Monday, July 16, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 2.

പൂവിതള്‍ 2.

കാനനത്തിന്‍റെ കാല്‍ കഴുകിക്കൊണ്ട് ഒഴുകുന്ന കൊച്ചരുവിയിലെ പാറക്കെട്ടാണ് വിശ്രമത്തിന്നായി തിരഞ്ഞെടുത്തത്. ഏതെല്ലാമോ ജീവികളുടെ ശബ്ദം കേള്‍ക്കാനുണ്ട്. മുകളില്‍ ആകാശം ചാര്‍ത്തിയ നീല മേലാപ്പില്‍ നിലവിന് തുണയായി ഒരുപിടി നക്ഷത്രങ്ങള്‍ ഇടം പിടിച്ചിരിക്കുന്നു. ഓര്‍മ്മയുടെ കയത്തില്‍ ലക്ഷ്മണന്‍ മുങ്ങി തുടിക്കുകയാണ്. സ്മൃതിപഥത്തിലേക്ക് തിക്കിത്തിരക്കി കേറിവരുന്ന ചിന്താശകലങ്ങളെ കണ്ടു നാണിച്ച് നിദ്ര ആശ്ലേഷിക്കാന്‍ മടിച്ച് മാറി നില്‍ക്കുന്നു. കൊട്ടാരത്തിലെ ഹംസതൂലികശയ്യക്കു പകരം കരിമ്പാറക്കൂട്ടത്തിലാണ് ഇപ്പോഴത്തെ കിടപ്പ്. യാഗരക്ഷ എന്ന ദൌത്യം മഹര്‍ഷി ഏല്‍പ്പിച്ചതിന്‍റെ ഫലം. മനുഷ്യ ജീവിതം ഇങ്ങിനെയാണ്. ആകസ്മികമായ സംഭവങ്ങള്‍ അതിന്‍റെ സ്വാഭാവികമായ ഒഴുക്കിന്‍റെ ഗതി മാറ്റുന്നു.


ലക്ഷ്മണന്‍ എഴുന്നേറ്റ് ചുറ്റും നോക്കി. മഹര്‍ഷിയും ജ്യേഷ്ഠനും ഗാഢനിദ്രയിലാണ്. എന്തൊരു തേജസ്സാണ് ജ്യേഷ്ഠന്. സ്ഥായിയായ മന്ദഹാസം മുഖത്ത് ഇപ്പോഴുമുണ്ട്. ഒരു നിഴല്‍പോലെ ആ കാലടികള്‍ പിന്‍തുടരാന്‍ കഴിയുന്നതുതന്നെ ഭാഗ്യമല്ലേ.


ജനനം മുതല്‍ രണ്ടുപേരും തമ്മില്‍ അഭേദ്യമായ ബന്ധമാണത്രേ. സുമിത്ര രാജ്ഞിയുടെ നവജാത ശിശുക്കളില്‍ ആദ്യത്തെയാള്‍ പിറന്ന ദിവസം നിര്‍ത്താതെ കരഞ്ഞതും രാജഗുരുവിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് കുഞ്ഞിനെ പട്ട മഹിഷിയുടെ പുത്രന്‍റെ അരികെ കൊണ്ടുപോയി കിടത്തിയതോടെ കരച്ചില്‍ നിലച്ചതും അന്തപ്പുരത്തിലെ പരിചാരികമാര്‍ പറഞ്ഞു കേട്ട അറിവാണ്. മുതിര്‍ന്ന ശേഷം ഊണിലും ഉറക്കത്തിലും രണ്ടുപേരും ഒന്നിച്ചാണ്. എത്ര വിശിഷ്ട ഭോജ്യം ലഭിച്ചാലും പ്രിയപ്പെട്ട അനുജന്‍ എത്താതെ രഘുരാമന്‍ ഭക്ഷിക്കാറില്ല എന്നത് സത്യമാണ്.


