Tuesday, July 31, 2012

നിഴലായ് എന്നുമൊപ്പം - അദ്ദ്യായം - 17.

പൂവിതള്‍ - 17.

ദക്ഷിണ ദിക്കിലേക്കു നോക്കി ഹനുമാന്‍ പര്‍വ്വത ശിഖരത്തില്‍ നിന്നു. താഴെ സമുദ്രം ശാന്തമായി ഉറങ്ങുന്നു. ഇരു കരങ്ങളും വിടര്‍ത്തി വാലും പൊക്കി പിടിച്ച് ഏകാഗ്ര ചിത്തനായി ഒരു നിമിഷം ശ്രീരാമനെ ധ്യാനിച്ച ശേഷം ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി.


ഒരു കൊള്ളിയാന്‍ കണക്കെ ആകാശത്തിലൂടെ പാഞ്ഞു പോകുന്നതിനിടയില്‍ ഹനുമാന് അകലെ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് എന്തോ ഉള്ളതായി തോന്നി. ഭീമാകാരമായ ഒരു സ്ത്രീരൂപമാണ് അതെന്ന് നിമിഷങ്ങള്‍ക്കകം മനസ്സിലായി. അതൊന്നും വക വെക്കാതെ മുന്നോട്ടു നീങ്ങാന്‍ തന്നെ മനസ്സില്‍ നിശ്ചയിച്ചു.


'' എടോ, വാനരാ. ഞാന്‍ ഇവിടെ നില്‍ക്കുന്നത് കാണുന്നില്ലേ '' അവള്‍ അലറി '' സുരാസു എന്നാണ് എന്‍റെ നാമധേയം. ഭയാശങ്കകളൊന്നുമില്ലാതെ ഈ വഴിയിലൂടെ വരുന്നവരെ ഭക്ഷിച്ചു കൊള്ളാനാണ് ഈശ്വര നിയോഗം . എനിക്കാണെങ്കില്‍ അതിയായ വിശപ്പുമുണ്ട്. അതിനാല്‍ എത്രയും വേഗം നീ എന്‍റെ വായില്‍ പ്രവേശിക്കുക ''.


'' ശ്രീരാമന്‍റെ കല്‍പ്പനയനുസരിച്ച് സീതാന്വേഷണത്തിന്നായി ഇറങ്ങിയതാണ് ഞാന്‍ '' ഹനുമാന്‍ മറുപടി നല്‍കി '' ദേവിയുടെ വൃത്താന്തം അറിഞ്ഞ ശേഷം തിരിച്ചു ചെന്ന് എനിക്ക് അദ്ദേഹത്തെ അതെല്ലാം ബോധിപ്പിക്കാനുണ്ട്. വേണമെങ്കില്‍ പിന്നീട് ഞാന്‍ എത്തിക്കോളാം. ഇപ്പോള്‍ എന്‍റെ വഴി മുടക്കരുത് ''.


'' സാദ്ധ്യമല്ല '' കൈകൂപ്പി നില്‍ക്കുന്ന ഹനുമാനോട് അവള്‍ പറഞ്ഞു.


'' അങ്ങിനെയാണ് തീരുമാനമെങ്കില്‍ വായ തുറന്നോളൂ '' ഹനുമാന്‍ തന്‍റെ ശരീരം ഒരു യോജന വലുപ്പമുള്ളതാക്കി. ഉടനെ സുരാസു രണ്ടു യോജന വലുപ്പത്തില്‍ വായ തുറന്നു. വാനര വീരന്‍ ശരീരം അഞ്ചു യോജനയാക്കി. സുരാസു വദനം പത്തു യോജനയും. ഒന്നു രണ്ടു തവണ കൂടി ഈ പ്രക്രിയ തുടര്‍ന്നു. പെട്ടെന്ന് ഹനുമാന്‍ തന്‍റെ ശരീരം തീരെ ചെറുതാക്കി സുരാസുവിന്‍റെ വായില്‍ കടന്ന് ചെവിയിലൂടെ പുറത്ത് ചാടി.


'' പ്രണാമം മാതാവേ . ഞാന്‍ പോവുകയാണ് '' അദ്ദേഹം പറഞ്ഞു.


സുരാസു ചിരിച്ചു. '' നിന്‍റെ ബലവും ധൈര്യവും വേഗവും വിവേകവുമെല്ലാം പരീക്ഷിച്ചറിയാനായി ദേവന്മാര്‍ എന്നെ നിയോഗിച്ചതാണ്. ഒട്ടുംവൈകാതെ നീ സീതാ വൃത്താന്തം അറിഞ്ഞ് ശ്രീരാമനോട് ചെന്നു പറയുക. രാക്ഷസവംശത്തെ അദ്ദേഹം ഉന്മൂലനം ചെയ്യട്ടെ. വിജയീ ഭവ ''. മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.


പെട്ടെന്നാണ് സമുദ്രത്തില്‍ നിന്നും ഒരു പര്‍വ്വത ശിഖരം പൊങ്ങി വന്നത്. അല്‍പ്പനേരം വിശ്രമിച്ച് ക്ഷീണമകറ്റി, ദാഹവും വിശപ്പും തീര്‍ത്തു പോവാമെന്നു പറഞ്ഞ് ഗിരിശൃംഗം ഹനുമാനെ ക്ഷണിച്ചു. താന്‍ രാമ കാര്യാര്‍ത്ഥം പോവുകയാണെന്നും വഴിയില്‍ സല്‍ക്കാരങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് അനുചിതമാണെന്നും പറഞ്ഞ് നില്‍ക്കാതെ നീങ്ങി.


