Friday, July 27, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 13.

പൂവിതള്‍ - 13.

'' കുമാരാ, ജ്യേഷ്ഠന്‍ പൊന്മാനുമായി എത്തുമ്പോഴേക്ക് അതിനെ കെട്ടിയിടാന്‍ കാട്ടുവള്ളിയും
തീറ്റ നല്‍കാന്‍ ഇളംപുല്ലുകളും വേണ്ടേ '' സീത ലക്ഷ്മണനോട് ചോദിച്ചു '' കുമാരന്‍ വള്ളി ഉണ്ടാക്കൂ, ആ നേരംകൊണ്ട് ഞാന്‍ പുല്ല് ശേഖരിച്ചോളാം ''.



'' ജ്യേഷ്ഠത്തി ഒന്നും ചെയ്യേണ്ട. പര്‍ണ്ണശാലയ്ക്ക് മുമ്പില്‍ത്തന്നെ രണ്ടും കിട്ടാനുണ്ടല്ലോ. ഞാന്‍
വേഗം മുറിച്ചെടുത്തോളാം ''.


സീത മാനിനെ കണ്ടതു മുതല്‍ ഉത്സാഹഭരിതയാണ്. എവിടെ നിന്നോ കാലത്ത് പര്‍ണ്ണശാലയ്ക്ക് മുന്നില്‍ എത്തിപ്പെട്ടതാണ് ആ മൃഗം. സ്വര്‍ണ്ണനിറമുള്ള ദേഹം. വെള്ളികൊണ്ട് നിര്‍മ്മിച്ച മട്ടിലുള്ള വെള്ളപ്പുള്ളികള്‍ അതിന് ഭംഗി പകരുന്നു. ഇന്ദ്ര നീലം പതിച്ച കണ്ണുകള്‍. എന്തൊരു ഇണക്കമാണ് അതിനെന്നോ. മാനിനെ കണ്ടതും ജ്യേഷ്ഠത്തിയ്ക്ക് അതിനെ കിട്ടിയേ തീരൂ.


'' കുമാരാ, സീതയെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോവരുത്. ഞാന്‍ ഏതു വിധത്തിലെങ്കിലും ഇതിനെ പിടിച്ച് വരുന്നുണ്ട് '' എന്നു പറഞ്ഞാണ് ജ്യേഷ്ഠന്‍ മാനിന്‍റെ പിന്നാലെ പോയത്. അതാണെങ്കിലോ അടുത്ത് ആള് ചെന്നാല്‍ പേടിച്ച് കുതിച്ചോടും. അല്‍പ്പം അകലെ പോയി നോക്കി നില്‍ക്കുകയും ചെയ്യും.


ജ്യേഷ്ഠന്‍ പോയിട്ട് മൂന്നേമുക്കാല്‍ നാഴിക നേരം കഴിഞ്ഞു. മാനിനെ കിട്ടിയില്ലെങ്കില്‍ തിരിച്ചു പോരികയല്ലേ വേണ്ടൂ. അതെങ്ങിനെ? ജ്യേഷ്ഠത്തിക്ക് അതിനോട് തോന്നിയ കലശലായ മോഹം കണ്ടിട്ട് എങ്ങിനെ വെറും കയ്യുമായി മടങ്ങി വരാന്‍ തോന്നും ?


'' സീതേ, ലക്ഷ്മണാ, ആപത്ത്. വേഗം രക്ഷീയ്ക്കൂ '' ദൂരെയെവിടെയോ നിന്ന് ആര്‍ത്ത നാദം കേട്ടു.


'' കുമാരാ '' ജ്യേഷ്ഠത്തി വിളിച്ചു '' ശ്രീരാമചന്ദ്രന്‍റെ രോദനമല്ലേ ആ കേള്‍ക്കുന്നത്. വേഗം
അങ്ങോട്ട് പോയി ജ്യേഷ്ഠനെ രക്ഷിക്കൂ ''.



ജ്യേഷ്ഠന് ആപത്ത് സംഭവിക്കുകയില്ല എന്ന് ലക്ഷ്മണന് ഉറപ്പാണ്. ഇത് മായാവിയായ ഏതോ രാക്ഷസന്‍റെ പണിയാണ്.


'' എന്താ മടിച്ചു നില്‍ക്കുന്നത് വേഗം ചെല്ലൂ '' അവര്‍ തിരക്കു കൂട്ടുകയാണ്.


