Saturday, August 11, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 28.

പൂവിതള്‍ - 28.

'' നിര്‍ത്തുവിന്‍ '' ആഹ്ലാദാരവങ്ങള്‍ കെട്ടടങ്ങുന്നതിന്ന് മുമ്പ് ശ്രിരാമന്‍ ഇടപെട്ടു '' രാവണന്‍ നമ്മുടെ ശത്രുവായിരുന്നു. പക്ഷെ അദ്ദേഹം നമ്മുടെ മിത്രമായ വിഭീഷണന്‍റെ സഹോദരനാണെന്ന് നമ്മള്‍ ഓര്‍ക്കണം. ബന്ധുജനങ്ങളെല്ലാം മരിച്ച ദുഖത്തിലാണ് അദ്ദേഹം. അമിതമായി ജയ ഘോഷങ്ങള്‍ നമ്മള്‍ നടത്തിക്കൂടാ ''. അതോടെ ശബ്ദകോലാഹലങ്ങല്‍ നിലച്ചു.


'' രാവണന്‍റെ ജഡം ഉചിതമായ രീതിയില്‍ സംസ്ക്ക്കരിക്കണം '' അദ്ദേഹം തുടര്‍ന്നു '' മരണാനന്തര ക്രിയകള്‍ ചെയ്യാന്‍ വിഭീഷണന് വേണ്ടതെല്ലാം ഒരുക്കുക ''.


വസ്ത്രങ്ങളും മാലകളും കൊണ്ട് ശവശരീരം അലങ്കരിച്ചു. ചന്ദനമുട്ടികള്‍കൊണ്ട് ചിതയൊരുക്കി. രാവണന്‍ കത്തിയമര്‍ന്നു.


'' ഒരിക്കലും ഒരു രാജ്യത്ത് ഭരണാധിപന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത്. അതിനാല്‍ എത്രയും പെട്ടെന്ന് വിഭീഷണനെ രാജാവായി അഭിഷേകം ചെയ്യണം ''. ഒരിക്കല്‍ അത് ചെയ്തതല്ലേ എന്ന ശങ്ക എല്ലാവരിലുമുണ്ടായി. ശ്രിരാമന്‍ അത് തിരിച്ചറിഞ്ഞു.


'' സേതു ബന്ധനത്തിന്ന് മുമ്പ് നാം വിഭീഷണന്‍റെ അഭിഷേകം നടത്തിയ കാര്യം നിങ്ങളെല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അന്ന് രാവണന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് അറിയാമല്ലോ. ലങ്കയ്ക്ക് നാഥനില്ലാതായത് ഇപ്പോഴാണ്. ലക്ഷ്മണകുമാരന്‍ അഭിഷേകം നടത്തുന്നതാണ്. അന്നത്തേത് പ്രതീകാത്മകമായ ചടങ്ങായി കരുതിയാല്‍ മതി ''.


ജ്യേഷ്ഠന്‍റെ വാക്കുകള്‍ കേട്ടതും ഒരുക്കങ്ങള്‍ ആരംഭിച്ചു. വാനരന്മാര്‍ അഭിഷേകത്തിന്നു വേണ്ട സാധനങ്ങളുമായി എത്തി. ചടങ്ങുകള്‍ കഴിഞ്ഞതോടെ വിഭീഷണന്‍ ലങ്കാധിപതിയായി. വീണ്ടും
എല്ലാവരും ജ്യേഷ്ടന്‍റെ അടുത്തെത്തി. സുഗ്രീവനെ അദ്ദേഹം ആലിംഗനം ചെയ്തു.


'' ഭവാന്‍റെ സഹായംകൊണ്ട് രാവണനെ വധിക്കാന്‍ കഴിഞ്ഞു. ചെയ്ത സഹായങ്ങള്‍ എന്നും ഞാന്‍ സ്മരിക്കും ''.


'' എന്താണ് ഇനി ചെയ്യേണ്ടത് '' വിഭീഷണന്‍ ചോദിച്ചു.


'' ചെയ്യേണ്ടതായ കടമകളൊക്കെ ചെയ്തു കഴിഞ്ഞു. ഇനി ഹനുമാന്‍ ചെന്ന് രാവണനെ നിഗ്രഹിച്ച വിവരം സീതയെ അറിയിക്കണം. അതുപോലെ വിഭീഷണന്‍ ലങ്കയിലെ സ്ത്രീജനങ്ങളെക്കൊണ്ട് സീതയെ സ്നാനം ചെയ്യിപ്പിച്ച് സുഗന്ധ ലേപനങ്ങള്‍ പുരട്ടി ആടയാഭരണങ്ങള്‍ അണിയിച്ച് ഇങ്ങോട്ട് കൊണ്ടു വരാന്‍ ഏര്‍പ്പാടാക്കണം ''.


'' ആദ്യം ഒരു അഗ്നികുണ്ഡം തയ്യാറാക്കണം '' സീതാദേവി വന്നതും ആവശ്യപ്പെട്ടത് അതാണ്. ഒട്ടും വൈകാതെ അഗ്നികുണ്ഡം ജ്വലിപ്പിച്ചു.


