Saturday, August 4, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 21.

പൂവിതള്‍ - 21.

ഹര്‍ഷാരവത്തോടെ വാനരന്മാര്‍ ഹനുമാനെ എതിരേറ്റു. സീതയെ കാണാന്‍ കഴിഞ്ഞോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ലങ്കാപുരി എങ്ങിനെയുണ്ട്, രാവണനെ കണാനായോ എന്നൊക്കെ ചിലര്‍ക്കറിയണം. ചുരുങ്ങിയ വാക്കുകളില്‍ ഹനുമാന്‍ എല്ലാ വിവരവും പറഞ്ഞൊപ്പിച്ചു.


'' ഇനി എല്ലാവരും ഭക്ഷണം കഴിക്കിന്‍. പിന്നെ വൈകാതെ ശ്രീരാമസന്നിധിയിലെത്തി വൃത്താന്തം അറിയിക്കണം '' ജാംബവാന്‍ പറഞ്ഞു '' ഹനുമാന്‍ ലങ്കയിലേക്ക് പോയ ശേഷം ഞങ്ങളാരും ഒന്നും കഴിച്ചിട്ടില്ല. കാര്യ സാദ്ധ്യത്തിന്നുവേണ്ടി എല്ലാവരും പ്രാര്‍ത്ഥനയിലായിരുന്നു ''.


ലക്ഷ്മണന്‍ അകലെ നിന്ന് ശബ്ദകോലാഹലങ്ങള്‍ കേട്ടു. ശ്രീരാമനും സുഗ്രീവനുമൊപ്പം തെക്കു ഭാഗത്തേക്ക് തിരച്ചിലിന്ന് ചെന്ന വാനരന്മാരെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. മറ്റു ദിശകളിലേക്ക് ചെന്നവര്‍ മടങ്ങിയെത്തിട്ട് ദിവസങ്ങളായി.


'' ദക്ഷിണ ഭാഗത്തേക്ക് പോയവര്‍ മടങ്ങി വരികയാണെന്ന് തോന്നുന്നു '' സുഗ്രീവന്‍ പറഞ്ഞു '' ഈ ആര്‍പ്പുവിളികളും ബഹളവും സൂചിപ്പിക്കുന്നത് അവര്‍ കാര്യം സാധിച്ചിട്ടുണ്ട് എന്നാണ് ''.


ഹനുമാന്‍ ചൂഡാരത്നം നല്‍കി അടയാള വാക്യം പറഞ്ഞതും ശ്രീരാമന്‍ എഴുന്നേറ്റ് അദ്ദേഹത്തെ ആലിംഗനം ചെയ്തു.


'' പറയൂ ഹനുമാന്‍, എന്തൊക്കെയാണ് ദേവിയുടെ വിശേഷങ്ങള്‍ '' ശ്രീരാമന്‍ ചോദിച്ചു '' എല്ലാം
ഒന്നൊഴിയാതെ എന്നെ പറഞ്ഞു കേള്‍പ്പിക്കൂ ''.


സുരാസുവിനെ കണ്ടതു മുതല്‍ തിരിച്ച് എത്തിയതു വരെയുള്ള എല്ലാ സംഭവങ്ങളും ഹനുമാന്‍
വര്‍ണ്ണിച്ചു.


'' ദേവന്മാര്‍ക്കുപോലും അസാദ്ധ്യമായ കാര്യങ്ങളാണ് ഹനുമാന്‍ ചെയ്തിരിക്കുന്നത് '' ശ്രീരാമന്‍ എല്ലാവരോടുമായി പറഞ്ഞു '' സകല പ്രതിബന്ധങ്ങളേയും തകര്‍ത്ത് നൂറു യോജന വീതിയുള്ള ദക്ഷിണ വാരിധി കടന്ന് ലങ്കയിലെത്തിയ അദ്ദേഹം സീതാദേവിയെ കാണുക മാത്രമല്ല രാവണന്‍റെ സൈന്യത്തിന്‍റെ കാല്‍ ഭാഗത്തെ കൊല ചെയ്ത് ലങ്കാപുരി ചുട്ടെരിച്ചാണ് തിരിച്ചെത്തിയത്. ഈ വിധം വീരന്മാരുടെ സഹായമുണ്ടെങ്കില്‍ കാര്യസാദ്ധ്യം ഉറപ്പാണ്. എങ്കിലും ''.


