Sunday, July 22, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 8.

പൂവിതള്‍ - 8.

പകല്‍ മുഴുവന്‍ യാത്രയായിരുന്നു. വിശ്രമത്തിന്ന് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തണം. ആദിത്യന്‍ സാഗര സ്നാനത്തിന്ന് മുതിരുന്നതിന്ന് മുമ്പ് പടിഞ്ഞാറെ ചക്രവാളത്തില്‍ നിന്ന് ശ്രീരാമാദികളെ നോക്കി യാത്രാമൊഴി ചൊല്ലി.


'' നമുക്ക് ഇവിടെ താമസിക്കാം '' തമസാനദീതീരത്തെത്തിയപ്പോള്‍ ശ്രീരാമന്‍ പറഞ്ഞു. വലിയൊരു വടവൃഷത്തിന്‍റെ ചുവട് ശയ്യാഗൃഹമായി. പാനീയങ്ങള്‍ മാത്രം കഴിച്ച് സീതയോടൊപ്പം ശ്രിരാമന്‍ ഉറങ്ങാന്‍ കിടന്നു. കൂടെ പോന്ന പൌരന്മാര്‍ അവിടവിടെ കിടപ്പുണ്ട്.


'' അയ്യായിരത്തി ഒരുന്നൂറിലേറെ നിദ്രാവിഹീനമായ രാത്രികളില്‍ ആദ്യത്തേത് '' വില്ലും അമ്പുമായി അരികത്ത് കാവല്‍ നിന്ന ലക്ഷ്മണന്‍ സ്വയം പറഞ്ഞു '' ജ്യേഷ്ഠനേയും പത്നിയേയും ഇനി വരുന്ന രാപ്പകലുകളില്‍ സേവിക്കേണ്ടതുണ്ട് ''.


നദിയില്‍ കുളിച്ച് ഈറനായി വരുന്ന കാറ്റ് കുളിര് വാരി വിതറുകയാണ്. ജനങ്ങള്‍ ഉറക്കത്തിലായി എന്നു തോന്നുന്നു. സുമന്ത്രര്‍ മാത്രം ഉറങ്ങാതെ ഇരിപ്പുണ്ട്. ദുഃഖങ്ങള്‍ പങ്കു വെക്കാന്‍ ഒരു കൂട്ടായി. പെട്ടെന്ന് ജ്യേഷ്ഠന്‍ എഴുന്നേറ്റു വന്നു.


'' സുമന്ത്രരേ '' അദ്ദേഹം വിളിച്ചു '' നേരം പുലര്‍ന്നാല്‍ ഈ കിടക്കുന്ന നഗരവാസികളൊക്കെ ഉണരും. അവര്‍ നമ്മെ വിട്ടു പോവാന്‍ തയ്യാറാവില്ല. അതിനാല്‍ നമുക്ക് ഇപ്പോള്‍ത്തന്നെ ഈ സ്ഥലം വിടണം ''.


സുമന്ത്രര്‍ രഥം ഒരുക്കി. മൂവരും കയറിയതോടെ അത് നീങ്ങിത്തുടങ്ങി. ഗംഗാനദി തീരത്താണ് തേര് നിന്നത്. ഓരോരുത്തരായി രഥത്തില്‍ നിന്ന് ഇറങ്ങി.


'' സുമന്ത്രരേ, ഇനി താങ്കള്‍ അയോദ്ധ്യയിലേക്ക് മടങ്ങി ചെന്നാലും. ഞങ്ങള്‍ ഇവിടെയുള്ള വിവരം
ആരോടും പറയരുത് '' ശ്രീരാമന്‍റെ ആജ്ഞ അനുസരിച്ച് സുമന്ത്രര്‍ പുറപ്പെട്ടു. അദ്ദേഹം വാവിട്ടു
കരഞ്ഞു കൊണ്ടേയിരുന്നു.


