Tuesday, July 24, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 10.

പൂവിതള്‍ - 10.

ചിത്രകൂടത്തിലെ പര്‍ണ്ണശാലയിലുള്ള ജീവിതം ആനന്ദകരമാണ്. മുനിജനങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കവും പുണ്യനദിയായ ഗംഗയുടെ സാമീപ്യവുമാണ് സന്തോഷത്തിന്ന് നിദാനം. എന്തൊരു ശാന്തതയാണ് അനുഭവപ്പെടുന്നത്. കാട്ടില്‍ കായ്കനികളും കിഴങ്ങുകളും തേനും സുലഭമായുണ്ട്. ലക്ഷ്മണന്‍ അവയെല്ലാം ശേഖരിക്കും. ജ്യേഷ്ഠന്‍ പത്നിസമേതം കാനനശോഭ ആസ്വദിച്ചങ്ങിനെ നടക്കും. സമാധാനപൂര്‍ണ്ണമായ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോവുകയാണ്.


അങ്ങിനെയിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. ഒരു ദിവസം പതിവു കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് മൂന്നുപേരും പര്ണശാലയ്ക്ക് വെളിയില്‍ സമയം ചിലവഴിക്കുകയാണ്. ലക്ഷ്മണന്‍ ആയുധങ്ങള്‍ പരിശോധിച്ച് മൂര്‍ച്ച ഉറപ്പ് വരുത്തുകയും സീത വനപുഷ്പങ്ങള്‍കൊണ്ട് ഹാരം ഉണ്ടാക്കുകയും ചെയ്യുന്നു. നേരം ഉച്ചയോടടുക്കുകയാണ്. വലിയൊരു വൃക്ഷത്തിന്‍റെ തണലത്തു നിന്ന് ശ്രീരാമന്‍ അകലേക്ക് നോക്കുകയാണ്.


'' ആര്യപുത്രാ, എന്താണ് അങ്ങ് നോക്കുന്നത് '' ജ്യേഷ്ഠത്തി അന്വേഷിക്കുന്നത് കേട്ടു.


'' അകലെ നിന്ന് കുറെപേര്‍ വരുന്നുണ്ട്. ആരാണെന്ന് മനസ്സിലാവുന്നില്ല ''.


ലക്ഷ്മണന്‍ ആ ദിശയിലേക്ക് നോക്കി. ശരിയാണ്. കുറെയേറെ ആളുകള്‍ ഇങ്ങോട്ടേക്ക് വരുന്നുണ്ട്. ദൂരത്ത് ആയതിനാല്‍ ആരേയും വ്യക്തമായി അറിയുന്നില്ല. പെട്ടെന്ന് വില്ലും അമ്പുകളും എടുത്തു. ശത്രുക്കള്‍ ആരെങ്കിലുമാണ് വരുന്നതെങ്കില്‍ നേരിടേണ്ടതുണ്ട്. ക്രമേണ രൂപങ്ങള്‍ തെളിഞ്ഞു വന്നു. ഭരതശത്രുഘ്നന്മാരാണ് മുന്നില്‍ നടക്കുന്നത്. കുലഗുരു വസിഷ്ഠനും അമാത്യന്മാരുമാണ് പിന്നെ സംഘത്തിലുള്ളത്. എന്തിനുള്ള വരവാണാവോ ? ലക്ഷ്മണന്‍റെ മുഖം കറുത്തു. അനുജന്‍റെ ഭാവ മാറ്റം ജ്യേഷ്ഠന്‍ ശ്രദ്ധിച്ചു.


'' എന്താ കുമാരന് '' അദ്ദേഹം ചോദിച്ചു.


'' സൂത്രത്തില്‍ രാജ്യം കൈക്കലാക്കി, ജ്യേഷ്ഠനെ കാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. പിന്നെ എന്തിനാണ് ഈ എഴുന്നള്ളത്ത് ''.


