Friday, August 10, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 27.

പൂവിതള്‍ - 27.

പൊറുതി മുട്ടിയ രാക്ഷസന്മാര്‍ പോരിനിറങ്ങി. പകല്‍ എരിഞ്ഞടങ്ങിയിട്ടും യുദ്ധം അവസാനിച്ചില്ല. അമ്പും വില്ലും മരവും പാറകഷ്ണങ്ങളും കൈക്കരുത്തിന്ന് വഴി മാറി. ഇടിച്ചും അടിച്ചും കടിച്ചും വലിച്ചും പോര്‍ മുറുകുകയാണ്. നാലഞ്ചു നാഴിക നേരം നീണ്ട പോരിനിടെ ഒട്ടേറെ രാക്ഷസന്മാര്‍ മരിച്ചു വീണു, കുറെ വാനരന്മാരും.


പ്രതികാര ബുദ്ധിയോടെ ഇന്ദ്രജിത്ത് വരുന്നത് ലക്ഷ്മണന്‍ കണ്ടു. ഒളിഞ്ഞു നിന്ന് യുദ്ധം ചെയ്യാന്‍
കേമനാണ് ഇവന്‍. നേരിട്ടു നിന്ന് പൊരുതിയാലല്ലേ വാനരന്മാര്‍ക്ക് വല്ലതും ചെയ്യാനാവൂ. ഇവന്‍റെ കൂടെ വരുന്ന രാക്ഷസന്മാര്‍ക്ക് എളുപ്പത്തില്‍ കപികളെ ദ്രോഹിക്കാനാവും . അതിനു മുമ്പ് സകല എണ്ണത്തേയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് ഒറ്റയടിക്ക് സംഹരിക്കണം. ജ്യേഷ്ഠനോട് അനുവാദം ചോദിച്ചിട്ടാവാം അത് ചെയ്യുന്നത്. നേരെ ചെന്ന് വിവരം പറഞ്ഞു.


'' അരുത് കുമാരാ '' ജ്യേഷ്ഠന്‍ പറയുകയാണ് '' യുദ്ധക്കളത്തില്‍ നിന്ന് പേടിച്ചോടുന്നവനേയും, ആയുധം നഷ്ടപ്പെട്ടവരേയും, നേരെ വരാത്തവരേയും, അഭയം തേടി വന്നവരേയും വധിച്ചു കൂടാ ''. ആ മാര്‍ഗ്ഗം അടഞ്ഞു. വെറുതെ പോരും നോക്കി ജ്യേഷ്ഠനോടൊപ്പം നിന്നു.


അന്തപ്പുരത്തേക്ക് ധൃതിയില്‍ മടങ്ങിപ്പോയ ഇന്ദ്രജിത്ത് സീതയുമായി മടങ്ങി വരുന്നത് ഹനുമാന്‍
കണ്ടു.


'' നീ ഒരുത്തി കാരണമാണ് രാക്ഷസകുലത്തിന്ന് ഈ ആപത്തെല്ലാം സംഭവിച്ചത് '' ഇന്ദ്രജിത്ത് ഗര്‍ജ്ജിച്ചു '' അതിനാല്‍ നീ ഇനി ജീവിച്ചിരുന്നു കൂടാ ''. എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് അവന്‍ സീതാദേവിയെ നിഗ്രഹിക്കുന്നത് കാണേണ്ടി വന്നു. വാനരന്മാര്‍ ദുഃഖിതരായി. ആര്‍ക്കു വേണ്ടിയാണോ യുദ്ധം ചെയ്യുന്നത് ആ വ്യക്തി തന്നെ ഇല്ലാതായി . ഇനി യുദ്ധം എന്തിന് ?


ഹനുമാന്‍ തിരക്കിട്ട് രാമലക്ഷ്മണന്മാരെ സമീപിച്ച് വിവരം നല്‍കി. ശ്രീരാമന്‍ ദുഖാര്‍ത്തനായി. ലക്ഷ്മണന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. വിഭീഷണനെ തേടി നടന്നു.


'' ഹനുമാന്‍, ഭവാന്‍ പോര്‍ക്കളത്തില്‍ നിന്ന് പിന്‍തിരിഞ്ഞു വരാറുള്ള ആളല്ലോ '' വിഭീഷണന്‍ ചോദിക്കുകയാണ് '' അങ്ങേക്ക് എന്തു പറ്റി ''. സീതാദേവിയുടെ വൃത്താന്തം കേട്ടതും അയാള്‍ പൊട്ടിച്ചിരിക്കുകയാണ്.