കുറച്ചു ദൂരം ചെന്നതും മുന്നോട്ട് നീങ്ങാനാവാത്ത അവസ്ഥയായി. എന്തോ പിടിച്ചു നിര്‍ത്തുന്നതു പോലെ. ജാംബവാന്‍ മുന്നറിയിപ്പ് തന്നത് ഓര്‍മ്മയിലെത്തി. ഇത് സിംഹികയായിരിക്കും. ഈ വഴി കടന്നു പോവുന്നവരുടെ നിഴലില്‍ പിടിച്ചു നിര്‍ത്തി അവരെ ഭക്ഷിക്കുന്ന രാക്ഷസി. താഴോട്ട് നോക്കി. ശരിയാണ്. ഇത് അവള്‍ തന്നെ. ഇടത്തുകൈകൊണ്ട് ഊക്കോടെ അവളുടെ ശിരസ്സില്‍ ഒരു പ്രഹരം നല്‍കി. രാക്ഷസി മരിച്ചു വീണൂ. പിന്നീട് ഒരു വിഘ്നവും കൂടാതെ ലങ്കാപുരിയിലെത്തി.


ഗോപുരത്തിന്നു മുകളിലിരുന്ന് ചുറ്റുപാടും നോക്കി. എത്ര മനോഹരമായ സ്ഥലമാണിത്. കണ്ണിന് കുളിരു പകരുന്ന കാഴ്ച. സമുദ്രത്തിന്‍റെ മാറിടത്തില്‍ ചേര്‍ന്നു കിടക്കുന്ന പതക്കംപോലെയുണ്ട് ഈ സ്ഥലം. എവിടെ നോക്കിയാലും കൂറ്റന്‍ മതില്‍ക്കെട്ടുകളും കിടങ്ങുകളും ആണ് കാണാനുള്ളത്. എങ്ങിനെ അകത്ത് കടക്കും എന്ന് ആലോചിച്ചു. കൃശഗാത്രനായി മാറിയാല്‍ ആരുടേയും കണ്ണില്‍പെടാതെ അകത്തെത്താം.


ശ്രീരാമനെ മനസ്സില്‍ ധ്യാനിച്ചു. ദേഹം കടുകു മണിയുടെ വലുപ്പത്തിലാക്കി. ഇടത്തു കാല്‍ വെച്ച് അകത്തേക്ക് കടക്കാന്‍ ഒരുങ്ങിയതും കാതടപ്പിക്കുന്ന ഒച്ച ചെവിയിലെത്തി. ''ആരും കാണാതെ അകത്ത് കടക്കാന്‍ നോക്കുക്കയാണോ '' നോക്കുമ്പോള്‍ മുന്നില്‍ ലങ്കാശ്രീ '' എന്‍റെ കണ്ണു വെട്ടിച്ച് ഒരു ജീവിക്കും ഇതിനകത്ത് കയറാനാവില്ല '' ദേഹം പൂര്‍വ്വ സ്ഥിതിയിലാക്കി. എന്തെങ്കിലും പറയും മുമ്പ് അവളുടെ കൈ ദേഹത്ത് പതിഞ്ഞു. വര്‍ദ്ധിച്ച കോപത്തോടെ വലതു കാലുയര്‍ത്തി അവളുടെ ദേഹത്ത് ഒരു ചവിട്ടു കൊടുത്തു.


'' അങ്ങയുടെ കൈക്കരുത്ത് എനിക്ക് ബോദ്ധ്യമായി '' രക്തം ഛര്‍ദ്ദിച്ച് നിലത്തു വീണ അവള്‍ രണ്ടു കയ്യും കൂപ്പി '' ഞാന്‍ ഇവിടം വിട്ട് പോവുകയാണ്. ലങ്കാപുരിയുടെയും രാക്ഷസകുലത്തിന്‍റേയും നാശമടുത്തു. ശിംശിപാ വൃക്ഷച്ചുവട്ടില്‍ രാക്ഷസികളുടെ നടുവിലായി ദുഃഖിച്ചിരിക്കുന്ന സീതയെ വൈകാതെ ചെന്നു കാണുക ''.


സകല ഐശ്വര്യങ്ങളുമായി ലങ്കാലക്ഷ്മി ഇറങ്ങി പോകുന്നതും നോക്കി ഹനുമാന്‍ നിന്നു.

3 comments:

  1. തടസ്സങ്ങള്‍ തരണം ചെയ്ത്...

    ReplyDelete
  2. ലോക സമാധാനത്തിന്നായി തടസ്സങ്ങള്‍ തരണം ചെയ്ത് മുന്നേറുകയാണ്.

    ReplyDelete
  3. സകല ഐശ്വര്യങ്ങളു മായി ലങ്കാലക്ഷമി ഇറങ്ങിപ്പോയി.. ഇനി എന്ത് ലങ്ക എന്ത് രാവണന്‍..?

    ReplyDelete