'' എന്താണ് നിന്തിരുവടി അര്‍ദ്ധോക്തിയില്‍ നിറുത്തിയത് '' സുഗ്രീവന്‍ ചോദിച്ചു '' അവിടുത്തെ മനസ്സില്‍ തോന്നുന്നത് എന്തായാലും വെളിപ്പെടുത്തുക ''.


'' ഹനുമാന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നൂറു യോജന ദൂരം സമുദ്രം
കടക്കാനുണ്ട്. അത് എങ്ങിനെ കഴിയുമെന്ന് ചിന്തിക്കണം. അതുമാത്രമല്ല രാവണന്‍റെ സേനാബലം വലുതാണ്. അതിനെ നേരിടാനുള്ള ശേഷി നമുക്കുണ്ടോ എന്ന് ആലോചിക്കണം. ശത്രുവിന്‍റെ ബലം അറിയാതെ പോരിനിറങ്ങുന്നത് ബുദ്ധിയല്ല ''.


'' ഇതൊര്‍ത്ത് നിന്തിരുവടി വിഷമിക്കരുത് '' സുഗ്രീവന്‍ എഴുന്നേറ്റു പറഞ്ഞു '' സമുദ്രത്തില്‍ ചിറ
കെട്ടി നമ്മള്‍ ലങ്കയിലേക്ക് ചെല്ലും. നളനെ അതിന്‍റെ ചുമതല ഏല്‍പ്പിച്ചാല്‍ മാത്രം മതി. അയാള്‍ അത് ചെയ്തോളും. പിന്നെ സേനബലത്തെ കുറിച്ചാണ്. ഹനുമാന്‍ ഒറ്റയ്ക്ക് രാക്ഷസേനയുടെ കാല്‍ഭാഗത്തെ ഇല്ലാതാക്കിയില്ലേ. പിന്നെ നാമെന്തിന് പരിഭ്രമിക്കണം ''.


'' എങ്കില്‍ നമ്മള്‍ ഇനി വൈകിക്കേണ്ടാ. ഇന്ന് ഉത്രം നാളാണ്. ഏതു കാര്യത്തിന് പുറപ്പെട്ടാലും
വിജയത്തില്‍ പര്യവസാനിക്കുന്ന നല്ല നക്ഷത്രം. ഉടനെ പുറപ്പെടുക ''. ശ്രിമചന്ദ്രന്‍ ഹനുമാന്‍റെ തോളിലേറി, ലക്ഷ്മണന്‍ അംഗദന്‍റേയും. ആര്‍ത്തു വിളിച്ചുകൊണ്ട് സംഘം തെക്കോട്ട് നീങ്ങി. സൂര്യാസതമനത്തിന്ന് തൊട്ടുമുമ്പാണ് അവര്‍ സമുദ്രതീരത്ത് എത്തിയത്.


'' ഇന്ന് നമ്മള്‍ ഇവിടെ കൂടുകയാണ്. കപികള്‍ ഉറങ്ങുമ്പോള്‍ രാത്രീഞ്ചരന്മാരായ രാക്ഷസന്മാര്‍
ഉപദ്രവിക്കാനിടയുണ്ട്. അത്തരം അക്രമങ്ങള്‍ സംഭവിക്കാതെ നോക്കണം. സമുദ്രത്തില്‍ ചിറ കെട്ടുന്ന കാര്യം ചിന്തിക്കുകയും വേണം ''.


സന്ധ്യാ വന്ദനത്തിന്നു ശേഷം ലക്ഷ്മണന്‍, സുഗ്രീവന്‍, ഹനുമാന്‍ എന്നിവരോടൊപ്പം ശ്രീരാമന്‍
പര്‍വ്വത ശിഖരത്തിലേക്ക് ചെന്നു. കണ്ണില്‍പ്പെട്ട ഫലങ്ങള്‍ ഭക്ഷിച്ചും മരച്ചില്ലകളില്‍ ചാടി കളിച്ചും വാനരന്മാര്‍ സമയം പോക്കി. അപ്പോഴാണ് ശ്രീരാമസ്തുതികളുമായി അഞ്ചുപേര്‍ ആകാശമദ്ധ്യേ പ്രത്യക്ഷപ്പെട്ടത്.