'' ജ്യേഷ്ഠത്തി, അദ്ദേഹത്തിന്ന് ഒരു ആപത്തും സംഭവിക്കില്ല. ഇതേതോ രാക്ഷസന്‍റെ വിക്രിയയാണ്. '' ജ്യേഷ്ഠത്തിയെ സമാധാനിപ്പിച്ചു '' തന്നെയുമല്ല എങ്ങുംപോകാതെ ഇവിടെത്തന്നെ ജ്യേഷ്ഠത്തിയെ സംരക്ഷിക്കാന്‍ ഉണ്ടായിരിക്കണമെന്ന് എന്നെ ചുമതലപ്പെടുത്തിയിട്ടല്ല ജ്യേഷ്ഠന്‍ പോയിട്ടുള്ളത്. ആ കല്പന അനുസരിക്കാതിരിക്കാന്‍ പറ്റുമോ ''.


'' ഉറ്റവര്‍ക്ക് ആപത്ത് വരുമ്പോള്‍ ആരെങ്കിലും ഇങ്ങിനെ ചിന്തിക്കുമോ. കുമാരന് ആവതില്ലെങ്കില്‍ ഞാന്‍ പോയി അന്വേഷിക്കാം '' അവര്‍ ചെല്ലുമെന്ന് ഉറപ്പായപ്പോള്‍ ഇടപെട്ടു.


'' ശരി. എത്രയും പെട്ടെന്ന് ഞാന്‍ ജ്യേഷ്ഠന്‍റെ അടുത്ത് എത്തുന്നുണ്ട് '' എന്നും പറഞ്ഞ് ഒരു ബാണമെടുത്ത് പര്‍ണ്ണശാലയ്ക്ക് ചുറ്റും ഒരു വര വരച്ചു.


'' ജ്യേഷ്ഠത്തി ഒരു കാരണവശാലും ഈ റേഖയ്ക്ക് പുറത്തേക്ക് കടക്കരുത്. എന്നാല്‍ ആപത്ത് സംഭവിക്കുകയില്ല '' എന്നു പറഞ്ഞ് ഇറങ്ങി.


നിലവിളി കേട്ട ദിക്കിലേക്ക് ഒരു കുതിച്ചോട്ടമായിരുന്നു. ഒന്നുരണ്ടിങ്ങളില്‍ ഇടറി വീഴാന്‍ പോയി. വഴിയ്ക്ക് ഇരുവശത്തുമുള്ള ചെടികളുടെ ഇലകള്‍ ദേഹത്ത് ഉരഞ്ഞുകൊണ്ടിരുന്നു.


അടുത്തൊന്നുമല്ല ജ്യേഷ്ഠന്‍ ഉള്ളത്. ഇപ്പോള്‍ ഇരു വശത്തും അഗാധമായ കൊക്കയാണ്. ഇറക്കം
അവസാനിച്ചത് ഒരു അരുവിക്കരയില്‍. ജ്യേഷ്ഠന്‍ മറുഭാഗത്തു നിന്ന് അരുവി കടന്നു വരികയാണ്.


'' എന്താ കുമാരാ പോന്നത് '' അദ്ദേഹം ചോദിച്ചു.


'' ജ്യേഷ്ഠന്‍റെ നിലവിളി കേട്ടു ''.


'' അത് എന്‍റെ രോദനമായിരുന്നില്ല. യാഗരക്ഷയ്ക്ക് ചെന്നപ്പോള്‍ ഞാന്‍ കൊല്ലാതെ വിട്ട മാരീചനെ ഓര്‍മ്മയില്ലേ. അവനാണ് മാനിന്‍റെ രൂപത്തില്‍ വന്നത് ''.


'' എന്നിട്ട് ''.


'' ഞാന്‍ അവനെ വധിച്ചു. അവനാണ് എന്‍റെ ശബ്ദത്തില്‍ നിലവിളിച്ചത് ''.


'' എനിക്ക് തോന്നി. പക്ഷെ ജ്യേഷ്ഠത്തിക്ക് പേടിയായിരുന്നു ''.


'' സീതയെ കുറ്റം പറയാനാവില്ല. എന്‍റെ ശബ്ദത്തോട് അത്രകണ്ട് സാദൃശ്യമുണ്ടായിരുന്നു അവന്‍റെ നിലവിളിക്ക് ''. രണ്ടുപേരും വേഗത്തില്‍ നടന്നു. ഇപ്പോഴാണ് എത്ര അകലത്തിലാണ് എത്തിയത് എന്ന് അറിയുന്നത്. പര്‍ണ്ണശാല നിന്ന ഇടം വിജനമായിരിക്കുന്നു. മുറ്റത്ത്.എന്തോ മല്‍പ്പിടുത്തം നടന്ന ലക്ഷണമുണ്ട്.


