Tuesday, August 14, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 31.

പൂവിതള്‍ - 31.

യാഗം പര്യവസാനിച്ചു എല്ലാവരും പിരിഞ്ഞുപോയി. അവശേഷിക്കുന്നത് വേദനിക്കുന്ന ഓര്‍മ്മകള്‍ മാത്രം. ജ്യേഷ്ഠന്‍ മിക്കവാറും മൌനത്തിലാണ്. രാജ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്നു യാതൊരു കുറവും വരുത്തിയിട്ടില്ല. എന്തെങ്കിലും സംസാരിക്കാറുള്ളത് ഭരണ സംബന്ധമായ ആവശ്യങ്ങള്‍ക്കു മാത്രം. ലവന്‍റേയും കുശന്‍റേയും സാന്നിദ്ധ്യമാണ് ഏക സന്തോഷം.


ലക്ഷ്മണന്‍ മെല്ലെ കൊട്ടാര വാതില്‍ക്കലേക്ക് ചെന്നു. കവാടത്തിനപ്പുറത്ത് ഭൂമിയ്ക്ക് ഒരു മാറ്റവും ഇല്ല. ജ്യേഷ്ഠത്തിയെ ഒടുവില്‍ കാണുന്നത് ഇവിടെയാണ്. ഓര്‍മ്മയില്‍ എന്നെന്നും നിലനില്‍ക്കുന്ന രംഗം. കണ്‍മുന്നില്‍ ഇപ്പോഴും ആ ദൃശ്യം ഉള്ളതുപോലെ.


യാഗം തുടങ്ങുന്ന ദിവസം ജ്യേഷ്ഠത്തിയേയും കുട്ടികളേയും കൂട്ടി എത്താമെന്ന് വാത്മീകി മഹര്‍ഷി പറഞ്ഞതനുസരിച്ച് രാവിലെ മുതല്‍ക്കേ അവരുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ് എല്ലാവരും. ചടങ്ങുകള്‍ തുടങ്ങാനിരിക്കവേ ആ നല്ല വാര്‍ത്തയെത്തി. ജ്യേഷ്ഠത്തിയും പുത്രന്മാരും മഹര്‍ഷിയും പരിവാരങ്ങളുമൊപ്പം എത്തുന്നു. അവരെ സ്വീകരിക്കാന്‍ ഗോപുരദ്വാരത്തിലേക്ക് ജ്യേഷ്ഠനോടൊപ്പം എല്ലാവരും ധൃതിയില്‍ ചെന്നു.


മൂന്നു മാതാക്കന്മാര്‍, സ്വന്തം സഹോദരിമാര്‍, ഭര്‍ത്തൃസഹോദരന്മാര്‍, ജനക മഹാരാജാവ്, വസിഷ്ഠ മഹര്‍ഷിയടക്കം ഒട്ടനവധി താപസ ശ്രേഷ്ഠന്മാര്‍, അമാത്യന്മാര്‍, ഹനുമാന്‍, സുഗ്രീവന്‍, അംഗദന്‍ തുടങ്ങി കിഷ്ക്കിന്ധയില്‍ നിന്ന് എത്തിയ വാനര സംഘം, ലങ്കയില്‍ നിന്നു വന്ന വിഭീഷണനും പരിവാരങ്ങളും, അയോദ്ധ്യയിലെ പൌരന്മാര്‍ എന്നിങ്ങനെ നിരവധി പേരുടെ മുന്നിലേക്ക് സംഘം എത്തിച്ചേര്‍ന്നു.


'' എല്ലാവരും അകത്തേക്ക് വരുവിന്‍ '' സ്വീകരിക്കാന്‍ ചെന്നതാണ്.


'' വരട്ടെ '' ജ്യേഷ്ഠത്തി പറഞ്ഞു '' അതിനു മുമ്പ് ചിലത് ചെയ്യാനുണ്ട് ''. അവര്‍ അരികിലുള്ള മക്കളെ മുന്നിലേക്ക് നീക്കി.


'' നിങ്ങളെ അമ്മ നിങ്ങളുടെ പിതാവിനെ ഏല്‍പ്പിക്കുകയാണ്. രണ്ടാളും അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെല്ലുവിന്‍ ''. കുട്ടികള്‍ ജ്യേഷ്ഠനെ സമീപിച്ചു. അദ്ദേഹം അവരെ ആശ്ലേഷിക്കുന്നതു കണ്ടിട്ട് കണ്ണ് നിറഞ്ഞു.


'' ജ്യേഷ്ഠത്തി വരൂ. എല്ലാവരും കാത്തിരിക്കുകയാണ് '' സ്നേഹപൂര്‍വ്വം ക്ഷണിച്ചതാണ്.


