Friday, July 27, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 14.

പൂവിതള്‍ - 14.

ജ്യേഷ്ഠത്തിയെ അനേഷിച്ചിറങ്ങിയിട്ട് ദിവസങ്ങള്‍ കുറെയായി. നേരം പുലര്‍ന്നതും നടപ്പ് തുടങ്ങും. ഇരുട്ടായാല്‍ എത്തുന്ന ദിക്കില്‍ ഒരു കിടപ്പാണ്. ഭക്ഷണമോ പാനീയങ്ങളോ ഇല്ലെന്നുതന്നെ പറയാം. വല്ലപ്പോഴും പഴുത്തു വീണ ഫലങ്ങള്‍ തിന്നാലായി. അത്ര മാത്രം. സമയം മുഴുവന്‍ തിരച്ചിലിനായി നീക്കിവെച്ചിരുന്നു. എന്നിട്ടും കാര്യമായ വിവരമൊന്നും ലഭിച്ചില്ല.


ദുഃഖിച്ചുകൊണ്ട് അലയുന്നതിന്നിടെ അഷ്ടാവക്ര മഹര്‍ഷിയുടെ ശാപമേറ്റ് രാക്ഷസനായി തീര്‍ന്ന കബന്ധനെ കാണാനുള്ള ഇട വന്നു. ശിരസോ. കാലുകളോ ഇല്ലാതെ, നീണ്ട കൈകള്‍ക്കുള്ളില്‍ വന്നുപെടുന്ന ആരേയും പിടിച്ച് ഭക്ഷിക്കുന്നവനാണ് കബന്ധന്‍. ഇരുകരങ്ങളും ഛേദിച്ചശേഷം അവനെ വധിച്ചു. പൂര്‍വ്വ സ്ഥിതിയില്‍ ഗന്ധര്‍വ്വനായ അവനാണ് സീതയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ തപസ്വിനിയായ ശബരിയെ കാണാന്‍ പറഞ്ഞു തന്നത്.


രാവിലെ നേരത്തെ ശബരിയെ തേടി പുറപ്പെട്ടു. ഏറെ വൈകാതെ അവരെ കണ്ടെത്താന്‍ കഴിഞ്ഞു. ഹാര്‍ദ്ദമായ സ്വീകരണമാണ് ശബര്യാശ്രമത്തില്‍ ലഭിച്ചത്. രുചികരമായ ഫലങ്ങളും പാനീയവും നല്‍കിയ ശേഷം സ്തുതിഗീതങ്ങള്‍ ആലപിച്ച് അവര്‍ വണങ്ങി.


'' താപസന്മാര്‍ക്കുപോലും ലഭിക്കാത്ത സൌഭാഗ്യമാണ് അങ്ങയെ ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ ഹീനജാതിയില്‍ ജനിച്ച ജ്ഞാനിയല്ലാത്ത എനിക്ക് ലഭിച്ചത്. അവിടുത്തേക്കുവേണ്ടി എന്താണ് ഞാന്‍ ചെയ്യേണ്ടത് '' ആ താപസ വൃദ്ധ ചോദിച്ചു.


സീതാദേവിയെ കാണാതായതും അവരെ അന്വേഷിച്ച് നടക്കുകയാണെന്നുമുള്ള വൃത്താന്തം ജ്യേഷ്ഠന്‍ അവരെ അറിയിച്ചു.


