Friday, July 20, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 6.

പൂവിതള്‍ - 6.

'' പിതാശ്രി, എന്തിനാണ് അങ്ങ് ഈ വിധത്തില്‍ വിലപിക്കുന്നത്. കാരണം എന്തായാലും മടിക്കാതെ പറയൂ '' ജ്യേഷ്ഠന്‍ പിതാവിനോട് ആവശ്യപ്പെടുന്നത് കേട്ടു.


മറുപടി ഉണ്ടായില്ല എന്നു മാത്രമല്ല നിലയ്ക്കാറായ രോദനം ഒരിക്കല്‍ക്കൂടി തീവ്രമായി. കൈകേയി മാതാവ് ഒട്ടും താല്‍പ്പര്യം ഇല്ലാത്ത മട്ടില്‍ എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങിനെയല്ലല്ലോ പതിവ്. പിതാശ്രീക്ക് ഏറ്റവുമധികം സ്നേഹമുള്ള പത്നിയാണല്ലോ അവര്‍. ലക്ഷ്മണന്‍ അവരുടെ അടുത്തേക്ക് ചെന്നു.


'' മാതശ്രീ, എന്തിനാണ്പിതാവ് വിലപിക്കുന്നത്. ചോദിച്ചിട്ട് മറുപടിയൊന്നും പറയുന്നില്ലല്ലോ. അവിടുത്തേക്ക് കാരണം അറിയാമെങ്കില്‍ മടി കൂടാതെ പറയൂ ''.


'' മടിക്കുന്നതെന്തിന് ? മഹാരാജാവ് സത്യലംഘനം വരാതിരിക്കാന്‍ എന്‍റെ ആവശ്യം വേണ്ടെന്നു വെക്കാനായി എന്നെ നിര്‍ബന്ധിക്കുകയാണ്. ഞാന്‍ അതിന് വഴങ്ങാത്തതാണ് ഈ വിലാപത്തിന്ന് കാരണം ''. സംഭവം എന്താണെന്ന് മനസ്സിലായില്ലെങ്കിലും എന്തോ പന്തികേട് ഉണ്ടെന്ന് തോന്നി.


'' കാര്യം എന്തെന്ന് മനസ്സിലാവുന്നില്ലല്ലോ '' ജ്യേഷ്ഠന്‍ പറഞ്ഞു '' മാതാജി ദയവായി വിസ്തരിച്ച് പറഞ്ഞാലും ''.


'' എങ്കില്‍ കേട്ടോളൂ '' മാതാവ് പറഞ്ഞു തുടങ്ങി ''ദേവാസുരയുദ്ധത്തില്‍ മഹാരാജാവ് പങ്കെടുത്ത സമയം. യുദ്ധം നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്‍റെ രഥത്തിന്‍റെ അച്ചാണി മുറിഞ്ഞു പോയി. ആ സമയത്ത് രഥത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഞാന്‍ ആപത്ത് മനസ്സിലാക്കി ആണിയ്ക്കു പകരം എന്‍റെ ചൂണ്ടുവിരല്‍ വെച്ചു. അങ്ങിനെ അപകടം ഒഴിവായി. യുദ്ധം ജയിച്ച രാജാവ് വിവരം അറിഞ്ഞ് സന്തുഷ്ടനായി എനിക്ക് രണ്ടു വരങ്ങള്‍ തന്നു. അന്ന് ആവശ്യമില്ലാത്തതിനാല്‍ വരങ്ങള്‍ പിന്നീട് ചോദിക്കാമെന്നു നിശ്ചയിച്ചു. ഇന്നലെയാണ് ഞാന്‍ ചോദിച്ചത്. അവ നല്‍കുന്നതിലുള്ള വിഷമം കൊണ്ടാണ് ഒന്നും പറയാതെ അദ്ദേഹം വിലപിച്ചുകൊണ്ടിരിക്കുന്നത് ''.


'' വരങ്ങള്‍ എന്താണെന്ന് മടിക്കാതെ പറയൂ. മഹാരാജാവിന്ന് സാധിക്കാത്ത എന്തെങ്കിലും കാര്യം ഈ ഭൂലോകത്തുണ്ടോ ''.


