ത് സുനിശ്ചിതമാണ്. അതിനാല്‍ വംശ നാശത്തിന്ന് കാരണമായി തീരുന്ന അത്തരം പ്രവര്‍ത്തികള്‍ക്ക് നീ മുതിരരുത്. അതു മാത്രമല്ല രാമബാണത്തിന്ന് എത്താനാവാത്ത ഇടമില്ലെന്ന് എപ്പോഴും മനസ്സിലോര്‍ക്കുക. ഇനി ഭീതി വെടിഞ്ഞ് ശ്രീരാമ കാര്യാര്‍ത്ഥം ഇറങ്ങി പുറപ്പെടുക ''.


അതോടെ എല്ലാവരും ഉഷാറായി. വേഗത്തില്‍ അവര്‍ തെക്കോട്ടേക്ക് നടന്നു. സമുദ്ര തീരത്താണ് ഒടുവില്‍ എത്തിപ്പെട്ടത്. ഇനി മുന്നോട്ട് ഒരടി നീങ്ങാനാവില്ല. എല്ലാവരും അസ്തപ്രജ്ഞരായി.


'' മുന്നില്‍ കിടക്കുന്ന സാഗരം കണ്ടില്ലേ. ഇതിനെ മറി കടക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ. നമ്മളുടെ പ്രയത്നമെല്ലാം വൃഥാവിലായി. മരണമൊഴിച്ച് നമുക്ക് മറ്റ് ആശ്രയമൊന്നുമില്ല.ഈശ്വര കല്‍പ്പിതം ഇങ്ങിനെയാണെന്ന് കരുതി സമാധാനിക്കുക '' വാനരന്മാരില്‍ ഒരുവന്‍ മൊഴിഞ്ഞു.


എല്ലാവരും ഇനിയെന്ത് എന്ന ആലോചനയിലായി. ദര്‍ഭ വിരിച്ചു കിടന്ന് നിരാഹാരമനുഷ്ഠിച്ച് മരണം വരിക്കാമെന്ന് തീരുമാനിച്ചു. പിന്നെ താമസിച്ചില്ല. എല്ലാവരും ചേര്‍ന്ന് ദര്‍ഭ ശേഖരിച്ചു കൊണ്ടുവന്ന് വിരിച്ചു കിടപ്പായി.


ഹനുമാന്‍റെ മനസ്സില്‍ ഖേദം നിറഞ്ഞു. ലക്ഷോപലക്ഷം വാനരന്മാരുടെ ഇടയില്‍ നിന്നാണ് ശ്രീരാമ സ്വാമി താല്‍പ്പര്യത്തോടെ തന്നെ വിളിച്ച് അംഗുലീയം ഏല്‍പ്പിച്ച് അടയാളവാക്യം ചൊല്ലി തന്നത്. അദ്ദേഹത്തിന്ന് തന്നിലുള്ള വിശ്വാസമല്ലേ അതിനുള്ള കാരണം. എന്നിട്ടും ഒന്നും
ചെയ്യാനാവാതെ മരണം കാത്തു കിടക്കുക. വല്ലാത്ത ഒരു ദുര്‍വ്വിധി തന്നെ.


'' മരിക്കുന്നതുവരെ നമ്മള്‍ മൌനവൃതമെടുക്കേണ്ട കാര്യമുണ്ടോ '' ഏതോ ഒരു വാനരന്‍ പറഞ്ഞു '' ഓരോന്ന് സംസാരിച്ചു കിടന്നു കൂടേ ''.


'' എങ്കില്‍ ശ്രീരാമന്‍റെ വൃത്താന്തങ്ങള്‍ തന്നെ ആവട്ടെ '' വേറൊരു മര്‍ക്കടന്‍ പറഞ്ഞു '' അദ്ദേഹത്തിന്‍റെ ആവശ്യമനുസരിച്ച് ഇറങ്ങിയവരല്ലേ നമ്മളൊക്കെ ''.


ശ്രീരമ ചരിതം കേട്ട് ദക്ഷിണ സമുദ്രം അലകളൊതുക്കി അടങ്ങി കിടന്നു. സിതാപഹരണത്തിലേക്ക് കഥ എത്തുകയാണ്. ഇതെല്ലാം കേട്ട് അടുത്തുള്ള ഗുഹയില്‍ ഭീമാകാരനായ ഒരു പക്ഷി ഇരിപ്പുണ്ട്. ചിറകുകളില്ലാത്തതിനാല്‍ പറക്കാന്‍ കഴിയാതെ വിശന്നിരിപ്പാണ് ആ പക്ഷി. മരണം പുല്‍കാനായി കിടക്കുന്ന വാനരന്മാരെ ഓരോരുത്തരെയായി ആഹരിക്കാമെന്നുള്ള നിനവിലാണ് അത്.


'' സീതയെ അപഹരിച്ച രാവണനോട് പോരാടി വീരമൃത്യു വരിച്ച ജടായു എവിടെ, ഒന്നും ചെയ്യാന്‍ കഴിയാതെ മരണത്തെ കാത്തു കിടക്കുന്ന നമ്മളെവിടെ ''. വാനരന്‍ അത്രയും പറഞ്ഞതും പക്ഷി മെല്ലെ നീങ്ങി അവരുടെ അടുത്തെത്തി. ഭീമാകാരമായ ആ രൂപം കണ്ട് മിക്കവരും പേടിച്ചു പോയി.


'' പേടിക്കേണ്ടാ. നിങ്ങളെ ഉപദ്രവിക്കാനല്ല ഞാന്‍ വന്നത് '' അത് പറഞ്ഞു '' നിങ്ങള്‍ ജടായു എന്ന് പറയുന്നത് കേട്ടു. ജടായുവിന്‍റെ സോദരന്‍ സമ്പാതിയാണ് ഞാന്‍ ''. കൂടപ്പിറപ്പിന്‍റെ മരണവാര്‍ത്ത കേട്ട് സമ്പാതി ദുഖിച്ചു.


'' നിങ്ങള്‍ എന്നെ സമുദ്ര തീരത്ത് എത്തിക്കുക. ഞാന്‍ ജടായുവിന്നു വേണ്ടി ബലി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കട്ടെ '' പക്ഷിവര്യന്‍റെ അപേക്ഷ വാനരന്മാര്‍ നിറവേറ്റി.


'' ഇനി പറയൂ. എന്താ നിങ്ങള്‍ക്ക് വേണ്ടത് '' സമ്പാതി ചോദിച്ചു.


'' സീതയെ കണ്ടെത്തണം '' എല്ലാവരും ഒന്നിച്ച് പറഞ്ഞു.


'' ലങ്കാപുരിയില്‍ അശോക വനത്തില്‍ ശിംശിപാ വൃക്ഷ ചുവട്ടില്‍ സീത ദുഃഖിച്ചിരിപ്പുണ്ട് '' സമ്പാതി തെക്കോട്ടേക്ക് നോക്കി നിന്ന ശേഷം പറഞ്ഞു '' ശ്രീരാമ പത്നിയെ തേടി പോവുന്ന രാമ ഭക്തരായ നിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവുകയില്ല ''. അടുത്ത നിമിഷം സമ്പാതിക്ക് പുതിയ ചിറകുകള്‍ മുളച്ചു. അത് വാനില്‍ പറന്നുയര്‍ന്നു.


ഇനിയെന്ത് എന്നായി വാനരന്മാരുടെ അടുത്ത ആലോചന.


'' സമുദ്രം ചാടി കടന്ന് അപ്പുറത്തെത്താന്‍ കഴിവുള്ളവര്‍ ആരുണ്ട് '' അംഗദന്‍ ചോദിച്ചു. ഒരു യോജന ദൂരം ചാടാം, പത്ത് യോജന ചാടം എന്നിങ്ങനെ ഓരോരുത്തര്‍ തങ്ങളുടെ കഴിവുകള്‍ വെളിപ്പെടുത്തി. മറ്റുള്ളവരുടെ പരിമിതികള്‍ കേട്ടിട്ടും ഹനുമാന്‍ മിണ്ടാതിരിക്കുകയാണ്. ചെറുപ്പം മുതലുള്ള തന്‍റെ വിരകൃത്യങ്ങള്‍ മറ്റുള്ളവര്‍ വര്‍ണ്ണിക്കുന്നത് കേട്ടതോടെ അദ്ദേഹത്തില്‍ ആത്മവിശ്വാസം നിറഞ്ഞു.


'' ശ്രീരാമ കാര്യാര്‍ത്ഥം ഞാനിതാ പുറപ്പെടുകയാണ് '' എന്നും പറഞ്ഞ് സമുദ്രം ചാടി കടക്കാനായി ഗന്ധമാദന പര്‍വ്വതത്തിന്നു മുകളില്‍ ഹനുമാന്‍ കയറി നിന്നു.

Sunday, July 29, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 15.

പൂവിതള്‍ - 15.

'' എന്നെക്കൊണ്ടാവില്ല തല്ലുകൊണ്ട് മരിക്കാന്‍ '' സുഗ്രീവന്‍ ക്ഷീണിതനും നിരാശനുമായിരുന്നു. ശ്രീരാമന്‍ പറഞ്ഞതനുസരിച്ച് ബാലിയോട് പോരിനിറങ്ങിയതാണ് വാനര രാജാവ്. ദയനീയമായ പരാജയമായിരുന്നു ഫലം. എങ്ങിനേയോ ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞതിനാല്‍ ജീവന് ആപത്ത് സംഭവിച്ചില്ല.


'' ക്ഷമിക്കൂ സുഹൃത്തേ '' ശ്രിരാമന്‍ പറഞ്ഞു '' നിങ്ങള്‍ രണ്ടുപേരേയും വേര്‍തിരിച്ചറിയാനായില്ല. അത്രയ്ക്ക് രൂപസാദൃശ്യമുണ്ട് രണ്ടുപേരും തമ്മില്‍. തെറ്റായി അസ്ത്രം പ്രയോഗിച്ച് താങ്കള്‍ വധിക്കപ്പെട്ടാലോ എന്നു ഭയന്ന് ആയുധം എടുക്കാതിരുന്നതാണ് ''.


സുഗ്രീവന്‍ ഒന്നും പറഞ്ഞില്ല. ദേഹത്തിനേറ്റ ക്ഷതങ്ങളെ നോക്കി നെടുവീര്‍പ്പിട്ടിരുന്നു.


'' ഒരു തവണ കൂടി ബാലിയെ പോരിന് വിളിക്കുക. താങ്കള്‍ കഴുത്തില്‍ ഒരു ഹാരമണിഞ്ഞിട്ടേ മല്ല യുദ്ധത്തിനറങ്ങാവൂ. അപ്പോള്‍ എനിക്ക് ബാലിയെ തിരിച്ചറിയാം ''.


പറഞ്ഞതുപോലെ സംഭവിച്ചു. ബാലി അമ്പേറ്റു വീണു. താരയേയും അംഗദനേയും ആശ്വസിപ്പിച്ച ശേഷം, കിഷ്ക്കിന്ധ രാജാവായി സുഗ്രീവനെ അഭിഷേകം ചെയ്തു. വര്‍ഷക്കാലം കഴിഞ്ഞ ഉടനെ സീതാന്വേഷണത്തിന്ന് ഇറങ്ങിക്കോളാമെന്ന് വാഗ്ദാനംചെയ്ത് സുഗ്രീവന്‍ പരിവാരങ്ങളോടൊപ്പം കിഷ്ക്കിന്ധയിലേക്ക് പോയി.


***************************************


ജ്യേഷ്ഠനെ കുറിച്ചുള്ള ഭയം എന്നെന്നേക്കുമായി ഇല്ലാതാവുകയും, നഷ്ടപ്പെട്ട ഭാര്യയും രാജ്യവും തിരിച്ചു കിട്ടുകയും ചെയ്തതോടെ സുഗ്രീവന്‍ ആഹ്ലാദ ഭരിതനായി. ശ്രീരമന് നല്‍കിയ വാക്കുകള്‍ മറന്ന് വാനര രാജാവ് സുഖഭോഗങ്ങളില്‍ മുഴുകി. ഹനുമാന് ഈ പ്രവര്‍ത്തി ഇഷ്ടപ്പെട്ടില്ല. അദ്ദേഹം സുഗ്രീവനെ സമീപിച്ചു.


'' ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം ഞാന്‍ പറയാം '' മുഖവുരയായി ഹനുമാന്‍ പറഞ്ഞു '' മഴക്കാലം കഴിഞ്ഞാലുടന്‍ സീതാന്വേഷ്ണത്തിന്ന് ഇറങ്ങാമെന്ന് വാക്ക് കൊടുത്തതാണ്. അത് വിസ്മരിച്ച് ഭവാന്‍ മദ്യവും മങ്കകളുമായി ഇവിടെ ഇങ്ങിനെ കഴിയുന്നത് കഷ്ടംതന്നെ. ഉപകാരം ചെയ്തവരെ മറക്കുന്നവന്‍ മരിച്ചതിന്ന് തുല്യമാണ്. ഒരു കാര്യം ഓര്‍ക്കുക. ബാലിയെ കൊന്ന അമ്പ് ശ്രീരാമന്‍റെ കയ്യില്‍ത്തന്നെയുണ്ട് ''.


ഹനുമാന്‍റെ വാക്കുകള്‍ കേട്ട സുഗ്രീവന്‍ ഭയചകിതനായി. '' ഹനുമാന്‍, എനിക്ക് അബദ്ധം പറ്റി; എന്താണ് ചെയ്യേണ്ടത് എന്ന് ദയവായി ഉപദേശിച്ചാലും ''.


