Wednesday, August 1, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 18.

പൂവിതള്‍ - 18.

ഈര്‍ഷ്യയോടെ രാവണന്‍ കൊട്ടാരത്തിലേക്ക് മടങ്ങി പോവുന്നതും നോക്കി ഹനുമാന്‍ വൃക്ഷത്തിന്‍റെ മറവില്‍ തന്നെയിരുന്നു. എത്ര തിരഞ്ഞിട്ടും സീതാദേവിയെ കണ്ടെത്താനാവാതെ വിഷമിച്ചപ്പോള്‍ പിതാവ് വായുഭഗവാനാണ് ഈ സ്ഥലം കാണിച്ചു തന്നത്. ഭീകര രൂപികളായ രാക്ഷസ സ്ത്രീകള്‍ക്കു നടുവില്‍ രാമനാമം ജപിച്ചിരിക്കുന്ന അവരെ കണ്ടപ്പോള്‍ ദുഃഖം തോന്നി. ആ നേരത്താണ് രാവണന്‍റെ എഴുന്നള്ളത്. ഒരു ആഭാസന്‍റെ മട്ടില്‍ ശൃംഗാര ഭാവത്തോടെയുള്ള അവന്‍റെ വരവു കണ്ടപ്പോള്‍ പുച്ഛം തോന്നി. അവന്‍റെ പ്രണയാഭ്യര്‍ത്ഥന ദേവി അവജ്ഞയോടെ തള്ളി കളഞ്ഞതും രോഷാകുലനായ രാക്ഷസന്‍ അവരെ വധിക്കാന്‍ ഒരുമ്പെട്ടതാണ്. ആ ദുഷ്ടന്‍റെ പത്നി മണ്ഡോദരി എന്തൊക്കെയോ പറഞ്ഞ് അവനെ അനുനയിപ്പിച്ച് കൂട്ടി ക്കൊണ്ടു പോവുകയായിരുന്നു.


രാവണനും പരിവാരങ്ങളും കണ്ണില്‍ നിന്ന് മറഞ്ഞതേയുള്ളു. രാക്ഷസിമാരില്‍ ഒരാള്‍ എഴുന്നേറ്റ് മറ്റുള്ളവരോട് പറയാന്‍ തുടങ്ങി '' നിങ്ങളുടെ അറിവിലേക്കായി ഞാന്‍ ഒരു കാര്യം പറയുകയാണ്. രാവണന്‍റെ അന്ത്യം അടുത്തു എന്ന് സീത ഇപ്പോള്‍ പറയുന്നത് നമ്മളെല്ലാവരും കേട്ടല്ലോ. കഴിഞ്ഞ രാത്രിയില്‍ ഞാനൊരു സ്വപ്നം കണ്ടു. ശ്രീരാമനും ലക്ഷ്മണനും കപികളോടൊപ്പം ലങ്കയില്‍ വന്ന് രാക്ഷസന്മാരെ മുഴുവന്‍ കൊന്നൊടുക്കി, വിഭീഷണനെ രാജാവാക്കി, സീതാദേവിയോടൊപ്പം മടങ്ങി പോവുന്നതാണ് ആ സ്വപനം. ത്രിജട നുണ പറയുകയാണെന്ന് നിങ്ങളാരും ധരിക്കരുത് ''.


രാക്ഷസിമാര്‍ ഭയചകിതരായിട്ടുണ്ട്. അന്യോന്യം വിഷമങ്ങള്‍ പങ്കിടുകയാണ് അവര്‍. മെല്ലെ മെല്ലെ എല്ലാവരും ഉറക്കത്തിലേക്ക് വീണുവെന്ന് തോന്നുന്നു. താഴെ സീതാദേവിയുടെ ചുണ്ടുകളില്‍ നിന്ന് പൊഴിഞ്ഞു വീഴുന്ന രാമനാമം രാക്ഷസികളുടെ കൂര്‍ക്കം വിളിയെ തോല്‍പ്പിച്ച് കേള്‍ക്കുന്നുണ്ട്.


ശ്രീരാമ കഥകള്‍ പറയണമെന്ന് മനസ്സില്‍ ഒരു തോന്നലുണ്ടായി. അതുകേട്ട് ദേവി സന്തോഷിക്കട്ടെ. വനവാസം തൊട്ട് താന്‍ ലങ്കയില്‍ എത്തിയതുവരെയുള്ള കഥ ഹനുമാന്‍ വിവരിച്ചു.


'' ഈശ്വരാ, എന്‍റെ പ്രിയതമന്‍റെ ചരിതങ്ങളല്ലേ കേട്ടത് '' സീത ഉറക്കെ ആത്മഗതം ചെയ്തു '' ഇതു ഞാന്‍ സ്വപ്നം കണ്ടതാണോ അതോ യാഥാര്‍ത്ഥ്യമോ ? രാമകഥ പറഞ്ഞ മഹാനുഭാവനെ എനിക്ക് കാണാന്‍ കഴിയുമോ ''.


ഇതു കേട്ടതും ഹനുമാന്‍ മറവില്‍ നിന്ന് നീങ്ങി സീതയുടെ മുന്നിലെത്തി. ആ രൂപം കണ്ട് വേഷ പ്രച്ഛന്നനായി വന്ന രാക്ഷസാനാണെന്നു കരുതി സീത ഭയപ്പെട്ടു.