'' അങ്ങിനെ ചിന്തിക്കരുത് '' ശ്രീരാമന്‍ അനുജനെ സമാധാനിപ്പിച്ചു '' രാജ്യം ആവശ്യപ്പെട്ടതും എന്നെ വനത്തിലേക്ക് അയയ്ക്കണമെന്ന് നിഷ്ക്കര്‍ഷിച്ചതും കൈകേയി മാതാവല്ലേ ? ആ സമയത്ത് ഭരതന്‍ അയോദ്ധ്യയില്‍ ഉണ്ടായിരുന്നില്ലല്ലോ. അമ്മ ചെയ്ത തെറ്റിന്ന് മകനെ പഴിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ. തന്നെയുമല്ല ഇപ്പോഴത്തെ ഭരതന്‍റേയും ശത്രുഘ്നന്‍റേയും വേഷം ശ്രദ്ധിക്കുക. മരവുരിയാണ് രണ്ടു പേരും ധരിച്ചിരിക്കുന്നത്. നമുക്ക് ദ്രോഹം ചെയ്യുകയാവില്ല അവരുടെ ആഗമനോദ്ദേശം. ഒരുപക്ഷെ നമ്മോടൊപ്പം വനവാസത്തില്‍ പങ്കു ചേരാനാവുമെന്ന് ഞാന്‍ ഭയപ്പെടുന്നു ''.


ആ പറഞ്ഞതിലെ യുക്തി ലക്ഷ്മണന്ന് ബോധിച്ചു. സംഘം സ്ഥലത്തെത്തി. ജ്യേഷ്ഠാനുജന്മാര്‍ പരസ്പരം ആശ്ലേഷിച്ചു. ഗുരുവിനേയും ജ്യേഷ്ഠന്മാരേയും ഓരോരുത്തരും വണങ്ങി.


'' പിതാവിനും മാതാക്കള്‍ക്കും സുഖംതന്നെയല്ലേ '' ശ്രീരാമന്‍ അന്വേഷിച്ചു. ഒരു പൊട്ടിക്കരച്ചിലാണ് കേട്ടത്. ഭരതശത്രുഘ്നന്മാര്‍ വാവിട്ടു കരയുകയാണ്.


'' കുമാരന്മാരേ, എല്ലാം വിധിയാണെന്നു കരുതി സമാധാനിക്കുക '' ഗുരുവിന്‍റെ വാക്കുകള്‍ കേട്ടു '' മഹാരാജാവ് സ്വര്‍ഗസ്ഥനായി കഴിഞ്ഞു ''.


ലക്ഷ്മണകുമാരന്‍റെ രോദനം കാടിന്‍റെ നിശ്ശബ്ദതയെ ഭേദിച്ചു. നിറഞ്ഞ കണ്ണുകളോടെ ഉള്ളിലെ ദുഃഖം കടിച്ചമര്‍ത്തി ശ്രീരാമന്‍ അനുജനെ ചേര്‍ത്തു പിടിച്ചു.


'' കുമാരന്മാര്‍ പോയതില്‍പിന്നെ പിതാവ് എഴുന്നേട്ടില്ല. പുത്ര ദുഃഖം അദ്ദേഹത്തിന്‍റെ മരണത്തിന്ന് വഴിയൊരുക്കി '' ഗുരു പറഞ്ഞു.


'' എന്‍റെ അമ്മയാണ് എല്ലാറ്റിനും കാരണക്കാരി '' ഭരതന്‍റെ വാക്കുകളില്‍ രോഷം നിറഞ്ഞിട്ടുണ്ട്.


'' കുമാരാ, അങ്ങിനെ കരുതരുത്. കൈകേയി കേവലം ഒരു നിമിത്തം മാത്രമാണെന്ന് അറിയുക. പുത്രശോകത്താല്‍ മരിക്കണമെന്ന് മഹാരാജാവ് ഒരു ശാപമുണ്ട് ''. മൃഗയാ വിനോദത്തിന്ന് ചെന്ന രാജാവ് വൃദ്ധ മാതാപിതാക്കളുടെ ദാഹം മാറ്റാനായി വെള്ളമെടുക്കാന്‍ ചെന്ന ബാലനെ ആനയെന്ന് തെറ്റിദ്ധരിച്ച് കൊന്നതും പുത്ര ശോകത്താല്‍ മരിക്കാനിട വരട്ടെ എന്ന് ശാപം ലഭിച്ചതുമായ കഥ വസിഷ്ഠന്‍ വിവരിച്ചു.


'' എന്നാലും '' തേങ്ങലുകള്‍ക്കിടയില്‍ ലക്ഷ്മണന്‍റെ വാക്കുകള്‍ പുറത്തെത്തി '' കേവലും ഒരു ദാസിയുടെ വാക്കുകള്‍ കേട്ട് കൈകേയി മാതാവ് സ്വാര്‍ത്ഥത കാണിച്ചില്ലായിരുന്നുവെങ്കില്‍ .. ''.