'' എങ്കില്‍ വാനര വംശത്തില്‍പ്പെട്ട എല്ലാവരോടും ഉടന്‍ കിഷ്ക്കിന്ധയില്‍ എത്തണമെന്ന കല്‍പ്പന നല്‍കുക. ഒരു പക്ഷത്തിനുള്ളില്‍ സര്‍വ്വരും ഇവിടെയെത്തിയിരിക്കണം. ''.


'' അങ്ങിനെത്തന്നെ '' നാനാ ദിക്കുകളിലേക്കും സന്ദേശ വാഹകര്‍ പാഞ്ഞു.


**************************************


ശ്രീരാമനും ലക്ഷ്മണനും പര്‍വ്വതശൃംഗത്തില്‍ കഴിഞ്ഞു കൂടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. വര്‍ഷക്കാലം കടന്നുപോയി. വാനരന്മാര്‍ സീതാന്വേഷണത്തിന്ന് പുറപ്പെടാനുള്ള ഭാവം
കാണാനില്ല.


'' കുമാരാ. സുഗ്രീവന്‍ സഖ്യത്തിന്‍റെ കാര്യം മറന്നു കാണുമോ '' ശ്രീരാമന്‍ ചോദിച്ചു '' ഇനിയെന്താണ് നാം ചെയ്യേണ്ടത് ''.


ലക്ഷ്മണനും ആ സംശയം തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.


'' ഞാന്‍ നേരില്‍ ചെന്ന് അന്വേഷിച്ചു വരാം ''. പിറ്റേന്നു തന്നെ ലക്ഷ്മണന്‍ കിഷ്ക്കിന്ധയിലേക്ക് പുറപ്പെട്ടു.


കിഷ്ക്കിന്ധയിലെത്തിയതും ലക്ഷ്മണന്‍ ഞാണൊലി മുഴക്കി. ലോകം നടുങ്ങുന്ന ആ ശബ്ദം കേട്ട് വാനരന്മാര്‍ ഭീതിയിലാണ്ടു. വിവരം കൊട്ടാരത്തിലെത്തി. ഹനുമാനും അംഗദനും താരയും കൂടി അനുനയ വാക്കുകളിലൂടെ ലക്ഷ്മണന്‍റെ കോപം തണുപ്പിച്ച ശേഷം അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ആനയിച്ചു. വിശിഷ്ടാതിഥിയെ സുഗ്രീവന്‍ എഴുന്നേറ്റു ചെന്ന് അഭിവാദ്യം ചെയ്തു.


'' സഖ്യം ചെയ്ത വസ്തുത വാനര രാജന്‍ മറന്നുവോ '' അല്‍പ്പം നീരസത്തോടെയാണ് ലക്ഷ്മണന്‍ ചോദിച്ചത്.


'' പ്രഭോ, തെറ്റിദ്ധരിക്കരുതേ '' സുഗ്രീവന്‍ തൊഴുതു '' വാനര കുലത്തില്‍പെട്ട എല്ലാവരോടും ഉടന്‍ കിഷ്ക്കിന്ധയില്‍ എത്താന്‍ കല്‍പ്പന കൊടുത്തിരിക്കയാണ്. സന്ദേശ വാഹകര്‍ ലോകം മുഴുവന്‍ ചെന്നു കഴിഞ്ഞു. താമസിയാതെ അവര്‍ ഇവിടെ എത്തിച്ചേരും. അതോടെ മുഴുവന്‍ വാനരന്മാരും സീതാദേവിയെ അന്വേഷിച്ച് ഇറങ്ങും ''.


'' എങ്കില്‍ ഈ വിവരം ജ്യേഷ്ഠനെ അറിയിക്കേണ്ടതുണ്ട് '' ലക്ഷ്മണന്‍ തണുത്തു. ശ്രീരാമനെ കാണാന്‍ എല്ലാവരും പുറപ്പെട്ടു.

Friday, July 27, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 14.

പൂവിതള്‍ - 14.

ജ്യേഷ്ഠത്തിയെ അനേഷിച്ചിറങ്ങിയിട്ട് ദിവസങ്ങള്‍ കുറെയായി. നേരം പുലര്‍ന്നതും നടപ്പ് തുടങ്ങും. ഇരുട്ടായാല്‍ എത്തുന്ന ദിക്കില്‍ ഒരു കിടപ്പാണ്. ഭക്ഷണമോ പാനീയങ്ങളോ ഇല്ലെന്നുതന്നെ പറയാം. വല്ലപ്പോഴും പഴുത്തു വീണ ഫലങ്ങള്‍ തിന്നാലായി. അത്ര മാത്രം. സമയം മുഴുവന്‍ തിരച്ചിലിനായി നീക്കിവെച്ചിരുന്നു. എന്നിട്ടും കാര്യമായ വിവരമൊന്നും ലഭിച്ചില്ല.


ദുഃഖിച്ചുകൊണ്ട് അലയുന്നതിന്നിടെ അഷ്ടാവക്ര മഹര്‍ഷിയുടെ ശാപമേറ്റ് രാക്ഷസനായി തീര്‍ന്ന കബന്ധനെ കാണാനുള്ള ഇട വന്നു. ശിരസോ. കാലുകളോ ഇല്ലാതെ, നീണ്ട കൈകള്‍ക്കുള്ളില്‍ വന്നുപെടുന്ന ആരേയും പിടിച്ച് ഭക്ഷിക്കുന്നവനാണ് കബന്ധന്‍. ഇരുകരങ്ങളും ഛേദിച്ചശേഷം അവനെ വധിച്ചു. പൂര്‍വ്വ സ്ഥിതിയില്‍ ഗന്ധര്‍വ്വനായ അവനാണ് സീതയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ തപസ്വിനിയായ ശബരിയെ കാണാന്‍ പറഞ്ഞു തന്നത്.


രാവിലെ നേരത്തെ ശബരിയെ തേടി പുറപ്പെട്ടു. ഏറെ വൈകാതെ അവരെ കണ്ടെത്താന്‍ കഴിഞ്ഞു. ഹാര്‍ദ്ദമായ സ്വീകരണമാണ് ശബര്യാശ്രമത്തില്‍ ലഭിച്ചത്. രുചികരമായ ഫലങ്ങളും പാനീയവും നല്‍കിയ ശേഷം സ്തുതിഗീതങ്ങള്‍ ആലപിച്ച് അവര്‍ വണങ്ങി.


'' താപസന്മാര്‍ക്കുപോലും ലഭിക്കാത്ത സൌഭാഗ്യമാണ് അങ്ങയെ ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ ഹീനജാതിയില്‍ ജനിച്ച ജ്ഞാനിയല്ലാത്ത എനിക്ക് ലഭിച്ചത്. അവിടുത്തേക്കുവേണ്ടി എന്താണ് ഞാന്‍ ചെയ്യേണ്ടത് '' ആ താപസ വൃദ്ധ ചോദിച്ചു.


സീതാദേവിയെ കാണാതായതും അവരെ അന്വേഷിച്ച് നടക്കുകയാണെന്നുമുള്ള വൃത്താന്തം ജ്യേഷ്ഠന്‍ അവരെ അറിയിച്ചു.


'' പത്തു തലകളോട് കൂടിയ രാവണെന്ന രാക്ഷസന്‍ ബലാല്‍ക്കാരമായി കൊണ്ടുപോയി സീതയെ ലങ്കയില്‍ പാര്‍പ്പിച്ചിരിക്കുകയാണ് '' അവര്‍ പറഞ്ഞു '' ഇവിടെ നിന്ന് കുറച്ചു ചെന്നാല്‍ നിങ്ങള്‍ക്ക് പമ്പാനദി കാണാം . അതിനപ്പുറത്താണ് ഋഷ്യാമൂകാചലം. അവിടെ വാനര രാജാവായ ബാലിയെ പേടിച്ച് അദ്ദേഹത്തിന്‍റെ അനുജന്‍ സുഗ്രീവന്‍ ഒളിച്ചു കഴിയുന്നു. സുഗ്രീവനുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ സീതയെ വീണ്ടെടുക്കാന്‍ കഴിയും ''. ഇത്രയും പറഞ്ഞതിന്നു ശേഷം ദേഹത്യാഗം ചെയ്തു ശബരി മോക്ഷം പ്രാപിച്ചു.


പമ്പാനദി കടന്ന് ഋഷ്യമൂകാചലത്തില്‍ എത്തുമ്പോള്‍ നേരം നട്ടുച്ച. മരക്കൊമ്പുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന സൂര്യപ്രകാശത്തിന്ന് ചൂട് കുറവാണ്. ഇനി സുഗ്രീവന്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തണം. ചുറ്റുപാടും കണ്ണോടിച്ചു. അടുത്തെങ്ങും ആരേയും കാണ്മാനില്ല. വലിയൊരു മരത്തിന്‍റെ ചുവട്ടിലുള്ള പാറയില്‍ ഇരുന്നു. അല്‍പ്പനേരം വിശ്രമിച്ച ശേഷം നടത്തം തുടരണം.


ലക്ഷ്മണനാണ് അകലെ നിന്ന് ഒരു ബ്രഹ്മചാരി വരുന്നത് കണ്ടത്. ഉടനെ ജ്യേഷ്ഠന് ആഗതനെ കാട്ടി കൊടുത്തു. ഭാഗ്യവശാല്‍ ഇങ്ങോട്ടുതന്നെയാണ് അയാളുടെ വരവ്. തേടിയ വള്ളി കാലില്‍ ചുറ്റിയ മട്ടിലായി. മുന്നിലെത്തിയതും ആഗതന്‍ താണു തൊഴുതു.


'' തേജസ്വികളായ ഭവാന്മാര്‍ ആരാണ്. എന്തിനാണ് ഈ വനത്തില്‍ വന്നിരിക്കുന്നത് '' ബ്രഹ്മചാരി ചോദിച്ചു.


അയോദ്ധ്യാധിപതി ദശരഥ മഹാരാജാവിന്‍റെ പുത്രന്മാരാണെന്നും, മൂത്ത മകന്‍ ശ്രീരാമന്‍റെ ഭാര്യയെ രാവണന്‍ അപഹരിച്ചുകൊണ്ടുപോയെന്നും, അവരെ കണ്ടെത്താനായി സുഗ്രീവന്‍റെ സഹായം തേടി വന്നതാണെന്നുമുള്ള സത്യം ശ്രീരാമന്‍ അറിയിച്ചു.


'' ഈശ്വരോ രക്ഷതു '' ബ്രഹ്മചാരി തൊഴുതു. നൊടിയിടയ്ക്കുള്ളില്‍ ബ്രഹ്മചാരിയുടെ സ്ഥാനത്ത് ഒരു വാനരശ്രേഷ്ഠന്‍റെ രൂപം തെളിഞ്ഞു.


'' ഭവാന്മാര്‍ അന്വേഷിക്കുന്ന സുഗ്രീവന്‍റെ മന്ത്രിമാരില്‍ ഒരാളായ ഹനുമാനാണ് ഞാന്‍. അവിടുത്തെ ആഗമന വൃത്താന്തം ഞാന്‍ അദ്ദേഹത്തെ അറിയിച്ച് മറുപടിയുമായി ഉടന്‍ തിരിച്ചെത്താം '' ഹനുമാന്‍ നടന്നു മറഞ്ഞു.


'' ജ്യേഷ്ഠാ, കേവലം ഒരു വാനരനല്ല ഈ ഹനുമാന്‍. എന്തൊക്കയോ അപൂര്‍വ്വ സിദ്ധികളുള്ള മഹദ് വ്യക്തിയാണ് എന്ന് ഉറപ്പാണ് ''.


'' അതു മാത്രമല്ല, അദ്ദേഹത്തെ കണ്ടപ്പോള്‍ എത്രയോ കാലത്തെ പരിചയമുള്ളതുപോലെ തോന്നി '' ശ്രിരാമന്‍ പറഞ്ഞു '' കുമാരന്‍ അദ്ദേഹത്തിന്‍റെ സംഭാഷണം ശ്രദ്ധിച്ചുവോ. പണ്ഡിതോചിതമായ വാക്കുകളാണ് ആ മുഖത്തു നിന്ന് കേട്ടത് ''.


രാമലക്ഷ്മണന്മാരെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഹനുമാന്‍ നടന്നത്. സുഗ്രീവന്‍റെ കഷ്ടകാലം അവസാനിക്കാറായി എന്ന് തോന്നുന്നു. അതാണ് ഇവരുമായി ബന്ധപ്പെടാനായത്. രണ്ടുപേരും വീരശൂര പരാക്രമികളാണെന്ന് ഒറ്റ നോട്ടത്തിലറിയാം. സദാ മനസ്സില്‍ തോന്നിയിരുന്ന രൂപമാണ് ശ്രീരാമന്‍റേത് എന്നു തോന്നി.


പറഞ്ഞതുപോലെ പെട്ടെന്നുതന്നെ ഹനുമാന്‍ തിരിച്ചെത്തി. '' ഭവാന്മാര്‍ക്ക് സ്വാഗതം. സുഗ്രീവന്‍ കാത്തിരിക്കുന്നു. നമുക്ക് അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെല്ലാം ''. രണ്ടു പേരേയും തോളിലേറ്റി ഹനുമാന്‍ നടന്നു.


'' നിന്തിരുവടിയുടെ ഇംഗീതം നിറവേറ്റാന്‍ അടിയങ്ങള്‍ക്ക് സന്തോഷമേയുള്ളു '' സുഗ്രീവന്‍ പറഞ്ഞു '' അതിനു മുമ്പ് ചില കാര്യങ്ങള്‍ ഉണര്‍ത്തിക്കാനുണ്ട് ''.