അനപത്യ ദുഃഖം ബാധിച്ച ദശരഥ മഹാരാജാവ് പുത്രകാമേഷ്ടി യാഗം നടത്തിയതും യാഗാഗ്നിയില്‍ നിന്ന് ഒരു ദിവ്യ പുരുഷന്‍ പായസപാത്രവുമായി വന്ന് രാജ്ഞിമാര്‍ക്ക് ആ പായസം ഭക്ഷിപ്പാനായി നല്‍കാന്‍ ആവശ്യപ്പെട്ടതും രാജാവ് കൌസല്യ കൈകേയി എന്നിവര്‍ക്ക് മാത്രം ആയത് നല്‍കിയതും ഇരുവരും തങ്ങള്‍ക്ക് കിട്ടിയതില്‍ നിന്ന് ഓരോ ഓഹരി വീതം രാജ്ഞി സുമിത്രക്ക് നല്‍കിയതുമാണ് ഒരു ദിനരാത്രത്തിന്‍റെ വ്യത്യാസത്തില്‍ ജനിച്ച രണ്ടു മക്കള്‍ തമ്മില്‍ ഇത്രയേറെ മമത തോന്നാനുള്ള കാരണം എന്നതും പറഞ്ഞു കേട്ട വേറൊരു കഥ.


രാവിന്‍റെ ഏത് യാമത്തിലാണ് ഉറക്കത്തിലേക്ക് വഴുതി വീണതെന്ന് അറിയില്ല. വിശ്വാമിത്ര മഹര്‍ഷി ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ വിളിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. സ്നാനവും പ്രഭാത വന്ദനവും കഴിഞ്ഞ് മുനിയോടൊപ്പം പുറപ്പെടുമ്പോള്‍ പ്രഭാത കിരണങ്ങള്‍ ഭൂമിയില്‍ പതിക്കാന്‍ തുടങ്ങിയിരുന്നു.


ഹാര്‍ദ്ദമായ സ്വീകരണമാണ് ആശ്രമവാസികള്‍ നല്‍കിയത്. സല്‍ക്കാരത്തിന്നു ശേഷം അല്‍പ്പനേരം വിശ്രമിച്ചു.


'' മഹാത്മന്‍ '' ശ്രീരാമന്‍ മഹര്‍ഷിയോട് പറഞ്ഞു '' ഒട്ടും വൈകാതെ യാഗം ആരംഭിച്ചാലും. അത് മുടക്കാനെത്തുന്ന ദുഷ്ടന്മാരായ നിശാചരന്മാരെ ഞങ്ങള്‍ ഉന്മൂലനാശം വരുത്തുന്നുണ്ട് ''. യാഗം അധികം വൈകാതെ രാക്ഷസന്മാര്‍ കൂട്ടമായി എത്തി. ആകാശത്ത് നിന്നുകൊണ്ട് അവര്‍ രക്തവൃഷ്ടി തുടങ്ങി.


'' ആ കാണുന്നത് മാരീചനും സുബാഹുവുമാണ്. മായാവികളായ അവരാണ് ഈ രാക്ഷസന്മാരെ നയിക്കുന്നത് '' വിശ്വാമിത്ര മഹര്‍ഷി ചൂണ്ടി കാട്ടി.


'' അവരെ രണ്ടുപേരേയും ഞാന്‍ നോക്കിക്കോളാം. കുമാരന്‍ മറ്റുള്ളവരെ നേരിടും '' ജ്യേഷ്ഠന്‍ ആ പറഞ്ഞതിന്ന് പുറകെ ദിവ്യമായ രണ്ട് അസ്ത്രങ്ങള്‍ മാരീചന്‍റേയും സുബാഹുവിന്‍റേയും നേര്‍ക്ക് തൊടുത്തു. സുബാഹു കൊല്ലപ്പെടുന്നതു കണ്ട മാരീചന്‍ പ്രാണരക്ഷാര്‍ത്ഥം ഓടാന്‍ തുടങ്ങി. ആ രാക്ഷസനെ രാമബാണം പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. നിവൃത്തിയില്ലാതെ അവന്‍ രാമ പാദങ്ങളില്‍ അഭയം തേടിയെത്തി.