'' പത്തു തലകളോട് കൂടിയ രാവണെന്ന രാക്ഷസന്‍ ബലാല്‍ക്കാരമായി കൊണ്ടുപോയി സീതയെ ലങ്കയില്‍ പാര്‍പ്പിച്ചിരിക്കുകയാണ് '' അവര്‍ പറഞ്ഞു '' ഇവിടെ നിന്ന് കുറച്ചു ചെന്നാല്‍ നിങ്ങള്‍ക്ക് പമ്പാനദി കാണാം . അതിനപ്പുറത്താണ് ഋഷ്യാമൂകാചലം. അവിടെ വാനര രാജാവായ ബാലിയെ പേടിച്ച് അദ്ദേഹത്തിന്‍റെ അനുജന്‍ സുഗ്രീവന്‍ ഒളിച്ചു കഴിയുന്നു. സുഗ്രീവനുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ സീതയെ വീണ്ടെടുക്കാന്‍ കഴിയും ''. ഇത്രയും പറഞ്ഞതിന്നു ശേഷം ദേഹത്യാഗം ചെയ്തു ശബരി മോക്ഷം പ്രാപിച്ചു.


പമ്പാനദി കടന്ന് ഋഷ്യമൂകാചലത്തില്‍ എത്തുമ്പോള്‍ നേരം നട്ടുച്ച. മരക്കൊമ്പുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന സൂര്യപ്രകാശത്തിന്ന് ചൂട് കുറവാണ്. ഇനി സുഗ്രീവന്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തണം. ചുറ്റുപാടും കണ്ണോടിച്ചു. അടുത്തെങ്ങും ആരേയും കാണ്മാനില്ല. വലിയൊരു മരത്തിന്‍റെ ചുവട്ടിലുള്ള പാറയില്‍ ഇരുന്നു. അല്‍പ്പനേരം വിശ്രമിച്ച ശേഷം നടത്തം തുടരണം.


ലക്ഷ്മണനാണ് അകലെ നിന്ന് ഒരു ബ്രഹ്മചാരി വരുന്നത് കണ്ടത്. ഉടനെ ജ്യേഷ്ഠന് ആഗതനെ കാട്ടി കൊടുത്തു. ഭാഗ്യവശാല്‍ ഇങ്ങോട്ടുതന്നെയാണ് അയാളുടെ വരവ്. തേടിയ വള്ളി കാലില്‍ ചുറ്റിയ മട്ടിലായി. മുന്നിലെത്തിയതും ആഗതന്‍ താണു തൊഴുതു.


'' തേജസ്വികളായ ഭവാന്മാര്‍ ആരാണ്. എന്തിനാണ് ഈ വനത്തില്‍ വന്നിരിക്കുന്നത് '' ബ്രഹ്മചാരി ചോദിച്ചു.


അയോദ്ധ്യാധിപതി ദശരഥ മഹാരാജാവിന്‍റെ പുത്രന്മാരാണെന്നും, മൂത്ത മകന്‍ ശ്രീരാമന്‍റെ ഭാര്യയെ രാവണന്‍ അപഹരിച്ചുകൊണ്ടുപോയെന്നും, അവരെ കണ്ടെത്താനായി സുഗ്രീവന്‍റെ സഹായം തേടി വന്നതാണെന്നുമുള്ള സത്യം ശ്രീരാമന്‍ അറിയിച്ചു.


'' ഈശ്വരോ രക്ഷതു '' ബ്രഹ്മചാരി തൊഴുതു. നൊടിയിടയ്ക്കുള്ളില്‍ ബ്രഹ്മചാരിയുടെ സ്ഥാനത്ത് ഒരു വാനരശ്രേഷ്ഠന്‍റെ രൂപം തെളിഞ്ഞു.


'' ഭവാന്മാര്‍ അന്വേഷിക്കുന്ന സുഗ്രീവന്‍റെ മന്ത്രിമാരില്‍ ഒരാളായ ഹനുമാനാണ് ഞാന്‍. അവിടുത്തെ ആഗമന വൃത്താന്തം ഞാന്‍ അദ്ദേഹത്തെ അറിയിച്ച് മറുപടിയുമായി ഉടന്‍ തിരിച്ചെത്താം '' ഹനുമാന്‍ നടന്നു മറഞ്ഞു.


'' ജ്യേഷ്ഠാ, കേവലം ഒരു വാനരനല്ല ഈ ഹനുമാന്‍. എന്തൊക്കയോ അപൂര്‍വ്വ സിദ്ധികളുള്ള മഹദ് വ്യക്തിയാണ് എന്ന് ഉറപ്പാണ് ''.


