Sunday, August 12, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 29.

പൂവിതള്‍ - 29.

സുമന്ത്രരുടെ കയ്യിലെ ചമ്മട്ടി വായുവില്‍ പുളഞ്ഞുലഞ്ഞു. കുതിരകള്‍ ഓട്ടം തുടങ്ങി. ലക്ഷ്മണന്‍ തിരിഞ്ഞു നോക്കി. അകന്നുപോവുന്ന രഥത്തിനേയും നോക്കിക്കൊണ്ട് ജനാലയുടെ അരികിലായി ജ്യേഷ്ഠന്‍ നില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ മനസ്സിലെ നീറ്റല്‍ ആരും അറിയുന്നില്ല. സംഭവിക്കാന്‍പോവുന്ന ദുര്യോഗം അറിയാതെ ജ്യേഷ്ഠത്തി ആഹ്ലാദത്തോടെ പുറകിലിരിക്കുന്നുണ്ട്. ജ്യേഷ്ഠന്‍റെ ജീവിതത്തില്‍ നിന്ന് സന്തോഷം എന്നെന്നേക്കുമായി പടിയിറങ്ങുന്നു. എന്തൊരു ദുര്യോഗമാണിത്.


രഥത്തിന്‍റെ ചക്രങ്ങള്‍ മുന്നോട്ട് ഉരുളുന്നതിനോടൊപ്പം മനസ്സ് പുറകിലേക്ക് കുതിക്കുന്നു. ലങ്കയില്‍നിന്ന് പോന്നശേഷം ഇന്നലെവരെ ദുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല. എത്ര ആര്‍ഭാടത്തോടെയാണ് ജ്യേഷ്ഠന്‍റെ കിരീടധാരണം നടന്നത്. ദേവന്മാരും ഋഷീശ്വരന്മാരും ഒട്ടനവധി രാജാക്കന്മാരും ഒത്തു ചേര്‍ന്ന ആ മഹോത്സവം ഓര്‍മ്മയിലെ ഏറ്റവും തിളക്കമുള്ള ഏടാണ്.


ലഭിച്ച പാരിതോഷകങ്ങള്‍ക്കും കൊടുത്ത ദാനങ്ങള്‍ക്കും കണക്കില്ല. സര്‍വ്വാഭരണ വിഭൂഷിതയായി ജ്യേഷ്ഠന്ന് സമീപം ഉപവിഷ്ഠയായിരുന്ന ആള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് അനാഥയാവാന്‍ പോവുന്നു. എല്ലാം ഏതോ ദുരാത്മാവിന്‍റെ ദുഷിച്ച വാക്കുകളുടെ ഫലം.


പ്രജകളുടെ ക്ഷേമം മാത്രമേ ജ്യേഷ്ഠന്‍ കണക്കിലെടുത്തുള്ളു. ആര്‍ക്കെങ്കിലും പരാതി പറയാനുള്ള അവസരം ഉണ്ടായിട്ടില്ല. പ്രകൃതി ക്ഷോഭങ്ങള്‍ അയോദ്ധ്യയെ ബാധിച്ചില്ല. ഐശ്വര്യം കുമിഞ്ഞു കൂടി. ഭരണം ജ്യേഷ്ഠന് നേടിക്കൊടുത്തത് സല്‍കീര്‍ത്തി മാത്രം. രാജാവിനെപ്പറ്റിയും ഭരണത്തെപ്പറ്റിയും ജനങ്ങള്‍ക്കുള്ള അഭിപ്രായം രഹസ്യമായി അറിയുന്നതിന്ന് ചാരന്മാരെ നിയോഗിച്ചിരുന്നു. അവരില്‍ ഒരുവന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വിവരമാണ് ജ്യേഷ്ഠനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ നിര്‍ബ്ബന്ധിതനാക്കിയത്.


ചാരന്മാരുമായുള്ള രഹസ്യ സംഭാഷണം കഴിഞ്ഞ ശേഷം ജ്യേഷ്ഠന്‍ വിഷാദത്തോടെ കാണപ്പെട്ടു. എന്തു ചോദിച്ചാലും '' ഒന്നുമില്ല '' എന്ന മറുപടി മാത്രം. വൈകുന്നേരം സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോള്‍ എന്താണെന്ന് അറിഞ്ഞില്ല.


