Thursday, August 9, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 26.

പൂവിതള്‍ - 26.

'' ഞാന്‍ പറയുന്നത് ആര്‍ക്കെങ്കിലും കേള്‍ക്കാനാവുന്നുണ്ടോ '' വിഭീഷണന്‍റെ ശബ്ദമാണ് അതെന്ന് ഹനുമാന് മനസ്സിലായി. ആരും ഒന്നും പ്രതികരിക്കുന്നില്ല. എല്ലാവര്‍ക്കും എന്താണ് സംഭവിച്ചത്?


'' ഭവാന്‍ വിഭീഷണനാണോ '' ജാംബവാനാണ് ആ പറയുന്നത് '' മുഖത്തിലൂടെ ചോര ഒലിച്ചിറങ്ങി എനിക്ക് ഒന്നും കാണാനാവുന്നില്ല ''.


'' അതെ. ഞാന്‍ വിഭീഷണനാണ്. ആരെങ്കിലും ജീവനോടെ ഇരിപ്പുണ്ടോ എന്ന് ഞാന്‍ നോക്കി നടക്കുകയാണ് ''. അപ്പോള്‍ മറ്റെല്ലാവരും മരണപ്പെട്ടുവോ എന്ന് ഹനുമാന്‍ ഭയപ്പെട്ടു.


'' അങ്ങേക്ക് ഒന്നും പറ്റിയില്ലല്ലോ '' വീണ്ടും ജാംബവാന്‍റെ ശബ്ദം.


'' യുദ്ധം നടക്കുമ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം പ്രയോഗിച്ചപ്പോള്‍ എനിക്ക് ഏറ്റില്ല '' വീണ്ടും വിഭീഷണന്‍റെ ശബ്ദം '' നാം ഇനി എന്താ ചെയ്യുക ''.


'' ആദ്യം ഹനുമാന്‍ എവിടെയാണെന്ന് നോക്കൂ ''.


'' രാമലക്ഷ്മണന്മാരേയും സുഗ്രീവന്‍, അംഗദന്‍ തുടങ്ങിയവരേയും അന്വേഷിക്കാതെ ഹനുമാനെ മാത്രം ഭവാന്‍ അന്വേഷിക്കുന്നത് എന്തുകൊണ്ടാണ് ''.


'' മറ്റാരുമില്ലെങ്കിലും ഹനുമാന്‍ ഉണ്ടെങ്കില്‍ മതി, എല്ലാവരുടേയും കുറവ് അദ്ദേഹം പരിഹരിച്ചോളും '' ജാംബവാന്‍ വിശദീകരിക്കുകയാണ് '' എന്നാല്‍ ആരെല്ലാം ഉണ്ടായാലും ഹനുമാന് പകരമാവില്ല ''.


അതു കേട്ടതും എഴുന്നേറ്റു . '' ഞാന്‍ ഹനുമാനാണ്. എന്താണ് ഞാന്‍ ചെയ്യേണ്ടത് '' അവരുടെ അടുത്ത് ചെന്നു ചോദിച്ചു.


'' ബ്രഹ്മാസ്ത്രം ഏറ്റ് രാമലക്ഷ്മണന്മാരും കപികള്‍ എല്ലാവരും മരണപ്പെട്ടു. നമ്മള്‍ മൂന്നുപേര്‍ മാത്രമേ ജീവനോടെയുള്ളു '' വിഭീഷണന്‍ പറഞ്ഞു.


'' ഹനുമാന്‍ , എത്രയും പെട്ടെന്ന് മൃതസഞ്ജീവനി കൊണ്ടു വരണം . എന്നാല്‍ മാത്രമേ നമുക്ക് ഇവരെയൊക്കെ രക്ഷപ്പെടുത്താന്‍ കഴിയൂ '' ജാംബവാന്‍ ആവശ്യപ്പെട്ടു '' ഹിമവാനേയും കടന്ന് കൈലാസ സന്നിധിയിലുള്ള ഋഷഭാദ്രിയില്‍ ചെന്നാലേ അത് ലഭിക്കൂ ''.