'' അതു മാത്രമല്ല, അദ്ദേഹത്തെ കണ്ടപ്പോള്‍ എത്രയോ കാലത്തെ പരിചയമുള്ളതുപോലെ തോന്നി '' ശ്രിരാമന്‍ പറഞ്ഞു '' കുമാരന്‍ അദ്ദേഹത്തിന്‍റെ സംഭാഷണം ശ്രദ്ധിച്ചുവോ. പണ്ഡിതോചിതമായ വാക്കുകളാണ് ആ മുഖത്തു നിന്ന് കേട്ടത് ''.


രാമലക്ഷ്മണന്മാരെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഹനുമാന്‍ നടന്നത്. സുഗ്രീവന്‍റെ കഷ്ടകാലം അവസാനിക്കാറായി എന്ന് തോന്നുന്നു. അതാണ് ഇവരുമായി ബന്ധപ്പെടാനായത്. രണ്ടുപേരും വീരശൂര പരാക്രമികളാണെന്ന് ഒറ്റ നോട്ടത്തിലറിയാം. സദാ മനസ്സില്‍ തോന്നിയിരുന്ന രൂപമാണ് ശ്രീരാമന്‍റേത് എന്നു തോന്നി.


പറഞ്ഞതുപോലെ പെട്ടെന്നുതന്നെ ഹനുമാന്‍ തിരിച്ചെത്തി. '' ഭവാന്മാര്‍ക്ക് സ്വാഗതം. സുഗ്രീവന്‍ കാത്തിരിക്കുന്നു. നമുക്ക് അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെല്ലാം ''. രണ്ടു പേരേയും തോളിലേറ്റി ഹനുമാന്‍ നടന്നു.


'' നിന്തിരുവടിയുടെ ഇംഗീതം നിറവേറ്റാന്‍ അടിയങ്ങള്‍ക്ക് സന്തോഷമേയുള്ളു '' സുഗ്രീവന്‍ പറഞ്ഞു '' അതിനു മുമ്പ് ചില കാര്യങ്ങള്‍ ഉണര്‍ത്തിക്കാനുണ്ട് ''.


ശ്രീരാമന്‍ സമ്മതം മൂളിയതോടെ സുഗ്രീവന്‍ പറഞ്ഞു തുടങ്ങി. ''ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാനും മന്ത്രിമാരും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആകാശത്തു നിന്നും ഒരു സ്ത്രി കരയുന്ന ശബ്ദം കേട്ടു. ഞങ്ങള്‍ നോക്കുമ്പോള്‍ സുന്ദരിയായ യുവതിയെ ബലാല്‍ക്കാരേണ ഒരു രാക്ഷസന്‍ വിമാനത്തില്‍ കൊണ്ടുപോവുകയാണ്. ഞങ്ങളെ കണ്ടതും ആ സ്ത്രീ ഉത്തരീയത്തില്‍ ആഭരണങ്ങള്‍ പൊതിഞ്ഞ് ഞങ്ങളുടെ മുന്നിലിട്ടു. സീതാദേവിയുടേതാണോ അവ എന്ന് ഭവാന്‍ പരിശോധിച്ച് ഉറപ്പ് വരുത്തുക ''.


ആഭരണങ്ങള്‍ സീതയുടേത് തന്നെയാണ്. ശ്രീരാമന്‍റെ കണ്ണുകള്‍ നിറഞ്ഞു. '' ഇതെല്ലാം എന്‍റെ പ്രിയപത്നിയുടേതാണ് '' അദ്ദേഹം പറഞ്ഞു.


'' എങ്കില്‍ എത്രയും പെട്ടെന്ന് അവരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നാം തുടങ്ങണം '' സുഗ്രീവന്‍ പറഞ്ഞു '' പക്ഷെ എന്തു ചെയ്യാം. എനിക്ക് ഇവിടം വിട്ടു പോവാനാവില്ലല്ലോ ''.


