Wednesday, August 1, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 19.

പൂവിതള്‍ - 19.

ഭീരുവിനെപോലെ ആരുമറിയാതെ ഇവിടെ വന്നു പോവേണ്ട ആവശ്യമെന്ത് എന്ന് ഹനുമാന്‍ചിന്തിച്ചു. ശ്രീരാമന്‍ ആരാണെന്ന് രാവണന്‍ അറിയണം. അവനെ പ്രകോപിപ്പിച്ചാലേ നേരില്‍ കണ്ട് സംസാരിക്കുവാനുള്ള അവസരം കിട്ടു. ഏല്‍പ്പിച്ച ദൌത്യം നിറവേറ്റുന്നതിന്നു പുറമെ വേറെന്തെങ്കിലും ചെയ്യുന്നവനാണ് ഉത്തമനായ ദൂതന്‍.


എന്താണ് ചെയ്യേണ്ടത് എന്ന് കുറച്ചു നേരം ആലോചിച്ചിരുന്നു. ഉദ്യാനം നശിപ്പിച്ചാല്‍ എളുപ്പംശ്രദ്ധിക്കപ്പെടും. അതാണെങ്കില്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. സീതാദേവിക്ക് നിഴല്‍ നല്‍കുന്ന ശിംശിപാ വൃക്ഷമൊഴികെ മറ്റെല്ലാം നിലം പൊത്താന്‍ തുടങ്ങി. അവയില്‍ ചേക്കേറിയ പക്ഷികള്‍ കരഞ്ഞുകൊണ്ട് നാനാ ദിക്കുകളിലേക്ക് പറന്നകന്നു.


മരക്കൊമ്പുകള്‍ നിലം പതിക്കുന്ന ശബ്ദം കേട്ട് രാക്ഷസ സ്ത്രീകള്‍ ഉറക്കമുണര്‍ന്നു. ഏതോ ഒരു കുരങ്ങന് തോട്ടത്തില്‍ കടന്ന് വൃക്ഷലതാദികള്‍ നശിപ്പിക്കുകയാണ്. അവര്‍ ബഹളം വെച്ചതോടെ ഉദ്യാന പാലകരെത്തി. കയ്യില്‍ കിട്ടിയ കല്ലും മരച്ചില്ലകളുമായി ഉദ്യാനപാലകര്‍ വാനരനെ നേരിട്ടു. ക്രുദ്ധനായ കുരങ്ങന്‍ ഒരു മരം വേരോടെ പിഴുതെടുത്ത് അവരെ മുഴുവന്‍ അടിച്ചു കൊന്നു. ഇതു കണ്ട് പരിഭ്രാന്തരായ രാക്ഷസികള്‍ ഓടിച്ചെന്ന് രാവണനെ വിവരം അറിയിച്ചു.


'' അത്രയ്ക്ക് പരാക്രമിയായ ഒരു വാനരനോ '' രാവണന്‍ അലറി '' ആയുധങ്ങളുമായി നൂറായിരം
വീരന്മാര്‍ പോയി ആ കപിയെ വധിക്കട്ടെ ''.


ആയുധങ്ങളുമായി ചെന്ന ഭടന്മാര്‍ക്ക് ഒരു അവസരം പോലും നല്‍കാതെ വാനരന്‍ അവരേയും
കൊലപ്പെടുത്തി. വാര്‍ത്ത ഉടന്‍ കൊട്ടാരത്തിലെത്തി. രാവണന്‍ രോഷംകൊണ്ട് പുളഞ്ഞു.


''സേനാനായകര്‍ അഞ്ചുപേരും ഉടനെ ചെല്ലട്ടെ. ആ മര്‍ക്കടനെ കൊന്നിട്ടേ തിരിച്ച് വരാവു '' അവന്‍ ആജ്ഞാപിച്ചു.


അതീവ ബലവാന്മാരായ അവര്‍ പലതരം ആയുധങ്ങളുമായി പുറപ്പെട്ടു. പോരാട്ടം ഏറെ നീണ്ടു നിന്നില്ല. അഞ്ചുപേരും മരണത്തിന്ന് കീഴടങ്ങി.


ഇത്തവണ വാര്‍ത്ത അറിഞ്ഞതും ദേഷ്യത്തോടൊപ്പം ഭീതിയും രാവണനെ ബാധിച്ചു.


'' ആ കുരങ്ങനെ കൊല്ലാന്‍ കഴിവുള്ള ആരും രാവണന്‍റെ സൈന്യത്തില്‍ ഇല്ലെന്നോ '' ലങ്കേശന്‍ ചോദിച്ചു.


'' പിതാവേ. ഒന്നുകൊണ്ടും വിഷമിക്കരുത് '' രാവണന്‍റെ ഇളയ പുത്രനായ അക്ഷകുമാരന്‍ പറഞ്ഞു '' അവനെ വധിക്കാനുള്ള ദൌത്യം എന്നെ ഏല്‍പ്പിക്കുക. ഞാന്‍ ആ ദ്രോഹിയെ വക വരുത്തുന്നുണ്ട് ''.


