Wednesday, August 8, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 25.

പൂവിതള്‍ - 25.

'' എന്‍റെ ജ്യേഷ്ഠന്‍ കുംഭകര്‍ണ്ണനാണ് ആ വരുന്നത് '' ഭീമമായ ശൂലം കയ്യിലേന്തി വരുന്ന രാക്ഷസനെ ചൂണ്ടിക്കാട്ടി വിഭീഷണന്‍ ശ്രീരാമനോട് പറഞ്ഞു '' ഞാന്‍ പോയി അദ്ദേഹത്തെ പ്രണമിച്ചു വരട്ടെ ''.


ജ്യേഷ്ഠാനുജന്മാരുടെ സമാഗമം ഹൃദയസ്പൃക്കായ രംഗമായിരുന്നു. വിഭീഷണന്‍ ജ്യേഷ്ഠന്നു മുന്നില്‍ ദണ്ഡനമസ്ക്കാരം ചെയ്തു, കുംഭകര്‍ണ്ണന്‍ അനുജനെ ഗാഡമായ ആലിംഗനവും. കുറെ നേരം ഇരുവരും സംസാരിച്ചു നില്‍ക്കുന്നത് കാണായി. ജ്യേഷ്ഠനെ കൈക്കൂപ്പി കണ്ണും തുടച്ച് വിഭീഷണന്‍ വരുന്നതും നോക്കി എല്ലാവരും നിന്നു.


'' എന്താണ് ഭവനോട് ജ്യേഷ്ഠന്‍ പറഞ്ഞത് '' സുഗ്രീവന്‍ ചോദിച്ചു.


'' ഒട്ടും താല്‍പ്പര്യമുണ്ടായിട്ടല്ല ജ്യേഷ്ഠന്‍ യുദ്ധത്തിന് വന്നത്. സീതയെ ശ്രീരാമന് ഏല്‍പ്പിച്ച് മാപ്പ് അപേക്ഷിക്കണമെന്ന് അദ്ദേഹം രാവണനോട് പറഞ്ഞുവത്രേ '' വിഭീഷണന്‍ പറഞ്ഞു '' എന്നാല്‍ ആ ഉപദേശം സ്വീകരിക്കാതെ അനുജനെ ഭര്‍ത്സിക്കുകയാണത്രേ രാവണന്‍ ചെയ്തത്. രാമസായകം ഏറ്റു മരിച്ചാല്‍ മോക്ഷം ലഭിക്കുമെന്നു കരുതി വന്നതാണ് ജ്യേഷ്ഠന്‍ ''.


വാനരന്മാരെയാണ് കുംഭകര്‍ണ്ണന്‍ ആദ്യം അക്രമിച്ചത്. പൊരുതാന്‍പോലുമാവാതെ മിക്കവരും
മരണത്തിന്ന് കീഴടങ്ങി. സുഗ്രീവന് ഏറെ നേരം കണ്ടു നില്‍ക്കാനായില്ല. അവന്‍ കുംഭകര്‍ണ്ണനെ നേരിട്ടു. കൂറ്റന്‍ പാറകളും മരക്കൊമ്പുകളും വായുവിലൂടെ കുംഭകര്‍ണ്ണന്‍റെ നേര്‍ക്ക് പറന്നു. തീരെ ഗതി മുട്ടിയപ്പോള്‍ രാക്ഷസന്‍ സുഗ്രീവന്‍റെ നേരെ ശൂലം പ്രയോഗിച്ചു. ബോധരഹിതനായി നിലം പതിച്ച ശത്രുവിനേയും ചുമന്ന് കുംഭകര്‍ണ്ണന്‍ ലങ്കാപുരിയിലേക്ക് നടന്നു. സ്വീകരിക്കാന്‍ വേണ്ടി ഗോപുര വാതില്‍ക്കല്‍ നിന്ന രാക്ഷസ സ്ത്രീകള്‍ തളിച്ച പനിനീരും സുഗന്ധദ്രവ്യങ്ങളും തട്ടിയതും സുഗ്രീവന്‍ ഉണര്‍ന്നു. കുംഭകര്‍ണ്ണന്‍റെ ചെവികളും മൂക്കും കടിച്ചു മുറിച്ച് അവന്‍ ഓടി രക്ഷപ്പെട്ടു.


യുദ്ധരംഗത്തേക്ക് കുംഭകര്‍ണ്ണന്‍ വീണ്ടും വരികയാണ്. ലക്ഷ്മണന്‍ വില്ലും ശരങ്ങളും കൈകളില്‍
എടുത്തു. അസ്ത്രങ്ങള്‍ പേമാരിപോലെ രാക്ഷസന്‍റെ ശരീരത്തില്‍ പെയ്തിറങ്ങുകയാണ്. അവയെ അവഗണിച്ച് കപികളെ നിഗ്രഹിച്ചുകൊണ്ട് അവന്‍ മുന്നോട്ടും. പെട്ടെന്ന് അവന്‍ ദിശ മാറ്റി.


