Wednesday, August 15, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 32.

പൂവിതള്‍ - 32.

മന്ത്രശാലയുടെ കവാടത്തിന്നു മുമ്പില്‍ ലക്ഷ്മണന്‍ ജാഗരൂകനായി നിന്നു. അകത്ത് താപസനും ജ്യേഷ്ഠനും സംഭാഷണം തുടരുകയാണ്. അത് തീരുന്നതു വരെ ആരേയും അകത്തേക്ക് കടത്തി വിടരരുത് എന്നാണ് ഉത്തരവ്. ലംഘിക്കുന്ന പക്ഷം വധശിക്ഷയാണ് ലഭിക്കുക. ഏറെ നേരമായി സംഭാഷണം തുടങ്ങിയിട്ട്. ഇത്രയേറെ ഗോപ്യമായി പറയുന്ന വിഷയം എന്താണാവോ ?


ഗോപുരദ്വാരത്തില്‍ വെച്ചാണ് താപസനെ കാണുന്നത്. ഒരു മഹാമുനിശ്രേഷ്ഠന്‍റെ ദൂതനായി താന്‍ വന്നതാണെന്നും ശ്രീരാമനെ നേരില്‍ കണ്ട് സംസാരിക്കാനുണ്ടെന്നും അറിയിച്ചതനുസരിച്ച് വിവരം ജ്യേഷ്ഠനെ ഉണര്‍ത്തിച്ചു. ഇരുവരും ചേര്‍ന്നാണ് താപസനെ സ്വീകരിപ്പാനെത്തിയത്.


'' രഹസ്യമായ ഒരു വൃത്താന്തം എനിക്ക് അറിയിപ്പാനുണ്ട്. അതിന് ആരും കടന്നു വരാത്ത ഒരു ഇടം വേണം '' താപസന്‍ ജ്യേഷ്ഠനോട് ആവശ്യപ്പെട്ടു '' നാം തമ്മിലുള്ള സംഭാഷണത്തിനിടയ്ക്ക് ആരും അവിടേക്ക് കടന്നു വരരുത്. അതിനായി വിശ്വസ്തനായ ഒരാളെ കാവലിന്ന് നിയോഗിക്കണം. ഇനി ആരെങ്കിലും അകത്തേക്ക് വന്നാലോ, ഉത്തരവ് ലംഘിച്ചതിന് കാവല്‍ നിന്നവനെ വധിക്കണം ''.


'' അതിനെന്താ. എന്‍റെ അനുജന്‍ ലക്ഷ്മണകുമാരനെ തന്നെ മന്ത്രശാലയുടെ വാതില്‍ക്കല്‍ കാവല്‍ നിര്‍ത്തുന്നുണ്ട് '' അതിഥിയുടെ വാക്കുകള്‍ മാനിച്ച് ചുമതല ജ്യേഷ്ഠന്‍ ഏല്‍പ്പിക്കുകയായിരുന്നു.


അകലെ നായ്ക്കള്‍ ഓരിയിടുന്നുത് കേള്‍ക്കാനുണ്ട്. ഗോപുരത്തിന്‍റെ മുകളിലിരുന്ന് കാലന്‍കോഴി കരയുന്നു. താമസിയാതെ അരുതാത്തതെന്തോ സംഭവിക്കാന്‍ പോവുന്നതായി ഒരു ഉള്‍വിളി തോന്നി. മരണം അടുക്കുമ്പോള്‍ ദുശ്ശകുനങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഊരിപിടിച്ച വാള്‍ കയ്യില്‍ നിന്ന് താഴെ വീഴാന്‍ പോവുകയാണോ ?