ശ്രീരാമന്‍ സമ്മതം മൂളിയതോടെ സുഗ്രീവന്‍ പറഞ്ഞു തുടങ്ങി. ''ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാനും മന്ത്രിമാരും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആകാശത്തു നിന്നും ഒരു സ്ത്രി കരയുന്ന ശബ്ദം കേട്ടു. ഞങ്ങള്‍ നോക്കുമ്പോള്‍ സുന്ദരിയായ യുവതിയെ ബലാല്‍ക്കാരേണ ഒരു രാക്ഷസന്‍ വിമാനത്തില്‍ കൊണ്ടുപോവുകയാണ്. ഞങ്ങളെ കണ്ടതും ആ സ്ത്രീ ഉത്തരീയത്തില്‍ ആഭരണങ്ങള്‍ പൊതിഞ്ഞ് ഞങ്ങളുടെ മുന്നിലിട്ടു. സീതാദേവിയുടേതാണോ അവ എന്ന് ഭവാന്‍ പരിശോധിച്ച് ഉറപ്പ് വരുത്തുക ''.


ആഭരണങ്ങള്‍ സീതയുടേത് തന്നെയാണ്. ശ്രീരാമന്‍റെ കണ്ണുകള്‍ നിറഞ്ഞു. '' ഇതെല്ലാം എന്‍റെ പ്രിയപത്നിയുടേതാണ് '' അദ്ദേഹം പറഞ്ഞു.


'' എങ്കില്‍ എത്രയും പെട്ടെന്ന് അവരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നാം തുടങ്ങണം '' സുഗ്രീവന്‍ പറഞ്ഞു '' പക്ഷെ എന്തു ചെയ്യാം. എനിക്ക് ഇവിടം വിട്ടു പോവാനാവില്ലല്ലോ ''.


'' എന്തു കൊണ്ടാണ് ഭവാന് ഇവിടം വിട്ടു പോവാനാവാത്തത് '' ശ്രീരാമന്‍ കാരണം ചോദിച്ചു.


'' കുറച്ചു കാലം മുമ്പ് നടന്ന സംഭവമാണ് '' സുഗ്രീവന്‍ പറഞ്ഞു തുടങ്ങി '' മായാവി എന്നൊരു അസുരന്‍ എന്‍റെ ജ്യേഷ്ഠന്‍ ബാലിയെ പോരിനു വിളിച്ചു. ജ്യേഷ്ഠന്‍റെ താഡനങ്ങളേറ്റ് അത്യന്തം പരവശനായ അവന്‍ ഒരു ഗുഹയില്‍ ഓടിയൊളിച്ചു. അവനെ തിരഞ്ഞു ചെന്ന ജ്യേഷ്ഠനോടൊപ്പം ഞാനും പോയിരുന്നു. ഗുഹയുടെ കവാടം ഭീമമായ ഒരു പാറകൊണ്ടടച്ച് കാവല്‍ നില്‍ക്കുവാനും മായാവി മരിച്ചാല്‍ പാല്‍ ഒഴുകി വരുമെന്നും അപ്പോള്‍ ഗുഹാമുഖം തുറക്കണമെന്നും രക്തമാണ് വരുന്നതെങ്കില്‍ ജ്യേഷ്ഠന്‍ മരിച്ചുപോയെന്ന് കരുതി രാജധാനിയിലേക്ക് തിരിച്ചു പോവണമെന്നും എന്നെ ഏല്‍പ്പിച്ച് രാക്ഷസനെ കൊല്ലാന്‍ ജ്യേഷ്ഠന്‍ ഗുഹയുടെ അകത്തേക്ക് കയറി. മാസം ഒന്ന് കഴിഞ്ഞു. ഒരു ദിവസം ഗുഹയില്‍ നിന്ന് രക്തം ഒഴുകി വന്നു. അകത്തു നിന്ന് കരച്ചിലും ഉയര്‍ന്നുകേട്ടു. ജ്യേഷ്ഠന്‍ മരിച്ചെന്നു കരുതി സങ്കടത്തോടെ ഞാന്‍ കിഷ്കിന്ധയിലേക്ക് മടങ്ങിപ്പോയി. ഒട്ടും വൈകാതെ വാനരന്മാര്‍ എന്നെ രാജാവായി അഭിഷേകം ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ തിരിച്ചെത്തി. ഗുഹയുടെ പ്രവേശന കവാടം മനപ്പൂര്‍വ്വം അടച്ച് സ്ഥലം വിട്ടതാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം എന്നെ കൊല്ലാനൊരുങ്ങി. എന്‍റെ ഭാര്യയേയും രാജ്യത്തേയും കൈക്കലാക്കി എന്നു മാത്രമല്ല എന്‍റെ പ്രാണനെടുക്കും എന്നും പറഞ്ഞാണ് ജ്യേഷ്ഠന്‍ കഴിയുന്നത്. ഞാനാകട്ടെ എല്ലാം ഉപേക്ഷിച്ച് പ്രാണഭയത്തോടെ ഇവിടെ കഴിയുന്നു ''.


'' എങ്കില്‍ എന്തുകൊണ്ട് ബാലി ഇവിടെ വരുന്നില്ല '' ശ്രീരാമന്‍ ചോദിച്ചു.


'' ഋഷ്യമൂകാദ്രിയില്‍ പ്രവേശിച്ചാല്‍ തല പൊട്ടിത്തെറിക്കുമെന്ന് ജ്യേഷ്ഠന് മാതംഗമുനിയുടെ ശാപം ഉണ്ട്. ആ ധൈര്യത്തിലാണ് ഞാന്‍ ഇവിടെ വസിക്കുന്നത് ''.


'' എങ്കില്‍ ഇനി വൈകിക്കേണ്ടാ '' ഹനുമാന്‍ പറഞ്ഞു '' കിഷ്ക്കിന്ധാധിപന്‍റെ ശത്രുവിനെ കൊന്ന് നിന്തിരുവടി അദ്ദേഹത്തെ രക്ഷിക്കണം. പകരം സീതാദേവിയെ വീണ്ടെടുക്കുന്നതിന്ന് വാനരന്മാര്‍ സഹായിക്കണം. രണ്ടു കൂട്ടരും സഖ്യത്തില്‍ ഏര്‍പ്പെടുകയല്ലേ ''.


ആര്‍ക്കും അതില്‍ വിയോജിപ്പ് ഇല്ലായിരുന്നു. അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ അഗ്നി ജ്വലിപ്പിച്ച് ശ്രീരാമനും സുഗ്രീവനും സഖ്യത്തില്‍ ഏര്‍പ്പെട്ടു. എങ്കിലും ബാലിയെ കൊല്ലാനാവുമോ എന്ന കാര്യത്തില്‍ സുഗ്രീവന് സംശയം ഉണ്ടായിരുന്നു. ശ്രീരാമനോട് അത് പറയുകയും ചെയ്തു.


'' എന്‍റെ ബാഹുബലം എങ്ങിനെയാണ് കാണിച്ചു തരേണ്ടത് '' ശ്രീരാമന്‍ ചോദിച്ചു.


'' ദുന്ദുഭിയുടെ തലയാണ് ആ കിടക്കുന്നത്. ഭീമാകാരമായ അതിനെ എടുത്തെറിയാന്‍ കഴിയുമോ '' സുഗ്രീവന്‍ ചോദിച്ചു. കാലിന്‍റെ പെരുവിരല്‍കൊണ്ട് ശ്രിരാമന്‍ അതിനെ പൊക്കി ദൂരേക്കെറിഞ്ഞു.


'' ഇനിയെന്താ ചെയ്യേണ്ടത് '' അദ്ദേഹം ചോദിച്ചു.


'' ആ കാണുന്ന സാലവൃക്ഷങ്ങളെ നോക്കൂ. വട്ടത്തില്‍ നില്‍ക്കുന്ന ആ മരങ്ങളെ ഒരേ ഒരമ്പുകൊണ്ട് ഭേദിക്കാനാവുമോ ''. രാമബാണം ഏഴു മരങ്ങളേയും തകര്‍ത്ത് തൂണീരത്തിലേക്ക് മടങ്ങിയെത്തി.


'' എന്‍റെ സംശയം തീര്‍ന്നു '' സുഗ്രീവന്‍ തൊഴുതു.


'' എങ്കില്‍ ബാലിയോട് മല്ലയുദ്ധത്തിന് ഒരുങ്ങിക്കോളൂ. പോരിനിടെ ഞാന്‍ അവനെ വധിക്കുന്നുണ്ട് ''. സുഗ്രീവന്‍ മനസ്സുകൊണ്ട് പോരിനൊരുങ്ങി.

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 13.

പൂവിതള്‍ - 13.

'' കുമാരാ, ജ്യേഷ്ഠന്‍ പൊന്മാനുമായി എത്തുമ്പോഴേക്ക് അതിനെ കെട്ടിയിടാന്‍ കാട്ടുവള്ളിയും
തീറ്റ നല്‍കാന്‍ ഇളംപുല്ലുകളും വേണ്ടേ '' സീത ലക്ഷ്മണനോട് ചോദിച്ചു '' കുമാരന്‍ വള്ളി ഉണ്ടാക്കൂ, ആ നേരംകൊണ്ട് ഞാന്‍ പുല്ല് ശേഖരിച്ചോളാം ''.



'' ജ്യേഷ്ഠത്തി ഒന്നും ചെയ്യേണ്ട. പര്‍ണ്ണശാലയ്ക്ക് മുമ്പില്‍ത്തന്നെ രണ്ടും കിട്ടാനുണ്ടല്ലോ. ഞാന്‍
വേഗം മുറിച്ചെടുത്തോളാം ''.


സീത മാനിനെ കണ്ടതു മുതല്‍ ഉത്സാഹഭരിതയാണ്. എവിടെ നിന്നോ കാലത്ത് പര്‍ണ്ണശാലയ്ക്ക് മുന്നില്‍ എത്തിപ്പെട്ടതാണ് ആ മൃഗം. സ്വര്‍ണ്ണനിറമുള്ള ദേഹം. വെള്ളികൊണ്ട് നിര്‍മ്മിച്ച മട്ടിലുള്ള വെള്ളപ്പുള്ളികള്‍ അതിന് ഭംഗി പകരുന്നു. ഇന്ദ്ര നീലം പതിച്ച കണ്ണുകള്‍. എന്തൊരു ഇണക്കമാണ് അതിനെന്നോ. മാനിനെ കണ്ടതും ജ്യേഷ്ഠത്തിയ്ക്ക് അതിനെ കിട്ടിയേ തീരൂ.


'' കുമാരാ, സീതയെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോവരുത്. ഞാന്‍ ഏതു വിധത്തിലെങ്കിലും ഇതിനെ പിടിച്ച് വരുന്നുണ്ട് '' എന്നു പറഞ്ഞാണ് ജ്യേഷ്ഠന്‍ മാനിന്‍റെ പിന്നാലെ പോയത്. അതാണെങ്കിലോ അടുത്ത് ആള് ചെന്നാല്‍ പേടിച്ച് കുതിച്ചോടും. അല്‍പ്പം അകലെ പോയി നോക്കി നില്‍ക്കുകയും ചെയ്യും.


ജ്യേഷ്ഠന്‍ പോയിട്ട് മൂന്നേമുക്കാല്‍ നാഴിക നേരം കഴിഞ്ഞു. മാനിനെ കിട്ടിയില്ലെങ്കില്‍ തിരിച്ചു പോരികയല്ലേ വേണ്ടൂ. അതെങ്ങിനെ? ജ്യേഷ്ഠത്തിക്ക് അതിനോട് തോന്നിയ കലശലായ മോഹം കണ്ടിട്ട് എങ്ങിനെ വെറും കയ്യുമായി മടങ്ങി വരാന്‍ തോന്നും ?


'' സീതേ, ലക്ഷ്മണാ, ആപത്ത്. വേഗം രക്ഷീയ്ക്കൂ '' ദൂരെയെവിടെയോ നിന്ന് ആര്‍ത്ത നാദം കേട്ടു.


'' കുമാരാ '' ജ്യേഷ്ഠത്തി വിളിച്ചു '' ശ്രീരാമചന്ദ്രന്‍റെ രോദനമല്ലേ ആ കേള്‍ക്കുന്നത്. വേഗം
അങ്ങോട്ട് പോയി ജ്യേഷ്ഠനെ രക്ഷിക്കൂ ''.



ജ്യേഷ്ഠന് ആപത്ത് സംഭവിക്കുകയില്ല എന്ന് ലക്ഷ്മണന് ഉറപ്പാണ്. ഇത് മായാവിയായ ഏതോ രാക്ഷസന്‍റെ പണിയാണ്.


'' എന്താ മടിച്ചു നില്‍ക്കുന്നത് വേഗം ചെല്ലൂ '' അവര്‍ തിരക്കു കൂട്ടുകയാണ്.


'' ജ്യേഷ്ഠത്തി, അദ്ദേഹത്തിന്ന് ഒരു ആപത്തും സംഭവിക്കില്ല. ഇതേതോ രാക്ഷസന്‍റെ വിക്രിയയാണ്. '' ജ്യേഷ്ഠത്തിയെ സമാധാനിപ്പിച്ചു '' തന്നെയുമല്ല എങ്ങുംപോകാതെ ഇവിടെത്തന്നെ ജ്യേഷ്ഠത്തിയെ സംരക്ഷിക്കാന്‍ ഉണ്ടായിരിക്കണമെന്ന് എന്നെ ചുമതലപ്പെടുത്തിയിട്ടല്ല ജ്യേഷ്ഠന്‍ പോയിട്ടുള്ളത്. ആ കല്പന അനുസരിക്കാതിരിക്കാന്‍ പറ്റുമോ ''.