'' കുമാരാ '' രാജഗുരു മുഴുമിക്കാന്‍ അനുവദിച്ചില്ല '' യാഥാര്‍ത്ഥ്യം പലപ്പോഴും നാം ധരിക്കുന്ന മട്ടിലാവണമെന്നില്ല. ഈ കാര്യത്തില്‍ എനിക്ക് രാജ്ഞിയെ കുറ്റപ്പെടുത്താനാവില്ല. കാരണം സത്യം എനിക്കറിയാം ''.


എല്ലാവര്‍ക്കും അത് അറിയാനുള്ള ആകാംക്ഷയായി.


'' ഞാന്‍ ആരോടും പറയില്ല എന്ന് കരുതിയതാണ്. പക്ഷെ മക്കള്‍ അമ്മയെ കുറ്റപ്പെടുത്തുമ്പോള്‍ സത്യം മനസ്സില്‍ ഒരു രഹസ്യമായി സൂക്ഷിച്ചു കൂടാ '' അദ്ദേഹം തുടര്‍ന്നു '' നിങ്ങള്‍ നാലു മക്കള്‍ മാത്രം ഇപ്പോഴിത് അറിഞ്ഞാല്‍ മതി ''.


അടുത്ത് നിന്നിരുന്നവരൊക്കെ മാറിപ്പോയി വസിഷ്ഠന്‍ ആരംഭിച്ചു.


'' പുത്രകാമേഷ്ടി യാഗത്തിന്ന് മുമ്പ് ഒരു ദിവസം കൈകേയി രാജ്ഞി എന്നെ കാണാനെത്തി. അവര്‍ ഏതോ പ്രഗത്ഭനായ ജ്യോത്സനെ കണ്ടിരുന്നുവത്രേ. സുമിത്ര രാജ്ഞിക്ക് രണ്ട് മക്കള്‍ ഉണ്ടാവാനുള്ള യോഗമുണ്ടെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി അന്നവര്‍ സൂചിപ്പിച്ചു. യാഗം സമാപിച്ച ശേഷം ദിവ്യമായ പായസം ലഭിച്ചപ്പോള്‍ അത് രണ്ടു രാജ്ഞിമാര്‍ക്ക് മാത്രം രാജാവിനെക്കൊണ്ട് കൊടുപ്പിച്ചതും രണ്ടു രാജ്ഞിമാരും ഓരോ ഓഹരി സുമിത്ര രാജ്ഞിക്ക് നല്‍കിയതും കൈകേയിക്ക് പ്രവചനത്തിലുള്ള വിശ്വാസം കാരണമാണ് ''.


ഈ സംഭവവും അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തിയും തമ്മില്‍ എന്തു ബന്ധമുണ്ടെന്ന് എല്ലാവരും ശങ്കിച്ചു.


'' ഈ അടുത്ത കാലത്ത് രാജ്ഞി വീണ്ടും ആ ജ്യോത്സ്യനെ കാണുകയുണ്ടായി. ദശരഥ മഹാരാജവ് ആസന്ന ഭാവിയില്‍ മരിക്കുമെന്നും, അടുത്ത പതിനാല് കൊല്ലക്കാലം അയോദ്ധ്യയെ സംബന്ധിച്ച് ചീത്ത കാലമാണെന്നും, രാജ്യം ഭരിക്കുന്ന ആള്‍ അകാലത്തില്‍ മരണപ്പെടുമെന്നും പറഞ്ഞതോടെ ശ്രീരാമന് സംഭവിക്കാവുന്ന ആപത്ത് ഒഴിവാക്കാന്‍ കൈകേയി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇതെല്ലാം ''.


ശ്രീരാമനൊഴികെ മറ്റാര്‍ക്കും മഹര്‍ഷിയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാനായില്ല. വസിഷ്ഠന് അത് മനസ്സിലായി. കാര്യങ്ങള്‍ ഒന്നു കൂടി സ്പ്ഷ്ടമാക്കേണ്ടതുണ്ട്.