'' സീത ഗര്‍ഭിണിയാണല്ലോ. ഈ സമയത്ത് തോന്നുന്ന മോഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കേണ്ടതാണ്. വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്ന് അവിടുത്തെ അന്തേവാസികളെ കാണണമെന്ന് സീത ആഗ്രഹം പറയുകയുണ്ടായി ''.


'' അതിനെന്താ. നാളെത്തന്നെ കൊണ്ടുപോയി കാണിച്ചു വരാം '' മറുപടി പറഞ്ഞു.


'' അതാണ് പറയാനൊരുങ്ങുന്നത്. സീതയെ അവിടെ എത്തിച്ചാല്‍ മതി. തിരിച്ച് ഇങ്ങോട്ട് കൊണ്ടു വരേണ്ടതില്ല ''.


'' എന്താ ഈ പറയുന്നത് '' ജ്യേഷ്ഠന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാനായില്ല.


'' ഞാന്‍ സീതയെ ഉപേക്ഷിക്കുകയാണ് '' മുഖത്ത് നോക്കാതെയാണ് ജ്യേഷ്ഠന്‍ അതു പറഞ്ഞത്.


'' അതിന് ജ്യേഷ്ഠത്തി എന്തു തെറ്റാണ് ചെയ്തത് '' ജ്യേഷ്ഠനെ ചോദ്യം ചെയ്യുന്ന പതിവില്ല, എന്നും അനുസരിച്ചിട്ടേയുള്ളു. എന്നിട്ടും ചോദിക്കാതിരിക്കാനായില്ല.


'' സീത ഒരു തെറ്റും ചെയ്തിട്ടില്ല ''.


'' പിന്നെന്തിനാ ഈ തീരുമാനം ''.


രാവണന്‍ കട്ടുകൊണ്ടുപോയ സീതയെ സ്വീകരിച്ച ശ്രീരാമനെപ്പോലെ നിന്നെ സ്വീകരിക്കുകയില്ല എന്ന് വൈകി വീട്ടിലെത്തിയ ഭാര്യയോട് ഒരു രജകന്‍ പറഞ്ഞതായി ചാരന്മാര്‍ ഇന്ന് ജ്യേഷ്ഠനെ അറിയിച്ചുവത്രേ.


'' ആരായാലും അവനെ വധിക്കുന്നുണ്ട് '' എന്നും പറഞ്ഞ് ഇറങ്ങാനൊരുങ്ങിയതാണ്. പക്ഷെ ജ്യേഷ്ഠന്‍ തടഞ്ഞു.


'' അതു വേണ്ടാ. അവനെ കൊന്നിട്ട് എന്താ കാര്യം. ആയിരം കുടങ്ങളുടെ വായ അടച്ചു കെട്ടാം, ഒരു മനുഷ്യന്‍റെ വായ കെട്ടാനാവില്ല എന്നു കേട്ടിട്ടില്ലേ. അവനെ വധിച്ചാല്‍ മനുഷ്യര്‍ക്ക് പറഞ്ഞു നടക്കാന്‍ മറ്റൊരു വാര്‍ത്തയാവും.രാജപത്നിയുടെ നടപടിദൂഷ്യം പറഞ്ഞതിന് ഒരു സാധുവിനെ അനുജനെ ക്കൊണ്ട് കൊല്ലിച്ചു എന്നതാവും ആ വാര്‍ത്ത ''.


'' അപ്പോള്‍ ജ്യേഷ്ഠന് വിഷമം ഒന്നും തോന്നുന്നില്ലേ ''.


