Tuesday, July 17, 2012

നിഴലായ് എന്നുമൊപ്പം ​- അദ്ധ്യായം - 3.

പൂവിതള്‍ - 3.

യാത്രാമദ്ധ്യേ ഗംഗാതീരത്തിന്ന് അരികിലായി ഒരു ആശ്രമം ദൃഷ്ടിയില്‍ പതിഞ്ഞു. നാനാവിധം വൃക്ഷ ലതാദികള്‍ പുഷ്പങ്ങളും ഫലങ്ങളുമേന്തി സ്വാഗതം പറയുന്നതുപോലെ. പരിസരമാകെ സൌരഭ്യം നിറഞ്ഞിരിക്കുന്നു. കൌതുകവും ആഹ്ലാദവും ഒന്നിച്ച് മനസ്സില്‍ തിരതല്ലി.

'' മഹാത്മന്‍, ഈ പ്രദേശം ഏതാണ് '' ജ്യേഷ്ഠന്‍റെ സ്വരം കേട്ടു '' പവിത്രമായ ഒരു ഇടമാണ് ഇത് എന്നതിന്ന് യാതൊരു സംശയവുമില്ല. ഈ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എല്ലാം വിശദമായി പറഞ്ഞു തരാന്‍ കൃപയുണ്ടാവണം ''.

'' ഉചിതമായ കാര്യമാണ് കുമാരന്‍ പറഞ്ഞത് '' മഹര്‍ഷി പറഞ്ഞു തുടങ്ങി '' ശ്രദ്ധിച്ചു കേട്ടുകൊള്‍ക. താപസ ശ്രേഷ്ഠനായ ഗൌതമ മഹര്‍ഷിയുടെ ആശ്രമമാണ് ആ കാണുന്നത്. തപോനിഷ്ടയോടെ ഇവിടെ കഴിഞ്ഞ അദ്ദേഹത്തിന് വിശ്വ സുന്ദരിയായ അഹല്യയെ വിധാതാവ് നല്‍കുകയുണ്ടായി. ഭാര്യാഭര്‍ത്താക്കന്മാരായി ഇരുവരും നിരവധികാലം ഇവിടെ കഴിഞ്ഞു പോന്നു. അങ്ങിനെയിരിക്കെ ഇന്ദ്രന് അഹല്യയില്‍ അഭിനിവേശം തോന്നുകയും ഗൌതമന്‍ ഇല്ലാത്ത നേരം നോക്കി അദ്ദേഹത്തിന്‍റെ രൂപം ധരിച്ച് മുനിപത്നിയെ പ്രാപിക്കുകയും ചെയ്തു. ആ സമയത്ത് ആശ്രമത്തില്‍ തിരിച്ചെത്തിയ മുനി കാര്യം ഗ്രഹിക്കുകയും കോപംപൂണ്ട് അഹല്യയെ ശിലയായി തീരാന്‍ ശപിക്കുകയും ചെയ്തു. ശാപമോചനത്തിന്ന് യാചിച്ച പത്നിയോട് ശ്രീരാമ പാദസ്പര്‍ശം ഏല്‍ക്കുന്നതോടെ പൂര്‍വ്വ സ്ഥിതി പ്രാപിക്കുമെന്നു പറഞ്ഞ് മഹര്‍ഷി ഹിമാലയസാനുക്കളിലേക്ക് തപസ്സിന്ന് പോയി. അന്നു മുതല്‍ വിശപ്പും ദാഹവും അറിയാതെ മഴയും വെയിലുമേറ്റ് ശ്രിരാമപാദാംബുജം മാത്രം മനസ്സില്‍ സ്മരിച്ച് ഉഗ്ര തപസ്സോടെ ശിലാരൂപിണിയായി അഹല്യ കഴിയുകയാണ്, നേരം കളയാതെ ബ്രഹ്മപുത്രിയെ പാപമോചിതയാക്കൂ ''.

മഹര്‍ഷി ചൂണ്ടിക്കാട്ടിയ പാറയില്‍ രാമപാദം സ്പര്‍ശിച്ചതും അതിമനോഹരിയായ ഒരു സ്ത്രീരൂപം
പ്രത്യക്ഷപ്പെട്ടു. കളങ്കം നീക്കി തന്നെ പവിത്രയാക്കിയതിന് ദാശരഥിയെ ഒട്ടേറെ സ്തുതിച്ച ശേഷം അഹല്യ ഭര്‍ത്തൃ സവിധത്തിലേക്ക് നടന്നു നീങ്ങി.