'' ലങ്കാധിപന്‍ രാവണന്‍റെ ഏറ്റവും ഇളയ സഹോദരനായ വിഭീഷണനാണ് ഞാന്‍ '' നേരെ മുമ്പില്‍ വന്നു തൊഴുതു നിന്ന് കൂട്ടത്തില്‍ ഒരുവന്‍ പറഞ്ഞു '' കൂടെയുള്ള ഇവര്‍ എന്‍റെ അമാത്യന്മാരാണ്. എനിക്ക് ജ്യേഷ്ഠനെ ഉപദേശിക്കേണ്ടതായ ഒരു അവസ്ഥ സംജാതമായി. സീതയെ അപഹരിച്ചത് തെറ്റാണെന്നും അവരെ ഉടനെത്തന്നെ ശ്രീരാമനെ ഏല്‍പ്പിക്കണമെന്നും ഞാന്‍ പറയുകയുണ്ടായി. ക്രുദ്ധനായ രാക്ഷസ രാജാവ് എന്നെ വധിക്കാനൊരുങ്ങി. ശരണം പ്രാപിക്കാന്‍ എനിക്ക് മറ്റൊരു ഇടമില്ല. നിന്തിരുവടി എന്നെ രക്ഷിക്കണം ''.


'' ഇവന്‍റെ വാക്കുകള്‍ വിശ്വസിക്കരുത് '' സുഗ്രീവന്‍ ഉടനെ ഇടപെട്ടു '' രാവണന്‍റെ സഹോദരനാണ് ഇവന്‍ . ഇപ്പോള്‍ അഭയം ചോദിച്ചു വന്നത് നമ്മെ ചതിക്കാനാണ് ''.


ഇത് കേട്ടതും ഹനുമാന്‍ എഴുന്നേറ്റു.


'' പ്രഭോ, വിഭീഷണന്‍ അത്തരക്കാരനല്ല. രാവണന്‍റെ സ്വഭാവമല്ല വിഭീഷണന്‍റേത്. രാവണന്‍ എന്നെ വധിക്കാന്‍ അജ്ഞാപിച്ചപ്പോള്‍ അതിനെതിരായി സംസാരിച്ചത് ഇദ്ദേഹമാണ്. നമുക്ക് ഇദ്ദേഹത്തെ മിത്രമായി കരുതാം ''.


'' അങ്ങിനെയെങ്കില്‍ നമുക്ക് ഇദ്ദേഹത്തിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ട് '' ശ്രീരാമന്‍ പറഞ്ഞു '' അഭയം തേടി വന്നവനെ രക്ഷിക്കുന്നത് അശ്വമേധയാഗം ചെയ്തതിന്ന് സമമാണ്. ഇദ്ദേഹത്തെ നാം ഇപ്പോള്‍ തന്നെ ലങ്കാധിപതിയായി അഭിഷേകം ചെയ്യുന്നുണ്ട്. അതിനു വേണ്ട ഒരുക്കങ്ങള്‍ ഉടനെ ചെയ്യുക ''.


ലക്ഷ്മണനോടൊപ്പം മറ്റുള്ളവരും സാധനങ്ങള്‍ സംഭരിക്കാനോടി. വാദ്യഘോഷങ്ങള്‍ മുഴങ്ങി. ആകാശത്തു നിന്ന് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി. ലക്ഷ്മണന്‍ വിഭീഷണന്‍റെ കിരീടധാരണം നടത്തി.


'' അര്‍ക്കചന്ദ്രന്മാര്‍ ഉള്ളേടത്തോളം കാലം നിന്‍റെ കീര്‍ത്തി നില നില്‍ക്കട്ടെ '' ലങ്കയുടെ പുതിയ ഭരണാധിപന്‍റെ ശിരസ്സില്‍ ശ്രീരാമന്‍ കൈ വെച്ചു.

4 comments:

  1. സേതുബന്ധനോദ്യോഗമെന്തെടോ...!!

    ReplyDelete
  2. അടുത്ത ശ്രമം  സേതുബന്ധനം 

    ReplyDelete
  3. കണ്ടേന്‍ ഞാന്‍ എന്ന് ഹനുമാന്‍ ശ്രീരാമനെ അറിയിച്ചതു പോലെ കൃത്യമായി ഭംഗിയായി സംസാരിക്കണമെന്ന് പറഞ്ഞു തന്നവരെ ഓര്‍മ്മിച്ചു പോകുന്നു.......

    ReplyDelete
  4. പ്രസക്തമായത്, കേള്‍ക്കാന്‍ കാത്തിരിക്കുന്നത് എന്താണോ അത് ആദ്യമേ പറയുക. മഹത്തുക്കള്‍ക്കല്ലേ അതിന് കഴിയൂ.

    ReplyDelete