'' ഉറ്റവര്‍ക്ക് ആപത്ത് വരുമ്പോള്‍ ആരെങ്കിലും ഇങ്ങിനെ ചിന്തിക്കുമോ. കുമാരന് ആവതില്ലെങ്കില്‍ ഞാന്‍ പോയി അന്വേഷിക്കാം '' അവര്‍ ചെല്ലുമെന്ന് ഉറപ്പായപ്പോള്‍ ഇടപെട്ടു.


'' ശരി. എത്രയും പെട്ടെന്ന് ഞാന്‍ ജ്യേഷ്ഠന്‍റെ അടുത്ത് എത്തുന്നുണ്ട് '' എന്നും പറഞ്ഞ് ഒരു ബാണമെടുത്ത് പര്‍ണ്ണശാലയ്ക്ക് ചുറ്റും ഒരു വര വരച്ചു.


'' ജ്യേഷ്ഠത്തി ഒരു കാരണവശാലും ഈ റേഖയ്ക്ക് പുറത്തേക്ക് കടക്കരുത്. എന്നാല്‍ ആപത്ത് സംഭവിക്കുകയില്ല '' എന്നു പറഞ്ഞ് ഇറങ്ങി.


നിലവിളി കേട്ട ദിക്കിലേക്ക് ഒരു കുതിച്ചോട്ടമായിരുന്നു. ഒന്നുരണ്ടിങ്ങളില്‍ ഇടറി വീഴാന്‍ പോയി. വഴിയ്ക്ക് ഇരുവശത്തുമുള്ള ചെടികളുടെ ഇലകള്‍ ദേഹത്ത് ഉരഞ്ഞുകൊണ്ടിരുന്നു.


അടുത്തൊന്നുമല്ല ജ്യേഷ്ഠന്‍ ഉള്ളത്. ഇപ്പോള്‍ ഇരു വശത്തും അഗാധമായ കൊക്കയാണ്. ഇറക്കം
അവസാനിച്ചത് ഒരു അരുവിക്കരയില്‍. ജ്യേഷ്ഠന്‍ മറുഭാഗത്തു നിന്ന് അരുവി കടന്നു വരികയാണ്.


'' എന്താ കുമാരാ പോന്നത് '' അദ്ദേഹം ചോദിച്ചു.


'' ജ്യേഷ്ഠന്‍റെ നിലവിളി കേട്ടു ''.


'' അത് എന്‍റെ രോദനമായിരുന്നില്ല. യാഗരക്ഷയ്ക്ക് ചെന്നപ്പോള്‍ ഞാന്‍ കൊല്ലാതെ വിട്ട മാരീചനെ ഓര്‍മ്മയില്ലേ. അവനാണ് മാനിന്‍റെ രൂപത്തില്‍ വന്നത് ''.


'' എന്നിട്ട് ''.


'' ഞാന്‍ അവനെ വധിച്ചു. അവനാണ് എന്‍റെ ശബ്ദത്തില്‍ നിലവിളിച്ചത് ''.


'' എനിക്ക് തോന്നി. പക്ഷെ ജ്യേഷ്ഠത്തിക്ക് പേടിയായിരുന്നു ''.


'' സീതയെ കുറ്റം പറയാനാവില്ല. എന്‍റെ ശബ്ദത്തോട് അത്രകണ്ട് സാദൃശ്യമുണ്ടായിരുന്നു അവന്‍റെ നിലവിളിക്ക് ''. രണ്ടുപേരും വേഗത്തില്‍ നടന്നു. ഇപ്പോഴാണ് എത്ര അകലത്തിലാണ് എത്തിയത് എന്ന് അറിയുന്നത്. പര്‍ണ്ണശാല നിന്ന ഇടം വിജനമായിരിക്കുന്നു. മുറ്റത്ത്.എന്തോ മല്‍പ്പിടുത്തം നടന്ന ലക്ഷണമുണ്ട്.


'' കുമാരാ ചതിച്ചു '' ജ്യേഷ്ഠന്‍ പറഞ്ഞു '' സീതയ്ക്ക് എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു '' ആ വാക്കുകള്‍ ഇടറിയിരുന്നു.


'' നമുക്ക് വനത്തില്‍ തിരയാം. കണ്ടുമുട്ടാതെ വരില്ല '' വിശ്വാസമുണ്ടായിട്ടൊന്നുമല്ല ജ്യേഷ്ഠനെ ആശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അങ്ങിനെ പറഞ്ഞത്. അപ്പോള്‍ തുടങ്ങിയതാണ് തിരച്ചില്‍. വനത്തിന്‍റെ മുക്കും മൂലയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. എല്ലാം
കണ്ടു നിന്ന സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങിക്കൊണ്ടിരുന്നു.



ദണ്ഡകാരണ്യത്തില്‍ ആദ്യമായി എത്തിയ സ്ഥലത്തെത്തി. തകര്‍ന്ന രഥത്തിന്‍റെ ഭാഗങ്ങളും ചാപ ബാണങ്ങളും അവിടവിടെയായി ചിതറി കിടപ്പുണ്ട്. '' ഇവിടെ ഒരു ബലപരീക്ഷണം നടന്നതായി തോന്നുന്നു. നമുക്ക് ഇവിടമാകെ നന്നായി പരിശോധിക്കണം '' ജ്യേഷ്ഠന്‍ പറഞ്ഞത് ശരിയാണ്. അടുത്തെവിടെ നിന്നോ '' ആവൂ വയ്യല്ലോ. രാമാ, രാമാ, വേഗം വരണേ '' എന്നൊക്കെ ക്ഷീണിതമായ സ്വരത്തില്‍ ആരോ മന്ത്രിക്കുന്നത് കേട്ടു.


മരച്ചില്ലകളും വള്ളികളും വകഞ്ഞു മാറ്റി അടുത്തെത്തിയപ്പോള്‍ ഞെട്ടിപ്പോയി. പക്ഷി ശ്രേഷ്ഠനായ ജടായു വെട്ടേറ്റ് വീണു കിടക്കുകയാണ്.


'' അങ്ങേക്ക് എന്തു പറ്റി '' ആ ദേഹം തഴുകിക്കൊണ്ട് ജ്യേഷ്ഠന്‍ ചോദിച്ചു.


'' രാക്ഷസ രാജാവായ രാവണന്‍ സീതയെ ബലല്‍ക്കാരമായി കൊണ്ടുപോവുന്നത് കണ്ടു. തടയാന്‍ ശ്രമിച്ച എന്നെ വെട്ടിപരിക്കേല്‍പ്പിച്ച് തെക്കോട്ടേക്ക് പോയിട്ടുണ്ട് ''. ജടായുവിന്‍റെ ശ്വാസഗതി കൂടി, ക്രമേണ അത് മെല്ലെമെല്ലെയായി ഒടുവില്‍ നിലച്ചു.


നിറഞ്ഞ കണ്ണീര്‍ കൈകൊണ്ട് തുടച്ചു. പിതാവിന് വേണ്ടപ്പെട്ടവനാണ്. ഇപ്പോള്‍ സീതയ്ക്കു വേണ്ടിയാണ് ദേഹത്യാഗം ചെയ്തതും. ഉചിതമായ രീതിയില്‍ ഈ ജഡം സംസ്ക്കരിക്കണം.


നദീതീരത്ത് ഒരുക്കിയ ചിതയില്‍ ജടായുവിന്‍റെ ശരീരം കത്തിയെരിഞ്ഞ് ഇല്ലാതായി. നദിയിലിറങ്ങി കുളിച്ച് ബലികര്‍മ്മങ്ങള്‍ ചെയ്തു കയറുമ്പോള്‍ സൂര്യന്‍ മറയാന്‍ തുടങ്ങി.

Thursday, July 26, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 12..

പൂവിതള്‍ - 12.

പര്‍ണ്ണശാലയ്ക്ക് പുറത്ത് ലക്ഷ്മണന്‍ ആയുധവുമായി നിന്നു. അകത്ത് ജ്യേഷ്ഠനും പത്നിയും നിദ്രയിലാണ്. രാത്രി പുതച്ച കറുത്ത പുതപ്പിന്നു മീതെ മിന്നാമിനുങ്ങുകള്‍ വെളുത്ത പൊട്ടുകള്‍ തൊട്ടുകൊണ്ടിരിക്കുന്നു. മുളങ്കാടുകള്‍ കടന്നെത്തുന്ന കാറ്റ് രാമനാമം ജപിക്കുന്നുണ്ട്. ആകപ്പാടെ ഒരു അസ്വസ്ഥത. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നതായി മനസ്സിലൊരു തോന്നല്‍. പിന്നിട്ട പകല്‍ കാഴ്ചവെച്ചത് അതിന് യോജിച്ച സംഭവങ്ങളാണല്ലോ.


പര്‍ണ്ണശാലയ്ക്ക് പുറത്ത് ഖഡ്ഗങ്ങളുടേയം ബാണങ്ങളുടേയും മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്. അല്‍പ്പം അകലെ ഒരു മരച്ചുവട്ടില്‍ ജ്യേഷ്ഠനും പത്നിയും സംസാരിച്ചിരിക്കുന്നു. പെട്ടെന്ന് അവള്‍ കടന്നു വരികയായിരുന്നു. സുന്ദരിയായ ആ യുവതി നേരെ ജ്യേഷ്ഠനെ സമീപിച്ചു.


'' താപസ വേഷം ധരിച്ച നിങ്ങള്‍ ആരാണ് '' അവള്‍ ചോദിച്ചു '' അല്ലെങ്കില്‍ ഞാന്‍ ആരാണെന്ന് ആദ്യമേ പറയാം. നിങ്ങള്‍ക്ക് ചോദിക്കാതെ കഴിഞ്ഞല്ലോ. ലങ്കാധിപതി രാവണന്‍റെ സഹോദരി ശൂര്‍പ്പണഖയാണ് ഞാന്‍ ''.


'' ഞാന്‍ അയോദ്ധ്യാപതി ദശരഥ പുത്രന്‍ രാമനാണ്. എന്‍റെ ഭാര്യ സീതയും അനുജന്‍ ലക്ഷ്മണ
കുമാരനുമാണ് ഇവര്‍ '' ജ്യേഷ്ഠന്‍ പറഞ്ഞു '' ഇനി ഭവതിയുടെ ആഗമനോദ്ദേശം അറിയിക്കുക ''.


'' അനുരൂപനായ ഒരു ഭര്‍ത്താവിനെ തിരഞ്ഞു നടക്കുകയാണ് ഞാന്‍. എനിക്ക് ഭവാനെ ഇഷ്ടപ്പെട്ടു. എന്നെ പരിഗ്രഹിച്ച് എന്നോടൊപ്പം രമിച്ച് കഴിയുക ''.


കേട്ടപ്പോള്‍ അത്ഭുതം തോന്നി. കണ്ടു പരിചയമില്ലാത്ത ഒരു സ്ത്രീ വിവാഹാഭ്യര്‍ത്ഥനയുമായി ഒരു പുരുഷനെ സമീപിക്കുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. ഇതെന്തൊരു പുതുമ എന്ന് ചിന്തിക്കുമ്പോള്‍ ജ്യേഷ്ഠന്‍റെ മറുപടി കേട്ടു.


'' ഭവതിയെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ട്. ഞാന്‍ ഭാര്യാസമേതം കഴിയുകയാണ്. എന്നാല്‍ എന്‍റെ അനുജന്‍ ഒറ്റയ്ക്കാണ്. ഭവതിക്ക് അവന്‍ അനുയോജ്യനായിരിക്കും. ദയവായി അവനെ സമീപിക്കുക ''.


കേട്ടപ്പോള്‍ അത്ഭുതം തോന്നി. ജ്യേഷ്ഠന്‍ ഇങ്ങിനെയൊന്നും പറയാറില്ലല്ലോ. സ്ത്രീകളോട് ഒരു വിധത്തിലും മര്യാദകേട് കാണിച്ചു കൂടാ എന്ന് പറയാറുള്ളതാണല്ലോ. ഇതെന്തു പറ്റി. ചിലപ്പോള്‍
എന്തെങ്കിലും മനസ്സില്‍ കണ്ടിട്ടുണ്ടാവും. ജ്യേഷ്ഠന് തെറ്റു പറ്റുകയില്ല. അരികില്‍ അവള്‍ എത്തി. വിവാഹാഭ്യര്‍ത്ഥന മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല.


'' സുന്ദരി. ഞാന്‍ രാജാവിന്‍റെ വെറുമൊരു ദാസന്‍ മാത്രമാണ്. രാജകുമാരിയായ ഭവതിക്ക് ഞാന്‍ ഒട്ടും യോജിക്കില്ല '' ഒരു വിധം പറഞ്ഞൊപ്പിച്ചു.


അവള്‍ ജ്യേഷ്ഠനെ വീണ്ടും സമീപിച്ചു. അവിടെ നിന്ന് ഇങ്ങോട്ടും ഇവിടെ നിന്ന് അങ്ങോട്ടും പല തവണ നടന്നപ്പോള്‍ അവള്‍ കോപിഷ്ഠയായത് സ്വാഭാവികം. ജ്യേഷ്ഠത്തിയെ അവള്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ തടയാന്‍ ചെന്നതാണ്. ഭയപ്പെടുത്തണം എന്ന ഉദ്ദേശത്തില്‍ അവളുടെ മുഖത്തിന്നു നേരെ വീശിയ വാള്‍ മൂക്കിലാണ് കൊണ്ടത്. ചോരയൊലിപ്പിപ്പ് നിലവിളിച്ചുകൊണ്ട് അവള്‍ ഓടി മറഞ്ഞു. ഒരു കൈപ്പിഴ സംഭവിച്ചതാണെങ്കിലും അവള്‍ക്ക് വൈരൂപ്യം സംഭവിച്ചല്ലോ എന്നോര്‍ത്ത് മനസ്സില്‍ കുറ്റബോധം നിറഞ്ഞു.


