Saturday, July 21, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 7.

പൂവിതള്‍ - 7.

'' കുമാര ദേഷ്യം മാറ്റി വെച്ച് എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചാലും '' ശ്രീരാമന്‍ പറഞ്ഞു തുടങ്ങി '' നിനക്ക് എന്നോടുള്ള സ്നേഹത്തിന്‍റെ ആഴം എനിക്ക് നല്ലതു പോലെ ബോദ്ധ്യമുണ്ട്. അതുപോലെത്തന്നെ നിന്‍റെ വീരപരക്രമങ്ങളും. നിനക്ക് അസാദ്ധ്യമായ യാതൊന്നും ഇല്ല. എന്നാല്‍ ജീവിതത്തെക്കുറിച്ച് നിനക്ക് ജ്ഞാനം കുറവാണ്. അതുകൊണ്ട് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുക. ''.


'' നീര്‍പ്പോളപോലെ ക്ഷണികമാണ് മനുഷ്യ ജന്മം. അതറിയാതെ ഭോഗങ്ങള്‍ക്ക് പുറകെ ചെല്ലുന്നത് അര്‍ത്ഥരഹിതമാണ്. ബന്ധങ്ങളാണെങ്കില്‍ അതിലേറെ അര്‍ത്ഥശൂന്യവും. ഓരോരുത്തരും ഒറ്റയ്ക്ക് ജനിക്കുന്നു, ഒറ്റയ്ക്കുതന്നെ മരിക്കുകയും ചെയ്യുന്നു . അച്ഛന്‍, അമ്മ, സഹോദരീസഹോദരന്മാര്‍, ഭാര്യ, മക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി ബന്ധങ്ങളെല്ലാംതന്നെ വഴിയമ്പലത്തില്‍വെച്ചു അന്യോന്യം കണ്ടുമുട്ടുന്നവരെ പോലെയാണെന്ന് മനസ്സിലാക്കുക. പുലര്‍കാലത്ത് ഉദിക്കുന്ന സൂര്യന്‍ ക്രമേണ പടിഞ്ഞാറോട്ട് നീങ്ങി സമുദ്രത്തില്‍ മറഞ്ഞിടുന്നതു പോലെയാണ് ജീവിതവും. ആയുസ്സ് കടന്നു പോകുന്നത് ആരും അറിയുന്നില്ല. ഇതൊന്നും മനസ്സിലാക്കാത്തവരാണ് ഞാനെന്ന ഭാവം വെച്ചു പുലര്‍ത്തുന്നത്. ദേഹേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും മീതെയാണ് അത്മാവെന്നറിയുക. അപ്പോള്‍ സന്തോഷം, സങ്കടം, ക്രോധം എന്നിവയ്ക്കൊന്നും സ്ഥാനമില്ലെന്ന് ബോദ്ധ്യമാവും. മാത്രവുമല്ല ക്രോധം പിന്നീട് ദുഃഖത്തിന്ന് കാരണമായി ഭവിക്കുകയും ചെയ്യും. ആയതിനാല്‍ ധര്‍മ്മത്തിന്ന് ഊനം വരുത്തുന്ന ക്രോധത്തെ ഉപേക്ഷിക്കുക ''.


ശ്രീരാമന്‍റെ ഈ വിധത്തിലുള്ള ഉപദേശം ലക്ഷ്മണന്‍റെ മനസ്സില്‍ കൊണ്ടു. ഉള്ളിലെ സങ്കടവും കോപവും നീങ്ങി.


'' എങ്കില്‍ എനിക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്. അവിടുത്തെ സേവിപ്പാനായി എന്നെ വനത്തിലേക്ക് അനുഗമിക്കാന്‍ അനുവദിക്കണം ''. ഇംഗീതം അറിയിച്ചപ്പോള്‍ ജ്യേഷ്ഠന്‍ എതിര്‍പ്പ് പറഞ്ഞില്ല. അങ്ങിനെയാണെങ്കില്‍ പോന്നുകൊള്ളു എന്നു മാത്രം പറഞ്ഞു.