നേരം പുലര്‍ന്ന് അധികം ആയിട്ടില്ല. ദൂരെ നിന്ന് ഒരാള്‍ ധൃതിയില്‍ വരുന്നത് കണ്ടു. കാഴ്ചയ്ക്ക് കാട്ടാളനെപോലെയുണ്ട്. ഇരു കൈകളിലും പുഷ്പങ്ങളും ഫലങ്ങളുമായിട്ടാണ് അയാളുടെ വരവ്. ജ്യേഷ്ഠന്‍റെ പാദങ്ങളില്‍ അവ സമര്‍പ്പിച്ച് അയാള്‍ ദണ്ഡനമസ്ക്കാരം ചെയ്തു. ശ്രീരാമന്‍ ആഗതനെ എഴുന്നേല്‍പ്പിച്ച് വാത്സല്യപൂര്‍വ്വം കെട്ടിപ്പിടിച്ചു.


'' അവിടുത്തെ ദേഹത്തോട് ചേര്‍ത്തുപിടിച്ചതോടെ ഞാന്‍ ധന്യനായി '' ആഗതന്‍ കൈകൂപ്പി '' ഈ നിഷാദരാജ്യം അവിടുത്തേതാണ്. അവിടുന്ന് ഈ രാജ്യം ഏറ്റെടുത്ത് കിങ്കരനായ എന്നെ കാത്തു രക്ഷിക്കാന്‍ കനിവ് ഉണ്ടാകണം ''.


'' ഗുഹാ, എന്‍റെ പ്രിയസുഹൃത്തേ '' മന്ദഹാസം ചൊരിഞ്ഞുകൊണ്ട് ജ്യേഷ്ഠന്‍ പറഞ്ഞു '' താങ്കള്‍ ഈ പറഞ്ഞതു തന്നെ ധാരാളമായി. എനിക്ക് തോന്നുന്ന സന്തോഷത്തിന്ന് അതിരില്ല. പക്ഷെ പതിനാല് കൊല്ലം കാട്ടില്‍ താമസിച്ചുകൊള്ളാം എന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ആരുടേയും ആതിഥ്യം സ്വീകരിച്ച് അത്രയും കാലം എനിക്ക് കഴിയാനാവില്ല. അതുകൊണ്ട് എന്‍റെ സഖിയായ ഭവാന്‍ തന്നെ രാജ്യഭാരം തുടരുക ''.


ഗുഹന്‍റെ ആതിഥ്യം സ്വീകരിച്ച് അന്ന് അവിടെ തങ്ങി. പകല്‍ മറഞ്ഞ് രാത്രി കടന്നു വന്നു. കഴിഞ്ഞ ദിവസത്തെപ്പോലെ ഭാര്യയോടൊപ്പം ശ്രീരാമന്‍ മരച്ചുവട്ടില്‍ ഉറങ്ങാന്‍ കിടന്നു. ആയുധങ്ങളുമായി കാവല്‍ നില്‍ക്കുന്ന ലക്ഷ്മണനോടൊപ്പം ഗുഹനും കൂടി.


'' കൊട്ടാരത്തില്‍ സുഖമായി കിടന്നുറങ്ങേണ്ട രാജകുമാരനും പത്നിയും മരച്ചുവട്ടില്‍ കൊഴിഞ്ഞു വീണ ചപ്പിലകള്‍ക്ക് മീതെ കിടക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. എത്ര വലിയ പാപമാണ് ഈ ദ്രോഹത്തിന്ന് കാരണക്കാരിയായ കൈകേയി രാജ്ഞി ചെയ്തത് ''.


'' ആര്‍ക്കും തോന്നുന്നതേ താങ്കളും പറഞ്ഞിട്ടുള്ളു. എന്നാല്‍ ഇതെല്ലാം ഈശ്വര നിശ്ചയമാണെന്ന് മനസ്സിലാക്കുക. ജ്യേഷ്ഠന്‍ എനിക്ക് കുറെ തത്വങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട് '' ലക്ഷ്മണന്‍ പറഞ്ഞു '' അവ കേള്‍ക്കുന്നതോടെ താങ്കളുടെ തോന്നലുകള്‍ താനെ ഇല്ലാതാവും ''.