'' ആരെ? എന്നേയോ. വനത്തില്‍ ഉപേക്ഷിക്കപ്പെട്ടവളല്ലേ ഞാന്‍. ആര്‍ക്കാണ് എന്നെ കാണണമെന്ന് ആഗ്രഹമുള്ളത്. കഴിഞ്ഞ ഒരു വ്യാഴവട്ട കാലത്തിനിടയ്ക്ക് അവരെയൊന്നും കണ്ടില്ലല്ലോ. ഞാന്‍ പതിതയാണെന്ന് അയോദ്ധ്യയിലെ ചില ജനങ്ങള്‍ക്ക് തോന്നിയിരിക്കാം. എന്നാല്‍ അങ്ങിനെയല്ല എന്ന് ബോദ്ധ്യമുള്ളവര്‍ എന്താ ചെയ്തത്. എന്തിന് എന്‍റെ പിതാവു പോലും ഒരിക്കലും എന്നെ അന്വേഷിച്ചില്ലല്ലോ ''.



'' അതിനുള്ള കാരണം നിനക്ക് അറിവുള്ളതാണല്ലോ '' ജനകന്‍ പറഞ്ഞു '' ജനഹിതം മാനിക്കണ്ടേ. രാജവംശത്തിന്‍റെ സല്‍പ്പേര് നില നിര്‍ത്തണ്ടേ ''.

'' അപ്പോള്‍ അത്രയേ ഉള്ളു എന്നോടുള്ള സ്നേഹം. അതിലും വലുതായി നിങ്ങള്‍ക്കൊക്കെ മറ്റു പലതും ഉണ്ട്. എന്നെങ്കിലും എന്നെ അന്വേഷിച്ച് ആരെങ്കിലും എത്തുമെന്ന് കരുതിയിരുന്നു. ലക്ഷ്മണകുമാരനോടൊപ്പം തേരില്‍ വന്ന് ഇറങ്ങിയ സ്ഥലത്ത് ചെന്ന് ചിലപ്പോഴൊക്കെ ദൂരേക്ക് നോക്കി നില്‍ക്കും, ആരെങ്കിലും വരുന്നുണ്ടോ എന്ന് അറിയാനായിട്ട്. കരിയിലകള്‍ ഇളകുന്ന ശബ്ദം കേട്ടാല്‍ പര്‍ണ്ണശാലയ്ക്ക് പുറത്തേക്ക് ഓടും, എന്നെ കാണാന്‍ എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാന്‍. ഞാനൊരു വിഡ്ഢി. പ്രതിമയാണെങ്കില്‍പോലും യാഗത്തില്‍ എനിക്കു പകരം
വെക്കാന്‍ ഒന്നിനെ കണ്ടെത്തിയല്ലോ. ഇനി എനിക്ക് ഇവിടെ എന്തു സ്ഥാനം ''.



ആര്‍ക്കും ഒന്നും പറയാനില്ല. ജ്യേഷ്ഠത്തി പറഞ്ഞത് മുഴുവന്‍ ശരിയാണ്.


'' കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ടാ '' പിന്നില്‍ നിന്ന് ആരോപറയുന്നത് കേട്ടു. മുനിമാര്‍ ആരെങ്കിലുമാവണം.


'' അതെ. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത അനാഥ എന്ന അവസ്ഥ ഇവിടെ അവസാനിക്കുകയാണ് ''. വിഷമം പറഞ്ഞു തീര്‍ത്ത് മക്കളോടൊപ്പം അവര്‍ വരികയാണെന്നാണ് ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിയത്. പക്ഷെ അതല്ല ഉണ്ടായത്.


'' ഇനി ഒരു പരീക്ഷണത്തിന്ന് ഞാനില്ല '' അവര്‍ കുനിഞ്ഞ് ഭൂമിയെ സ്പര്‍ശിച്ചു '' അമ്മേ, ഭൂമിദേവി. എന്നോട് കരുണയുണ്ടെങ്കില്‍ ഈ നിമിഷം എന്നെ സ്വീകരിക്കണം ''.


വല്ലാത്തൊരു മുരള്‍ച്ച ഭൂമിക്കടിയില്‍ നിന്ന് ഉയര്‍ന്നു. പെട്ടെന്ന് ഭൂമി പിളര്‍ന്നു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചുറ്റിലും പരന്നു. അതില്‍ നിന്ന് ദിവ്യാലങ്കാരത്തോടെ ഒരു സ്ത്രീരൂപം ഉരുത്തിരിഞ്ഞു. ജ്യേഷ്ഠത്തിയുടെ കയ്യും പിടിച്ച് അവര്‍ ആ ഗര്‍ത്തത്തില്‍ മറഞ്ഞു. ഒരു അടയാളം പോലും ബാക്കി വെക്കാതെ ഭൂമി പഴയ മട്ടിലായി. കൂട്ടക്കരച്ചില്‍ ഉയര്‍ന്നു.


ഓര്‍ക്കുംതോറും സങ്കടം പെരുകുകയാണ്. ജ്യേഷ്ഠത്തിയുടെ അന്തര്‍ദ്ധാനം ഒരു മുറിവായി എന്നും
അവശേഷിക്കും.