'' മാതാവേ, ഭയപ്പെടേണ്ടാ. അടിയന്‍ രാമചന്ദ്ര പ്രഭുവിന്‍റെ സേവകനായ ഹനുമാനാണ്. അവിടുത്തെ വൃത്താന്തം അറിയാന്‍ എത്തിയതാണ് ''.


സീതയെ കൈകൂപ്പി വന്ദിച്ച് ഹനുമാന്‍ അംഗുലീയം നല്‍കി അടയാള വാക്യം പറഞ്ഞു. അതോടെ അവരുടെ ഭയം നീങ്ങി.


'' ഞാന്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണുന്നുണ്ടല്ലോ. എന്താണ് ആര്യപുത്രന്‍ വരാത്തത് '' സീത ചോദിച്ചു. ആര്‍ക്കെങ്കിലും എന്നെ രക്ഷിക്കാന്‍ ആവുമോ. ഒരിക്കലും എനിക്ക് ഇവിടെനിന്ന് മോചനം ലഭിക്കില്ലേ ''.


'' ദേവീ, ശ്രീരാമചന്ദ്രന്‍ ഭവതിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയുക '' ഹനുമാന്‍ പറഞ്ഞു ''രാവണനെ മാത്രമാല്ല രാക്ഷസ വംശത്തെ മുഴുവന്‍ കൊന്നൊടുക്കി ലങ്കയെ നശിപ്പിച്ച് അവിടുത്തെയും കൊണ്ടുപോവാനുള്ള കരുത്ത് എനിക്കുണ്ട്. എന്നാല്‍ അത് ശരിയായ മാര്‍ഗ്ഗമല്ല. ഞാന്‍ ചെന്ന് വിവരങ്ങള്‍ അറിയിച്ചതും ലക്ഷ്മണനും വാനരപ്പടയുമായി അവിടുത്തെ ഭര്‍ത്താവ് ഇവിടെയെത്തും. രാക്ഷസന്മാരെ നിഗ്രഹിച്ച് ഭവതിയെ മോചിപ്പിക്കുകയും ചെയ്യും ''.


'' എങ്കില്‍ നേരം വൈകാതെ മടങ്ങി ചെന്ന് എന്‍റെ അവസ്ഥ അറിയിക്കുക. രണ്ടു മാസ കാലത്തെ അവധിയാണ് രാവണന്‍ എനിക്ക് തന്നിട്ടുള്ളത്. ഒന്നുകില്‍ അതിനകം ഞാന്‍ അവന് കീഴ്പ്പെടണം, അല്ലെങ്കില്‍ മരിക്കാനൊരുങ്ങണം. അതിനു മുമ്പ് എന്നെ രക്ഷിക്കാന്‍ പറയുക ''. ചൂഡാമണി നല്‍കി അടയാളവാക്യം ചൊല്ലിക്കൊടുത്ത് സീത ഹനുമാന് വിട നല്‍കി.


മൂന്നു തവണ സീതയെ പ്രദക്ഷിണം വെച്ച് ദണ്ഡനമസ്കാരം ചെയ്ത് ഹനുമാന്‍ തിരിച്ചു നടന്നു. '' പോവുന്നതിന്നു മുമ്പ് ചിലതെല്ലാം ചെയ്യാനുണ്ട് '' അദ്ദേഹം മനസ്സിലോര്‍ത്തു.

5 comments:

  1. ഞാൻ വായിച്ച് ഒപ്പം എത്തിച്ചേർന്നു....ബാക്കി വായിക്കാൻ കാത്തിരിക്കുന്നു.

    ReplyDelete
  2. ഓരോ ദിവസം ഓരോ അദ്ധ്യായം പോസ്റ്റ് ചെയ്യുന്നുണ്ട്.

    ReplyDelete
  3. ഒരു രഹസ്യം പറയട്ടെ..
    എനിക്ക് രാവണനോടും രാക്ഷസരോടും ഒരു സോഫ്റ്റ് കോര്‍ണര്‍ മനോഭാവം ഉണ്ട്.
    എപ്പോള്‍ മുതല്‍ എന്നൊന്നും അറിയില്ല
    എന്റെ രാമായണത്തില്‍ വില്ലന്മാര്‍ ഇല്ല
    ഓരോ നിയോഗമുള്ള ജന്മങ്ങള്‍ മാത്രമേയുള്ളു

    ReplyDelete
  4. എല്ലാം നിര്‍മ്മിക്കുന്നതും ഞാന്‍, എല്ലാം നിലനിര്‍ത്തുന്നതും ഞാന്‍, എല്ലാം ഇല്ലാതാക്കുന്നതും ഞാന്‍ എന്ന് ഭഗവാന്‍ പറഞ്ഞിട്ടുണ്ട്.
    അപ്പോള്‍ ഓരോരുത്തരുടേയും കര്‍മ്മങ്ങള്‍ മുന്‍നിശ്ചയമനുസരിച്ച്
    സംഭവിക്കുന്നവയാകുന്നു. ആ നിലയ്ക്ക് രാവണനേയോ രാക്ഷന്മാരേയോ
    വെറുക്കേണ്ട കാര്യമില്ല.

    ReplyDelete
  5. ദേവന്മാരും നിസ്സഹായരായി പോകുന്ന മുഹൂര്‍ത്തം ഉണ്ടാവുന്നുണ്ട്.. അവര്‍ക്കും വേണം ഒരു സഹായ ഹസ്തം.

    ReplyDelete