'' എന്തു കൊണ്ടാണ് ഭവാന് ഇവിടം വിട്ടു പോവാനാവാത്തത് '' ശ്രീരാമന്‍ കാരണം ചോദിച്ചു.


'' കുറച്ചു കാലം മുമ്പ് നടന്ന സംഭവമാണ് '' സുഗ്രീവന്‍ പറഞ്ഞു തുടങ്ങി '' മായാവി എന്നൊരു അസുരന്‍ എന്‍റെ ജ്യേഷ്ഠന്‍ ബാലിയെ പോരിനു വിളിച്ചു. ജ്യേഷ്ഠന്‍റെ താഡനങ്ങളേറ്റ് അത്യന്തം പരവശനായ അവന്‍ ഒരു ഗുഹയില്‍ ഓടിയൊളിച്ചു. അവനെ തിരഞ്ഞു ചെന്ന ജ്യേഷ്ഠനോടൊപ്പം ഞാനും പോയിരുന്നു. ഗുഹയുടെ കവാടം ഭീമമായ ഒരു പാറകൊണ്ടടച്ച് കാവല്‍ നില്‍ക്കുവാനും മായാവി മരിച്ചാല്‍ പാല്‍ ഒഴുകി വരുമെന്നും അപ്പോള്‍ ഗുഹാമുഖം തുറക്കണമെന്നും രക്തമാണ് വരുന്നതെങ്കില്‍ ജ്യേഷ്ഠന്‍ മരിച്ചുപോയെന്ന് കരുതി രാജധാനിയിലേക്ക് തിരിച്ചു പോവണമെന്നും എന്നെ ഏല്‍പ്പിച്ച് രാക്ഷസനെ കൊല്ലാന്‍ ജ്യേഷ്ഠന്‍ ഗുഹയുടെ അകത്തേക്ക് കയറി. മാസം ഒന്ന് കഴിഞ്ഞു. ഒരു ദിവസം ഗുഹയില്‍ നിന്ന് രക്തം ഒഴുകി വന്നു. അകത്തു നിന്ന് കരച്ചിലും ഉയര്‍ന്നുകേട്ടു. ജ്യേഷ്ഠന്‍ മരിച്ചെന്നു കരുതി സങ്കടത്തോടെ ഞാന്‍ കിഷ്കിന്ധയിലേക്ക് മടങ്ങിപ്പോയി. ഒട്ടും വൈകാതെ വാനരന്മാര്‍ എന്നെ രാജാവായി അഭിഷേകം ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ തിരിച്ചെത്തി. ഗുഹയുടെ പ്രവേശന കവാടം മനപ്പൂര്‍വ്വം അടച്ച് സ്ഥലം വിട്ടതാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം എന്നെ കൊല്ലാനൊരുങ്ങി. എന്‍റെ ഭാര്യയേയും രാജ്യത്തേയും കൈക്കലാക്കി എന്നു മാത്രമല്ല എന്‍റെ പ്രാണനെടുക്കും എന്നും പറഞ്ഞാണ് ജ്യേഷ്ഠന്‍ കഴിയുന്നത്. ഞാനാകട്ടെ എല്ലാം ഉപേക്ഷിച്ച് പ്രാണഭയത്തോടെ ഇവിടെ കഴിയുന്നു ''.


'' എങ്കില്‍ എന്തുകൊണ്ട് ബാലി ഇവിടെ വരുന്നില്ല '' ശ്രീരാമന്‍ ചോദിച്ചു.


'' ഋഷ്യമൂകാദ്രിയില്‍ പ്രവേശിച്ചാല്‍ തല പൊട്ടിത്തെറിക്കുമെന്ന് ജ്യേഷ്ഠന് മാതംഗമുനിയുടെ ശാപം ഉണ്ട്. ആ ധൈര്യത്തിലാണ് ഞാന്‍ ഇവിടെ വസിക്കുന്നത് ''.