'' അഭയം തേടി വന്നവനെ വധിക്കുന്നത് ശരിയല്ല. അതിനാല്‍ നിന്നെ ഞാന്‍ വെറുതെ വിടുന്നു '' ജ്യേഷ്ഠന്‍റെ വാക്കുകള്‍ കേട്ടതും മാരീചന്‍ സാഷ്ടാംഗം നമസ്ക്കരിച്ചു. മേലാല്‍ യാതൊരു വിധ ദുഷ്പ്രവര്‍ത്തിയും താന്‍ ചെയ്യില്ലെന്ന് ശപഥംചെയ്ത് അവന്‍ നടന്നകന്നു. ഇതിനോടകം സ്വന്തം ചാപത്തില്‍ നിന്ന് മലവെള്ളം പോലെ ഒഴുകിയ ബാണങ്ങളേറ്റ് രാക്ഷസപ്പട മുഴുവന്‍ നിലം കഴിഞ്ഞിരുന്നു.

ദേവദുന്ദുഭിനാദം കേട്ടു തുടങ്ങി. ആകാശത്തു നിന്ന് ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തുന്നുണ്ട്. യക്ഷ കിന്നര ഗന്ധര്‍വ്വന്മാര്‍ സ്തുതിഗീതങ്ങള്‍ ആലപിക്കുന്നു. ആശ്രമവാസികളെല്ലാം സന്തുഷ്ടരായി മാറി. വിശ്വാമിത്ര മഹര്‍ഷിയുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ കാണാനുണ്ട്. മൂര്‍ദ്ധാവില്‍ കൈവെച്ച് അദ്ദേഹം ഇരുവരേയും ആശീര്‍വദിച്ചപ്പോള്‍ മനസ്സില്‍ സംതൃപ്തി നിറഞ്ഞു.


യാഗം നിര്‍വിഘ്നം നടന്നു. മുനിജനം സന്തുഷ്ടരായി. മൂന്നു ദിവസം ഓരോരോ പുരാണങ്ങളും ശ്രവിച്ച് താപസന്മാരോടൊത്ത് കഴിഞ്ഞു കൂടി.


'' മിഥിലാപുരിയില്‍ ഒരു മഹായജ്ഞം നടക്കുന്നുണ്ട് '' നാലാമത്തെ ദിവസം മഹര്‍ഷി അറിയിച്ചു '' കൈലാസനാഥന്‍റെ ത്രയംബകമെന്ന വില്ല് അവിടെയുണ്ട്. കാലവിളംബം കൂടാതെ ആ ദിവ്യചാപം ദര്‍ശിക്കാന്‍ നമുക്ക് ചെല്ലാം ''.


താപസന്മാരോട് വിട ചൊല്ലി മഹര്‍ഷിയുടെ പുറകെ രണ്ടുപേരും നടന്നു.

5 comments:

 1. രാമ..രാമ..രാമ..
  നല്ല ഉദ്യമം..
  രാമായണമാശംസകള്‍..

  ReplyDelete
 2. രാമകഥ വായിക്കുന്നു.

  ReplyDelete
 3. ശ്രീജിത്ത് മൂത്തേടത്ത്,
  ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാവട്ടെ. ആശംസകള്‍ക്കു നന്ദി.

  ajith,
  സന്തോഷമുള്ള കാര്യം.

  ReplyDelete
 4. മനുഷ്യ ജീവിതം ഇങ്ങിനെയാണ്. ആകസ്മികമായ സംഭവങ്ങള്‍ അതിന്‍റെ സ്വാഭാവികമായ ഒഴുക്കിന്‍റെ ഗതി മാറ്റുന്നു.
  correct

  ReplyDelete
 5. ശ്രീരാമനോടൊപ്പം നമുക്ക് നീങ്ങാം 

  ReplyDelete