Wednesday, July 18, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 4.

പൂവിതള്‍ - 4.

ഹുങ്കാര ശബ്ദം കേട്ടു തുടങ്ങി. " ചാപ വാഹകരാണ് '' രാജാവ് പറഞ്ഞു. താമസം വിന ഭീമാകാരമായ ചാപവുമേന്തി നിരവധിപേര്‍ കടന്നു വന്നു. മന്ത്രി പ്രമുഖന്‍ അരികത്ത് വന്നു വണങ്ങി.


'' നിന്തിരുവടി ദിവ്യമായ മൃത്യുശാസനചാപം തൃക്കണ്‍ പാര്‍ത്താലും '' അദ്ദേഹം പറഞ്ഞു. ജ്യേഷ്ഠന്‍ പരമേശ്വരന്‍റെ പള്ളിവില്ലിനെ വന്ദിക്കുകയാണ്.


'' കുമാരാ, മടിച്ചു നില്‍ക്കാതെ വില്ലെടുത്ത് കുലച്ചു നോക്കൂ '' വിശ്വാമിത്ര മഹര്‍ഷി പ്രോത്സാഹിപ്പിച്ചു '' ഇതുമൂലം മംഗളം മാത്രമേ ഉണ്ടാവുകയുള്ളു ''.


ജ്യേഷ്ഠന്‍റെ മുഖത്ത് മന്ദഹാസം തുളുമ്പി. ഒരു നിമിഷം ധ്യാനിച്ചു നിന്ന ശേഷം അദ്ദേഹം ആ ചാപം കയ്യിലെടുത്ത് കുലച്ചു. ലോകം നടുങ്ങുന്ന ശബ്ദത്തോടെ വില്ല് മുറിഞ്ഞു വീണു. ആ ശബ്ദത്തിന്‍റെ മാറ്റൊലി ഈരേഴു ലോകങ്ങളിലും എത്തിയിരിക്കണം. വാദ്യ ഘോഷങ്ങളും മംഗള സ്തുതികളും ഉയര്‍ന്നു. പാട്ടും ആട്ടവുമായി ജനങ്ങള്‍ ആഘോഷം തുടങ്ങികഴിഞ്ഞു. ആകാശത്തു നിന്ന് പൂമഴ പെയ്യുന്നുണ്ട്. ദേവകളും ആഹ്ലാദത്തില്‍ പങ്കു ചേരുകയാണോ.


തോഴിമാരോടൊപ്പം ജാനകി എഴുന്നള്ളി കഴിഞ്ഞു. ഭംഗിയേറിയ വസ്ത്രങ്ങളും അതി മനോഹരമായ സ്വര്‍ണ്ണരത്നാഭരണങ്ങളും ധരിച്ച അവര്‍ ശോഭ ചിതറുന്നുണ്ട്. പിതാവിന്‍റെ അനുജ്ഞയോടെ അവര്‍ ജ്യേഷ്ഠന്‍റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി.


'' ഈ വൃത്താന്തം വൈകാതെ അയോദ്ധ്യാപതിയെ അറിയിക്കണം '' വിശ്വാമിത്രന്‍ മഹാരാജാവിനോട് ആവശ്യപ്പെട്ടു. ഇരുവരും ആലോചിച്ച് തയ്യാറാക്കിയ സന്ദേശവുമായി ദൂതന്മാര്‍ അയോദ്ധ്യയിലേക്ക് നീങ്ങി.


വലിയൊരു സംഘമാണ് വിവാഹത്തിന്ന് എത്തിയത്. പിതാവിനോടൊപ്പം മൂന്ന് അമ്മമാരും ഭരത ശത്രുഘന്മാരും കുലഗുരു വസിഷ്ഠ മഹര്‍ഷിയും ഗുരുപത്നി അരുന്ധതിദേവിയും മുന്നിലുണ്ട്. അമാത്യന്മാരും അസംഖ്യം പടയാളികളും പരിചാരകന്മാരരും അവരെ അനുഗമിക്കുന്നു. ഒരു കൂട്ടം നര്‍ത്തകരും വാദ്യഘോഷങ്ങളും അകമ്പടിക്കുണ്ട്.


ഗോപുരകവാടത്തില്‍ വെച്ച് ജനകന്‍ അതിഥികളെ എതിരേറ്റു. വസിഷ്ഠ മഹര്‍ഷിയേയും ഗുരു പത്നിയേയും അര്‍ഘ്യപാദ്യാദികളാല്‍ പൂജിക്കുകയാണ് അതിനുശേഷം അദ്ദേഹം. ജ്യേഷ്ഠന്‍റെ പുറകെ പിതാവിനേയും മാതാക്കളേയും വണങ്ങിയ ശേഷം ലക്ഷ്മണന്‍ ഭരതന്‍റെ കാല്‍ക്കല്‍ നമസ്ക്കരിച്ചു.


