Thursday, July 19, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 5.

പൂവിതള്‍ - 5.

സരയൂ നദിയിലെ ജലത്തിനൊപ്പം ദിനരാത്രങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു. അയോദ്ധ്യയില്‍ ഏവരും സന്തോഷത്തിലാണ്. സമ്പത്തും സല്‍പ്പേരും ദിവസംതോറും വര്‍ദ്ധിച്ചു വന്നു. ഭരത ശത്രുഘ്നന്മാര്‍ കേകയ രാജാവിന്‍റെ ക്ഷണമനുസരിച്ച് അങ്ങോട്ട് പോയതൊഴിച്ചാല്‍ കൊട്ടാരത്തെ സംബന്ധിച്ച് മറ്റു സംഭവളൊന്നും ഉണ്ടായിട്ടില്ല.


ശ്രിരാമന്‍ അന്വേഷിച്ചതായി അറിഞ്ഞതും ലക്ഷ്മണന്‍ ധൃതിയില്‍ അദ്ദേഹത്തിനെ കാണാന്‍ ചെന്നു. ജ്യേഷ്ഠന്‍ സന്തോഷവാനായാണ് കാണപ്പെട്ടത്. ചിരിച്ചുകൊണ്ട് അദ്ദേഹം എതിരേറ്റു.


'' താതന്‍ ഗുരുഭൂതനോടൊപ്പം എഴുന്നള്ളിയിരുന്നു. ഇപ്പോള്‍ വിടകൊണ്ടതേയുള്ളു '' ജ്യേഷ്ഠന്‍ മൊഴിഞ്ഞു. പിതാവിനെ അങ്ങോട്ടു ചെന്ന് കാണുകയാണ് പതിവ്. ഇന്ന് അദ്ദേഹം ഇങ്ങോട്ടു വരാനെന്താ കാരണം. മനസ്സില്‍ തോന്നിയ സംശയം ജ്യേഷ്ഠന്‍ അറിഞ്ഞുവെന്നു തോന്നുന്നു.


'' കുമാരാ, സന്തോഷം നല്‍കുന്ന ഒരു വൃത്താന്തമുണ്ട്. നാളെ എന്‍റെ അഭിഷേകമാണെന്ന് അവര്‍ പറയുന്നു ''. ആഹ്ലാദംകൊണ്ട് ശ്വാസം നിലയ്ക്കുമോ എന്ന് തോന്നി. ജ്യേഷ്ഠനെ കെട്ടി പിടിച്ചു നിന്നു.


'' ഭരതനും ശത്രുഘ്നനും സ്ഥലത്തില്ലാത്തതില്‍ വിഷമമുണ്ട്. പക്ഷെ നാളത്തെ കഴിഞ്ഞാല്‍ അടുത്തൊന്നും നല്ല ഒരു ശുഭ മുഹൂര്‍ത്തം ഇല്ലത്രേ ''.


'' അതോര്‍ത്ത് കുണ്ഡിതപ്പെടണ്ടാ. വിവരം അറിയുമ്പോള്‍ അവര്‍ സന്തോഷിക്കുകയേ ഉള്ളു '' ജ്യേഷ്ഠനെ ആശ്വസിപ്പിച്ചു.


'' അഭിഷേകം കഴിഞ്ഞാലും നമ്മുടെ രീതികളില്‍ ഒരു മാറ്റവും ഇല്ല. സ്ഥാനം എനിക്കാണെങ്കിലും ചുമതലകള്‍ നിര്‍വ്വഹിക്കുക കുമാരനായിരിക്കും. എന്‍റെ ശരീരത്തിന്ന് പുറത്തുള്ള ഹൃദയമായിട്ടാ ഞാന്‍ കുമാരനെ കാണുന്നത് ''.