'' കഷ്ടം. നിങ്ങളെയെല്ലാം അവന്‍ പറ്റിച്ചു കളഞ്ഞു. ലോകമാതാവായ ദേവിയെ കൊല്ലാന്‍ അവന് കഴിയുമോ. വെറും മായാപ്രകടനമാണ് നിങ്ങള്‍ കണ്ടത് '' അയാള്‍ പറഞ്ഞു '' ഇന്ദ്രജിത്ത് ഒരു പൂജ തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തീകരിച്ചാല്‍ പിന്നെ അവനെ ആര്‍ക്കും ജയിക്കാനാവില്ല. എല്ലാവരും വേഗം ചെന്ന് പുജയ്ക്ക് വിഘ്നം വരുത്തുക ''. അധികമൊന്നും പ്രയാസപ്പെടാതെ പൂജ മുടക്കാന്‍ സാധിച്ചു. ഇന്ദ്രജിത്ത് കോപിച്ചലറിക്കൊണ്ട് യുദ്ധരംഗത്തെത്തി.


'' എന്‍റെ യുദ്ധ സാമര്‍ത്ഥ്യം രണ്ടു ദിവസം കണ്ടറിഞ്ഞിട്ടും നീ വീണ്ടും പോരിന് വന്നു '' ലക്ഷ്മണ കുമാരനെ നോക്കി അവന്‍ പറയുകയാണ് '' ഇന്ന് ഞാന്‍ നിന്നെ കൊന്ന് വീഴ്ത്തുന്നുണ്ട് ''.


അതോടെ ഏവര്‍ക്കും വാശി കയറി. പടക്കളത്തിലേക്ക് കുതിക്കുന്ന ലക്ഷ്മണകുമാരനോടൊപ്പംചെന്നു. പല ദിവ്യാസ്ത്രങ്ങളും വായുവിലൂടെ അങ്ങോട്ടു മിങ്ങോട്ടും പറന്നു. തേരും കുതിരകളും തേരാളിയും നഷ്ടപ്പെട്ട ഇന്ദ്രജിത്ത് വേറൊരു തേരില്‍ കയറി വരികയാണ്. കുമാരന്‍ ചുവട്ടിലും അവന്‍ മുകളിലും . അത് പാടില്ല. കുമാരനെ തോളിലേറ്റി നടന്നു.


വീണ്ടും യുദ്ധം കനത്തു. രണ്ടു കൂട്ടരും തോല്‍ക്കുന്ന മട്ടില്ല. ദേവകിന്നരഗന്ധര്‍വ്വന്മാര്‍ ആകാശത്ത് യുദ്ധം നിരീക്ഷിച്ചു നില്‍ക്കുകയാണ്. രാവണപുത്രന്‍റെ തല കൊയ്തെടുത്ത് ഒരു ശരം പാഞ്ഞു പോയതോടെ മുകളില്‍ നിന്ന് പുഷ്പങ്ങള്‍ വന്നു വീണു.


അധികം വൈകാതെ രാവണന്‍ പോരിനിറങ്ങി. അവശേഷിച്ച ഏതാനും രാക്ഷസന്മാര്‍ കൂട്ടിനുണ്ട്. ശ്രീരാമചന്ദ്രന്‍റെ ബാണങ്ങള്‍ക്കു മുമ്പില്‍ രാവണന് പിടിച്ചു നില്‍ക്കാനായില്ല. കൂട്ടാളികള്‍ പലരും നഷ്ടപ്പെട്ട് ദേഹം മുഴുവന്‍ മുറിവുമായി അവന്‍ തിരിച്ചു പോയി. ലങ്കാപുരിക്ക് പടിഞ്ഞാറ് സൂര്യന്‍ കടലില്‍ കുളിക്കാനിറങ്ങി. യുദ്ധവിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞ് കപികള്‍ ഉറക്കത്തിലേക്ക് വീണു.


'' ശുക്രാചാര്യന്‍റെ ഉപദേശമനുസരിച്ച് രാവണന്‍ ഹോമം ചെയ്യുകയാണ്. അത് മുഴുമിക്കുന്നതോടെ ഹോമകുണ്ഡത്തില്‍ നിന്ന് ചാപവും ബാണങ്ങളും അവന് ലഭിക്കും. പിന്നെ ആര്‍ക്കും രാവണനെ തോല്‍പ്പിക്കാനാവില്ല '' താഴേക്ക് ചിതറി വീഴുന്ന സൂര്യ പ്രകാശത്തെ ഭേദിച്ച് മുകളിലേക്ക് ഉയരുന്ന പുക കാണിച്ചുകൊണ്ട് വിഭീഷണന്‍ പറഞ്ഞു.