മരുന്ന് ലഭിക്കുന്ന ഇടവും പോവാനുള്ള മാര്‍ഗ്ഗവും ജാംബവാന്‍ പറഞ്ഞു തന്നതോടെ ഒറ്റ കുതിപ്പിന് പറന്നു പൊങ്ങി. ഒരു നിമിഷം പോലും പാഴാക്കാനില്ല. എത്രയും പെട്ടെന്ന് മരുന്നുമായി എത്തണം. വെള്ളമേഘങ്ങള്‍ അടുത്തു വന്ന് കുശലം പറയുന്നതൊന്നും ശ്രദ്ധിച്ചതേയില്ല. അതിയായ ദാഹം തോന്നുന്നുണ്ട്. ലക്ഷ്യസ്ഥാനം എത്താറായി. അതുവരെ സഹിച്ചേ മതിയാവു.


പെട്ടെന്ന് കണ്‍മുമ്പില്‍ ഒരു ആശ്രമം എത്തി. ഈ വഴിക്ക് മുമ്പ് പോവുമ്പോഴൊന്നും ഇവിടെ ഒരു ആശ്രമം കണ്ടിട്ടില്ല. ഏതെങ്കിലും ഋഷിവര്യന്‍ പുതുതായി നിര്‍മ്മിച്ചതാവണം ഇത്. അതോ വഴി തെറ്റിയതാണോ ? ഏതായലും ആശ്രമത്തില്‍ ചെന്ന് മഹര്‍ഷിയെ കണ്ടു വന്ദിച്ച് ദാഹം തീര്‍ക്കുന്നതോടൊപ്പം പോവാനുള്ള വഴി അന്വേഷിക്കുകയും ചെയ്യാം.


താപസ ശ്രേഷ്ഠനും ശിഷ്യഗണങ്ങളും ശിവനെ പൂജിക്കുകയാണ്. ദണ്ഡ നമസ്ക്കാരം ചെയ്ത് ആഗമനോദ്ദേശം അദ്ദേഹത്തെ അറിയിച്ചു.


'' ഒന്നുകൊണ്ടും ഭവാന്‍ വിഷമിക്കേണ്ടാ '' കാരുണ്യം നിറഞ്ഞ വാക്കകളാണ് കേള്‍ക്കുന്നത് '' ദിവ്യ ദൃഷ്ടികൊണ്ട് ഞാന്‍ എല്ലാം മനസ്സിലാക്കുന്നു. രാമലക്ഷ്മണന്മാര്‍ക്കും വാനരന്മാര്‍ക്കും യാതൊരുവിധ ആപത്തും സംഭവിച്ചിട്ടില്ല. അവര്‍ യുദ്ധത്തിനെ പറ്റി സംസാരിച്ചുകൊണ്ട് നില്‍ക്കുകയാണ്. ഭവാന്‍ ദാഹം തീര്‍ത്ത് വിശ്രമിച്ച് പോയാല്‍ മതി. തോട്ടത്തില്‍ സ്വാദിഷ്ടമായ പഴങ്ങള്‍ യഥേഷ്ടമുണ്ട്. മതി വരുവോളം ഭക്ഷിക്കുക ''. താപസന്‍ ജലം നിറച്ച കമണ്ഡലു നീട്ടി. അതിലുള്ള വെള്ളം തീരെ പോരാ.


'' എനിക്ക് ഇത് മതിയാവില്ല. അത്രയ്ക്ക് ദാഹമുണ്ട് '' വിവരം പറഞ്ഞു.


'' അതിനെന്താ. അടുത്തുതന്നെ ഒരു തടാകമുണ്ട്. അവിടെ ചെന്ന് മതി വരുവോളം വെള്ളം കുടിച്ച് ദാഹം തീര്‍ത്തു പോരൂ. ദിവ്യൌഷധം കിട്ടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം ''. വഴി കാട്ടാന്‍ ഒരു മുനികുമാരനെ കൂടെ അയച്ചു തരികയും ചെയ്തു.