'' മഹാരാജാവ് മാത്രം വിചാരിച്ചാല്‍ സാധിക്കാവുന്നവയല്ല ആ വരങ്ങള്‍. അവ സാധിക്കാന്‍ നിന്‍റെ സഹായം ഉണ്ടെങ്കിലെ കഴിയൂ. ഒരു കാര്യം പ്രത്യേകം ഓര്‍ത്തു കൊള്ളുക. എനിക്കു തന്ന വാക്ക് പാലിച്ചില്ലെങ്കില്‍ സത്യ ലംഘനത്തിനുള്ള പാപം പിതാവ് അനുഭവിക്കേണ്ടി വരും. അതില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ നിനക്ക് മാത്രമേ കഴിയൂ ''.


'' എങ്കില്‍ പ്രയാസമില്ല. ഞാനിതാ വാക്ക് തരുന്നു. പിതാവിന്‍റെ സത്യം പാലിക്കപ്പെടാന്‍ ഞാന്‍ എന്തിനും ഒരുക്കമാണ് ''.


'' എങ്കില്‍ കേട്ടോളൂ '' കൈകേയി മാതാവ് പറഞ്ഞു '' ഭരതനെ രാജാവായി അഭിഷേകം ചെയ്യണം. രാമന്‍ പതിനാല് സംവത്സരം വനവാസം ചെയ്യുകയും വേണം. ഇവയാണ് ആ രണ്ടു വരങ്ങള്‍ ''.


കേട്ടതും ഞെട്ടിപ്പോയി. എന്തൊരു ചതിയാണിത്. സ്വന്തം മകനെ രാജാവാക്കണം എന്നത് ഏതൊരു അമ്മയുടെ മോഹമായി കരുതാം. എന്നാല്‍ ശ്രിരാമന്‍ വനവാസത്തിന് പോകണം എന്ന രണ്ടാമത്തെ ആവശ്യം ഒട്ടും തന്നെ നീതീകരിക്കാനാവില്ല. ജ്യേഷ്ഠന്‍ അതിനെ എതിര്‍ക്കുമെന്നാണ് കരുതിയത്.


'' അതിനെന്താ വിരോധം '' ജ്യേഷ്ഠന്‍ മന്ദഹസിക്കുകയാണ് '' ഭരതനെ രാജാവാവായി വാഴിക്കട്ടെ. ഞാന്‍ വനത്തിലേക്ക് പൊയ്ക്കോളാം ''.


അതോടെ പി താവിന്‍റെ കരച്ചിലിന്ന് ശക്തി കൂടി. അദ്ദേഹം ജ്യേഷ്ഠനെ കെട്ടിപ്പിടിച്ചു.


'' ഇത്തരത്തില്‍ ഒരു കൊടുംക്രൂരത കാട്ടുമെന്ന് ഒട്ടും ശങ്കിക്കാതെയാണ് ഞാന്‍ ഇവള്‍ക്ക് വരങ്ങള്‍ കൊടുത്തത്. ഇപ്പോള്‍ പരമദുഷ്ടയായ ഇവള്‍ കുമാരനെ ദ്രോഹിക്കാനായി അവ ഉപയോഗിക്കുന്നു. പുത്രാ, അതിനാല്‍ എന്നെ ബന്ധനസ്ഥനാക്കി രാജ്യഭാരം ഏറ്റുകൊള്ളുക. ക്ഷത്രിയധര്‍മ്മം അതിന് എതിരല്ല. എനിക്ക് വാഗ്ദാനം ലംഘിച്ചു എന്ന ചീത്തപ്പേര് ഉണ്ടാവുകയുമില്ല ''.


'' പിതാവേ അങ്ങെന്താണീ പറയുന്നത്. കൈകേയി മാതാവിന് എന്നോടുള്ള വാത്സല്യം അങ്ങേക്ക് അറിയാവുന്നതല്ലേ. രാജ്യഭരണം ക്ലേശകരമാണല്ലോ. അതിലും എത്രയോ എളുപ്പമല്ലേ വനവാസം. ബുദ്ധിമുട്ടുള്ളത് ഭരതന് നല്‍കി, പ്രയാസം കുറഞ്ഞത് മാതാവ് എനിക്ക് മാറ്റി വെച്ചു. അങ്ങിനെ കണക്കാക്കിയാല്‍ പോരേ ''.