'' എങ്കില്‍ ഇനി വൈകിക്കേണ്ടാ '' ഹനുമാന്‍ പറഞ്ഞു '' കിഷ്ക്കിന്ധാധിപന്‍റെ ശത്രുവിനെ കൊന്ന് നിന്തിരുവടി അദ്ദേഹത്തെ രക്ഷിക്കണം. പകരം സീതാദേവിയെ വീണ്ടെടുക്കുന്നതിന്ന് വാനരന്മാര്‍ സഹായിക്കണം. രണ്ടു കൂട്ടരും സഖ്യത്തില്‍ ഏര്‍പ്പെടുകയല്ലേ ''.


ആര്‍ക്കും അതില്‍ വിയോജിപ്പ് ഇല്ലായിരുന്നു. അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ അഗ്നി ജ്വലിപ്പിച്ച് ശ്രീരാമനും സുഗ്രീവനും സഖ്യത്തില്‍ ഏര്‍പ്പെട്ടു. എങ്കിലും ബാലിയെ കൊല്ലാനാവുമോ എന്ന കാര്യത്തില്‍ സുഗ്രീവന് സംശയം ഉണ്ടായിരുന്നു. ശ്രീരാമനോട് അത് പറയുകയും ചെയ്തു.


'' എന്‍റെ ബാഹുബലം എങ്ങിനെയാണ് കാണിച്ചു തരേണ്ടത് '' ശ്രീരാമന്‍ ചോദിച്ചു.


'' ദുന്ദുഭിയുടെ തലയാണ് ആ കിടക്കുന്നത്. ഭീമാകാരമായ അതിനെ എടുത്തെറിയാന്‍ കഴിയുമോ '' സുഗ്രീവന്‍ ചോദിച്ചു. കാലിന്‍റെ പെരുവിരല്‍കൊണ്ട് ശ്രിരാമന്‍ അതിനെ പൊക്കി ദൂരേക്കെറിഞ്ഞു.


'' ഇനിയെന്താ ചെയ്യേണ്ടത് '' അദ്ദേഹം ചോദിച്ചു.


'' ആ കാണുന്ന സാലവൃക്ഷങ്ങളെ നോക്കൂ. വട്ടത്തില്‍ നില്‍ക്കുന്ന ആ മരങ്ങളെ ഒരേ ഒരമ്പുകൊണ്ട് ഭേദിക്കാനാവുമോ ''. രാമബാണം ഏഴു മരങ്ങളേയും തകര്‍ത്ത് തൂണീരത്തിലേക്ക് മടങ്ങിയെത്തി.


'' എന്‍റെ സംശയം തീര്‍ന്നു '' സുഗ്രീവന്‍ തൊഴുതു.


'' എങ്കില്‍ ബാലിയോട് മല്ലയുദ്ധത്തിന് ഒരുങ്ങിക്കോളൂ. പോരിനിടെ ഞാന്‍ അവനെ വധിക്കുന്നുണ്ട് ''. സുഗ്രീവന്‍ മനസ്സുകൊണ്ട് പോരിനൊരുങ്ങി.

3 comments:

  1. ബാലിയ്ക്ക് വേണ്ടി വാദിക്കാന്‍ ആരെങ്കിലുമുണ്ടോ..?

    ReplyDelete
  2. അമ്പേറ്റു വീണ ശേഷം ബാലിതന്നെ ശ്രീരാമന്‍റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്യുന്നുണ്ട്. അതിന് ഭഗവാന്‍ ഉചിതമായി മറുപടി നല്‍കുന്നുമുണ്ട്.

    ReplyDelete
  3. ബാലിക്ക് എതിരെ ഒളിയമ്പ് എയ്തത് എനിക്ക് ശരി എന്ന് തോന്നുന്നില്ല.

    ReplyDelete