'' മകന്‍റെ പൂജ മുടക്കിയതുപോലെ രാവണന്‍റെ ഹോമവും മുടക്കാം. അതിനു വേണ്ട ഏര്‍പ്പാടുകള്‍ ഇപ്പോള്‍ത്തന്നെ ചെയ്യാം '' സുഗ്രീവന്‍ കല്‍പ്പന കൊടുക്കാന്‍ ഒരുങ്ങി.


'' സുഗ്രീവാ, അത്ര എളുപ്പമുള്ള കാര്യമല്ല അത് '' വിഭീഷണന്‍ ചൂണ്ടീക്കാട്ടി '' അത്യന്തം രഹസ്യമായ ഒരു സ്ഥലത്ത് ഗുഹയുണ്ടാക്കി അതിലിരുന്നാണ് രാവണന്‍ ഹോമം ചെയ്യുന്നത് ''.


ഹോമം മുടക്കാന്‍ സുഗ്രീവന്‍ മുഴുവന്‍ സൈന്യത്തേയും നിയോഗിച്ചു. വാനരവീരന്മാര്‍ മതിലുകള്‍
പൊളിച്ച് അകത്ത് കയറി. കണ്ണില്‍ കണ്ടവരെ മുഴുവന്‍ അവര്‍ തല്ലി ചതച്ചു. എതിര്‍ത്തവരെ കൊന്നു വീഴ്ത്തി. രാക്ഷസികളുടെ ആര്‍ത്ത നാദം ഉയര്‍ന്നു. ആകെ ബഹള മയം. ഗുഹാമുഖം അടച്ചു വെച്ച കൂറ്റന്‍ പാറ തകര്‍ത്ത് അംഗദന്‍ അകത്ത് കയറി, പുറകെ ഒട്ടേറെ അനുചരന്മാരും.


പൂജാദ്രവ്യങ്ങള്‍ നശിപ്പിച്ചിട്ടും ഹോമകുണ്ഡം തകര്‍ത്തിട്ടും രാവണന്‍ അനങ്ങുന്നില്ല. ശബ്ദം കേട്ട് സ്ഥലത്തെത്തിയ മണ്ഡോദരിയെ കപികള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. അവരുടെ രോദനം കേട്ടതോടെ ഹോമം നിര്‍ത്തിവെച്ച് രാവണന്‍ എഴുന്നേറ്റു. യുദ്ധം ജയിച്ച സന്തോഷമാണ് ഇപ്പോഴുള്ളത് .


ശേഷിച്ച പത്തു പടനായകരും സേനാനികളുമായി രാവണന്‍ പോര്‍ക്കളത്തിലെത്തി. ശ്രീരാമചന്ദ്രനെ ചുമലിലേറ്റി ഹനുമാന്‍ നടന്നു തുടങ്ങി. ഇരു ഭാഗത്തും യോദ്ധാക്കള്‍ നിരന്നതോടെ പോരു തുടങ്ങി. അത്യന്തം ഘോരമായ യുദ്ധമാണ് കാണാന്‍ കഴിയുന്നത്. ഞാണൊലിയും രോദനവും സമ്മിശ്രമായി പരന്നൊഴുകി. യുദ്ധഭൂമിയില്‍ ജദങ്ങള്‍ നിറഞ്ഞു.


രാവണന്‍റെ അസ്ത്രങ്ങളെയെല്ലാം ശ്രീരാമന്‍ ഖണ്ഡിച്ചു വീഴ്ത്തി. രാവണന്‍റെ മേലാസകലം മുറിഞ്ഞു. ലക്ഷ്മണന്‍ അമ്പെയ്ത് ശത്രുവിന്‍റെ തേര് തകര്‍ത്തു. കുതിരകളെ വിഭീഷണന്‍ ഗദകൊണ്ട് അടിച്ചു വീഴ്ത്തി. രോഷാകുലനായ രാവണന്‍ വിഭീഷണനെ കൊല്ലാനൊരുങ്ങിയതും ലക്ഷ്മണന്‍ ഇടപെട്ടു. വിഭീഷണന്നു നേരെ പ്രയോഗിച്ച വേല്‍ ലക്ഷ്മണന്‍റെ മാറില്‍ തറച്ചു. ശ്രീരാമന്‍ അനുജന്‍റെ മാറില്‍ നിന്നും വേല്‍ പറിച്ചെടുത്തു.


'' കുമാരനെ നിങ്ങള്‍ നോക്കി കൊള്‍വിന്‍. ഞാന്‍ യുദ്ധം തുടരുകയാണ് '' എന്നും പറഞ്ഞ് അദ്ദേഹം വീണ്ടും യുദ്ധത്തിനിറങ്ങി.