ആ മഹാമനസ്ക്കതയ്ക്ക് മുമ്പില്‍ മനസാ വണങ്ങി. ജ്യേഷ്ഠനല്ലാതെ ലോകത്ത് ഈ രീതിയില്‍ മറ്റൊരാള്‍ക്കും ചിന്തിക്കാനാവില്ല.


'' രാജ്യം ഭരിക്കാന്‍ ഭരതന്‍ പ്രാപ്തനാണ്. എല്ലാ മംഗളങ്ങളും അവന് ഉണ്ടാവട്ടെ. അമ്മമാരോട് വിട ചൊല്ലി ഞാന്‍ കാട്ടിലേക്ക് പോവുകയാണ് '' ശ്രിരാമന്‍ കൈകൂപ്പി അച്ഛനമ്മമാരെ വണങ്ങി തിരിച്ചു നടന്നു, ഒപ്പം ലക്ഷ്മ്ണനും.


അന്തപ്പുരത്തിലേക്ക് ചെന്നപ്പോള്‍ കൌസല്യ മഹാരാജ്ഞിയോടൊപ്പം രാജ്ഞി സുമിത്രയും ഇരിക്കുന്നതാണ് ശ്രീരാമനും ലക്ഷ്മണനും കണ്ടത്.


'' ശ്രിരാമചന്ദ്രന്‍ കാണാന്‍ വരുന്നുണ്ട് '' സുമിത്ര പറഞ്ഞു '' അഭിഷേകത്തിന്ന് മുമ്പ് ആശീര്‍വാദം
വാങ്ങാന്‍ ആയിരിക്കും ''.


കൈകൂപ്പി മുന്നില്‍ നിന്ന മകനെ കൌസല്യ മാതാവ് ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ച ശേഷംമുറുകെ പുണര്‍ന്നു. മകന്‍റെ മുഖം വാടിയതു പോലെ തോന്നി. ആ മാതൃഹൃദയം തുടിച്ചു.


'' എന്‍റെ പൊന്നുണ്ണിയുടെ മുഖം വാടിയിരിക്കുന്നല്ലോ. എന്താ വിശന്നിട്ടാണോ '' അവര്‍ ചോദിച്ചു '' എങ്കില്‍ വരൂ. അമ്മ ഉടന്‍ ആഹാരം നല്‍കുന്നുണ്ട് ''.


'' ഇപ്പോള്‍ ഭക്ഷണം കഴിക്കാനൊന്നും നേരമില്ലമ്മേ '' ശ്രീരാമന്‍ പറഞ്ഞു '' എനിക്ക് ഇപ്പോള്‍ തന്നെ കാട്ടിലേക്ക് പോവാനുണ്ട് ''.


'' കാട്ടിലേക്കോ. അതെന്തിന് '' ആകാംക്ഷ നിറഞ്ഞ സ്വരത്തിലാണ് ആ ചോദ്യം.


'' പിതാശ്രി വളരെ കാലം മുമ്പ് കൈകേയി മാതാവിന്ന് രണ്ട് വരങ്ങള്‍ കൊടുത്തിരുന്നു. ഇന്നലെ മാതാവ് ആ വരങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി ''.


'' അതിന് ''.


'' ഭരതനെ രാജാവായി അഭിഷേകം ചെയ്യണം എന്നാണ് ആദ്യത്തെ ആവശ്യം. പതിനാല് വര്‍ഷം ഞാന്‍ വനവാസത്തിന്ന് പോകണം എന്നതാണ് രണ്ടാമത്തേത് ''.


അത് കേട്ടതും കൌസല്യ രാജ്ഞി മോഹാലസ്യപ്പെട്ടു. മുഖത്ത് വെള്ളം തളിച്ച് ശുശ്രൂഷകള്‍ നല്‍കിയതോടെ അവര്‍ എഴുന്നേറ്റിരുന്ന് കരയാന്‍ തുടങ്ങി.


'' എന്ത് തെറ്റാണ് എന്‍റെ മകന്‍ കൈകേയിയോട് ചെയ്തത്. വേണമെങ്കില്‍ ഭരതനെ രാജാവായി വാഴിച്ചോട്ടെ. പക്ഷെ ഒരു ദ്രോഹവും ചെയ്യാത്ത ശ്രീരാമന്‍ കാട്ടിലേക്ക് പോകണമെന്നുണ്ടോ ''. ആ ചോദ്യത്തിന്ന് മറുപടി പറയാനില്ല.