'' അങ്ങിനെയെങ്കില്‍ ദയവായി അടിയന് ആ തത്വങ്ങള്‍ ഉപദേശിച്ചാലും ''.


'' ശരി, ശ്രദ്ധിച്ച് കേട്ടുകൊള്ളുക. മുജ്ജന്മ കര്‍മ്മങ്ങളുടെ ഫലമാണ് സുഖങ്ങളും ദുഃഖങ്ങളും. അവ ജീവിതത്തില്‍ മാറി മാറി കടന്നു വരും. ഇന്ദിയങ്ങള്‍ക്ക് സുഖം പകരുന്നവയെല്ലാം ഭോഗങ്ങളാണ്. അവയെ കാംക്ഷിച്ച് യാതെന്നും ചെയ്യരുത്. അതിനര്‍ത്ഥം വിധിവശാല്‍ എത്തിചേരുന്ന ഭോഗങ്ങളെ ഉപേക്ഷിക്കണം എന്നല്ല. സുഖങ്ങളെല്ലാം സ്വപ്രവര്‍ത്തികൊണ്ട് നേടിയതാണെന്നും ദുഃഖങ്ങള്‍ക്ക് ആധാരം വിധിയാണെന്നും കരുതുന്നവര്‍ മൂഡന്മാരാണ്. അറിവുള്ളവര്‍ അങ്ങിനെ കരുതുകയില്ല. സുഖദുഃഖങ്ങള്‍ സഹജമെന്ന് അറിയുക. ദേവന്മാര്‍ക്കു പോലും അവയെ നീക്കാനാവില്ല. ഈ കാര്യം മനസ്സിലാക്കുന്നവര്‍ അവയെ മടി കൂടാതെ നേരിടുന്നു ''.


സംവാദം പുലരുംവരെ നീണ്ടു. ശ്രീരാമനും സീതയും ഉണര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞതും ശ്രീരാമന്‍ ഗുഹനെ വിളിച്ച് തോണി ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ടു. ഗംഗാനദിയുടെ മറുകരയിലേക്ക് ചെല്ലേണ്ടതുണ്ട്. തോണിയുമായി ഗുഹനെത്തി. സീതയുടെ കായ്യും പിടിച്ച് ശ്രീരാമന്‍ നൌകയില്‍ കയറി, ആയുധങ്ങളുമായി ലക്ഷ്മണനും. ഗുഹന്‍ തോണി തുഴയാന്‍ തുടങ്ങി. ഉണങ്ങാന്‍ വിരിച്ചിട്ട വസ്ത്രത്തിലൂടെ അരിച്ചുപോകുന്ന ഉറുമ്പുകണക്കെ തോണി ഗംഗയ്ക്ക് മുകളീലൂടെ മെല്ലെ നീങ്ങി.

4 comments:

  1. എല്ലാം ഈശ്വരനിശ്ചയം

    ReplyDelete
  2. വായിച്ചു തുടങ്ങി. നന്നായി ഈ കർക്കിടകമാസത്തിൽ ഇങ്ങനെയൊരു ഉദ്യമം.

    ReplyDelete
  3. ajith,
    അതെ. എല്ലാം ദൈവനിശ്ചയം തന്നെ.

    Typist / എഴുത്തുകാരി,
    കര്‍ക്കിടകത്തില്‍ ശ്രിരാമന്‍റെ കഥ പറയാണമെന്നത് ഒരു മോഹമായിരുന്നു. ഇപ്പോഴാണ് അതിന്ന് മുതിരാന്‍ കഴിഞ്ഞത്.

    ReplyDelete
  4. ഉണങ്ങാന്‍ വിരിച്ചിട്ട വസ്ത്രത്തിലൂടെ അരിച്ചുപോകുന്ന ഉറുമ്പുകണക്കെ തോണി ഗംഗയ്ക്ക് മുകളീലൂടെ മെല്ലെ നീങ്ങി.

    ഏട്ടന്റെ മനസ്സിലെ കവി ഉണരുന്നത് കണ്ടു..രാമായണം ആയാല്‍ എന്ത് . നല്ല വരികള്‍...

    ReplyDelete