Monday, August 6, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 23.

പൂവിതള്‍ - 23.

'' എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് നമ്മള്‍ ഇവിടം വരെയെത്തി '' സുഗ്രീവന്‍ പറഞ്ഞു '' എന്നാല്‍ ഇനിയാണ് ഏറ്റവും ദുര്‍ഘടമായ ഘട്ടം ''. യുദ്ധത്തില്‍ സ്വീകരിക്കേണ്ടതായ അടവുകളെ കുറിച്ചുള്ള ആലോചന നടക്കുകയാണ്.


'' ആ പറഞ്ഞത് ശരിയാണ് '' ജാംബവാന്‍ തന്‍റെ അഭിപ്രായം അവതരിപ്പിച്ചു ''രാവണനും അവന്‍റെ പരിവാരങ്ങളും കോട്ടയ്ക്കകത്താണ്. നമ്മള്‍ പുറത്തും. അവര്‍ നമ്മെ നേരിടാന്‍ ഇങ്ങോട്ട് വരാത്ത പക്ഷം എന്താണ് ചെയ്യാന്‍ കഴിയുക ''.


'' കോട്ട മതിലുകള്‍ ഇടിച്ചു മറിക്കണം '' അംഗദന്‍ പറഞ്ഞു '' കിടങ്ങുകള്‍ നിരത്തുകയും വേണം. പിന്നെ രാവണന് സ്വസ്ഥമായി ഇരിക്കാനാവില്ല ''.


'' അഥവാ യുദ്ധത്തിന്ന് വരികയാണെങ്കിലോ ? അത് കൂടി ചിന്തിക്കണമല്ലോ '' ഹനുമാന്‍ ചോദിച്ചു '' ഏത് ഭാഗത്തു കൂടിയാണ് അവര്‍ വരിക. വിഭീഷണന് അറിയാവുന്നതെല്ലാം പറയട്ടെ ''.


'' നാലു ഭാഗത്തും ഗോപുരങ്ങളുണ്ട് '' വിഭീഷണന്‍ പറഞ്ഞു '' അതില്‍ തന്ത്ര പ്രധാനമായത് വടക്കു ഭാഗത്തെ ഗോപുരമാണ്. എങ്കിലും എല്ലാ ഭാഗത്ത് കൂടിയും ആക്രമണം പ്രതീക്ഷിക്കണം. ഓരോ ഭാഗത്തും യുദ്ധം നയിക്കേണ്ടത് ആരൊക്കെയാവണം എന്ന് വ്യക്തമായ ധാരണ നമുക്ക് വേണം ''.


'' എങ്കില്‍ ഞാനും ലക്ഷ്മണകുമാരനും വടക്ക് ഭാഗം നോക്കാം '' ശ്രീരാമന്‍ പറഞ്ഞു '' വിഭീഷണന്‍ ഞങ്ങളോടൊപ്പം ഉണ്ടാവട്ടെ ''.


തെക്കുഭാഗത്ത് അംഗദന്‍, പടിഞ്ഞാറ് ഹനുമാന്‍, കിഴക്ക് നീലന്‍ എല്ലാ ദിക്കിലും സുഗ്രീവന്‍റെ ശ്രദ്ധ ഉണ്ടാവണം എന്നൊക്കെ തീരുമാനിച്ചു. യുദ്ധത്തിനിടയില്‍ ആവശ്യമായ ഇടങ്ങളിലേക്ക് എല്ലാവരും എത്തണമെന്ന് സുഗ്രീവന്‍ കൂട്ടിച്ചേര്‍ത്തു.


വാനരന്മാര്‍ ലങ്കാപുരി വളഞ്ഞു. അടര്‍ത്തിയെടുത്ത പാറ കഷ്ണങ്ങളും മരങ്ങളും ഉപയോഗിച്ച് അവര്‍ ലങ്കാഗോപുരം തകര്‍ത്തു. അതോടെ രാക്ഷസന്മാര്‍ രംഗത്തെത്തി. അമ്പുകളും മരങ്ങളും ഇരു ഭാഗത്തേക്കും ചീറി പാഞ്ഞു. പോര്‍ വിളികളും ആര്‍ത്തനാദങ്ങളും ഉയര്‍ന്നു പൊങ്ങി. ഇരുട്ട് പരന്നു തുടങ്ങി. ആദ്യ ദിവസത്തെ പോര് അവസാനിച്ചു.


'' രാക്ഷസന്മാര്‍ മായാവികളാണ്. അവര്‍ വേഷ പ്രച്ഛന്നരായി രാത്രി എത്തിയേക്കാം '' വിഭീഷണന്‍ മുന്നറിയിപ്പ് നല്‍കി. അത് ശരിയായി. ശാര്‍ദ്ദൂലനും ഏതാനും അനുചരന്മാരും വാനര രൂപത്തില്‍ കപികള്‍ക്കിടയില്‍ രാത്രി എത്തി. അപകടം അറിഞ്ഞ മര്‍ക്കടന്മാര്‍ അവരെ പിടി കൂടി മര്‍ദ്ദിക്കാന്‍ തുടങ്ങി. നിശയുടെ നിശ്ശബ്ദതയെ ഭേദിച്ച് ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നു.