'' എന്‍റെ ഹൃദയം പറിഞ്ഞു പോരുന്ന വേദനയുണ്ട്. പക്ഷെ എന്തു ചെയ്യാനാണ്. ഒരു ഭരണാധിപന് ഇഷ്ടാനിഷ്ടങ്ങളില്ല, സുഖദുഖങ്ങളുമില്ല. ഭരിക്കപ്പെടുന്നവര്‍ എന്ത് കാംക്ഷിക്കുന്നു എന്നത് മാത്രമേ ചിന്തിക്കാനുള്ളു. ഭാര്യയെ മാത്രമല്ല, കൂടപ്പിറപ്പുകളേയും എന്തിന് പെറ്റമ്മയെപോലും ത്യജിക്കാന്‍ ഭരണാധിപന്‍ സന്നദ്ധനായിരിക്കണം ''.


'' കുമാരാ, എന്താ ഇത്ര വലിയ ആലോചന '' ജ്യേഷ്ഠത്തിയുടെ സ്വരമാണ് '' എത്ര നേരമായി ഞാന്‍ ഓരോന്ന് ചോദിക്കുന്നു. ഒരക്ഷരം മറുപടി പറയാതെ എന്തോ ചിന്തിച്ചിരിപ്പാണല്ലോ ''.


'' ജ്യേഷ്ഠത്തി എന്താ ചോദിച്ചത്. ഞാനൊന്നും കേട്ടില്ലല്ലോ ''.


'' എങ്ങിനെ കേള്‍ക്കും. കുമാരന്‍ ഈ ലോകത്തൊന്നും ആയിരുന്നില്ലല്ലോ. എന്തു പറഞ്ഞാലും ശ്രദ്ധിക്കാത്ത ഭര്‍ത്താവിന്‍റെ കൂടെ കഴിയുന്നതിന്ന് ഊര്‍മ്മിളയെ സമ്മതിക്കണം ''.


വാത്മീകി ആശ്രമത്തിന്‍റെ പരിസരത്തെത്തി. സുമന്ത്രരോട് രഥം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആശ്രമത്തിലേക്ക് ആര്‍ഭാടത്തോടെ ചെല്ലാന്‍ പാടില്ല.


'' കുമാരന്‍ ഇപ്പോള്‍ തിരിച്ചു പോയി നാളെ വന്നാല്‍ മതി. ഇന്നൊരു ദിവസം ഞാന്‍ ഇവിടെ കഴിഞ്ഞു വരാമെന്ന് ജ്യേഷ്ഠനോട് പറയണം. രാവിലെ പോരുമ്പോള്‍ എനിക്ക് ആര്യപുത്രനെ കാണാനായില്ല ''.


മനസ്സില്‍ അടക്കിവെച്ച സങ്കടം അണപൊട്ടിയൊഴുകി. എത്ര ശ്രമിച്ചിട്ടും തേങ്ങി കരയാതിരിക്കാന്‍ ആയില്ല.


''എന്തിനാ കുമാരന്‍ കരയുന്നത് '' ജ്യേഷ്ഠത്തി പരിഭ്രമിച്ചിട്ടുണ്ട്. ഒരുവിധം കാര്യം ബോദ്ധ്യപ്പെടുത്തി. ഇടിവെട്ടേറ്റ മട്ടില്‍ അവര്‍ നിന്നു. ആ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ഏങ്ങലടികള്‍ ഉച്ചത്തിലായി.


'' അഗ്നിപരീക്ഷ നടത്തി കളങ്കമില്ല എന്ന് ഞാന്‍ തെളിയിച്ചതാണ്. എന്നിട്ടും എന്നെ...'' വിതുമ്പലും വാക്കുകളും ഇടകലര്‍ന്നെത്തി.


'' ജ്യേഷ്ഠനോ ഞങ്ങള്‍ക്കാര്‍ക്കെങ്കിലുമോ അത്തരം ഒരു ശങ്കയില്ല. ലോകാപവാദം ഒഴിവാക്കാന്‍
ഇതല്ലേ മാര്‍ഗ്ഗമുള്ളു ''.


കുറെനേരം അവര്‍ ഓരോന്ന് പറഞ്ഞ് കരയുകയാണ്. ഒടുവില്‍ എന്തോ നിശ്ചയിച്ച് ഉറപ്പിച്ച മട്ടില്‍ അവര്‍ മുഖം തുടച്ചു.