'' ശ്രീരാമനെ ഒഴിവാക്കാനാണെങ്കില്‍ എന്തുകൊണ്ട് പതിനാല് വര്‍ഷത്തെ വനവാസത്തിലൊതുക്കി. ജീവിതകാലം മുഴുവന്‍ വനവാസം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൂടെ. മാത്രമല്ല ശ്രീരാമന് ഇപ്പോള്‍ നല്ല കാലമല്ല. യുദ്ധം ചെയ്യാനുള്ള യോഗമുണ്ട്. രാജാവാകുമ്പോള്‍ യുദ്ധം ചെയ്യേണ്ടി വന്നേക്കാം. കാട്ടില്‍ യുദ്ധത്തിന്ന് സാദ്ധ്യത ഒട്ടുമില്ലല്ലോ. അതാണ് വനവാസം ചെയ്യണമെന്ന് നിഷ്ക്കര്‍ഷിച്ചത് ''.


'' അപ്പോള്‍ ദാസി മാതാവിനെ ദുര്‍ബ്ബോധനം ചെയ്തു എന്നു പറഞ്ഞു കേട്ടതോ '' ഭരതന്‍ ചോദിച്ചു.


'' എല്ലാം വെറും വ്യാജം . അല്ലെങ്കിലും ഒരു ദാസിയുടെ വാക്കുകള്‍കൊണ്ട് ഇല്ലാതാവുന്നതാണ് രാജ്ഞി കൈകേയിക്ക് ശ്രീരാമനോടുള്ള സ്നേഹം എന്ന് ആലോചിക്കുന്നതുതന്നെ മൂഡത്വമാണ്. ലോകാവസാനം വരെ ദുഷ്പ്പേര് പിന്‍തുടരും എന്ന് ബോദ്ധ്യമുണ്ടായിട്ടുകൂടിയാണ് അവര്‍ ഇതിന് മുതിര്‍ന്നത്. സ്വന്തം മകനെ ബലി കൊടുത്തും ശ്രീരാമന്‍റെ ജീവന്‍ രക്ഷിക്കാന്‍ മനസ്സ് കാട്ടിയ ആ സ്വാദ്ധിയെ ഇനി നിങ്ങളൊരിക്കലും കുറ്റപ്പെടുത്തരുത് ''.


ആരുമൊന്നും പറഞ്ഞില്ല. ആര്‍ക്കും ഒന്നും പറയാനായില്ല എന്നതാണ് സത്യം. എല്ലാ മനസ്സുകളും വിങ്ങി പൊട്ടാറായിരുന്നു.


ഗുരുവിന്‍റെ നിര്‍ദ്ദേശമനുസരിച്ച് എല്ലാവരും നന്ദിയില്‍ കുളിച്ചു വന്ന് ബലി കര്‍മ്മങ്ങള്‍ ചെയ്തു. അയോദ്ധ്യയിലേക്ക് മടങ്ങി വരണമെന്നും രാജ്യഭരണം ചെയ്യണമെന്നും ഭരതന്‍ ആവത് പറഞ്ഞു നോക്കി. ശ്രിരാമന്‍ ഒട്ടും വഴങ്ങിയില്ല. ഒടുവില്‍ നന്ദി ഗ്രാമത്തില്‍ താമസിച്ച്, ജ്യേഷ്ഠന്‍റെ പാദുകം സിംഹാസനത്തില്‍വെച്ചു വണങ്ങി പ്രതിപുരുഷനായി ഭരിക്കാമെന്ന് ഭരതന് സമ്മതിക്കേണ്ടി വന്നു.


യാത്രപറഞ്ഞ് എല്ലാവരും പുറപ്പെട്ടു. അവര്‍ കണ്ണില്‍നിന്ന് മറയുന്നതുവരെ മൂന്നുപേരും മരച്ചുവട്ടില്‍ തന്നെ നിന്നു.

3 comments:

 1. വായന തുടരുന്നു

  ആശംസകള്‍

  ReplyDelete
 2. വളരെ സന്തോഷം 

  ReplyDelete
 3. ആരുമൊന്നും പറഞ്ഞില്ല. ആര്‍ക്കും ഒന്നും പറയാനായില്ല എന്നതാണ് സത്യം. എല്ലാ മനസ്സുകളും വിങ്ങി പൊട്ടാറായിരുന്നു.

  എന്റെയും


  ഇങ്ങനെ ഒരു കഥ ഞാന്‍ ആദ്യം കേള്‍ക്കുകയാണ്. ഇത് ഏതു രാമായണത്തില്‍ ആണ് ഏട്ടാ... അധ്യാത്മ രാമായണം തന്നെയോ?

  ReplyDelete