'' ജാനകിയോട് യാത്ര പറയട്ടെ. അതിനു ശേഷം എല്ലാവരോടും വിട ചൊല്ലി നമുക്ക് വൈകാതെ യാത്ര പുറപ്പെടാം '' അതും പറഞ്ഞ് ശ്രീരാമന്‍ അന്തപ്പുരത്തിലേക്ക് നടന്നു, ഊര്‍മ്മിളയോട് യാത്ര പറയായാനായി ലക്ഷ്മണനും. അപ്പോഴാണ് പുറത്ത് വലിയൊരു ആരവം കേള്‍ക്കുന്നത്.


'' എന്താണവിടെ '' വാതില്‍ക്കല്‍ നില്‍ക്കുന്ന ഭടന്മാരെ വിളിച്ചു ചോദിച്ചു.


'' പ്രഭോ, അഭിഷേകം മുടങ്ങിയ വിവരം പ്രജകള്‍ അറിഞ്ഞിരിക്കുന്നു അവര്‍ കരയുകയും രാജ്ഞി കൈകേയിയെ ശപിക്കുകയുമാണ്. മുന്‍ നിശ്ചയിച്ച പ്രകാരം അഭിഷേകം നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു ''.


എത്ര പെട്ടെന്നാണ് വാര്‍ത്ത പരന്നത്. മഹാരാജാവിനെ കണ്ട് പോന്നതേയുള്ളു. അതിനകം നാട്ടില്‍ വിവരം എത്തിക്കഴിഞ്ഞു. ജേഷ്ഠനോട് പ്രജകള്‍ക്ക് അതിയായ സ്നേഹമുണ്ട്. സ്വഭാവ മഹിമ തന്നെയാണ് അദ്ദേഹത്തെ എല്ലാവരുടേയും വാത്സല്യ ഭാജനമായി മാറാന്‍ ഇടയാക്കിയത്. യാത്ര പുറപ്പെടുന്ന നേരത്ത് അമംഗളമായ ഒന്നും സംഭവിച്ചുകൂടാ. അതിനു മുമ്പ് ജനങ്ങളുടെ കോപം ശമിപ്പിക്കണം.


'' അവരോട് ശാന്തരാവാന്‍ പറയുക. ജ്യേഷ്ഠന്‍ വനവാസത്തിന്ന് പോകാന്‍ നിശ്ചയിച്ചു കഴിഞ്ഞു. ഒപ്പം ഞാനും ചെല്ലുന്നുണ്ട്. ഇനി അതിന് മാറ്റമുണ്ടാവില്ല ''.


'' അവിടുന്ന് ദയവായി ഈ വിവരം പ്രജകളെ അറിയിച്ചാലും '' ഭടന്‍ വണങ്ങി.


ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടി. ക്ഷോഭവും ദുഃഖവും ഒരുപോലെ അവരെ അടിമപ്പെടുത്തിയിട്ടുണ്ട്. തിരിച്ചു പോരുമ്പോള്‍ ജ്യേഷ്ഠനോടൊപ്പം സീതാദേവിയും കാത്ത് നില്‍ക്കുകയാണ്.


'' ജാനകിയും നമ്മോടൊപ്പം വനത്തിലേക്ക് വരണമെന്ന് ശഠിക്കുന്നു . ഭര്‍ത്താവിനെ പിരിഞ്ഞുള്ള ജീവിതം പതിവ്രതയായ ധര്‍മ്മപത്നിക്ക് യോജിച്ചതല്ലെന്നും പാദശുശ്രൂഷ ചെയ്ത് എന്‍റെ കൂടെ കഴിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. കാട്ടില്‍ ഉണ്ടാവുന്ന പ്രയാസങ്ങളെല്ലാം ഞാന്‍ അറിയിച്ചു. എന്നിട്ടും സീത പിന്മാറുന്നില്ല. ഒടുവില്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു ''.