'' രാവണന്‍റെ സഹോദരിയാണെങ്കില്‍ താമസിയാതെ പകരം ചോദിക്കാന്‍ ആളെത്തും '' ജ്യേഷ്ഠന്‍ ആ പറഞ്ഞത് ശരിയായി. പതിനാല് രാക്ഷസന്മാരുമായിട്ടാണ് ശൂര്‍പ്പണഖ തിരിച്ചു വന്നത്.


'' സീതയെ ഗുഹയ്ക്കുള്ളിലാക്കി കാവല്‍ നില്‍ക്കൂ. ഇവരെ നേരിടാന്‍ ഞാന്‍ മതി ''. ജ്യേഷ്ഠന്‍റെ നിര്‍ദ്ദേശം അനുസരിച്ചു. ഗുഹാമുഖത്തു നിന്ന് പോരാട്ടം വീക്ഷിച്ചു. പതിനാലുപേരും മരിച്ചു വീണതോടെ ശൂര്‍പ്പണഖ സ്ഥലം വിട്ടു.


ശൂര്‍പ്പണഖ,പതിനാലായിരം യോദ്ധാക്കളോടും സഹോദരന്മാരായ ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്നിവരോടൊപ്പമാണ് പിന്നീട് എത്തിയത്. ഘോരയുദ്ധമാണ് തുടര്‍ന്ന് നടന്നത്. മൂന്നേ മുക്കാല്‍
നാഴിക നേരം മാത്രമേ യുദ്ധം നീണ്ടു നിന്നുള്ളു. ഖരനും അനുജന്മാരും മുഴുവന്‍ പടയാളികളും യുദ്ധ ഭൂമിയില്‍ മരിച്ചു വീണു.


'' ഒരുപക്ഷെ ഇനിയെത്തുന്നത് രാവണനായിരിക്കും '' തിരിച്ചു പര്‍ണ്ണശാലയിലേക്കു വന്നപ്പോള്‍
ജ്യേഷ്ഠന്‍ പറഞ്ഞ വാക്കുകളായിരുന്നു അവ.


അടുത്തൊരു മരത്തില്‍ നിന്ന് കാലന്‍ കോഴി കൂവി. അടുത്തുനിന്ന് ഈ ജീവി ശബ്ദിച്ചാല്‍ അകലെ മരണമെന്നാണ് പറയുക എന്ന് ലക്ഷ്മണന്‍ ഓര്‍ത്തു. അകലത്തെവിടേയോ മരണം ആര്‍ക്കോ വല വിരിച്ച് പതിയിരിക്കുന്നു. ഈ ദുശ്ശകുനങ്ങളെല്ലാം അതിനെയാണോ സൂചിപ്പിക്കുന്നത്.


ചോരയൊലിപ്പിച്ച് കരഞ്ഞുകൊണ്ടോടിയ സ്ത്രീരൂപം മനസ്സിനെ കുത്തി മുറിവേല്‍പ്പിക്കുന്നു.ഒരു സ്ത്രീക്ക് മരണത്തേക്കാള്‍ വേദനാജനകം വൈരൂപ്യം സംഭവിക്കുന്നതാണ്. ശൂര്‍പ്പണഖയുടെ വൈരൂപ്യത്തിന്ന് കാരണക്കാരനായതില്‍ സ്വയം പഴിച്ചുകൊണ്ട് ലക്ഷ്മണന്‍ ഏകനായി നിന്നു.

Wednesday, July 25, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 11.

പൂവിതള്‍ - 11.

'' ഇനി അധിക കാലം ഇവിടെ താമസിക്കുന്നത് ബുദ്ധിയല്ല '' ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രിരാമന്‍ പറഞ്ഞു '' അയോദ്ധ്യയില്‍ നിന്ന് കൂടെക്കൂടെ ആളുകള്‍ എത്താനിടയുണ്ട് ''.


'' എവിടേക്കാ അടുത്ത യാത്ര '' സീത ചോദിച്ചു.


'' ദണ്ഡകാരണ്യത്തിലേക്ക് ''.


പിന്നെ വൈകിച്ചില്ല. മൂന്നുപേരും യാത്ര തുടങ്ങി. അത്രി മഹര്‍ഷിയുടെ ആശ്രമത്തിലാണ് അവര്‍ ചെന്നെത്തിയത്. മഹര്‍ഷിയുടെ ആതിഥ്യം സ്വീകരിച്ച് അന്നു രാത്രി അവിടെ കഴിച്ചു കൂട്ടി. നേരം പുലര്‍ന്നതും അദ്ദേഹത്തോട് വിട പറഞ്ഞിറങ്ങി. നിറഞ്ഞൊഴുകുന്ന നദിയില്‍ തോണി തുഴഞ്ഞു പരിചയമുള്ള മുനികുമാരന്മാര്‍ മറുകരയെത്താന്‍ സഹായിച്ചു.


ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമാണ് ഈ വനം. ശാന്തമായ അന്തരീക്ഷമല്ല ഇവിടെയുള്ളത്. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടം.


''കുമാരാ. അപകട സാദ്ധ്യതയുള്ള സ്ഥലമാണെന്ന് തോന്നുന്നു '' ശ്രീരാമന്‍ പറഞ്ഞു '' വില്ല് കുലച്ച് ശരങ്ങളുമായി ചുറ്റും ശ്രദ്ധിച്ച് മുന്നില്‍ നടക്കുക. പുറകിലായി സീതയും ഏറ്റവും ഒടുവില്‍
ഞാനും, ഈ ക്രമത്തിലേ ഇനി മുതല്‍ നടക്കാവൂ ''.



ഒരു യോജന ദൂരം പിന്നിട്ടപ്പോള്‍ ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞ മനോഹരമായ തടാകം കണ്ണില്‍പ്പെട്ടു. ദാഹം തീര്‍ത്ത് അല്‍പ്പ നേരം വിശ്രമിക്കാനിരുന്നതാണ്. പെട്ടെന്നാണ് ഒരു ഭീകരസത്വം
അലറി വിളിച്ചുകൊണ്ട് നടന്നടുക്കുന്നത് കണ്ടത്. ശ്രീരാമന്‍ അമ്പും വില്ലുമായി എഴുന്നേറ്റു. ആ രൂപം
അടുത്തെത്തി.


'' കുമാരാ, ആയുധങ്ങളുമായി ഉടന്‍ തയ്യാറാവുക '' എന്ന് അനുജന് നിര്‍ദ്ദേശം നല്‍കി തിരിഞ്ഞു
സീതയോടായി ശ്രീരാമന്‍ പറഞ്ഞു '' ദേവി ഒട്ടും പരിഭ്രമിക്കേണ്ടാ. അവനെ ഞാന്‍ വധിക്കുന്നുണ്ട് ''.


പച്ചമാംസം കടിച്ചു പറിച്ചുകൊണ്ടാണ് രാക്ഷസന്‍റെ വരവ്. രണ്ടു കനല്‍ക്കട്ടകള്‍പോലെ അവന്‍റെ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. ദിക്കുകള്‍ നടുങ്ങുമാറ് അവന്‍ അലറി.


'' ദുഷ്ടജന്തുക്കള്‍ ഉള്ള കാടാണ് ഇതെന്നറിയില്ലേ. മനോഹരിയായ ഒരു സ്ത്രീയോടൊപ്പം വില്ലും
അമ്പും ധരിച്ച് താപസരൂപത്തില്‍ നില്‍ക്കുന്ന നിങ്ങള്‍ ആരാണ് '' ഇടി വെട്ടുന്ന മാതിരി ശബ്ദത്തില്‍ അവന്‍ ചോദിച്ചു.


'' ഞാന്‍ ശ്രീരാമന്‍. കൂടെയുള്ളത് എന്‍റെ പത്നി സീതയും അനുജന്‍ ലക്ഷ്മണനുമാണ് '' ശ്രീരാമന്‍
പറഞ്ഞു '' പിതാവിന്‍റെ കല്‍പ്പന പ്രകാരം വനവാസത്തിന്ന് വന്നതാണ്. ദുഷ്ടന്മാരായ രാക്ഷസന്മാരെ വധിച്ച് ലോകത്തെ രക്ഷിക്കാനാണ് ഉദ്ദേശം ''.


അത് കേട്ടതും രാക്ഷസന്‍ വീണ്ടും അലറി. അവന്‍ കൂറ്റനൊരു മരം പിഴുതെടുത്തു.


'' ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ലോകം മുഴുവന്‍ ഭയക്കുന്ന വിരാധന്‍
എന്ന നിശാചരനാണ് ഞാന്‍. എന്നെ ഭയന്ന് താപസന്മാര്‍ ഇവിടം വിട്ട് ഓടിപ്പോയതാണ് '' അവന്‍ പറഞ്ഞു '' ജീവന്‍ വേണമെങ്കില്‍ ഈ സുന്ദരിയെ എനിക്കു തന്നിട്ട് വേഗം സ്ഥലം വിടുക ''.


സീതയെ പിടിക്കാന്‍ അടുത്ത അവന്‍റെ രണ്ടു കൈകളും ശ്രീരാമന്‍ അമ്പെയ്തു മുറിച്ചു. എന്നിട്ടും
അവന്‍ വായ തുറന്ന് മൂവരേയും ഭക്ഷിക്കാന്‍ അടുക്കുകയാണ്. പിന്നെ ഒട്ടും താമസിച്ചില്ല. അടുത്ത അമ്പ് അവന്‍റെ ശിരസ് ചേദിച്ചു.


രക്തം വാര്‍ന്നൊഴുകി അവിടമാകെ പരന്നു. ദേവകള്‍ ദുന്ദുഭി മുഴക്കി, അപ്സരസ്ത്രീകള്‍ നൃത്തം
ചെയ്യാന്‍ തുടങ്ങി. വിരാധന്‍റെ ദേഹത്തു നിന്ന് ഒരു തേജസ്സ് ഉയര്‍ന്നു പൊങ്ങി. ഒരു സുന്ദര രൂപം ആകാശത്ത് തെളിഞ്ഞു.


ദുര്‍വ്വാസാവ് മുനിയുടെ ശാപത്താല്‍ രാക്ഷസനായി തീര്‍ന്ന ഒരു വിദ്യാധരനാണ് ഞാന്‍. അങ്ങ് എനിക്ക് ശാപമോക്ഷം നല്‍കി. ഇനി എന്നെ അനുഗ്രഹിച്ചാലും '' ശ്രിരാമനെ സ്തുതിച്ച ശേഷം
ആ രൂപം മറഞ്ഞു.


കുറച്ചു ദിവസങ്ങള്‍ കൂടി അവിടെതന്നെ താമസിച്ചു. ഉപദ്രവകാരികളായ ഒട്ടേറെ രാക്ഷസന്മാരെ കൊന്നൊടുക്കാനായി. ഭയമുക്തരായ താപസന്മാര്‍ അവിടേക്ക് തിരിച്ചെത്തി.


'' ഇനി അടുത്ത ഇടം തേടി പോകാം '' ഒരു ദിവസം ശ്രീരാമന്‍ പറഞ്ഞു.


യാത്രയ്ക്കിടയില്‍ ശരഭംഗ മഹര്‍ഷിയെ കണ്ട് ആശീര്‍വാദം വാങ്ങാനും അദ്ദേഹത്തിന്‍റെ അന്ത്യ നിമിഷങ്ങളില്‍ കൂടെയുണ്ടാവാനും കഴിഞ്ഞത് ഒരു യോഗമായിരിക്കാം. ദണ്ഡകാരണ്യത്തിലെ മഹര്‍ഷിമാര്‍ കാണാനെത്തിയത് വേറൊരു സൌഭാഗ്യം.


സുതീക്ഷ്ണ മഹര്‍ഷിയുടേയും അഗസ്ത്യമുനിയുടേയും ആതിഥ്യം സ്വീകരിച്ച് യാത്ര തുടര്‍ന്നു.
സൂര്യന്‍ പാതി വഴി പിന്നിട്ടു കഴിഞ്ഞു. ഇരുട്ടുന്നതിന്ന് മുമ്പ് അഗസ്ത്യ മഹര്‍ഷി പറഞ്ഞു തന്ന പഞ്ചവടിയിലെത്തണം. അപ്പോഴാണ് വഴിയില്‍ ഭീമാകാരമായ ഒരു പക്ഷി കിടക്കുന്നത് കണ്ടത്. ഭീതി ഉളവാക്കുന്നതാണ് അതിന്‍റെ രൂപം.


'' ലക്ഷ്മണാ, വില്ലും ശരങ്ങളും തരിക '' ശ്രീരാമന്‍ പറഞ്ഞു '' ഞാന്‍ ഇതിനെ വധിക്കുന്നുണ്ട് ''.


'' ഞാന്‍ വധിക്കപ്പെടേണ്ടവനല്ല.'' പെട്ടെന്ന് ആ പക്ഷി സംസാരിച്ചു തുടങ്ങി '' നിങ്ങളുടെ പിതാവ് ദശരഥ മഹാരാജാവിന്‍റെ മിത്രമായ ജടയുവാണ് ഞാന്‍ ''.


സന്തോഷംകൊണ്ട് മനസ്സ് നിറഞ്ഞു. പിതാവിന്‍റെ മരണ വൃത്താന്തവും വനത്തില്‍ എത്താനുണ്ടായ സാഹചര്യവും വിവരിച്ചു.