അല്‍പ്പ ദിവസങ്ങള്‍ക്ക് മുമ്പ് ജ്യേഷ്ഠന്‍ പറഞ്ഞത് മനസ്സിലെത്തി. മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങള്‍
ചെയ്തു തീര്‍ക്കാനാണത്രേ ഭൂമിയില്‍ ഓരോ ജീവിയും പിറക്കുന്നത്. അത് നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍
ഭൂമിയിലെ വാസം അവസാനിക്കും. നമുക്ക് ഇനിയൊന്നും ചെയ്യാനില്ലെന്ന് അതോടൊപ്പം ജ്യേഷ്ഠന്‍ പറഞ്ഞത് എന്തിനാണ്. ഒരുപക്ഷെ ഈ ലോകം വിടാനുള്ള സമയം അടുത്തിരിക്കും. എങ്കില്‍ അതിന് ഒരുങ്ങുക തന്നെ. വിധിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ലല്ലോ.


ചിന്തകള്‍ കാടു കാടുകയറുകയാണ്. ജീവന്‍ ഇല്ലാതാവുന്നതോടെ എല്ലാം അവസാനിക്കുന്നില്ല എന്ന് പറയപ്പെടുന്നു. കര്‍മ്മഫലങ്ങള്‍ ഒപ്പമുണ്ടാവുമത്രേ. അങ്ങിനെയെങ്കില്‍ എന്താണ് തനിക്ക് കൂട്ടായിട്ട് ഉണ്ടാവുക. ഇക്കാലമത്രയും സ്വന്തം ഇഷ്ടത്തിന് ഒന്നും ചെയ്തിട്ടില്ല. ജ്യേഷ്ഠന്‍റെ നിഴലായി നടന്നു. അദ്ദേഹം പറഞ്ഞത് ചെയ്തു. പക്ഷെ മുഖത്ത് ക്ഷതമേറ്റ് കരഞ്ഞുകൊണ്ട് ഓടി പോവുന്ന സ്ത്രിയും കാട്ടില്‍ ഉപേക്ഷിച്ചപ്പോള്‍ തകര്‍ന്ന ഹൃദയത്തോടെ മെല്ലെ നടന്നു നീങ്ങിയ മറ്റൊരു സ്ത്രിയും എന്നും വേദനിപ്പിക്കുന്ന ഓര്‍മ്മകളായിരുന്നു.


ദുര്‍വ്വാസാവു മഹര്‍ഷി ഗോപുര ദ്വാരത്തിലേക്ക് നടന്നടുക്കുന്നത് കണ്ടു. വേഗം ഇരു കയ്യും കൂപ്പി അടുത്തേക്ക് ചെന്ന് അദ്ദേഹത്തെ വന്ദിച്ചു.


'' ശ്രീരാമനെ കാണാന്‍ വന്നതാണ് ഞാന്‍. കാത്തു നില്‍ക്കാന്‍ എനിക്ക് നേരമില്ല. ഗോപുരവാതില്‍ തുറന്ന് എന്നെ കടത്തി വിടുക '' മഹര്‍ഷിയുടെ വാക്കുകള്‍ മനസ്സില്‍ ഭീതി വളര്‍ത്തി.


'' മഹാമുനേ, അദ്ദേഹം മറ്റൊരു താപസനുമായി രഹസ്യ സംഭാഷണത്തിലാണ്. അത് കഴിയും വരെ ആരേയും അകത്തേക്ക് കടത്തി വിടരുത് എന്നാണ് ഉത്തരവ് '' വിനയപൂര്‍വ്വം മുനിയെ ബോധിപ്പിച്ചു.


'' എന്നെ തടഞ്ഞു നിര്‍ത്തിയാല്‍ '' മുനി കോപം കൊണ്ട് വിറച്ചു '' സൂര്യവംശത്തെ ഒട്ടാകെ ഞാന്‍ ശപിച്ച് ഇല്ലാതാക്കും ''.

വെള്ളിടിയുടെ മട്ടിലായിരുന്നു ആ വാക്കുകള്‍. മഹര്‍ഷിയെ അകത്തേക്ക് പോവാന്‍ അനുവദിച്ചാല്‍ സ്വന്തം മരണമാണ് ഫലം . സമ്മതിച്ചില്ലെങ്കിലോ മഹര്‍ഷി വംശം ഒന്നാകെ നശിപ്പിക്കും. അതിലും ഭേദം സ്വയം ഇല്ലാതാവുകയാണ്. മഹര്‍ഷിക്ക് കവാടം തുറന്നു കൊടുത്തു. അദ്ദേഹം അകത്തേക്ക് പോവുന്നതും നോക്കി അല്‍പ്പ നേരം നിന്നു.