'' ഊര്‍മ്മിള രാജകുമാരി അന്വേഷിക്കുന്നതായി തോഴി വന്നു പറഞ്ഞു '' തിരിഞ്ഞു നോക്കീയപ്പോള്‍ ഒരു സേവകനാണ്. മെല്ലെ അന്തപ്പുരത്തിലേക്ക് നടന്നു.


'' വാതില്‍ക്കല്‍ വെറുതെ നില്‍ക്കുകയാണെന്ന് കേട്ടു '' ഊര്‍മ്മിള പറഞ്ഞു.


'' ഓരോന്ന് ആലോചിച്ച് അങ്ങിനെ നിന്നു ''.


'' എന്തിനെക്കുറിച്ചാണെന്ന് എനിക്ക് ഊഹിക്കാനാവും. മാസം രണ്ട് കഴിഞ്ഞില്ലേ. ഇനിയും അത് ആലോചിച്ചു നടക്കണോ ''.


'' മറക്കാന്‍ കഴിയുന്നില്ല ''.


'' മറന്നല്ലേ പറ്റു ''.


'' ഒക്കെ ഒരുവിധം ശരിയായതാണ്. അപ്പോഴാണ് ജ്യേഷ്ഠത്തി പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചത്. ജ്യേഷ്ഠന് ഒരു അവസരം കൊടുക്കായിരുന്നു. ഭാര്യയും മക്കളുമൊത്തുള്ള ജീവിതം വേണമെന്ന് അദ്ദേഹത്തിന്ന് ആഗ്രഹം കാണില്ലേ ''.


'' അത് ഒരു വശം. ജ്യേഷ്ഠത്തിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചാലോ. അഗ്നിയില്‍ ചാടി കളങ്കമില്ലെന്ന് തെളിയിച്ചിട്ടും പിന്നീട് അതേ കുറ്റത്തിന്ന് അവരെ പരിത്യജിച്ചത് ശരിയാണെന്ന് പറയാനാവുമോ. കളങ്കപ്പെട്ട അഹല്യക്ക് ജ്യേഷ്ഠന്‍ പാപമോക്ഷം നല്‍കിയില്ലേ. സ്വന്തം പത്നിയുടെ കാര്യത്തില്‍ ആ സമീപനം എടുത്തില്ലല്ലോ ''.


'' ജ്യേഷ്ഠന്‍ രാജാവല്ലേ. പ്രജാതാല്‍പ്പര്യത്തിനല്ലേ മുന്‍തൂക്കം വേണ്ടത് ''.


'' അല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ പതിവ്രതയായ സ്ത്രീക്ക് സ്വന്തം ചാരിത്ര്യത്തെ ആര് ചോദ്യം ചെയ്താലും അത് സഹിക്കാനാവില്ല ''.


'' എന്തായാലും ഈ ദുഃഖം ഒരു കാലത്തും തീരില്ല ''.


'' അങ്ങിനെയൊന്നും കരുതരുത്. തടാകത്തില്‍ ഒരു കുടം പാല് ഒഴിച്ചാല്‍ കുറേശ്ശയായി അത് അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നതുപോലെ ഏത് ദുഖവും ക്രമേണ ഇല്ലാതാവും ''.


ലക്ഷ്മണന്‍ പത്നിയുടെ മുഖത്തേക്ക് നോക്കി. ആശ്വാസം പകരുന്ന ഒരു പുഞ്ചിരി അവിടെ കണ്ടു.

7 comments:

  1. സീത ചെയ്തത് ശരി........തര്‍ക്കമില്ല

    ReplyDelete
  2. തീര്‍ച്ചയായും. സ്വന്തം പരിശുദ്ധി തെളിയിക്കാന്‍ അഗ്നികുണ്ഡം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട സ്ത്രിയാണ് സീത. അങ്ങിനെയുള്ള അവരെ വീണ്ടും ശിക്ഷിച്ചത് നീതീകരിക്കാനാവില്ല.

    ReplyDelete
  3. ഏതു ദു:ഖവും ക്രമേണ ഇല്ലാതാവും.....അത് ശരി.

    ReplyDelete
  4. Echmukutty'
    അതാണ് സത്യം 

    ReplyDelete
  5. പതിവ്രതയായ സ്ത്രീക്ക് സ്വന്തം ചാരിത്ര്യത്തെ ആര് ചോദ്യം ചെയ്താലും അത് സഹിക്കാനാവില്ല ''.

    ReplyDelete
  6. Nalina,
    അതാണ് ഊർമ്മിള പറയുന്നത്.

    ReplyDelete
  7. കണ്ണുനീരിൻ കഥയാണു രാമായണം
    സീത തൻ ദുഃഖത്തിൻ കഥയാണു രാമായണം
    സ്ത്രീകൾ തൻ ദുഃഖത്തിൻ കഥയാണു രാമായണം

    ഈ നോവൽ വായിക്കാൻ ഞാനെന്തേ വന്നില്ലെന്ന് അറിയില്ല. എങ്ങനെയോ ഞാനിത് അറിയാതെ പോയി.......

    ReplyDelete