'' ഹനുമാന്‍ ഒരിക്കല്‍ കൂടി മരുന്നുമായെത്തണം. ലക്ഷ്മണകുമാരനെ രക്ഷിക്കേണ്ടതുണ്ട് '' അംഗദന്‍ പറഞ്ഞതും ഹനുമാന്‍ ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഔഷധം ഫലപ്രാപ്തിയിലെത്തിയതോടെ തിരിച്ചു കൊണ്ടുപോവാന്‍ മറ്റൊരു യാത്ര. ഹനുമാന്‍ തിരിച്ചെത്തുമ്പോഴും യുദ്ധം തുടരുകയാണ്. രാവണന്‍ തേരിലും ശ്രീരാമന്‍ ഭൂമിയിലും ആണെന്നു മാത്രം.


ചുമലില്‍ ഏറ്റാമെന്നു കരുതി നടക്കുമ്പോള്‍ ദിവ്യമായ ഒരു തേര് വരുന്നതു കണ്ടു. ശ്രീരാമദേവന്‍റെ മുന്നില്‍ അത് നിന്നു. സാരഥി അദ്ദേഹത്തോട് എന്തോ പറയുകയാണ്.


'' ഹനുമാന്‍ , ദേവേന്ദ്രന്‍റെ രഥമാണ് ഇത്. ഇദ്ദേഹം മാതലി. രഥത്തിന്‍റെ സാരഥി. ഇനി മുതല്‍ യുദ്ധം ചെയ്യാന്‍ ഈ രഥം ഉപയോഗിക്കാനായി അയച്ചതാണ് '' ശ്രീരാമന്‍ പറഞ്ഞതോടെ പോരിനിറങ്ങി.


രാമബാണമേറ്റ് മുറിഞ്ഞു വീഴുന്ന ശിരസ്സുകള്‍ക്ക് പകരം വീണ്ടും രാക്ഷസന് ശിരസ്സ് ഉണ്ടാവുന്നത് കണ്ടു. ഇങ്ങിനെയാണെങ്കില്‍ ഈ യുദ്ധം എങ്ങിനെ അവസാനിക്കും ?


ഏറെ കഴിഞ്ഞില്ല. സംശയം അസ്ഥാനാത്താക്കിക്കൊണ്ട് ശ്രീരാമ ചാപമായ കോദണ്ഡത്തില്‍ നിന്ന് പുറപ്പെട്ട ബാണങ്ങള്‍ പത്ത് തലകളും മുറിച്ച് രാക്ഷസനെ കൊന്നു വീഴ്ത്തി. പുഷ്പവൃഷ്ടിയും ദുന്ദുഭി നാദവും ജയത്തിന്ന് മിഴിവേകി. സൂര്യന്‍ മറയാന്‍ മടിച്ചു നിന്നു.

6 comments:

  1. കഴിഞ്ഞ കുറേ അദ്ധ്യായങ്ങൾ വായിക്കാനുണ്ട്. ഒരുമിച്ച് വായിക്കാം.

    ReplyDelete
  2. കോദണ്ഢരാമന്‍....

    ReplyDelete
  3. Typist / എഴുത്തുകാരി,

    വേഗം വായിച്ച് എത്തിക്കോളൂ. അവസാനിക്കാറായി.

    ajith,
    രാമേശ്വരത്തു നിന്ന് ധനുഷ്ക്കോടിയിലേക്ക് പോവുന്ന വഴിയില്‍ കോദണ്ഡരാമ ക്ഷേത്രമുണ്ട്. അവിടെവെച്ചാണ് വിഭീഷണനെ അഭിഷേകം ചെയ്തതെന്ന് പറയപ്പെടുന്നു.

    ReplyDelete
  4. ഇന്ദ്രജിത്തും രാവണന്‍ തന്നെയും പോയി........

    ധനുഷ്ക്കോടിയിയിലെ ക്ഷേത്രം കണ്ടിട്ടുണ്ട്. രാത്രിയില്‍ ശ്രീലങ്കയിലെ ലൈറ്റ് കാണാനാവുന്ന ധനുഷ്ക്കോടിതീരം അവാച്യമായ അനുഭൂതി പകരും.

    ReplyDelete
  5. ദുരന്തസ്മരണ പേറുന്ന ഇടമാണെങ്കിലും ധനുഷ്ക്കോടിക്ക് എന്തോ പ്രത്യേകത തോന്നി. ഹിന്ദു സമുദ്രത്തിലെ കൂറ്റന്‍ തിരമാല ബംഗാള്‍ ഉള്‍ക്കടലില്‍ ലയിച്ചു ചേരുന്നത് വല്ലാത്തൊരു കാഴ്ചയാണ്.

    ReplyDelete
  6. വീണ്ടും സഹായത്തോടെയുള്ള രാമജയം... രാവണന്‍ ആ യജ്ഞം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍....

    ReplyDelete