ഉത്തരവ് ലംഘിച്ചതിനുള്ള ശിക്ഷ ജ്യേഷ്ഠന് നടപ്പിലാക്കേണ്ടതുണ്ട്. അദ്ദേഹത്തിന്ന് അതിന്ന് കഴിയുമോ. നിശ്ചയമായും ഇല്ല. ഭ്രാതൃസ്നേഹത്താല്‍ അദ്ദേഹം സത്യ ലംഘനം ചെയ്തേക്കും അങ്ങിനെ സംഭവിച്ചു കൂടാ. ഒറ്റ മാര്‍ഗ്ഗമേയുള്ളു. ഉറച്ച കാല്‍വെപ്പുകളോടെ ഇറങ്ങി നടന്നു.


സരയൂ നദിയിലേക്ക് ലക്ഷ്മണന്‍ എടുത്തു ചാടി. തണുത്ത വെള്ളത്തില്‍ സുമിത്രയുടെ പുത്രന്‍ എന്ന വല്‍ക്കലം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. ശ്രിരാമന്‍ നദിയില്‍ ശരീരം ഉപേക്ഷിക്കുന്നതും വിഷ്ണുരൂപം പ്രാപിക്കുന്നതും കാത്ത് ആദിശേഷന്‍ എന്ന ശയ്യ ഒരുങ്ങി നിന്നു.


( ശ്രീരാമപാദങ്ങളില്‍ സാഷ്ടാംഗം പ്രണാമം ചെയ്യുന്നു )

6 comments:

 1. നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍

  ReplyDelete
 2. ഈ കഴിഞ്ഞ മുപ്പത്തി രണ്ട് ദിവസവും എന്നോടൊപ്പം ഉണ്ടായിരുന്നതിന്നതിന്‍ നന്ദിയും
  കടപ്പാടും രേഖപ്പെടുത്തുന്നു.

  ReplyDelete
 3. ഇതിഹാസങ്ങള്‍ മനുഷ്യകഥയെഴുതുന്നത് ഇങ്ങനെയാണ്. നിസ്സഹായതയുടെ പരകോടിയില്‍ മനുഷ്യനെ ഏകാകിയായി നിറുത്തിക്കൊണ്ട്........

  അഭിനന്ദനങ്ങള്‍., ഈ പരിശ്രമത്തിന്........

  ReplyDelete
 4. Echmukutty'
  വളരെ സന്തോഷമുണ്ട് ഇത്തരത്തിലുള്ള അഭിപ്രായം വായിക്കുമ്പോള്‍. പകലന്തിയോളം രാമായണത്തെക്കുറിച്ചു മാത്രം ചിന്തിച്ച് മകന്‍റെ കുട്ടികളെ ലാളീച്ചുകൊണ്ടിരിക്കുക. ഓരോ ദിവസം രാത്രിയും  ഓരോ അദ്ധ്യായം എഴുതുക. ഭഗവാന്‍റെ തുണകൊണ്ട് എഴുതാനായി എന്ന് വിശ്വസിക്കുന്നു.

  ReplyDelete
 5. ആയിരം വട്ടം കേട്ട കഥ
  പതിനായിരം വട്ടം ഈ കഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്
  എത്രയോ സിനിമയും സീരിയലും കണ്ട കഥ ..
  എന്നിട്ടും ഒടുവില്‍ കരഞ്ഞു പോയി..
  അത് ഈ എഴുത്തിന്റെ ശക്തി...
  അഭിനന്ദനങ്ങള്‍ ഏട്ടാ

  ReplyDelete
 6. Nalina,
  കഥ വളരെ ഇഷ്ടപ്പെട്ടു എന്നതിൽ സന്തോഷമുണ്ട്.

  ReplyDelete