'' ഇനി നമുക്ക് വേഗം ജനക രാജ്യത്തിലേക്ക് ചെല്ലാം. യാഗവും ശൈവചാപവും കണ്ടശേഷം ഒട്ടും വൈകാതെ അയോദ്ധ്യയിലെത്തണം. അവിടെ എല്ലാവരും കാത്തിരിക്കുന്നുണ്ടാവും '' മഹര്‍ഷി വീണ്ടും നടന്നു തുടങ്ങി,

ഹൃദ്യമായ വരവേല്‍പ്പാണ് മിഥിലാപുരിയില്‍ ലഭിച്ചത്. മഹാരാജാവ് നേരിട്ടു വന്ന് മഹര്‍ഷിയെ സ്വീകരിക്കുകയായിരുന്നു.

'' പുണ്യാത്മന്‍, അര്‍ക്കചന്ദ്രന്മാരെ പോലെ തേജസ്വികളായ ഈ കുമാരന്മാര്‍ ആരെല്ലാമാണ് '' പാദ പൂജയ്ക്ക് ശേഷം അദ്ദേഹം മുനിയോട് ചോദിക്കുന്നത് കേട്ടു.

'' ദേവന്മാര്‍ കൂടി പ്രകീര്‍ത്തിക്കുന്ന അയോദ്ധ്യാപതി ദശരഥ മഹാരാജാവിന്‍റെ സീമന്ത പുത്രമായ ശ്രീരാമനും തൃതീയ പുത്രനായ ലക്ഷ്മണനുമാണ് ഇവര്‍ '' വിശ്വാമിത്രന്‍ മറുപടി പറയാന്‍ തുടങ്ങി '' യാഗരക്ഷയ്ക്കായി ഞാന്‍ ഇവരെ കൂട്ടിക്കൊണ്ടു പോന്നതാണ്. ആശ്രമത്തിലേക്കുള്ള വഴി മദ്ധ്യേ ഘോര നിശാചരിയായ താടകയെ രാമന്‍ സംഹരിക്കുകയുണ്ടായി. യാഗം തടസ്സപ്പെടുത്തുവാന്‍ തുനിഞ്ഞ സുബാഹുവിനേയും കൂട്ടാളികളേയും ഇവര്‍ കൊന്നൊടുക്കി. അഭയം ചോദിച്ചു വന്ന മാരീചന് മാപ്പു നല്‍കി വിട്ടയയച്ചു. യാഗം സമാപിച്ച് ഇങ്ങോട്ട് പോരുന്ന വഴി ഭര്‍ത്തൃശാപം മൂലം ശിലയായി കിടന്നിരുന്ന അഹല്യക്ക് രാമന്‍ സ്വന്തം പാദസ്പര്‍ശം കൊണ്ട് ശാപമോക്ഷം നല്‍കി. ഇവര്‍ക്ക് മഹാദേവന്‍റെ ചാപം കാണണമെന്നുണ്ട്. അതാണ് ഇങ്ങോട്ട് പോന്നത് ''.

വിശ്വാമിത്ര മഹര്‍ഷിയുടെ വാക്കുകള്‍ കേട്ടതും ജനക മഹാരാജവിന്‍റെ മുഖം സന്തോഷം കൊണ്ട് പ്രകാശമാനമായി. അര്‍ഘ്യപൂജാദികളും സത്കാരവും കഴിഞ്ഞ ഉടനെ രാജാവ് മന്ത്രി മുഖ്യനെ വിളിച്ചു ചാപം കൊണ്ടുവരാന്‍ കല്‍പ്പിച്ചു. സചിവോത്തമന്‍ ധൃതിയില്‍ നടന്നകന്നു.

'' മഹാമുനേ, രാജകുമാരന്‍ ത്രൈയംബകം വില്ല് കുലച്ചു പൊട്ടിക്കുന്ന പക്ഷം '' രാജാവ് മുനിയോട് പറയുന്നത് കേട്ടു '' എന്‍റെ മകള്‍ സീതയെ വിവാഹം ചെയ്യുന്നത് അദ്ദേഹമായിരിക്കും ''.

'' എല്ലാം ഈശ്വര നിശ്ചയം പോലെ നടക്കട്ടെ '' മഹര്‍ഷി മുകളിലേക്ക് നോക്കി കൈകൂപ്പി.

2 comments:

  1. വായിക്കുന്നു.
    രാമകഥയ്ക്കെന്ത് അഭിപ്രായമെഴുതുവാന്‍

    ReplyDelete
  2. ajith,
    രാമനാമം ജപിക്കുന്നതിലുള്ള സുഖം വേറെത്തന്നെയാണ്.

    ReplyDelete