ആ മഹാമനസ്ക്കതയ്ക്ക് മുമ്പില്‍ മനസാ പ്രണമിച്ചു. പക്ഷെ അതേക്കുറിച്ച് ചിന്തിച്ചിരിക്കാനുള്ള സമയമല്ലല്ലോ ഇത്. നാളെ രാവിലേക്ക് ഏതാനും നാഴികകളല്ലേ ബാക്കിയുള്ളു. അതിനിടയില്‍ എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്. ആ കാര്യം സൂചിപ്പിച്ചു.


'' എങ്കില്‍ കുമാരന്‍ വേണ്ടതെല്ലാം ചെയ്തു കൊള്‍ക ''. അനുമതി ലഭിച്ചതോടെ അഭിഷേകത്തിന്നു വേണ്ടിയുള്ള സന്നാഹങ്ങള്‍ പരിശോധിക്കാന്‍ ചെന്നു. സുമന്ത്രരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുകയാണ്. രാവേറെ ചെല്ലുന്നതുവരെ എല്ലാം വീക്ഷിച്ച് നിന്നു.


അരുണോദയത്തിന്ന് മുമ്പേ ജ്യേഷ്ഠന്‍ വിളിക്കുന്നത് കേട്ടു. പുറത്ത് സുമന്ത്രരോടൊപ്പം അദ്ദേഹം കാത്തു നില്‍ക്കുകയാണ്.


'' പിതാവ് കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. നമുക്ക് ഉടനെ പോകണം '' ജ്യേഷ്ഠന്‍ പറഞ്ഞു.


ഇരുവരും തേരില്‍ കയറി രാജാവിന്‍റെ വിശ്രമ മന്ദിരത്തിലേക്ക് പുറപ്പെട്ടു. രാജവീഥിയില്‍ ജനങ്ങള്‍ കൂടി നില്‍ക്കുകയാണ്. അഭിഷേക ചടങ്ങുകള്‍ കാണാന്‍ എത്തിയവരായിരിക്കണം. തെരുവിന്‍റെ രണ്ടു വശവും കൊടിതോരണാദികള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഗായക സംഘങ്ങളും നര്‍ത്തകരും ഒരുങ്ങി നില്‍പ്പുണ്ട്. രഥം നിര്‍ത്തി അകത്തേക്ക് നടക്കുമ്പോള്‍ എന്തോ ഒരു അപശകുനം ഉള്ളതു പോലെ തോന്നി.


ഒട്ടും പ്രതീക്ഷിക്കാത്ത രംഗമാണ് കാണേണ്ടി വന്നത്. രണ്ടുപേരെ കണ്ടതും മഹാരാജാവ് വാവിട്ടു കരയാന്‍ തുടങ്ങി. അടുത്തേക്ക് ചെന്ന ജ്യേഷ്ഠനെ പിടിക്കാനാഞ്ഞതും പിതാവ് കുഴഞ്ഞു വീണു. സീമന്ത പുത്രന്‍റെ കൈകളില്‍ ആ ശരീരം ഒതുങ്ങി. കരച്ചില്‍ ക്രമേണ തേങ്ങലായി മാറി. എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സ് മുഴുവന്‍ .

5 comments:

  1. പിന്തുടര്‍ന്ന് വായിക്കുന്നുണ്ട്.
    ആശംസകള്‍

    ReplyDelete
  2. വളരെ സന്തോഷം. കൂട്ടിന് ഒരാള്‍ ഉള്ളത് ആത്മവിശ്വാസം നല്‍കുമല്ലോ.

    ReplyDelete
  3. പൂവിതൾ എന്ന് പേരിട്ടതെന്തേ?

    ReplyDelete
  4. മനസ്സുകൊണ്ട് ഭഗവാന് അര്‍ച്ചന ചെയ്യുകയാണ്. ഓരോ അദ്ധ്യായവും ഓരോ പൂവിതളായി കണക്കാക്കുന്നു.

    ReplyDelete
  5. നമ്മള്‍ ഒന്ന് ചിന്തിക്കുന്നു അടുത്ത നിമിഷം എന്ത് നടക്കണം എന്ന് ഭഗവാന് മാത്രം അറിയാം

    ReplyDelete