കൊട്ടാരത്തിലെ സുഖ ജീവിതം ത്യജിച്ച് ജ്യേഷ്ഠത്തി കാട്ടിലേക്ക് വരികയാണെന്നോ ? അവര്‍ക്ക് അവിടെ നേരിടാന്‍ ഇടയുള്ള കഷ്ടപ്പാടുകള്‍ സഹിപ്പാന്‍ കഴിയുമോ. ആലോചിക്കുമ്പോള്‍ എത്തും പിടിയും കിട്ടുന്നില്ല. അവര്‍ ആഹ്ലാദ ഭരിതയാണ് എന്ന ഒരു സമാധാനം മാത്രമേയുള്ളു.


'' ഗുരുഭൂതന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും ദാനങ്ങള്‍ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യു '' ജ്യേഷ്ഠന്‍റെ കല്‍പ്പന കേട്ടതും വേണ്ടതെല്ലാം ചെയ്തു. ദാനങ്ങള്‍ നല്‍കി ആശീര്‍വാദം സ്വീകരിച്ച് അമ്മമാരെ വീണ്ടും കാണാന്‍ ചെന്നു. ഖിന്നയായിരിക്കുന്ന കൌസല്യരാജ്ഞിയുടെ കൈ പിടിച്ച് ലക്ഷ്മണന്‍
സ്വന്തം അമ്മയെ ഏല്‍പ്പിച്ചു. സുമിത്ര മകനെ ആശ്ലേഷിച്ചു.


'' കുമാരാ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക '' അവര്‍ പറഞ്ഞു '' ഇനി മുതല്‍ നീ ശ്രീരാമനെ ദശരഥനായി കാണണം, അതുപോലെ സീതയെ എന്‍റെ സ്ഥാനത്തും. കാടിനെ അയോദ്ധ്യയായി കരുതുക. സന്തോഷവാനായി പോയി വന്നാലും ''.


ഇനി പിതാവിനെ വന്ദിച്ച് അനുഗ്രഹം വാങ്ങണം. കൈകേയിമാതാവില്‍ നിന്നും വല്‍ക്കലം ഏറ്റു
വാങ്ങി യാത്ര പുറപ്പെടണം. അതിനു മുമ്പ് ഊര്‍മ്മിളയെ കാണേണ്ടതുണ്ട്.


'' പരിചാരികമാര്‍ പറഞ്ഞ് എല്ലാം ഞാന്‍ അറിഞ്ഞു '' ഊര്‍മ്മിള പറഞ്ഞു '' കൈകേയി മാതാവിനെ ദാസി ദുര്‍ബോധനം ചെയ്ത് മനസ്സ് മാറ്റിയതാണത്രേ. ഇനി അതെക്കുറിച്ച് ആലോചിച്ച് വിഷമം തോന്നരുത്. ഞാന്‍ അമ്മമാരെ പരിചരിച്ച് ഇവിടെ കഴിഞ്ഞോളം. സമാധാനമായി പോയി വരൂ ''.


കേവലം ഒരു ദാസി പറഞ്ഞതും മനസ്സ് മാറുമോ. ഭരതനെക്കാള്‍ സ്നേഹം ശ്രീരാമനോടാണ് എന്നു എന്നു ഭാവിച്ചിരുന്നതെല്ലാം വെറും കപടം. അധികാരവും സ്ഥാനവും കിട്ടറായപ്പോള്‍ അത് സ്വന്തം മകന് വേണം.