തടാകത്തിലെ ജലത്തില്‍ സ്പര്‍ശിച്ചതേയുള്ളു, അതി ഭയങ്കരിയായ ഒരു രാക്ഷസി പാഞ്ഞടുക്കുന്നു. പിടിച്ചു തിന്നാനുള്ള ഉദ്ദേശത്തോടെയാണ് അവളുടെ വരവ്. ഒന്നും ആലോചിച്ചില്ല. കൈ നീട്ടി ഒറ്റ അടി. അവള്‍ മരിച്ചു വീണു. മിന്നല്‍ പോലെ ഒരു പ്രകാശം മുന്നില്‍ പരന്നു. അതി സുന്ദരിയായ ഒരു സ്ത്രീരൂപം അതില്‍ നിന്നും തെളിഞ്ഞു വന്നു.


'' അപ്സര സ്ത്രിയായിരുന്ന ഞാന്‍ ഒരു മുനിയുടെ ശാപം കാരണം രാക്ഷസിയായതാണ്. അങ്ങ് എനിക്ക് ശാപമോക്ഷം നല്‍കി '' അവള്‍ പറഞ്ഞു '' അങ്ങ് കണ്ടയാള്‍ താപസനല്ല. കാലനേമി എന്ന രാക്ഷസനാണ്. ദിവ്യൌഷധവുമായി പോകുന്നതിന്ന് കാലവിളംബം വരുത്താന്‍ രാവണന്‍ അവനെ നിയോഗിച്ചതാണ്. എത്രയും പെട്ടെന്ന് അവനെ വധിച്ച് ഔഷധവുമായി പോവുക ''.


ആശ്രമത്തിലേക്ക് തിരിച്ചു ചെന്നു. കാത്ത് നിന്നിരുന്ന മുനിയെ സംഹരിച്ച് ഔഷധം എടുക്കാന്‍
യാത്ര തിരിച്ചു. വൈകാതെ മരുന്നുള്ള മല കണ്ടെത്തി. പക്ഷെ ഔഷധം ഏതെന്ന് അറിയുന്നില്ല. തിരഞ്ഞു കണ്ടു പിടിക്കാമെന്നു വെച്ചാല്‍ അതിനുള്ള സമയമില്ല. മല ഒന്നാകെ അടര്‍ത്തിയെടുത്ത് താങ്ങി പിടിച്ച് ഒരു ചാട്ടം. മരുന്നിന്‍റെ മണമേറ്റതോടെ എല്ലാവരും എഴുന്നേറ്റു.


'' ഹനുമാന്‍ ഇതിനെ എടുത്ത സ്ഥലത്തുതന്നെ എത്തിക്കുക '' ജാംബവാന്‍ പറഞ്ഞു '' യുദ്ധത്തില്‍ ഇതേവരെ നമുക്ക് നഷ്ടപ്പെട്ട പോരാളികളുടെയെല്ലാം ജീവന്‍ തിരിച്ചു കിട്ടിയത് കണ്ടല്ലോ. നമ്മുടെ ശത്രുക്കളുടെ ജഡങ്ങള്‍ സമുദ്രത്തില്‍ കെട്ടിതാഴ്ത്തിയതിനാല്‍ അവര്ക്ക് ജീവന്‍ കിട്ടിയില്ല. പക്ഷെ ഔഷധം ഇവിടെത്തന്നെ വെച്ചാല്‍ നമുക്ക് ഇനിമേല്‍ രാക്ഷസന്മാരെ കൊല്ലാന്‍ കഴിയില്ല ''. മലയും ചുമന്ന് പോയി വരുമ്പോഴേക്ക് എല്ലാവരും യുദ്ധത്തിന്ന് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.