'' എങ്കില്‍ ഇനി നിങ്ങള്‍ ദൂരെയെങ്ങും പോവേണ്ട കാര്യമില്ല. ഇതിനടുത്താണ് പഞ്ചവടി. അവിടെ താമസിച്ചാലും. നിങ്ങളുടെ ആജ്ഞാനുവര്ത്തിയായി ഞാന്‍ ഇവിടെത്തന്നെയുണ്ടാവും '' ജടായു പറഞ്ഞു നിര്‍ത്തി.

വീണ്ടുമൊരു നല്ലകാലം. പര്‍ണ്ണശാലയിലാണെങ്കിലും പ്രയാസങ്ങളൊന്നുംതന്നെയില്ല. സീതയ്ക്കു മുന്പില്‍ ലക്ഷ്മണനും പുറകില്‍ ശ്രീരാമനുമായി എല്ലാ പ്രഭാതത്തിലും മൂവരും നദിയില്‍ ചെന്ന്
കുളിച്ചു പോരും. ലക്ഷ്മണന്‍ കുടിക്കാനുള്ള പാനീയം കൊണ്ടുപോരും. ഫലമൂലാദികള്‍ കാട്ടില്‍
നിന്ന് ശേഖരിക്കുന്നതും അദ്ദേഹമാണ്. അയോദ്ധ്യയിലെന്നപോലെ സന്തോഷത്തോടെ ശ്രീരാമന്‍ ഭാര്യയും അനുജനുമൊപ്പം അവിടെ കഴിഞ്ഞു കൂടി.

Tuesday, July 24, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 10.

പൂവിതള്‍ - 10.

ചിത്രകൂടത്തിലെ പര്‍ണ്ണശാലയിലുള്ള ജീവിതം ആനന്ദകരമാണ്. മുനിജനങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കവും പുണ്യനദിയായ ഗംഗയുടെ സാമീപ്യവുമാണ് സന്തോഷത്തിന്ന് നിദാനം. എന്തൊരു ശാന്തതയാണ് അനുഭവപ്പെടുന്നത്. കാട്ടില്‍ കായ്കനികളും കിഴങ്ങുകളും തേനും സുലഭമായുണ്ട്. ലക്ഷ്മണന്‍ അവയെല്ലാം ശേഖരിക്കും. ജ്യേഷ്ഠന്‍ പത്നിസമേതം കാനനശോഭ ആസ്വദിച്ചങ്ങിനെ നടക്കും. സമാധാനപൂര്‍ണ്ണമായ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോവുകയാണ്.


അങ്ങിനെയിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. ഒരു ദിവസം പതിവു കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് മൂന്നുപേരും പര്ണശാലയ്ക്ക് വെളിയില്‍ സമയം ചിലവഴിക്കുകയാണ്. ലക്ഷ്മണന്‍ ആയുധങ്ങള്‍ പരിശോധിച്ച് മൂര്‍ച്ച ഉറപ്പ് വരുത്തുകയും സീത വനപുഷ്പങ്ങള്‍കൊണ്ട് ഹാരം ഉണ്ടാക്കുകയും ചെയ്യുന്നു. നേരം ഉച്ചയോടടുക്കുകയാണ്. വലിയൊരു വൃക്ഷത്തിന്‍റെ തണലത്തു നിന്ന് ശ്രീരാമന്‍ അകലേക്ക് നോക്കുകയാണ്.


'' ആര്യപുത്രാ, എന്താണ് അങ്ങ് നോക്കുന്നത് '' ജ്യേഷ്ഠത്തി അന്വേഷിക്കുന്നത് കേട്ടു.


'' അകലെ നിന്ന് കുറെപേര്‍ വരുന്നുണ്ട്. ആരാണെന്ന് മനസ്സിലാവുന്നില്ല ''.


ലക്ഷ്മണന്‍ ആ ദിശയിലേക്ക് നോക്കി. ശരിയാണ്. കുറെയേറെ ആളുകള്‍ ഇങ്ങോട്ടേക്ക് വരുന്നുണ്ട്. ദൂരത്ത് ആയതിനാല്‍ ആരേയും വ്യക്തമായി അറിയുന്നില്ല. പെട്ടെന്ന് വില്ലും അമ്പുകളും എടുത്തു. ശത്രുക്കള്‍ ആരെങ്കിലുമാണ് വരുന്നതെങ്കില്‍ നേരിടേണ്ടതുണ്ട്. ക്രമേണ രൂപങ്ങള്‍ തെളിഞ്ഞു വന്നു. ഭരതശത്രുഘ്നന്മാരാണ് മുന്നില്‍ നടക്കുന്നത്. കുലഗുരു വസിഷ്ഠനും അമാത്യന്മാരുമാണ് പിന്നെ സംഘത്തിലുള്ളത്. എന്തിനുള്ള വരവാണാവോ ? ലക്ഷ്മണന്‍റെ മുഖം കറുത്തു. അനുജന്‍റെ ഭാവ മാറ്റം ജ്യേഷ്ഠന്‍ ശ്രദ്ധിച്ചു.


'' എന്താ കുമാരന് '' അദ്ദേഹം ചോദിച്ചു.


'' സൂത്രത്തില്‍ രാജ്യം കൈക്കലാക്കി, ജ്യേഷ്ഠനെ കാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. പിന്നെ എന്തിനാണ് ഈ എഴുന്നള്ളത്ത് ''.


'' അങ്ങിനെ ചിന്തിക്കരുത് '' ശ്രീരാമന്‍ അനുജനെ സമാധാനിപ്പിച്ചു '' രാജ്യം ആവശ്യപ്പെട്ടതും എന്നെ വനത്തിലേക്ക് അയയ്ക്കണമെന്ന് നിഷ്ക്കര്‍ഷിച്ചതും കൈകേയി മാതാവല്ലേ ? ആ സമയത്ത് ഭരതന്‍ അയോദ്ധ്യയില്‍ ഉണ്ടായിരുന്നില്ലല്ലോ. അമ്മ ചെയ്ത തെറ്റിന്ന് മകനെ പഴിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ. തന്നെയുമല്ല ഇപ്പോഴത്തെ ഭരതന്‍റേയും ശത്രുഘ്നന്‍റേയും വേഷം ശ്രദ്ധിക്കുക. മരവുരിയാണ് രണ്ടു പേരും ധരിച്ചിരിക്കുന്നത്. നമുക്ക് ദ്രോഹം ചെയ്യുകയാവില്ല അവരുടെ ആഗമനോദ്ദേശം. ഒരുപക്ഷെ നമ്മോടൊപ്പം വനവാസത്തില്‍ പങ്കു ചേരാനാവുമെന്ന് ഞാന്‍ ഭയപ്പെടുന്നു ''.


ആ പറഞ്ഞതിലെ യുക്തി ലക്ഷ്മണന്ന് ബോധിച്ചു. സംഘം സ്ഥലത്തെത്തി. ജ്യേഷ്ഠാനുജന്മാര്‍ പരസ്പരം ആശ്ലേഷിച്ചു. ഗുരുവിനേയും ജ്യേഷ്ഠന്മാരേയും ഓരോരുത്തരും വണങ്ങി.


'' പിതാവിനും മാതാക്കള്‍ക്കും സുഖംതന്നെയല്ലേ '' ശ്രീരാമന്‍ അന്വേഷിച്ചു. ഒരു പൊട്ടിക്കരച്ചിലാണ് കേട്ടത്. ഭരതശത്രുഘ്നന്മാര്‍ വാവിട്ടു കരയുകയാണ്.


'' കുമാരന്മാരേ, എല്ലാം വിധിയാണെന്നു കരുതി സമാധാനിക്കുക '' ഗുരുവിന്‍റെ വാക്കുകള്‍ കേട്ടു '' മഹാരാജാവ് സ്വര്‍ഗസ്ഥനായി കഴിഞ്ഞു ''.


ലക്ഷ്മണകുമാരന്‍റെ രോദനം കാടിന്‍റെ നിശ്ശബ്ദതയെ ഭേദിച്ചു. നിറഞ്ഞ കണ്ണുകളോടെ ഉള്ളിലെ ദുഃഖം കടിച്ചമര്‍ത്തി ശ്രീരാമന്‍ അനുജനെ ചേര്‍ത്തു പിടിച്ചു.


'' കുമാരന്മാര്‍ പോയതില്‍പിന്നെ പിതാവ് എഴുന്നേട്ടില്ല. പുത്ര ദുഃഖം അദ്ദേഹത്തിന്‍റെ മരണത്തിന്ന് വഴിയൊരുക്കി '' ഗുരു പറഞ്ഞു.


'' എന്‍റെ അമ്മയാണ് എല്ലാറ്റിനും കാരണക്കാരി '' ഭരതന്‍റെ വാക്കുകളില്‍ രോഷം നിറഞ്ഞിട്ടുണ്ട്.


'' കുമാരാ, അങ്ങിനെ കരുതരുത്. കൈകേയി കേവലം ഒരു നിമിത്തം മാത്രമാണെന്ന് അറിയുക. പുത്രശോകത്താല്‍ മരിക്കണമെന്ന് മഹാരാജാവ് ഒരു ശാപമുണ്ട് ''. മൃഗയാ വിനോദത്തിന്ന് ചെന്ന രാജാവ് വൃദ്ധ മാതാപിതാക്കളുടെ ദാഹം മാറ്റാനായി വെള്ളമെടുക്കാന്‍ ചെന്ന ബാലനെ ആനയെന്ന് തെറ്റിദ്ധരിച്ച് കൊന്നതും പുത്ര ശോകത്താല്‍ മരിക്കാനിട വരട്ടെ എന്ന് ശാപം ലഭിച്ചതുമായ കഥ വസിഷ്ഠന്‍ വിവരിച്ചു.


'' എന്നാലും '' തേങ്ങലുകള്‍ക്കിടയില്‍ ലക്ഷ്മണന്‍റെ വാക്കുകള്‍ പുറത്തെത്തി '' കേവലും ഒരു ദാസിയുടെ വാക്കുകള്‍ കേട്ട് കൈകേയി മാതാവ് സ്വാര്‍ത്ഥത കാണിച്ചില്ലായിരുന്നുവെങ്കില്‍ .. ''.


'' കുമാരാ '' രാജഗുരു മുഴുമിക്കാന്‍ അനുവദിച്ചില്ല '' യാഥാര്‍ത്ഥ്യം പലപ്പോഴും നാം ധരിക്കുന്ന മട്ടിലാവണമെന്നില്ല. ഈ കാര്യത്തില്‍ എനിക്ക് രാജ്ഞിയെ കുറ്റപ്പെടുത്താനാവില്ല. കാരണം സത്യം എനിക്കറിയാം ''.


എല്ലാവര്‍ക്കും അത് അറിയാനുള്ള ആകാംക്ഷയായി.


'' ഞാന്‍ ആരോടും പറയില്ല എന്ന് കരുതിയതാണ്. പക്ഷെ മക്കള്‍ അമ്മയെ കുറ്റപ്പെടുത്തുമ്പോള്‍ സത്യം മനസ്സില്‍ ഒരു രഹസ്യമായി സൂക്ഷിച്ചു കൂടാ '' അദ്ദേഹം തുടര്‍ന്നു '' നിങ്ങള്‍ നാലു മക്കള്‍ മാത്രം ഇപ്പോഴിത് അറിഞ്ഞാല്‍ മതി ''.


അടുത്ത് നിന്നിരുന്നവരൊക്കെ മാറിപ്പോയി വസിഷ്ഠന്‍ ആരംഭിച്ചു.


'' പുത്രകാമേഷ്ടി യാഗത്തിന്ന് മുമ്പ് ഒരു ദിവസം കൈകേയി രാജ്ഞി എന്നെ കാണാനെത്തി. അവര്‍ ഏതോ പ്രഗത്ഭനായ ജ്യോത്സനെ കണ്ടിരുന്നുവത്രേ. സുമിത്ര രാജ്ഞിക്ക് രണ്ട് മക്കള്‍ ഉണ്ടാവാനുള്ള യോഗമുണ്ടെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി അന്നവര്‍ സൂചിപ്പിച്ചു. യാഗം സമാപിച്ച ശേഷം ദിവ്യമായ പായസം ലഭിച്ചപ്പോള്‍ അത് രണ്ടു രാജ്ഞിമാര്‍ക്ക് മാത്രം രാജാവിനെക്കൊണ്ട് കൊടുപ്പിച്ചതും രണ്ടു രാജ്ഞിമാരും ഓരോ ഓഹരി സുമിത്ര രാജ്ഞിക്ക് നല്‍കിയതും കൈകേയിക്ക് പ്രവചനത്തിലുള്ള വിശ്വാസം കാരണമാണ് ''.


ഈ സംഭവവും അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തിയും തമ്മില്‍ എന്തു ബന്ധമുണ്ടെന്ന് എല്ലാവരും ശങ്കിച്ചു.


'' ഈ അടുത്ത കാലത്ത് രാജ്ഞി വീണ്ടും ആ ജ്യോത്സ്യനെ കാണുകയുണ്ടായി. ദശരഥ മഹാരാജവ് ആസന്ന ഭാവിയില്‍ മരിക്കുമെന്നും, അടുത്ത പതിനാല് കൊല്ലക്കാലം അയോദ്ധ്യയെ സംബന്ധിച്ച് ചീത്ത കാലമാണെന്നും, രാജ്യം ഭരിക്കുന്ന ആള്‍ അകാലത്തില്‍ മരണപ്പെടുമെന്നും പറഞ്ഞതോടെ ശ്രീരാമന് സംഭവിക്കാവുന്ന ആപത്ത് ഒഴിവാക്കാന്‍ കൈകേയി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇതെല്ലാം ''.