'' അങ്ങയെ പിരിയുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. പക്ഷെ എന്തു ചെയ്യാം '' ഊര്‍മ്മിള തുടര്‍ന്നു '' ജ്യേഷ്ഠനെ പരിചരിക്കുവാനാണല്ലോ അങ്ങ് പോകുന്നത്. ഭര്‍ത്താവിന്‍റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന്ന് ഭാര്യ ഒരിക്കലും വിഘ്നം സൃഷ്ടിച്ചുകൂടാ. അങ്ങ് സമാധാനമായി പോയി വരൂ. പിന്നെ ഒരു കാര്യം കൂടി. വനവാസം കഴിഞ്ഞ് തിരിച്ചു എത്തുന്നതുവരെ എന്നെ ഓര്‍മ്മിക്കരുത്. ഓരോ നിമിഷവും ഞാന്‍ അങ്ങേക്കു വേണ്ടി പ്രാര്‍ത്ഥിച്ചോളാം ''.


മൂന്നുപേരും വല്‍ക്കലം വാങ്ങി ധരിച്ചു. കണ്ടു നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. സുമന്ത്രര്‍ രഥവുമായെത്തി. സീതാദേവിക്കും ശ്രീരാമനും പുറകെ ആയുധങ്ങളുമായി ലക്ഷ്മണന്‍ തേരിലേറി. രഥം മുന്നോട്ടു നീങ്ങി. ജനം വിലപിച്ചുകൊണ്ട് ഒപ്പം നടന്നു.

3 comments:

  1. നന്നായിരിക്കുന്നു എഴുത്ത്. സുമന്ത്രരെ ഒക്കെ ഇപ്പോഴാണ് ഓര്‍മ്മിക്കുന്നത്. കുട്ടിക്കാലത്ത് വായിച്ചതില്‍ പിന്നെ ഒരു ബന്ധവുമുണ്ടായിട്ടില്ല.

    ഇത് പ്രസിദ്ധീകരിക്കുന്നത് എന്തായാലും നന്നായി

    ReplyDelete
  2. ajith,

    അപ്രസക്ത കഥാപാത്രങ്ങളെ ഓര്‍മ്മിക്കാന്‍ ഇടയില്ല. എന്തായാലും ഒരു ഓര്‍മ്മ പുതുക്കല്‍ ആയി അല്ലേ.

    ( കര്‍ക്കിടകമാസത്തില്‍ മുഴുമിക്കണം എന്ന ഉദ്ദേശത്തില്‍ എഴുതുന്നതിനാല്‍ വര്‍ണ്ണനകളും 
    സ്തുതികളും കുറെയധികം ഒഴിവാക്കേണ്ടി വരുന്നു. എങ്കിലും പ്രധാന ഭാവങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട് ).

    ReplyDelete
  3. '' അങ്ങയെ പിരിയുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. പക്ഷെ എന്തു ചെയ്യാം '' ഊര്‍മ്മിള തുടര്‍ന്നു '' ജ്യേഷ്ഠനെ പരിചരിക്കുവാനാണല്ലോ അങ്ങ് പോകുന്നത്. ഭര്‍ത്താവിന്‍റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന്ന് ഭാര്യ ഒരിക്കലും വിഘ്നം സൃഷ്ടിച്ചുകൂടാ. അങ്ങ് സമാധാനമായി പോയി വരൂ. പിന്നെ ഒരു കാര്യം കൂടി. വനവാസം കഴിഞ്ഞ് തിരിച്ചു എത്തുന്നതുവരെ എന്നെ ഓര്‍മ്മിക്കരുത്. ഓരോ നിമിഷവും ഞാന്‍ അങ്ങേക്കു വേണ്ടി പ്രാര്‍ത്ഥിച്ചോളാം ''.


    ഇതാണ് ഊര്‍മിള...രാമായണത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സ്ത്രീ. സഹനത്തിന്റെ നീണ്ട പതിനാലു വര്‍ഷങ്ങള്‍... സീതയെക്കാള്‍ മഹത്വം തോന്നും അനിയത്തിയുടെ സ്വഭാവത്തില്‍.. ഊര്മിലയും കൂടി പുറപ്പെട്ടിരുന്നെങ്കില്‍ രാമായണ കഥ എന്താകുമായിരുന്നു...?

    ReplyDelete