'' കുമാരാ ചതിച്ചു '' ജ്യേഷ്ഠന്‍ പറഞ്ഞു '' സീതയ്ക്ക് എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു '' ആ വാക്കുകള്‍ ഇടറിയിരുന്നു.


'' നമുക്ക് വനത്തില്‍ തിരയാം. കണ്ടുമുട്ടാതെ വരില്ല '' വിശ്വാസമുണ്ടായിട്ടൊന്നുമല്ല ജ്യേഷ്ഠനെ ആശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അങ്ങിനെ പറഞ്ഞത്. അപ്പോള്‍ തുടങ്ങിയതാണ് തിരച്ചില്‍. വനത്തിന്‍റെ മുക്കും മൂലയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. എല്ലാം
കണ്ടു നിന്ന സൂര്യന്‍ പടിഞ്ഞാറോട്ട് നീങ്ങിക്കൊണ്ടിരുന്നു.



ദണ്ഡകാരണ്യത്തില്‍ ആദ്യമായി എത്തിയ സ്ഥലത്തെത്തി. തകര്‍ന്ന രഥത്തിന്‍റെ ഭാഗങ്ങളും ചാപ ബാണങ്ങളും അവിടവിടെയായി ചിതറി കിടപ്പുണ്ട്. '' ഇവിടെ ഒരു ബലപരീക്ഷണം നടന്നതായി തോന്നുന്നു. നമുക്ക് ഇവിടമാകെ നന്നായി പരിശോധിക്കണം '' ജ്യേഷ്ഠന്‍ പറഞ്ഞത് ശരിയാണ്. അടുത്തെവിടെ നിന്നോ '' ആവൂ വയ്യല്ലോ. രാമാ, രാമാ, വേഗം വരണേ '' എന്നൊക്കെ ക്ഷീണിതമായ സ്വരത്തില്‍ ആരോ മന്ത്രിക്കുന്നത് കേട്ടു.


മരച്ചില്ലകളും വള്ളികളും വകഞ്ഞു മാറ്റി അടുത്തെത്തിയപ്പോള്‍ ഞെട്ടിപ്പോയി. പക്ഷി ശ്രേഷ്ഠനായ ജടായു വെട്ടേറ്റ് വീണു കിടക്കുകയാണ്.


'' അങ്ങേക്ക് എന്തു പറ്റി '' ആ ദേഹം തഴുകിക്കൊണ്ട് ജ്യേഷ്ഠന്‍ ചോദിച്ചു.


'' രാക്ഷസ രാജാവായ രാവണന്‍ സീതയെ ബലല്‍ക്കാരമായി കൊണ്ടുപോവുന്നത് കണ്ടു. തടയാന്‍ ശ്രമിച്ച എന്നെ വെട്ടിപരിക്കേല്‍പ്പിച്ച് തെക്കോട്ടേക്ക് പോയിട്ടുണ്ട് ''. ജടായുവിന്‍റെ ശ്വാസഗതി കൂടി, ക്രമേണ അത് മെല്ലെമെല്ലെയായി ഒടുവില്‍ നിലച്ചു.


നിറഞ്ഞ കണ്ണീര്‍ കൈകൊണ്ട് തുടച്ചു. പിതാവിന് വേണ്ടപ്പെട്ടവനാണ്. ഇപ്പോള്‍ സീതയ്ക്കു വേണ്ടിയാണ് ദേഹത്യാഗം ചെയ്തതും. ഉചിതമായ രീതിയില്‍ ഈ ജഡം സംസ്ക്കരിക്കണം.


നദീതീരത്ത് ഒരുക്കിയ ചിതയില്‍ ജടായുവിന്‍റെ ശരീരം കത്തിയെരിഞ്ഞ് ഇല്ലാതായി. നദിയിലിറങ്ങി കുളിച്ച് ബലികര്‍മ്മങ്ങള്‍ ചെയ്തു കയറുമ്പോള്‍ സൂര്യന്‍ മറയാന്‍ തുടങ്ങി.

3 comments:

  1. യുദ്ധങ്ങളുടെ ഒക്കെ തുടക്കം ആരോ ഒരാള്‍ ലക്ഷ്മണരേഖ ലംഘിക്കുന്നതാവാം. അല്ലേ?

    ReplyDelete
  2. തീര്‍ച്ചയായും. ഏതിനും ഒരു പരിധിയുണ്ട്. അത് കടന്നാല്‍ ആപത്ത് ഉറപ്പ്.

    ReplyDelete
  3. അത്യാഗ്രഹം ആപത്തു

    അന്നും ഇന്നും ലക്ഷ്മണ രേഖ മറികടക്കുന്നതും ആപത്തു.

    ReplyDelete