Tuesday, August 7, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 24.

പൂവിതള്‍ - 24.

ചുവപ്പു രാശി പടര്‍ന്ന ആകാശ ചെരുവിലേക്ക് നോക്കി ലക്ഷ്മണന്‍ നിന്നു. കൂടണയാന്‍ തിരക്കിട്ടു പോവുന്ന പറവകളൊഴിച്ച് മറ്റൊന്നിനേയും കാണാനില്ല. പടനിലത്തിലൂടെ കടന്നു വരുന്ന കാറ്റിന്ന് ചോരയുടെ ദുര്‍ഗന്ധമുണ്ട്. കുറച്ചകലെ പാറക്കെട്ടില്‍ ജ്യേഷ്ഠന്‍ വിശ്രമിക്കുകയാണ്. സുഗ്രീവനും ഹനുമാനും ജാംബവാനും വിഭീഷണനുമെല്ലാം അടുത്ത് നില്‍പ്പുണ്ട്. വിഭീഷണന്‍ രാവണനെ വിട്ടു വന്നത് ഉപകാരമായി. അതുകൊണ്ട് രാക്ഷസന്മാരെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാനാവുന്നുണ്ട്.


കയ്യെത്തും ദൂരത്ത് വിജയം എത്തിക്കഴിഞ്ഞുവെന്ന് എല്ലാവരും പറയുന്നു. എന്താണ് പരാജയം ? എന്താണ് വിജയം ? ഒന്നും അറിയില്ല. രാവണന്‍ കാരണം കുറെപേര്‍ക്ക് ജീവഹാനി സംഭവിക്കും. ഒരുവംശം ഒന്നാകെ നശിക്കും. അതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല.


ഓര്‍മ്മിക്കാന്‍ ഏറെയുള്ള ദിവസമാണ്. സംഭവബഹുലമായ പകലാണ് കടന്നു പോയത്. കിഴക്കേ ചക്രവാളത്തില്‍ നിന്ന് വെളിച്ചത്തിന്‍റെ കണികകള്‍ ഭൂമിയില്‍ വീണു തുടങ്ങിയപ്പോള്‍ യുദ്ധത്തിന്ന് ഇറങ്ങിയതാണ്. ഭീകരമായ ഒട്ടേറെ ദൃശ്യങ്ങളാണ് കണ്‍മുന്നിലൂടെ കടന്നു പോയത്. നാഗാസ്ത്രം ഏറ്റ് എല്ലാവരും മരിച്ചെന്നു കരുതി സന്തോഷിച്ച രാവണന്‍ അങ്ങിനെയല്ലെന്ന് മനസ്സിലാക്കിയാല്‍ ക്രുദ്ധനായി വലിയ പടസന്നാഹങ്ങളുമായി യുദ്ധത്തിനെത്തും എന്ന് വിഭീഷണന്‍ പറഞ്ഞത് എത്ര ശരി. എന്നിട്ട് എന്തുണ്ടായി?


പടിഞ്ഞാറെ ഗോപുരത്തിലൂടെ യുദ്ധത്തിനെത്തിയ ധൂമ്രാക്ഷനേയും സേനയേയും ഹനുമാനും സംഘവും കൊന്നൊടുക്കി. തെക്കു ഭാഗത്തെ ഗോപുരത്തിലൂടെ പലതരം ആയുധങ്ങളുമായി എത്തിയ വജ്രദംഷ്ട്രനേയും രാക്ഷസന്മാരേയും അംഗദനും കൂടെയുള്ള കപികളും കൂടി വധിച്ചു.പടിഞ്ഞാറ് ഭാഗത്തു കൂടി പിന്നീടെത്തിയ അകമ്പനേയും പടയാളികളേയും ഹനുമാനും കൂട്ടരും നിഗ്രഹിച്ചു. രാവണന് ഏറ്റവും പ്രിയങ്കരനായ പ്രഹസ്തനും അമാത്യരായ കുംഭഹന്‍, മഹാനാദന്‍, ദുര്‍മ്മുഖന്‍, സമുന്നതന്‍ എന്നിവരും ചേര്‍ന്നു നയിച്ച വലിയൊരു സൈന്യമാണ് പിന്നീടു വന്നത്. കിഴക്കെ ഗോപുരത്തിലൂടെ പുറത്ത് എത്തിയ അവരെ നീലനും ജാംബവാനും മറ്റു വാനര വീരരും കൂടി കാലപുരിയിലെത്തിച്ചു.

രാവണന്‍റെ ഊഴമായിരുന്നു അടുത്തത്. തന്‍റെ പുത്രന്മാരായ ഇന്ദ്രജിത്ത്, അതികായന്‍, ത്രിശ്ശിരസ്സ് എന്നിവരോടും സഹോദരന്‍ കുംഭകര്‍ണ്ണന്‍റെ പുത്രരായ കുംഭന്‍, നികുംഭന്‍ എന്നിവരോടുമൊപ്പം വടക്കെ ഗോപുരത്തിലൂടെയാണ് രാക്ഷസ രാജാവ് എത്തിയത്. ഗോപുരത്തിന്ന് പുറത്ത് കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം രാവണനും കുറെ സൈനികരുമൊഴികെ മറ്റെല്ലാവരും തിരികെ നടന്നു.

'' എല്ലാവരും യുദ്ധത്തിന് ഇറങ്ങിയാല്‍ നമ്മള്‍ അകത്ത് കടക്കുമോ എന്നു ഭയന്ന് അവരെയെല്ലാം തിരിച്ചയച്ചതാണ് '' വിഭീഷണന്‍ കാരണം കണ്ടെത്തി.