ജ്യേഷ്ഠനും കുംഭകര്‍ണ്ണനും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. ഇരു കരങ്ങളും ശിരസ്സും മുറിഞ്ഞ് ഒരു വന്മല കണക്കേ കുംഭകര്‍ണ്ണന്‍ നിലം പതിച്ചു. വാവിട്ടു കരയുന്ന വിഭീഷണനെ എല്ലാവരും കൂടി ആശ്വസിപ്പിക്കുമ്പോള്‍ എട്ടു രാക്ഷസന്മാര്‍ സൈന്യവുമായി എത്തി. വാനരന്മാര്‍ അവരോട് പൊരുതി മുഴുവന്‍ പേരേയും കൊന്നൊടുക്കി. ഒന്നിനു പുറകെ ഒന്നായി രാക്ഷസ വീരന്മാരും അനുചരന്മാരും വരികയും മരണത്തെ പുല്‍കുകയും ചെയ്തുകൊണ്ടിരുന്നു.


'' ഈ വരുന്നത് രാവണന്‍റെ പുത്രന്‍ അതികായനാണ് '' വിഭീഷണന്‍ പറഞ്ഞു തന്നു. ജ്യേഷ്ഠനെ നോക്കി. സമ്മത ഭാവമാണ് ആ മുഖത്ത്. ചാപബാണങ്ങളുമായി അവനെ നേരിടാന്‍ ഒരുങ്ങി. പല തരം ദിവ്യാസ്ത്രങ്ങളാണ് അവന്‍ പ്രയോഗിക്കുന്നത്. കയ്യില്‍ അവയ്ക്കെല്ലാം അനുയോജ്യമായ പ്രത്യസ്ത്രങ്ങള്‍ ഉള്ളതിനാല്‍ എല്ലാറ്റിനേയും പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഇവനെ എങ്ങിനെ തോല്‍പ്പിക്കാനാവും എന്നു മാത്രം അറിയുന്നില്ല.


'' ലക്ഷ്മണ കുമാരാ. ബ്രഹ്മാവ് നല്‍കിയ കഞ്ചുകം അവന്‍ ധരിച്ചിട്ടുണ്ട്. അതാണ് വധിക്കാന്‍
കഴിയാത്തത്. ബ്രഹ്മാസ്ത്രം എയ്ത് അവനെ നിഗ്രഹിക്കുക ''.


വായുദേവന്‍റെ ഉപദേശം കേട്ടതും അങ്ങിനെത്തന്നെ ചെയ്തു. അതികായന്‍റെ മരണത്തോടെ ഈ ദിവസത്തെ യുദ്ധം തീര്‍ന്നുവെന്ന് കരുതി. എല്ലാവരും മടങ്ങി പോവാന്‍ ഒരുങ്ങി.'' മേഹനാദന്‍ പടയുമായി വരുന്നുണ്ട്. നേരിടാന്‍ ഒരുങ്ങിക്കോളിന്‍ '' വിഭീഷണന്‍ പറയുന്നത് കേട്ട് നോക്കി. ശരിയാണ്, ഇന്ദ്രജിത്ത് സൈന്യവുമായി വരുന്നു.


ഇന്ദ്രജിത്തും രാക്ഷസന്മാരും അസ്ത്രങ്ങള്‍ ചൊരിഞ്ഞു തുടങ്ങി. ലക്ഷ്മണന്‍റെ വീര്യം എന്താണെന്ന് അവരെ അറിയിക്കണം. ഒന്ന്, പത്ത്, നൂറ്, ആയിരം, പതിനായിരം. കയ്യിലൂടെ കടന്നുപോവുന്ന ബാണങ്ങളുടെ എണ്ണം കുതിച്ചുയരുകയാണ്. പെട്ടെന്ന് ശത്രു മേഘങ്ങള്‍ക്കിടയില്‍ മറയുന്നത് കണ്ടു. ആകാശത്തു നിന്ന് ഒരു അഗ്നികുണ്ഡം ഭൂമിയിലേക്ക് വീണു. കണ്ണുകളില്‍ ഉറക്കം എത്തിയതാണോ? ഓര്‍മ്മ നഷ്ടപ്പെടുകയാണോ. എല്ലം മറന്ന് ഉറക്കത്തിലേക്ക് വഴുതി വീണു.

4 comments:

  1. മുറുകുന്ന യുദ്ധവര്‍ണ്ണന........

    ReplyDelete
  2. പുരാണങ്ങളിലെ യുദ്ധത്തെപ്പറ്റി വായിക്കുമ്പോഴൊക്കെ പഴയ മലയാളഭക്തിപ്പടങ്ങളും മഹാഭാരതം, രാമായണം മുതലായ സീരിയലുകളും ഓര്‍മ്മവരും.

    ReplyDelete
  3. Echmukutty,
    യുദ്ധത്തെക്കുറിച്ച് ഒരുപാട് വര്‍ണ്ണിച്ചെഴുതാനുണ്ട്. സ്ഥലപരിമിതി കാരണം ചുരുക്കിയതാണ്.

    ajith,
    പുരാണപടത്തില്‍ നിന്നു കിട്ടിയ പ്രചോധനം ഉള്‍ക്കൊണ്ട് ഈര്‍ക്കിലകൊണ്ട് അമ്പും വില്ലും ഉണ്ടാക്കി വാഴയിലേക്ക് എയ്തു വിടുന്ന ബാല്യകാലം മറക്കാന്‍ ആവുന്നില്ല.

    ReplyDelete
  4. adutha bhaagathilekkaayi vaayana thudarunnu

    ReplyDelete