'' അവരെ വിട്ടേക്കൂ '' വിവരം അറിഞ്ഞ ശ്രീരാമന്‍ പറഞ്ഞു '' അവര്‍ ചെന്ന് രാവണനെ വിവരങ്ങള്‍ അറിയിക്കട്ടെ ''. മോചിതരായ രാക്ഷസര്‍ രാവണന്‍റെ അടുത്തേക്കോടി.


'' ഒന്നുകില്‍ സീതദേവിയെ തിരിച്ചേല്‍പ്പിക്ക്, അല്ലെങ്കില്‍ യുദ്ധത്തിന് ഇറങ്ങ് '' പിറ്റേന്ന് അംഗദന്‍ രാവണനെ വെല്ലുവിളിച്ചു '' രണ്ടിലൊന്ന് ചെയ്യാത്ത പക്ഷം മുഴുവന്‍ രാക്ഷസന്മാരേയും വധിച്ച ശേഷം ലങ്കാപുരി ചുട്ടെരിച്ച് ദേവിയുമായി പോകുന്നതാണ് ''. അംഗദന്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു കൊണ്ടേയിരുന്നു.


രാവണന്‍ കോപിഷ്ടനായി. അംഗദനെ വധിക്കാന്‍ അവന്‍ സൈനികരെ അയച്ചു. എന്നാല്‍ അവരെ മുഴുവന്‍ അംഗദന്‍ വധിച്ചു. ഗോപുരം തകര്‍ത്തശേഷം അവന്‍ ചെന്ന് ശ്രീരാമനെ വിവരം അറിയിച്ചു. അത്യുഗ്രമായ പോരാട്ടങ്ങള്‍ കണ്ടുകൊണ്ട് പകല്‍ കടന്നുപോയി. വേല്‍കൊണ്ട് തന്നെ അക്രമിച്ച ജംബുബാലിയെ ഹനുമാന്‍ വധിച്ചു. ലക്ഷ്മണന്‍ വിരൂപാക്ഷനെ കൊന്നു. പ്രബലരായ പല രാക്ഷസ വീരന്മാരും മരണത്തിന് കീഴടങ്ങി. ഇന്ദ്രജിത്തിനോട് ഏറ്റുമുട്ടിയ അംഗദന്‍ അവന്‍റെ കുതിരകളേയും സൂതനേയും കൊന്ന് തേരും തകര്‍ത്തു വിട്ടു.


സൂര്യന്‍ സമുദ്രത്തില്‍ കുളിക്കാനിറങ്ങി. ആകാശത്ത് മറഞ്ഞു നിന്ന ഇന്ദ്രജിത്ത് പ്രതിയോഗികളുടെ നേരെ നാഗാസ്ത്രം പ്രയോഗിച്ചു. വാനരന്മാരോടൊപ്പം രാമലക്ഷ്മണന്മാരും അതിന്‍റെ ശക്തിയില്‍ മോഹാലസ്യപ്പെട്ടു കിടക്കുന്നത് കണ്ട് വിഭീഷണന്‍ കണ്ണീര്‍ വാര്‍ത്തു. ലങ്ക ഉത്സവ ലഹരിയിലായി. രാവണന്‍ പുത്രനെ ആശ്ലേഷിച്ചു.


വിഭീഷണന്‍ ദൂരെ നിന്ന് ചിറകടിയൊച്ച കേട്ടു. നിമിഷങ്ങള്‍ക്കകം സമുദ്രം കടന്ന് പക്ഷിശ്രേഷ്ഠന്‍ പറന്നെത്തി രാമ പാദങ്ങളില്‍ നമസ്ക്കരിച്ചു. നാഗാസ്ത്രത്തിന്‍റെ ബന്ധനം അഴിഞ്ഞു. എല്ലാവരും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. ശ്രീരാമന്‍റെ അനുഗ്രഹം ഏറ്റുവാങ്ങി ഗരുഡന്‍ പറന്നകന്നു.

5 comments:

  1. വായിച്ചു .....തുടര്‍ ഭാഗം വരട്ടെ....

    ReplyDelete
  2. നന്ദി. അടുത്ത ഭാഗം ഉടനെത്തും 

    ReplyDelete
  3. വിഭീഷണന്‍...!!!!

    ReplyDelete
  4. വിഭീഷണന്‍ - പോരാട്ടത്തിലെ ഒരു നിര്‍ണ്ണായക ഘടകം 

    ReplyDelete
  5. വിഭീഷണന്‍ കുലംകുത്തി അല്ലെ.?

    ReplyDelete