പെട്ടെന്ന് ഹനുമാന്‍ രാവണന്‍റെ തേര്‍തട്ടിലേക്ക് കുതിച്ചു ചാടുന്നതാണ് കണ്ടത്. '' താപസരേയും സജ്ജനങ്ങളേയും എന്നും ദ്രോഹിക്കാറുള്ള നിനക്ക് ആപത്ത് എത്തിക്കഴിഞ്ഞു '' ഒരു നിമിഷം പരിഭ്രമിച്ചു നിന്ന രാക്ഷസനെ നോക്കി വാനര വീരന്‍ അലറുന്നത് ദൂരെയുള്ളവര്‍ പോലും കേട്ടു '' നിന്‍റെ പുത്രന്‍ അക്ഷകുമാരനെ വധിച്ചത് ഞാനാണ്. നീ വിചാരിച്ചാല്‍ നിന്നെ അടിച്ചു കൊല്ലാന്‍ നില്‍ക്കുന്ന എന്നെ ഒന്നും ചെയ്യാനാവില്ല ''.

ഹനുമാന്‍ കൈ നീട്ടി ഒന്നടിച്ചതും രാവണന്‍ താഴെ വീണു. പക്ഷെ പെട്ടെന്നു തന്നെ രാക്ഷസന്‍
എഴുന്നേറ്റു നിന്നു.

'' എന്‍റെ കൈകൊണ്ട് താഡനം കിട്ടിയവരാരും പിന്നെ എഴുന്നേറ്റിട്ടില്ല. എന്നാല്‍ നീ എഴുന്നേറ്റു. അതിനര്‍ത്ഥം പോരില്‍ നീ എനിക്ക് തുല്യനാണ് എന്നതാണ്. അതിനാല്‍ നമുക്ക് അല്‍പ്പനേരം മല്ലയുദ്ധം ചെയ്യാം '' ഹനുമാന്‍റെ ശബ്ദം ഉയര്‍ന്നു കേട്ടു.

പറഞ്ഞു തീരുന്നതിന്ന് മുമ്പ് രാവണന്‍ ഊക്കില്‍ ഒരടി. ഹനുമാന്‍ താഴെ വീഴുന്നത് കണ്ടു. അതു കണ്ട നീലന്‍ ഓടിച്ചെന്ന് രാവണന്‍റെ പത്ത് തലകളിലും ചാടി കയറി നൃത്തം തുടങ്ങി. അതോടെ രാവണന്‍ അസ്ത്രം കയ്യിലെടുത്തു.

കപികളെ രക്ഷിക്കാന്‍ വേണ്ടിയാണ് യുദ്ധത്തിനിറങ്ങിയത്. രാവണനെ തോല്‍പ്പിക്കാന്‍ ആവുമെന്ന ഘട്ടത്തിലാണ് അവന്‍ വേലെടുത്ത് എറിഞ്ഞത്. അസ്ത്രങ്ങള്‍ ഉപയോഗിച്ച് അതിനെ മുറിക്കാമെന്ന് കരുതിയത് നടന്നില്ല. ശൂലം മാറില്‍ വന്ന് തറച്ചതേ ഓര്‍മ്മയുള്ളു.

മോഹാലസ്യപ്പെട്ട് കിടക്കുമ്പോള്‍ രാവണന്‍ എടുത്തുകൊണ്ട് പോവാന്‍ ശ്രമിച്ച് സാധിക്കാഞ്ഞതും ഹനുമാന്‍ എടുത്ത് ജ്യേഷ്ഠന്‍റെ മുമ്പില്‍ എത്തിച്ചതും പിന്നീട് പറഞ്ഞു കേട്ടു, തേരും സാരഥിയും കുതിരകളും ആയുധങ്ങളും നഷ്ടപ്പെട്ട് വിഷണ്ണനായി നിന്ന രാവണനോട് കൊട്ടാരത്തിലേക്ക് മടങ്ങി പോയി അടുത്ത ദിവസം ആയുധങ്ങളുമായി വരാന്‍ ജ്യേഷ്ഠന്‍ പറഞ്ഞതും.

'' എന്താ കുമാരന്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് '' തിരിഞ്ഞു നോക്കിയപ്പോള്‍ ഹനുമാനാണ്.

'' ഏയ്, വെറുതെ '' ആ കരം ഗ്രഹിച്ച് മെല്ലെ നടന്നു. ഇരുട്ട് വീണു കഴിഞ്ഞു.

4 comments:

  1. ഇത്തരം പ്രതിപാദനം, കഥാപാത്രങ്ങളോട് അവാച്യമായ ഒരടുപ്പം ഉണ്ടാക്കുന്നു. ഇങ്ങനെ ഏകാകിയായി ചിന്തിച്ചു നില്‍ക്കുന്ന ലക്ഷ്മണന്‍ എനിക്കു പരിചയമുള്ള ഒരാളെപ്പോലെ....

    ReplyDelete
  2. എന്താണ് പരാജയം ? എന്താണ് വിജയം ? ഒന്നും അറിയില്ല.

    ReplyDelete
  3. Echmukutty,
    കഥ പറയുന്ന രീതി ഇഷ്ടമായി എന്നറിഞ്ഞു സന്തോഷിക്കുന്നു.

    ajith,
    അതെ. ഒന്നും വ്യക്തമായി അറിയാനാവില്ല, ആര്‍ക്കും.

    ReplyDelete
  4. നാളെ എന്തെന്ന് ആര്‍ക്കറിയാം?

    ReplyDelete