'' അതൊന്നും കാര്യാമാക്കേണ്ടാ '' മകന്‍ അമ്മയെ ആശ്വസിപ്പിക്കാന്‍ നോക്കി'' പതിനാല് കൊല്ലം ക്ഷണ നേരംകൊണ്ട് തീരും. അത്രയും കാലമല്ലേ ക്ഷമിക്കേണ്ടതുള്ളു ''.


'' പത്നാല് കൊല്ലം പിരിഞ്ഞിരിക്കുകയോ. പതിനാല് നിമിഷംപോലും എനിക്കതിന് ആവതില്ലെന്ന് കുമാരന് അറിഞ്ഞു കൂടെ '' അവര്‍ പ്രതീക്ഷയോട് മകനെനോക്കി.


'' വിധിയാണ് എന്ന് കരുതി സമാധാനിക്കൂ അമ്മേ ''.


'' എന്ത് വിധി. കല്‍പ്പിച്ചുകൂട്ടി ചെയ്ത ദ്രോഹമല്ലേ ഇത് '' രാജ്ഞി പറഞ്ഞു '' ഏതൊരുമനുഷ്യനെ ഏതൊരാളെ സംബന്ധിച്ചും അച്ഛനും അമ്മയും തുല്യ പ്രാധാന്യമുള്ളവരാണ്. ദശരഥ മഹാരാജാവ് നിന്നോട് വനവാസത്തിന്ന് പോകണമെന്ന് ആവശ്യപ്പെട്ടതുപോലെ നീ കാട്ടിലേക്ക് ചെല്ലരുതെന്ന് ഞാനും പറയുന്നു. എന്‍റെ വാക്കുകള്‍ ലംഘിച്ചാല്‍ നിശ്ചയമായും ഞാന്‍ ജീവന്‍ കളയും ''.


രാജ്ഞി കരച്ചില്‍ തുടര്‍ന്നു. ഹൃദയ ഭേദകമായ ആ വിലാപം ലക്ഷ്മണന് സഹിച്ചില്ല. അദ്ദേഹത്തിന്‍റെ മനസ്സില്‍ രോഷം അണ പൊട്ടി. ആ ക്രോധാഗ്നിയീല്‍ ലോകം ദഹിച്ചു പോവുമെന്ന് മറ്റുള്ളവര്‍ക്ക് തോന്നി.


'' അമ്മ മഹാറാണിയെ ഈ വിധത്തില്‍ സങ്കടപ്പെടുത്താന്‍ ഞാന്‍ അനുവദിക്കില്ല. പിതാവിനേയും സില്‍ബന്ധികളേയും ബന്ധനസ്ഥരാക്കി ഞാന്‍ ജേഷ്ഠന്‍റെ അഭിഷേകം നടത്തുന്നുണ്ട് ''.


ലക്ഷ്മണന്‍റെ കോപം അറിയാവുന്ന ശ്രീരാമന്‍ അനുജനെ പുഞ്ചിരിയോടെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു തുടങ്ങി.

5 comments:

 1. കൂടെയുണ്ട്...വായിക്കുന്നു

  ReplyDelete
 2. അതെ, ലക്ഷ്മണന്റെ കോപത്തെ അസമീക്ഷ്യകാരിത്വം എന്നല്ലേ പറയുന്നത്? ഇടയ്ക്കിടെ അത് തല കാണിക്കുമല്ലോ.

  ReplyDelete
 3. ശരിയാണ്. കോപിഷ്ഠനാവുന്നതുപോലെ അദ്ദേഹം തണുക്കുന്നുമുണ്ട്.

  ReplyDelete
 4. മകനെ രാജാവാക്കണം എന്നത് ഏതൊരു അമ്മയുടെ മോഹമായി കരുതാം. എന്നാല്‍ ശ്രിരാമന്‍ വനവാസത്തിന് പോകണം എന്ന രണ്ടാമത്തെ ആവശ്യം ഒട്ടും തന്നെ നീതീകരിക്കാനാവില്ല.

  എനിക്കും എ പ്പോഴും തോന്നിയ ഒരു സംശയം ആണ് ഇത്...

  ReplyDelete