'' ഭര്‍ത്താവിനെയല്ലാതെ അന്യപുരുഷനെ ഞാന്‍ സ്മരിച്ചിട്ടില്ല. ഈ പറഞ്ഞത് സത്യമാണ്. അത് അഗ്നിഭഗവാന്‍ തെളിയിക്കട്ടെ ''. ദൈവങ്ങളെ സ്തുതിച്ച് ഭര്‍ത്താവിനെ കൈകൂപ്പി മൂന്നു തവണ അഗ്നിയെ പ്രദക്ഷിണം വെച്ച് സീത അഗ്നിയിലേക്ക് ഇറങ്ങി. ഭീതിയോടെയാണ് എല്ലാവരും ആ രംഗം നോക്കി കണ്ടത്.


'' കളങ്കരഹിതയാണ് സീതാദേവി. ശങ്കിക്കാതെ അവരെ സ്വീകരിക്കുക '' സീതയുമായി കടന്നു വന്ന അഗ്നിദേവന്‍ അവരെ ശ്രീരാമന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു.



'' എല്ലാ വിഷമങ്ങളും തീര്‍ന്നു. ഇനി കുറെ ദിവസം എന്‍റെ അതിഥിയായി ലങ്കയില്‍ കഴിഞ്ഞിട്ട് പോകാം '' വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചു.


'' അത് പറ്റില്ല. ഭരതന്‍ ഞങ്ങള്‍ ചെല്ലുന്നതും കാത്ത് ഇരിപ്പാണ്. ഉടനെ പോയേ മതിയാവൂ. മാത്രമല്ല പതിനാല് കൊല്ലത്തിനിടയില്‍ മറ്റൊരു രാജ്യത്തില്‍ എനിക്ക് ചെല്ലാനും പാടില്ല ''.


വിഭീഷണന്‍ മടക്ക യാത്രക്ക് പുഷ്പക വിമാനം വരുത്തി. വിമാനയാത്ര രസകരമായി തോന്നി. താഴെ പിന്നിലേക്ക് ഓടി മറയുന്ന ദൃശ്യങ്ങള്‍ നോക്കി നിന്നു. ജ്യേഷ്ഠന്‍ ഓരോന്നിനെക്കുറിച്ചും പത്നിക്ക് പറഞ്ഞു കൊടുക്കുകയാണ്. ഋഷ്യമൂകാചലവും പഞ്ചവടിയും ചിത്രകൂടവും മിന്നി മറഞ്ഞു. ഏറ്റവും ഒടുവില്‍ അയോധ്യാപുരി കണ്മുന്നിലെത്തി.


ഹനുമാന്‍ നേരത്തെ ചെന്ന് വിവരം നല്‍കിയത് നന്നായി. എല്ലായിടവും നന്നായി അലങ്കരിച്ചിട്ടുണ്ട്. രഥങ്ങളും ആനകളും കുതിരകളും സ്വീകരണത്തിന്ന് മാറ്റു കൂട്ടി. അയോദ്ധ്യയിലെ പൌരന്മാരെല്ലാം സന്നിഹിതരായിട്ടുണ്ട്. ശത്രുഘ്നനോടൊപ്പം ജ്യേഷ്ഠന്‍ ഭരതന്‍ സ്വീകരിക്കാന്‍ കാത്തു നില്‍പ്പാണ്.പരസ്പരം ആലിംഗനം ചെയ്ത ശേഷം ബന്ധുജനങ്ങളെ കാണാന്‍ ചെന്നു. അമ്മമാര്‍ക്ക് പിന്നിലായി തന്നേയും നോക്കി നില്‍ക്കുന്ന ഊര്‍മ്മിളയെ ലക്ഷ്മണന്‍ കണ്ടു.

5 comments:

  1. വിമാനമെന്നത് യാഥാര്‍ത്ഥ്യമായത് കേവലം ഒന്നര നൂറ്റാണ്ടിനിപ്പുറം

    എന്നാല്‍ പുഷ്പകവിമാനത്തെ എത്ര നൂറ്റാണ്ടുകള്‍ക്കു മുമ്പെ നാം കണ്ടെത്തി. അദ്ഭുതം

    ReplyDelete
  2. പുഷ്പക വിമാനമെന്നത് ഭാവനയോ അതോ യാഥാര്‍ത്ഥ്യമോ. എന്തായാലും ഒരു കാര്യം ഉറപ്പ്. വിമാനം എന്ന പദം പ്രചാരത്തിലുണ്ടായിരുന്നു.

    ReplyDelete
  3. അഗ്നിപ്രവേശം ഇങ്ങനെയായിരുന്നു?

    ReplyDelete
  4. സീത സ്വയം ആവശ്യപ്പെട്ടതായിട്ട് പല രാമായണങ്ങളിലും എഴുതിയിട്ടുണ്ട്.

    ReplyDelete
  5. അമ്മമാര്‍ക്ക് പിന്നില്‍ ആയി തന്നെയും നോക്കി നില്‍ക്കുന്ന ഊര്മിള യെ ലക്ഷ്മണന്‍ കണ്ടു.. ഊര്മിള യല്ലേ ശരിക്കും പൂജിക്കെന്ടവള്‍ ..?

    ReplyDelete