രാവണന് സന്തോഷമായി '' വിജയി ഭവ '' എന്ന് ആശംസിച്ച് അവന്‍ മകനെ പോരിനയച്ചു. കൂര്‍ത്ത അമ്പുകള്‍ ഹനുമാന്‍റെ ദേഹത്ത് പതിച്ചു തുടങ്ങി. പക്ഷെ അവയൊന്നും ശരീരത്തില്‍ ഒരു പോറല്‍പോലും ഏല്‍പ്പിച്ചില്ല. ഹനുമാന്‍ ചുറ്റും നോക്കി. ഒരു ലോഘസ്തംഭമാണ് കണ്ണില്‍ പെട്ടത്. അത് പൊക്കിയെടുത്ത് അക്ഷയകുമാരനേയും കൂട്ടാളികളേയും അടിച്ചു കൊന്നു.


മകന്‍റെ മരണ വാര്‍ത്തയറിഞ്ഞ് രാവണന്‍ കൂടുതല്‍ ദുഃഖിതനായി. അയാള്‍ ഉറക്കെ വിലപിക്കാന്‍ തുടങ്ങി. അതു കേട്ട് മൂത്ത മകനായ ഇന്ദ്രജിത്ത് രാവണനെ സമീപിച്ചു.


'' യാതൊന്നുകൊണ്ടും അങ്ങ് പരിഭ്രമിക്കരുത് '' അവന്‍ പറഞ്ഞു തുടങ്ങി '' കേട്ടേടത്തോളം ഈ വാനരന്‍ നിസ്സാരനല്ല. മരണഭയമുള്ള ഒരുവന്‍ ഇവിടെ വന്ന് ഇത്തരം അക്രമങ്ങള്‍ ചെയ്യുകയില്ല. അവന്‍ ആരാണെങ്കിലും ബ്രഹ്മാസ്ത്രമെയ്ത് അവനെ ബന്ധിച്ച് ഇവിടെ ഹാജരാക്കുന്നുണ്ട് ''.


ഇന്ദ്രജിത്തും ഹനുമാനും തമ്മില്‍ ഉഗ്രമായ പോരാട്ടമാണ് നടന്നത്. ശരങ്ങള്‍ തുമ്പികളെപ്പോലെ വായുവിലൂടെ പറന്നു തുടങ്ങി. ഹനുമാന്‍ ഉറക്കെ അലറി. നേരത്തെ കൈക്കലാക്കിയ സ്തംഭം പല തവണ ഉയര്‍ന്നു താണു. രാക്ഷസ സേന മിക്കവാറും ചത്തൊടുങ്ങി. ഇന്ദ്രജിത്തിന്‍റെ രഥവും സൂതനും കുതിരകളും ചതഞ്ഞരഞ്ഞു. ഇന്ദ്രജിത്ത് എങ്ങിനേയോ തേരില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. വേറൊരു രഥത്തിലേറി വീണ്ടും പൊരുതി നോക്കിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.


ഒരു വിധത്തിലും എതിരാളിയെ പരാജപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായതോടെ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ദിവ്യാസ്ത്രത്തിന്‍റെ ശക്തി അറിയാവുന്ന ഹനുമാന്‍ ഭക്തി പുരസരം അതിനെ നേരീട്ടു. ശരീരം ബന്ധിക്കപ്പെട്ടിട്ടും മനസ്സില്‍ ഒരു വിഷമവും തോന്നുന്നില്ല. അല്ലെങ്കിലും മരണഭയം തീണ്ടാത്തവന് പേടിക്കാനെന്തിരിക്കുന്നു. ബന്ധിപ്പിച്ച പാശം അഴിഞ്ഞു കഴിഞ്ഞു. അത് അങ്ങിനെത്തന്നെ ഇരിക്കട്ടെ. കീഴടങ്ങിയ മട്ടില്‍ നിന്നാലേ രാവണനെ കാണാനൊക്കൂ. ചിലതു കൂടി ചെയ്യാന്‍ ബാക്കിയുണ്ട്.


ബന്ദിയെപ്പോലെ അനങ്ങാതെ നിന്നു. ആര്‍പ്പുവിളികളോടെ രാക്ഷസന്മാര്‍ ഹനുമാനെ രാവണന്‍റെ മുമ്പിലേക്ക് ആനയിച്ചു.

4 comments:

 1. അതെ, മരണ ഭയം തീണ്ടാത്തവനെന്തു പേടി?

  ReplyDelete
 2. ഹനുമദ് പാദാരവിന്ദങ്ങളില്‍ പ്രണമിക്കുന്നു.

  ReplyDelete
 3. മരണ ഭയം തീണ്ടാത്തവനെന്തു പേടി?

  ReplyDelete
 4. പിന്നെ ഭയക്കേണ്ട കാര്യമില്ലല്ലോ.

  ReplyDelete