'' എനിക്ക് നാല് കന്യകമാരുണ്ട്, അങ്ങേക്ക് നാല് പുത്രന്മാരും '' എല്ലാവരും ഉപവിഷ്ഠരായ ശേഷം ജനക രാജാവ് പിതാവിനോട് പറയുന്നത് കേട്ടു '' അവര്‍ തമ്മില്‍ വിവാഹിതരാകുന്ന പക്ഷം രണ്ട് കുലത്തിനും അത് ഗുണകരമാവുമല്ലേ. എന്താണ് അങ്ങയുടെ അഭിപ്രായം ''.


അപ്രതീക്ഷിതമായിട്ടാണ് ഓരോന്ന് സംഭവിക്കുന്നത്. യാഗരക്ഷയ്ക്കായി ഇറങ്ങിയതാണ്. ഇപ്പോള്‍ വിവാഹാലോചനയിലെത്തി. ദശരഥനും ജനകനും രണ്ടു മഹര്‍ഷിമാരും കൂടി ആലോചന തുടങ്ങി. മുഹൂര്‍ത്തം കുറിക്കപ്പെട്ടു.


''ശ്രീരാമന്‍ സീതയെ വേള്‍ക്കുന്ന മുഹൂര്‍ത്തത്തില്‍ തന്നെ ഭരതന്‍ ശ്രുതകീര്‍ത്തിയേയും ലക്ഷമണന്‍ ഊര്‍മ്മിളയേയും ശത്രുഘ്നന്‍ മാണ്ഡവിയേയും വിവാഹം ചെയ്യുന്നതാണ് '' രാജഗുരു സദസ്യരെ അറിയിച്ചു. കെങ്കേമമായിരുന്നു വിവാഹങ്ങള്‍. ഇരു രാജ്യങ്ങളുടേയും പ്രൌഡി എല്ലാ കാര്യത്തിലും കാണാനുണ്ടായിരുന്നു. സല്‍ക്കാരാദികള്‍ക്കും ശേഷം അയോദ്ധ്യയിലേക്ക് മടക്കയാത്ര തുടങ്ങി.


സന്തോഷത്തിനു മീതെ ഭീതിയുടെ കരിനിഴല്‍ എത്ര പെട്ടെന്നാണ് പരന്നത്. ക്ഷത്രിയ കുലത്തിന്‍റെ അന്തകനായ ഭാര്‍ഗ്ഗവരാമന്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് നില്‍ക്കുകയാണ്.


കോപിഷ്ഠനായ അദ്ദേഹത്തെ കണ്ടതും ഏവരും നടുങ്ങി. ഭക്തിപൂര്‍വ്വം പിതാവ് വണങ്ങിയിട്ടും അദ്ദേഹത്തിന്‍റെ കോപം തണുത്തില്ല. രക്ഷിക്കണേ എന്ന അപേക്ഷ നിഷ്ക്കരുണം തള്ളപ്പെട്ടു. ആ കൈകള്‍ ശ്രീരാമനെ ചൂണ്ടി. ഘനഗംഭീരമായ സ്വരം ഉയര്‍ന്നു.

'' ലോകത്ത് ഇന്നേവരെ ഒരു രാമനേയുള്ളു. ഭാര്‍ഗ്ഗവ രാമനായ ഞാന്‍ മാത്രം. ഇന്നിപ്പോള്‍ വേറൊരു രാമന്‍ ഉണ്ടായിരിക്കുന്നു. ദാശരഥി ശ്രീരാമന്‍. ശൈവചാപം ഖണ്ഡിച്ച ഉഗ്ര പരാക്രമിയാണല്ലോ നീ. എന്‍റെ കയ്യിലുള്ള വൈഷ്ണവചാപം ഞാന്‍ നിനക്കു തരാം. അത് ഉപയോഗിച്ച് എന്നെ നേരിടുക. അല്ലാത്ത പക്ഷം ഞാന്‍ സര്‍വ്വരേയും സംഹരിക്കുന്നുണ്ട് ''.


എല്ലാ മുഖങ്ങളിലും ഭീതി പരന്നു. ഭൂമിയും ആകാശവും ഒരുപോലെ കുലുങ്ങി. നദികള്‍ കലങ്ങി മറിഞ്ഞു. സാഗരങ്ങളില്‍ തിരമാലകള്‍ ആര്‍ത്തലച്ചു. അന്ധകാരം പൊടുന്നനെ കടന്നു വന്നതായി തോന്നി. ദിക്കുകള്‍ കണ്ണില്‍ നിന്ന് മാഞ്ഞു.