'' ജ്യേഷ്ഠത്തി, ഞാന്‍ എന്താണ് ചെയ്യേണ്ടത് '' അതു കണ്ടപ്പോള്‍ ചോദിച്ചു.


'' കുമാരന്‍ മടങ്ങി പൊയ്ക്കോളൂ, അവിടെ ചെന്നിട്ട് ആര്യപുത്രനോട് ഞാന്‍ പറഞ്ഞതായി ഇത്രയും പറയണം '' അവര്‍ പറഞ്ഞു '' ഭര്‍ത്താവിനെ പിരിഞ്ഞ് ഒരു നാഴിക നേരം പോലും കഴിയാനാവില്ല എന്നു കരുതിയാണ് ഞാന്‍ കാട്ടിലേക്ക് കൂടെ പോയത്. എന്നിട്ടും എനിക്ക് അദ്ദേഹത്തെ പിരിഞ്ഞ് കുറെകാലം കഴിയേണ്ടി വന്നു. അന്നൊക്കെ ഭര്‍ത്താവ് എന്നെങ്കിലും വന്ന് കൂടെ കൊണ്ടുപോകും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ഞാന്‍ സ്നേഹിക്കുന്ന പുരുഷനെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് ഇപ്പോള്‍ അറിയുന്നു. ഇനി ഞാന്‍ ആര്‍ക്കുവേണ്ടി ജീവിക്കണം. ജീവിതം ഇപ്പോള്‍ഇല്ലാതായെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്. പക്ഷെ എന്‍റെ ഗര്‍ഭപാത്രത്തില്‍ അദ്ദേഹത്തിന്‍റെ ബീജം വളരുന്നുണ്ട്. എനിക്ക് അതിനെ പ്രസവിക്കണം, വളര്‍ത്തി വലുതാക്കണം. ശ്രീരാമന് മക്കളില്ല എന്ന കുറവ് ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ടു മാത്രം സീത ആത്മത്യാഗം ചെയ്യുകയില്ല ''.


'' ജ്യേഷ്ഠത്തി, ഇടയ്ക്കൊക്കെ ആരെങ്കിലും ഇങ്ങോട്ട് ''.


'' വരാമെന്നല്ലേ ? അതു വേണ്ടാ '' പറഞ്ഞത് മുഴുമിക്കുന്നതിന്ന് മുമ്പ് അവര്‍ ഇടപെട്ടു '' ഇവിടെ ഞാന്‍ എങ്ങിനെയെങ്കിലും കഴിഞ്ഞോളാം. എനിക്ക് ആര്യപുത്രനോട് പരിഭവം ഒന്നുമില്ല. മനസ്സില്‍ പോലും ഞാന്‍ അദ്ദേഹത്തെ ശപിക്കുകയില്ല ''.


ആശ്രമത്തിലേക്ക് അവര്‍ നടക്കാന്‍ തുടങ്ങി. കണ്ണുനീര്‍ കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.


'' എന്താ കുമാരാ '' സുമന്ത്രരാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.


'' നമുക്ക് തിരിച്ചു പോവാം '' തിരിഞ്ഞു നോക്കാതെ അദ്ദേഹത്തിന്‍റെ പിന്നാലെ നടന്നു.

5 comments:

 1. ശ്രീരാമചന്ദ്രന്റെയരികില്‍
  സുമന്ത്രര്‍ തെളിക്കുന്ന തേരില്‍..

  ReplyDelete
 2. സീത യാത്രയായി.

  ReplyDelete
 3. സങ്കടകരമായ അവസ്ഥ.

  ReplyDelete
 4. അപവാദം പറഞ്ഞ ഒരു പൌരന്‍ ആ അപവാദം കേട്ട് പരിശുദ്ധ എന്നറിഞ്ഞിട്ടും സ്വഭാര്യയെ ഉപേക്ഷിക്കുന്ന രാജാവ്.. ഭാര്യയും ഒരു പൌര ആണ് എന്നെങ്കിലും കരുതാമായിരുന്നു...

  ReplyDelete