ശ്രീരാമനൊഴികെ മറ്റാര്‍ക്കും മഹര്‍ഷിയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാനായില്ല. വസിഷ്ഠന് അത് മനസ്സിലായി. കാര്യങ്ങള്‍ ഒന്നു കൂടി സ്പ്ഷ്ടമാക്കേണ്ടതുണ്ട്.


'' ശ്രീരാമനെ ഒഴിവാക്കാനാണെങ്കില്‍ എന്തുകൊണ്ട് പതിനാല് വര്‍ഷത്തെ വനവാസത്തിലൊതുക്കി. ജീവിതകാലം മുഴുവന്‍ വനവാസം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൂടെ. മാത്രമല്ല ശ്രീരാമന് ഇപ്പോള്‍ നല്ല കാലമല്ല. യുദ്ധം ചെയ്യാനുള്ള യോഗമുണ്ട്. രാജാവാകുമ്പോള്‍ യുദ്ധം ചെയ്യേണ്ടി വന്നേക്കാം. കാട്ടില്‍ യുദ്ധത്തിന്ന് സാദ്ധ്യത ഒട്ടുമില്ലല്ലോ. അതാണ് വനവാസം ചെയ്യണമെന്ന് നിഷ്ക്കര്‍ഷിച്ചത് ''.


'' അപ്പോള്‍ ദാസി മാതാവിനെ ദുര്‍ബ്ബോധനം ചെയ്തു എന്നു പറഞ്ഞു കേട്ടതോ '' ഭരതന്‍ ചോദിച്ചു.


'' എല്ലാം വെറും വ്യാജം . അല്ലെങ്കിലും ഒരു ദാസിയുടെ വാക്കുകള്‍കൊണ്ട് ഇല്ലാതാവുന്നതാണ് രാജ്ഞി കൈകേയിക്ക് ശ്രീരാമനോടുള്ള സ്നേഹം എന്ന് ആലോചിക്കുന്നതുതന്നെ മൂഡത്വമാണ്. ലോകാവസാനം വരെ ദുഷ്പ്പേര് പിന്‍തുടരും എന്ന് ബോദ്ധ്യമുണ്ടായിട്ടുകൂടിയാണ് അവര്‍ ഇതിന് മുതിര്‍ന്നത്. സ്വന്തം മകനെ ബലി കൊടുത്തും ശ്രീരാമന്‍റെ ജീവന്‍ രക്ഷിക്കാന്‍ മനസ്സ് കാട്ടിയ ആ സ്വാദ്ധിയെ ഇനി നിങ്ങളൊരിക്കലും കുറ്റപ്പെടുത്തരുത് ''.


ആരുമൊന്നും പറഞ്ഞില്ല. ആര്‍ക്കും ഒന്നും പറയാനായില്ല എന്നതാണ് സത്യം. എല്ലാ മനസ്സുകളും വിങ്ങി പൊട്ടാറായിരുന്നു.


ഗുരുവിന്‍റെ നിര്‍ദ്ദേശമനുസരിച്ച് എല്ലാവരും നന്ദിയില്‍ കുളിച്ചു വന്ന് ബലി കര്‍മ്മങ്ങള്‍ ചെയ്തു. അയോദ്ധ്യയിലേക്ക് മടങ്ങി വരണമെന്നും രാജ്യഭരണം ചെയ്യണമെന്നും ഭരതന്‍ ആവത് പറഞ്ഞു നോക്കി. ശ്രിരാമന്‍ ഒട്ടും വഴങ്ങിയില്ല. ഒടുവില്‍ നന്ദി ഗ്രാമത്തില്‍ താമസിച്ച്, ജ്യേഷ്ഠന്‍റെ പാദുകം സിംഹാസനത്തില്‍വെച്ചു വണങ്ങി പ്രതിപുരുഷനായി ഭരിക്കാമെന്ന് ഭരതന് സമ്മതിക്കേണ്ടി വന്നു.


യാത്രപറഞ്ഞ് എല്ലാവരും പുറപ്പെട്ടു. അവര്‍ കണ്ണില്‍നിന്ന് മറയുന്നതുവരെ മൂന്നുപേരും മരച്ചുവട്ടില്‍ തന്നെ നിന്നു.

Monday, July 23, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 9.

പൂവിതള്‍ - 9.

യാത്രയിലുടനീളം സീതാദേവി ഗംഗയെ സ്തുതിച്ചുകൊണ്ടേയിരുന്നു. ആപത്ത് കൂടാതെ വനവാസം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ ബലിപൂജകള്‍ ചെയ്തോളാമെന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് അവര്‍ കരയ്ക്ക് ഇറങ്ങിയത്. തോണിയില്‍ നിന്നിറങ്ങിയ ഗുഹന്‍ ജ്യേഷ്ഠനെ തൊഴുകുകയാണ്. അയാള്‍ക്കും കൂടെ പോരണമത്രേ. അല്ലാത്തപക്ഷം പ്രാണന്‍ ത്യജിക്കാനാണ് ഉദ്ദേശം .


പതിനാല് കൊല്ലക്കാലം വനവാസമനുഷ്ഠിച്ച ശേഷം നിശ്ചയമായും ഞങ്ങള്‍ തിരിച്ചു വരുമെന്നും
അതുവരെ വിഷാദം അവസാനിപ്പിച്ച് കഴിയുക എന്നും പറഞ്ഞ് ജ്യേഷ്ഠന്‍ ഗുഹനെ സമാശ്വസിപ്പിച്ച് യാത്രയാക്കി.


ദീര്‍ഘകാലം ഒരിടത്ത് സ്വസ്ഥമായി കഴിയാന്‍ പറ്റിയ സ്ഥലത്തെക്കുറിച്ചുള്ള ചിന്ത ചിത്രകൂടാദ്രിയില്‍ ചെന്നെത്തി. ഭക്ഷണത്തിന്നു ശേഷം യാത്ര തുടര്‍ന്നു. ഭരദ്വാജ മഹര്‍ഷിയുടെ ആശ്രമത്തില്‍ ഒരുദിനം കഴിച്ചുകൂട്ടി. രാവേറെ ചെല്ലുന്നതുവരെ താപസന്മാരുടെ തത്വോപദേശങ്ങളും ആത്മീയഭാഷണങ്ങളും ശ്രദ്ധിച്ച് ഇരുന്നു. പ്രഭാതം പൊട്ടി വിരിഞ്ഞതും യാത്ര പുറപ്പെട്ടു.


ഭരദ്വാഅജ മഹര്‍ഷി പറഞ്ഞു തന്ന വഴിയിലൂടെയാണ് നീങ്ങിയത്. കാളിന്ദിനദിയുടെ സൌന്ദര്യം നുകര്‍ന്നു കൊണ്ട് സാവകാശം നടന്നു. വാത്മീകി മഹര്‍ഷിയുടെ ആശ്രമ പരിസരത്തെത്തിയതും യാത്ര അവസാനിപ്പിച്ചു.


ശാന്തിയും മനോഹാരിതയും ഒന്നിച്ചു ചേര്‍ന്ന ആശ്രമ പരിസരം ആരേയും ആകര്‍ഷിക്കും. നിറയെ പൂക്കളും ഫലങ്ങളുമേന്തി നില്‍ക്കുന്ന നിരവധി വൃക്ഷങ്ങളും ചെടികളും അവയെ പുണര്‍ന്നു പല വിധം വള്ളികളും എല്ലായിടത്തും കാണാനുണ്ട്. ഇണക്കമുള്ള മാനുകളും പാടിക്കൊണ്ടിരിക്കുന്ന പറവകളും ആശ്രമാന്തരീക്ഷത്തിന്ന് യോജിച്ചവ തന്നെ.


ഉജ്വലമായ സ്വീകരണമാണ് ഉണ്ടായത്. അര്‍ഘ്യപാദ്യാദികളുമായി ശിഷ്യന്മാരോടൊപ്പം വാല്‍മീകി മഹര്‍ഷി എത്തി. എതിരേല്‍പ്പ് കഴിഞ്ഞതും മൂവരും വാല്‍മീകി മഹര്‍ഷിയെ പ്രണമിച്ചു.


'' പിതാവിന്‍റെ ആജ്ഞ അനുസരിച്ച് വനവാസത്തിന്ന് വന്നതാണ് ഞാന്‍. കാരണം ഞാന്‍ പറയാതെ തന്നെ തൃകാലജ്ഞാനിയായ അങ്ങേക്ക് അറിയാമല്ലോ. എന്‍റെ കൂടെ പത്നിയും അനുജനുമുണ്ട് '' ശ്രീരാമന്‍ പറഞ്ഞു '' കുറെ കാലം ഈ ഭാഗത്ത് താമസിക്കണമെന്നാണ് ഞങ്ങളുടെ മോഹം. അതിന് യോജിച്ച ഒരു ഇടം കാണിച്ചു തന്നാലും ''.


'' സര്‍വ്വലോകങ്ങളും നിന്തിരുവടിയിലുണ്ടല്ലോ. സര്‍വ്വയിടത്തും നിന്തിരുവടിയുടെ സാന്നിദ്ധ്യവും ഉള്ളതല്ലേ. എങ്കിലും ചോദിച്ച സ്ഥിതിക്ക്, സമാധാനത്തോടെ സുഖമായി കഴിയാവുന്ന ഇടം ഞാന്‍ പറഞ്ഞു തരുന്നുണ്ട്. ജീവികള്‍ക്ക് യാതൊരുവിധ ദ്രോവും ചെയ്യാതെ ശാന്തരായി അങ്ങയെ മാത്രം ഭജിച്ചു കഴിയുന്നവര്‍, എല്ലാം ഉപേക്ഷിച്ച് അങ്ങയെ ധ്യാനിച്ചിരിക്കുന്നവര്‍, നിത്യവും ശരണം ചൊല്ലി അങ്ങയുടെ മന്ത്രവുമായി കഴിയുന്നവര്‍, സര്‍വ്വവും മായയാണ് എന്ന തിരിച്ചറിവുള്ളവര്‍, സമസ്ത കര്‍മ്മങ്ങളും അങ്ങയില്‍ സമര്‍പ്പിച്ച് സന്തുഷ്ടിയോടെ ജീവിക്കുന്നവര്‍ തുടങ്ങിയവരുടെ മനസ്സുകള്‍ സുഖവാസ മന്ദിരങ്ങളായി കണക്കാക്കുക. എന്തെന്നാല്‍ അത്യന്തം പവിത്രവും പാപഹരവുമാണ് അങ്ങയുടെ തിരു നാമങ്ങള്‍. ആരാലും വര്‍ണ്ണിക്കാനാവാത്ത ആ നാമമാഹാത്മ്യം അനുഭവത്തിലൂടെ അറിഞ്ഞ ആളാണ് ഈ ഞാന്‍ ''.


എന്താണ് ആ അനുഭവമെന്ന് അറിയാനുള്ള മോഹം എല്ലാവരിലുമുണ്ടായി. ആരോ അത് തുറന്ന് ചോദിക്കുകയും ചെയ്തു. മഹര്‍ഷി മടികൂടാതെ പറഞ്ഞു തുടങ്ങി.


ബ്രാഹ്മണന്‍ അനുഷ്ഠിക്കേണ്ടതായ കര്‍മ്മങ്ങള്‍ വെടിഞ്ഞ് ഒരു ശൂദ്രസ്ത്രീയെ വിവാഹം ചെയ്ത് മക്കളുമായി കഴിഞ്ഞ ഞാന്‍ ഒട്ടേറെ പാപകര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. ആ കാലത്തെ എന്‍റെ കൂട്ടുകാര്‍ കള്ളന്മാരായിരുന്നു. പക്ഷിമൃഗാദികളെ വേട്ടയാടിയും സാധുക്കളായ വഴിപോക്കരെ തട്ടിപ്പറിച്ചും ഞാന്‍ കഴിഞ്ഞു കൂടി. ഒരു ഉച്ചനേരത്ത് തേജസ്വികളായ സപ്തര്‍ഷികള്‍ ആ വഴി വരുന്നത് കണ്ടു. ഞാന്‍ അവരെ ആക്രമിക്കാനായി ചെന്നു.


'' നില്‍ക്കവിടെ. നീയാരാണ് '' കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു.


'' ഈ വനത്തില്‍ ഭാര്യയും മക്കളുമായി കഴിയുന്ന ആളാണ് ഞാന്‍. വഴിപോക്കരെ തട്ടിപ്പറിച്ച് നിത്യ വൃത്തി കഴിക്കുന്നു. ആ ഉദ്ദേശത്തിലാണ് നിങ്ങളെ സമീപിച്ചിരിക്കുന്നതും '' ഞാന്‍ പറഞ്ഞു.


'' ഭാര്യാമക്കള്‍ക്ക് വേണ്ടിയാണല്ലോ നീ ഇത്തരം പാപകര്‍മ്മങ്ങള്‍ ചെയ്തു കൂട്ടുന്നത്. അതിനുള്ള ശിക്ഷ പങ്കിടാന്‍ അവര്‍ തയ്യാറാണോ എന്ന് അവരോട് ചോദിച്ചു വാ. അതുവരെ ഞങ്ങള്‍ കാത്തു നില്‍ക്കാം ''.