'' ബാഹുബലം കൊണ്ട് ബ്രഹ്മാണ്ഡം മുഴുവന്‍ സംഹരിക്കാന്‍ കെല്‍പ്പുള്ള അങ്ങേക്ക് ബാലനായ ഞാന്‍ ഒരു വിധത്തിലും സമനല്ല '' കൈകൂപ്പി മുന്നോട്ട് നീങ്ങി ജ്യേഷ്ഠന്‍ ഉണര്‍ത്തിക്കുകയാണ് '' എങ്കിലും അവിടുന്ന് ആവശ്യപ്പെട്ട പ്രകാരം ഞാന്‍ ശ്രമിച്ചു നോക്കാം. ഒരു പക്ഷെ എന്‍റെ ഉദ്യമം പരാജയപ്പെടുന്നുവെങ്കില്‍ എന്നോട് കരുണ കാണിക്കണം ''.


മന്ദഹാസം തൂകി വില്ല് ഏറ്റു വാങ്ങി ശ്രീരാമന്‍ അതു കുലച്ച് ബാണം തൊടുത്തപ്പോള്‍ ഈരേഴു ലോകങ്ങളിലും തേജസ്സ് നിറഞ്ഞു.


'' എന്‍റെ ബാണം നിഷ്ഫലമാവില്ല. ദയവായി എവിടേക്കാണ് എയ്യേണ്ടത് എന്ന് പറഞ്ഞു തരിക ''.ആ വാക്കുകള്‍ പരശുരാമനെ ആനന്ദഭരിതനാക്കിയെന്ന് തോന്നി. അദ്ദേഹം സ്തുതിഗീതങ്ങള്‍ ആലപിച്ചു തുടങ്ങി.


'' കര്‍മ്മഫലംകൊണ്ട് ഞാന്‍ ആര്‍ജ്ജിച്ച പുണ്യത്തെ ലാക്കാക്കി അസ്ത്രം പ്രയോഗിച്ചു കൊള്ളുക. എന്നിലുള്ള വൈഷ്ണവ ചൈതന്യം അങ്ങയില്‍ ലയിക്കട്ടെ ''.


'' അങ്ങിനെ ഭവിക്കട്ടെ '' ശ്രിരാമന്‍ മന്ദസ്മിതം തൂകി. അദ്ദേഹത്തെ കൈക്കൂപ്പി പ്രദക്ഷിണം ചെയ്ത ശേഷം തപസ്സ് ചെയ്യാനായി പരശുരാമന്‍ മഹേന്ദ്രാചലത്തിലേക്ക് നടന്നകന്നു.

5 comments:

 1. രാമ.രാ..രാമ..
  സീതാപതേ രാമ..രാമ..

  ReplyDelete
 2. വായന തുടരുന്നുണ്ട്

  ReplyDelete
 3. ഞാന്‍ രാമായണം വായിച്ചു ഇവിടെ വരെ എത്തി ഇന്ന്... നമ്മള്‍ രണ്ട് പേരും ഒരേ വേഗത്തില്‍ ആണ് പോകുനത്.. അങ്ങനെ ബാലകാണ്ഡം സമാപ്തം ആയി അല്ലെ?

  ReplyDelete
 4. ശ്രീജിത്ത് മൂത്തേടത്ത്,
  രാമ രാമ രാമ രാമ രാമ രാമ പാഹിമാം 

  ajith,
  സന്തോഷം. വായന തുടരൂ.

  VIGNESH.J.NAIR,
  32 ദിവസങ്ങള്‍കൊണ്ട് രാമായണം മുഴുമിക്കണ്ടേ. അപ്പോള്‍ ഇത്രയും ഭാഗം വായിച്ചെത്തണം.യുദ്ധകാണ്ഡം മാത്രം മറ്റു കാണ്ഡങ്ങളെല്ലാം ചേര്‍ന്നത്ര ഉണ്ട്.

  ReplyDelete
 5. '' കര്‍മ്മഫലംകൊണ്ട് ഞാന്‍ ആര്‍ജ്ജിച്ച പുണ്യത്തെ ലാക്കാക്കി അസ്ത്രം പ്രയോഗിച്ചു കൊള്ളുക. എന്നിലുള്ള വൈഷ്ണവ ചൈതന്യം അങ്ങയില്‍ ലയിക്കട്ടെ ''.

  ഇതിനാണ് അടി ഉള്ളിടത് ചെകിട് കാണിച്ചു കൊടുക്കുക എന്ന് പറയുക അല്ലെ.

  ReplyDelete