'' മതിലുകള്‍ തകര്‍ത്ത് എല്ലാവരും അകത്ത് കടക്കുക '' സുഗ്രീവന്‍ ആജ്ഞാപിച്ചു '' കിടങ്ങുകള്‍
നിരത്തുകയും, വൃക്ഷങ്ങള്‍ മുറിച്ചിടുകയും ചെയ്യുക. വീടുകള്‍ക്കൊക്കെ തീ വെക്കുകയും വേണം. എങ്കിലേ ജിവനോടെ അകത്തുള്ള രാക്ഷസന്മാര്‍ പോരിന് വരികയുള്ളു ''.


ഹനുമാന്‍ കൂട്ടുകാര്‍ ചെയ്യുന്നത് നോക്കി നിന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കത്തി ചാമ്പലായ ലങ്കാപുരി കൂടുതല്‍ ഭംഗിയോടെ നിര്‍മ്മിച്ചിരിക്കുന്നു. വീണ്ടുമൊരു നാശത്തെ കണ്ട അങ്കലാപ്പില്‍
അത് കേഴുകയാണോ ? എത്രയോ കഴിവുള്ള ആളാണ് രാവണന്‍. അതൊന്നും സത്പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഉപയോഗിച്ചില്ല. ദുഷ്ക്കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കാന്‍ പോവുന്നു. ഒറ്റയ്ക്കല്ല, ഒരു ജനത മുഴുവന്‍ അത് പങ്കിടാന്‍ കൂട്ടിനുണ്ട് എന്നു മാത്രം.


മരങ്ങള്‍ മുറിഞ്ഞു വീഴുന്ന ഒച്ചയോടൊപ്പം തീയും പുകയും ഉയര്‍ന്നു. രാക്ഷസ സ്ത്രീകളുടെ രോദനവും ശാപവാക്കുകളും അതിന് അകമ്പടി സേവിച്ചു.

5 comments:

 1. പണ്ട് ഏ ബി റ്റി പാര്‍സല്‍ സര്‍വീസിന്റെ ലോറികള്‍ എം സി റോഡ് വഴി പോകുന്നത് കാണാമായിരുന്നു. അവരുടെ ലോഗോ ഹനുമാന്‍ മരുത്വാമലയുമായി പറക്കുന്നതാണ്. എല്ലാ ലോറിയുടെയും സൈഡില്‍ അത് മനോഹരമായി വരച്ച് വച്ചിരിക്കും.

  ReplyDelete
 2. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരു ദിവസം ഉച്ച ഒഴിവു സമയത്ത് ഏഴാം 
  ക്ലാസ്സിന്ന് മുന്നില്‍ കുട്ടികളുടെ തിരക്ക്. ചെന്നു നോക്കിയപ്പോള്‍ ഒരു പയ്യന്‍ ഹനുമാന്‍ മലയുമായി ചാടുന്ന ചിത്രം ബോര്‍ഡില്‍ വരയ്ക്കുകയാണ്. ഇന്നും ആ പടത്തിന്‍റെ ഭംഗി കണ്ണില്‍ തോന്നുന്നു.

  ReplyDelete
 3. ജയ് ബജ് രംഗ് ബലി എന്ന് ഘോഷിച്ച് ഉത്തരേന്ത്യന്‍ ചുമട്ടുകാര്‍ എടുത്താല്‍ പൊങ്ങാത്ത ഭാരം ചുമക്കുന്നത് ഈ കഥ ഓര്‍മ്മിച്ചുകൊണ്ടത്രെ!

  ReplyDelete
 4. ആയിരിക്കും. നമ്മുടെ നാട്ടില്‍ '' ഒങ്ങട്ടങ്ങിനെ ഐലസാ '' എന്ന് ചുമട് എടുക്കുന്നവര്‍ വയ്ത്താരി പറയാറുണ്ടല്ലോ.

  ReplyDelete
 5. ദൈവം ആയ രാമനും മരണം...

  ReplyDelete