ഞാന്‍ താമസസ്ഥലത്തേക്ക് ഓടിച്ചെന്നു. മഹര്‍ഷി ചോദിച്ച ചോദ്യം ഞാന്‍ ഭാര്യയോടും മക്കളോടും ചോദിച്ചു. ചെയ്ത പാപങ്ങളുടെ ഫലം ചെയ്ത വ്യക്തി തന്നെ അനുഭവിച്ചോളണമെന്നും അതില്‍ പങ്കുപറ്റാന്‍ ആരും ഉണ്ടാവില്ലെന്നും അവര്‍ മറുപടി നല്‍കി. ദുഃഖത്തോടെ ഞാന്‍ മടങ്ങി. പറഞ്ഞതു പോലെ മഹര്‍ഷിമാര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ലഭിച്ച മറുപടി ഞാന്‍ മഹര്‍ഷിയെ ഉണര്‍ത്തിച്ചു. ആ പാദങ്ങളില്‍ ഞാന്‍ വീണു.


'' സങ്കടപ്പെടേണ്ടാ '' അവര്‍ പറഞ്ഞു '' പാപമോചനത്തിന്ന് വേണ്ട ഉപദേശങ്ങള്‍ തരുന്നുണ്ട്. തികഞ്ഞ ഏകാഗ്രതയോടെ അതും ജപിച്ച് ഞങ്ങള്‍ തിരിച്ചു വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കുക ''.


മന്ത്രങ്ങളൊന്നും അറിയാത്ത ഞാന്‍ രണ്ടു വൃക്ഷങ്ങളുടെ നടുവില്‍ '' മരാ മരാ '' എന്ന് ജപിച്ചിരുന്നു. സംവത്സരങ്ങള്‍ അനവധി കടന്നുപോയി. ഞാന്‍ ചൊല്ലുന്നത് രാമ നാമമായി മാറി കഴിഞ്ഞിരുന്നു. എനിക്ക് ചുറ്റും മണ്‍പുറ്റ് വന്നു മൂടി. തിരിച്ചു വന്ന ഋഷിമാര്‍ എന്നെ വിളിച്ചുണര്‍ത്തി. മണ്‍പുറ്റ് പൊട്ടിച്ച് ഞാന്‍ പുറത്തുവന്നു. മണ്‍പുറ്റില്‍ നിന്ന് ജനിച്ചവനായതിനാല്‍ അവര്‍ വാല്‍മീകി എന്ന് എനിക്ക് നാമകരണം ചെയ്തു. രാമനാമത്തിന്‍റെ പ്രഭാവം കാരണമാണ് നിങ്ങളുടെ മുന്നില്‍ ഈ കാണുന്ന രൂപത്തില്‍ ഇന്ന് ഞാന്‍ നില്‍ക്കുന്നത്. അദ്ദേഹം ശ്രീരാമ പാദങ്ങളില്‍ നമസ്ക്കരിച്ചു.


'' മഹാത്മന്‍ , എഴുന്നേറ്റാലും '' ജ്യേഷ്ഠന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തു.


'' വരൂ. താമസ സൌകര്യം ശരിപ്പെടുത്താം '' അദ്ദേഹം മുന്നില്‍ നടന്നു. ഗംഗാ നദിയോരത്ത് എല്ലാവരും ചേര്‍ന്ന് പര്‍ണ്ണശാല പണിയാന്‍ തുടങ്ങി.

Sunday, July 22, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 8.

പൂവിതള്‍ - 8.

പകല്‍ മുഴുവന്‍ യാത്രയായിരുന്നു. വിശ്രമത്തിന്ന് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തണം. ആദിത്യന്‍ സാഗര സ്നാനത്തിന്ന് മുതിരുന്നതിന്ന് മുമ്പ് പടിഞ്ഞാറെ ചക്രവാളത്തില്‍ നിന്ന് ശ്രീരാമാദികളെ നോക്കി യാത്രാമൊഴി ചൊല്ലി.


'' നമുക്ക് ഇവിടെ താമസിക്കാം '' തമസാനദീതീരത്തെത്തിയപ്പോള്‍ ശ്രീരാമന്‍ പറഞ്ഞു. വലിയൊരു വടവൃഷത്തിന്‍റെ ചുവട് ശയ്യാഗൃഹമായി. പാനീയങ്ങള്‍ മാത്രം കഴിച്ച് സീതയോടൊപ്പം ശ്രിരാമന്‍ ഉറങ്ങാന്‍ കിടന്നു. കൂടെ പോന്ന പൌരന്മാര്‍ അവിടവിടെ കിടപ്പുണ്ട്.


'' അയ്യായിരത്തി ഒരുന്നൂറിലേറെ നിദ്രാവിഹീനമായ രാത്രികളില്‍ ആദ്യത്തേത് '' വില്ലും അമ്പുമായി അരികത്ത് കാവല്‍ നിന്ന ലക്ഷ്മണന്‍ സ്വയം പറഞ്ഞു '' ജ്യേഷ്ഠനേയും പത്നിയേയും ഇനി വരുന്ന രാപ്പകലുകളില്‍ സേവിക്കേണ്ടതുണ്ട് ''.


നദിയില്‍ കുളിച്ച് ഈറനായി വരുന്ന കാറ്റ് കുളിര് വാരി വിതറുകയാണ്. ജനങ്ങള്‍ ഉറക്കത്തിലായി എന്നു തോന്നുന്നു. സുമന്ത്രര്‍ മാത്രം ഉറങ്ങാതെ ഇരിപ്പുണ്ട്. ദുഃഖങ്ങള്‍ പങ്കു വെക്കാന്‍ ഒരു കൂട്ടായി. പെട്ടെന്ന് ജ്യേഷ്ഠന്‍ എഴുന്നേറ്റു വന്നു.


'' സുമന്ത്രരേ '' അദ്ദേഹം വിളിച്ചു '' നേരം പുലര്‍ന്നാല്‍ ഈ കിടക്കുന്ന നഗരവാസികളൊക്കെ ഉണരും. അവര്‍ നമ്മെ വിട്ടു പോവാന്‍ തയ്യാറാവില്ല. അതിനാല്‍ നമുക്ക് ഇപ്പോള്‍ത്തന്നെ ഈ സ്ഥലം വിടണം ''.


സുമന്ത്രര്‍ രഥം ഒരുക്കി. മൂവരും കയറിയതോടെ അത് നീങ്ങിത്തുടങ്ങി. ഗംഗാനദി തീരത്താണ് തേര് നിന്നത്. ഓരോരുത്തരായി രഥത്തില്‍ നിന്ന് ഇറങ്ങി.


'' സുമന്ത്രരേ, ഇനി താങ്കള്‍ അയോദ്ധ്യയിലേക്ക് മടങ്ങി ചെന്നാലും. ഞങ്ങള്‍ ഇവിടെയുള്ള വിവരം
ആരോടും പറയരുത് '' ശ്രീരാമന്‍റെ ആജ്ഞ അനുസരിച്ച് സുമന്ത്രര്‍ പുറപ്പെട്ടു. അദ്ദേഹം വാവിട്ടു
കരഞ്ഞു കൊണ്ടേയിരുന്നു.


നേരം പുലര്‍ന്ന് അധികം ആയിട്ടില്ല. ദൂരെ നിന്ന് ഒരാള്‍ ധൃതിയില്‍ വരുന്നത് കണ്ടു. കാഴ്ചയ്ക്ക് കാട്ടാളനെപോലെയുണ്ട്. ഇരു കൈകളിലും പുഷ്പങ്ങളും ഫലങ്ങളുമായിട്ടാണ് അയാളുടെ വരവ്. ജ്യേഷ്ഠന്‍റെ പാദങ്ങളില്‍ അവ സമര്‍പ്പിച്ച് അയാള്‍ ദണ്ഡനമസ്ക്കാരം ചെയ്തു. ശ്രീരാമന്‍ ആഗതനെ എഴുന്നേല്‍പ്പിച്ച് വാത്സല്യപൂര്‍വ്വം കെട്ടിപ്പിടിച്ചു.


'' അവിടുത്തെ ദേഹത്തോട് ചേര്‍ത്തുപിടിച്ചതോടെ ഞാന്‍ ധന്യനായി '' ആഗതന്‍ കൈകൂപ്പി '' ഈ നിഷാദരാജ്യം അവിടുത്തേതാണ്. അവിടുന്ന് ഈ രാജ്യം ഏറ്റെടുത്ത് കിങ്കരനായ എന്നെ കാത്തു രക്ഷിക്കാന്‍ കനിവ് ഉണ്ടാകണം ''.


'' ഗുഹാ, എന്‍റെ പ്രിയസുഹൃത്തേ '' മന്ദഹാസം ചൊരിഞ്ഞുകൊണ്ട് ജ്യേഷ്ഠന്‍ പറഞ്ഞു '' താങ്കള്‍ ഈ പറഞ്ഞതു തന്നെ ധാരാളമായി. എനിക്ക് തോന്നുന്ന സന്തോഷത്തിന്ന് അതിരില്ല. പക്ഷെ പതിനാല് കൊല്ലം കാട്ടില്‍ താമസിച്ചുകൊള്ളാം എന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ആരുടേയും ആതിഥ്യം സ്വീകരിച്ച് അത്രയും കാലം എനിക്ക് കഴിയാനാവില്ല. അതുകൊണ്ട് എന്‍റെ സഖിയായ ഭവാന്‍ തന്നെ രാജ്യഭാരം തുടരുക ''.


ഗുഹന്‍റെ ആതിഥ്യം സ്വീകരിച്ച് അന്ന് അവിടെ തങ്ങി. പകല്‍ മറഞ്ഞ് രാത്രി കടന്നു വന്നു. കഴിഞ്ഞ ദിവസത്തെപ്പോലെ ഭാര്യയോടൊപ്പം ശ്രീരാമന്‍ മരച്ചുവട്ടില്‍ ഉറങ്ങാന്‍ കിടന്നു. ആയുധങ്ങളുമായി കാവല്‍ നില്‍ക്കുന്ന ലക്ഷ്മണനോടൊപ്പം ഗുഹനും കൂടി.


'' കൊട്ടാരത്തില്‍ സുഖമായി കിടന്നുറങ്ങേണ്ട രാജകുമാരനും പത്നിയും മരച്ചുവട്ടില്‍ കൊഴിഞ്ഞു വീണ ചപ്പിലകള്‍ക്ക് മീതെ കിടക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. എത്ര വലിയ പാപമാണ് ഈ ദ്രോഹത്തിന്ന് കാരണക്കാരിയായ കൈകേയി രാജ്ഞി ചെയ്തത് ''.


'' ആര്‍ക്കും തോന്നുന്നതേ താങ്കളും പറഞ്ഞിട്ടുള്ളു. എന്നാല്‍ ഇതെല്ലാം ഈശ്വര നിശ്ചയമാണെന്ന് മനസ്സിലാക്കുക. ജ്യേഷ്ഠന്‍ എനിക്ക് കുറെ തത്വങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട് '' ലക്ഷ്മണന്‍ പറഞ്ഞു '' അവ കേള്‍ക്കുന്നതോടെ താങ്കളുടെ തോന്നലുകള്‍ താനെ ഇല്ലാതാവും ''.


'' അങ്ങിനെയെങ്കില്‍ ദയവായി അടിയന് ആ തത്വങ്ങള്‍ ഉപദേശിച്ചാലും ''.


'' ശരി, ശ്രദ്ധിച്ച് കേട്ടുകൊള്ളുക. മുജ്ജന്മ കര്‍മ്മങ്ങളുടെ ഫലമാണ് സുഖങ്ങളും ദുഃഖങ്ങളും. അവ ജീവിതത്തില്‍ മാറി മാറി കടന്നു വരും. ഇന്ദിയങ്ങള്‍ക്ക് സുഖം പകരുന്നവയെല്ലാം ഭോഗങ്ങളാണ്. അവയെ കാംക്ഷിച്ച് യാതെന്നും ചെയ്യരുത്. അതിനര്‍ത്ഥം വിധിവശാല്‍ എത്തിചേരുന്ന ഭോഗങ്ങളെ ഉപേക്ഷിക്കണം എന്നല്ല. സുഖങ്ങളെല്ലാം സ്വപ്രവര്‍ത്തികൊണ്ട് നേടിയതാണെന്നും ദുഃഖങ്ങള്‍ക്ക് ആധാരം വിധിയാണെന്നും കരുതുന്നവര്‍ മൂഡന്മാരാണ്. അറിവുള്ളവര്‍ അങ്ങിനെ കരുതുകയില്ല. സുഖദുഃഖങ്ങള്‍ സഹജമെന്ന് അറിയുക. ദേവന്മാര്‍ക്കു പോലും അവയെ നീക്കാനാവില്ല. ഈ കാര്യം മനസ്സിലാക്കുന്നവര്‍ അവയെ മടി കൂടാതെ നേരിടുന്നു ''.


സംവാദം പുലരുംവരെ നീണ്ടു. ശ്രീരാമനും സീതയും ഉണര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞതും ശ്രീരാമന്‍ ഗുഹനെ വിളിച്ച് തോണി ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ടു. ഗംഗാനദിയുടെ മറുകരയിലേക്ക് ചെല്ലേണ്ടതുണ്ട്. തോണിയുമായി ഗുഹനെത്തി. സീതയുടെ കായ്യും പിടിച്ച് ശ്രീരാമന്‍ നൌകയില്‍ കയറി, ആയുധങ്ങളുമായി ലക്ഷ്മണനും. ഗുഹന്‍ തോണി തുഴയാന്‍ തുടങ്ങി. ഉണങ്ങാന്‍ വിരിച്ചിട്ട വസ്ത്രത്തിലൂടെ അരിച്ചുപോകുന്ന ഉറുമ്പുകണക്കെ തോണി ഗംഗയ്ക്ക് മുകളീലൂടെ മെല്ലെ നീങ്ങി.